കുറവിലങ്ങാട്: പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഓര്‍മയ്ക്കായി പാലാ രൂപത ഇവാഞ്ചലൈസേഷന്‍, കുടുംബക്കൂട്ടായ്മ, മീഡിയ കമ്മീഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജീവമന്ന എന്ന പേരില്‍ വചനപഠനമത്സരം ഒരുക്കിയിരിക്കുന്നു. കുടുംബക്കൂട്ടായ്മ, ഇടവക, ഫൊറോന, രൂപത എന്നിങ്ങനെയാണ് മത്സരതലങ്ങള്‍. 2026 മേയ് 10 ന് രണ്ടിനാണ് ഗ്രാന്‍ഡ് ഫിനാലെ. ജനുവരിയില്‍ കുടുംബക്കൂട്ടായ്മതലത്തിലും മാര്‍ച്ച് 27 ന് ഇടവകതലത്തിലും ഏപ്രില്‍ 26 ന് ഫൊറോനാതലത്തിലും മത്സരങ്ങള്‍ നടത്തും.
സുവിശേഷങ്ങളും അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുമാണ് പഠനഭാഗം. ഒന്നാം സമ്മാനം കാല്‍ ലക്ഷം രൂപ. രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000, 10,000, 5,000, 3,000 കാഷ്‌പ്രൈസും എല്ലാ വിജയികള്‍ക്കും മെമന്റോയും നല്‍കും.
പഠനപദ്ധതിയുടെ ഉദ്ഘാടനം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ കുടുംബക്കൂട്ടായ്മ പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്തില്‍ നിര്‍വഹിച്ചു. ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.