ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുവര്‍ചിത്രം അര്‍ജന്റീനയില്‍ അനാച്ഛാദനം ചെയ്തു. ലാ പ്ലാറ്റ നഗരത്തില്‍ അമലോദ്ഭവ മാതാവിന്റെ കത്തീദ്രലിനു സമീപമുള്ള 16 നില കെട്ടിടത്തിലാണു ചുവര്‍ചിത്രം തീര്‍ത്തത്. പ്രശസ്ത കലാകാരനായ മാര്‍ട്ടിന്‍ റോണ്‍ വരച്ച ചുവര്‍ചിത്രത്തിന് 50 മീറ്റര്‍ ഉയരമുണ്ട്(164 അടി).
അര്‍ജന്റീനസ്വദേശികൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗണ്‍സില്‍ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണു കലാസൃഷ്ടിയില്‍ ഒരുക്കിയത്. പറക്കാന്‍ തയ്യാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് മാര്‍പാപ്പാ പുഞ്ചിരിക്കുന്നതാണ് ചിത്രം.
ഡീഗോ മറഡോണ, ലയണന്‍ മെസി തുടങ്ങിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പ്രശസ്തനാണ് മാര്‍ട്ടിന്‍ റോണ്‍. ലാ പ്ലാറ്റ അതിരൂപത ആര്‍ച്ചുബിഷപ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും വെടിക്കെട്ടുമുണ്ടായിരുന്നു.
അന്തർദേശീയം
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കൂറ്റന്‍ ചുവര്‍ചിത്രം അര്‍ജന്റീനയില്‍
