''കുട്ടാ, കുറച്ചു നേരമായി നിന്നെ ശ്രദ്ധിക്കുന്നു.എന്തുപറ്റി നിനക്ക്? ബെസ്റ്റ് ഫ്രണ്ടിന്റെ ബര്‍ത്ത്‌ഡേപാര്‍ട്ടിക്കു തുള്ളിച്ചാടിപ്പോയ നീ എന്താ ഇങ്ങനെ വിഷമിച്ചു വന്നിരിക്കുന്നത്?''
കസേരയില്‍ തലയും കുനിച്ചിരുന്ന കുട്ടായി തലയുയര്‍ത്തി മമ്മിയെ ഒന്നു നോക്കി. വീണ്ടും തലകുനിച്ചിരിപ്പായി. കണ്ണുനിറഞ്ഞൊഴുകിയ വെള്ളം അവന്‍ കൈയുയര്‍ത്തി തുടച്ചു.
''അയ്യോ, എന്റെ മോന്‍ കരയുന്നോ. എന്തുപറ്റി എന്റെ മുത്തിന്?''
സീലിയ വേഗം അവന്റെ അടുത്തെത്തി അവന്റെ താടി പിടിച്ചുയര്‍ത്തി. അവന്‍ എണീറ്റ് അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. സീലിയ മോനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. പൈപ്പില്‍നിന്നു വെള്ളമെടുത്ത് അവന്റെ മുഖം കഴുകിത്തുടച്ചു. പിന്നെ കസേരയില്‍ ഇരുന്നു, മകനെ മടിയില്‍ പിടിച്ചിരുത്തി.
''ഇനി എന്റെ മോന്‍ മമ്മിയോടു പറഞ്ഞേ എന്താ എന്റെ കുട്ടനു പറ്റിയേ?''
സീലിയ അവന്റെ കണ്ണുകളിലേക്കു നോക്കി. ''മമ്മീ, ഇന്ന് അവന്‍ എന്നെ അവന്റെ കൂടെ കളിക്കാന്‍ കൂട്ടിയില്ല.''
''എബിയോ?''
''ആം. അവന്റെ അമേരിക്കേലെ ആന്റീടെ മോനും സിങ്കപ്പൂരിലുള്ള അങ്കിളിന്റെ മോളും ഒക്കെ വന്നിട്ടുണ്ടായിരുന്നു. അവന്‍ അവരെയെല്ലാരേംകൂട്ടി കളിച്ചുനടക്കുവാരുന്നു. അവരു കൊണ്ടുവന്ന സമ്മാനമൊക്കെ നിരത്തിവച്ചു വല്യ ഗമേല്‍ ഇരിക്കുവാരുന്നു. അവന്‍ എന്നെ നോക്കിയതുപോലുമില്ല.''
''എന്റെ കുട്ടന്‍ അവിടുന്നു വല്ലതും കഴിച്ചോ?''
''ഞാന്‍ ഒന്നും കഴിക്കാതെ ഇറങ്ങിപ്പോന്നതാ. ബീനാമ്മച്ചി ഓടിവന്ന് എന്നെ പിടിച്ചോണ്ടുപോയി ഭക്ഷണം കഴിപ്പിച്ചിട്ടാ വിട്ടത്.''
''നീ കൊണ്ടുപോയ സമ്മാനമോ?''
''അതും ബീനാമ്മച്ചി വാങ്ങിച്ചുവച്ചു.''
നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ടവന്‍ പറഞ്ഞു.
''സാരമില്ല മോനേ, നിങ്ങള്‍ എന്നും തമ്മില്‍ കാണുന്ന നല്ല കൂട്ടുകാരല്ലേ? അവരൊക്കെ വല്ലപ്പോഴും വരുന്ന കസിന്‍സും, അതുകൊണ്ടല്ലേ എബി അവരുടെകൂടെ നടന്നത്.''
സീലിയ മകനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു.
''നല്ല കൂട്ടുകാരനായിരുന്നെങ്കില്‍ എന്നെ ഒറ്റയ്ക്കിരുത്താതെ അവരുടെ കൂടെ കളിക്കാന്‍ എന്നേം കൂടി കൂട്ടിയേനെ. അവരു കളിച്ചു ചിരിച്ചു നടന്നപ്പോ ഞാന്‍ ഒറ്റയ്ക്ക് ആ മുറിയില്‍ ആരും കൂട്ടിനില്ലാതെ...''
കുട്ടായിക്കു സങ്കടം സഹിക്കാന്‍ പറ്റുന്നില്ല. ''ഇനി മുതല്‍ ഞാന്‍ അവനോടു കൂട്ടില്ല.''
തന്റെ തീരുമാനം അവന്‍ അമ്മയെ അറിയിച്ചു. ''ഇന്നലെ അച്ചായി കൊണ്ടുവന്ന കാഡ്ബറീസ് ചോക്‌ലേറ്റ് ഇല്ലേ, മോന് ഇഷ്ടമുള്ള മിഠായി, അതു മമ്മി ഇപ്പൊ എടുത്തോണ്ടു വരാം. മോന്‍ പോയി കണ്ണുംമുഖവുമൊക്കെ കഴുകീട്ടുവാ.''
സീലിയാ മിഠായിയുമായി വന്നപ്പോള്‍ കുട്ടന്‍ മുഖം കഴുകിത്തുടച്ചു മിടുക്കനായിട്ടിരിക്കുന്നു. അവള്‍ മൂന്നു ചോക്ലേറ്റ് മകന്റെ കൈയില്‍ വച്ചുകൊടുത്തു.
''മോനേ, ഇന്നലെ നമ്മള്‍ വി. കുര്‍ബാന സമര്‍പ്പിക്കാന്‍ പള്ളിയില്‍ പോയില്ലേ?''
''ആം. നമ്മള്‍ എന്നും പള്ളിയില്‍ പോകുന്നതല്ലേ?''
''അതേ, നമ്മള്‍ എന്നും വിശുദ്ധകുര്‍ബാനയ്ക്കു പോകാറുണ്ട്. പക്ഷേ, ഇന്നലെ മമ്മി ഒരു കാഴ്ച കണ്ടു.''
'എന്താ മമ്മീ കണ്ടത്?''
''അതോ, പറയാം. മമ്മി എന്റെ മോനോടു പറയാന്‍ ഇരിക്കുവാരുന്നു. ഇപ്പം അതിനുള്ള അവസരം ഒത്തുവന്നു.''
'എന്താ മമ്മീ, വേഗം പറഞ്ഞേ.''
കുട്ടന് ആകാംക്ഷ അടക്കാന്‍ പറ്റുന്നില്ല.
''പറയാം. നീ ഇന്നലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചശേഷം, അതായത് ഈശോയെ ക്ഷണിച്ചു നിന്റെ ഹൃദയത്തില്‍ ഇരുത്തിയശേഷം എന്താ ചെയ്തത്? ഓര്‍മ്മയുണ്ടോ?''
ഞാന്‍ ഒന്നും ചെയ്തില്ലല്ലൊ.''
''നീ ഈശോയോട് ഒന്നും മിണ്ടാന്‍ കൂട്ടാക്കാതെ ഉടനെ തറയിലോട്ടിരുന്ന് ജിക്കുമോനോടു വര്‍ത്തമാനം പറയാന്‍ പോയി. ശരിയല്ലേ? എബി നിന്നോടു കാണിച്ചതിലും വലിയ തെറ്റല്ലേ നീ ചെയ്തത്. എബിയും നീയും വെറും കൂട്ടുകാര്‍ മാത്രമാ. വെറും രണ്ടു വര്‍ഷത്തെ പരിചയമുള്ളവര്‍. ഈശോ അങ്ങനെയാണോ! നീ ജനിച്ച കാലം മുതല്‍ ഈ പത്തുവര്‍ഷവും നിനക്കുവേണ്ട എല്ലാം തന്നു. നിനക്കു നല്ല ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും തന്നു, നല്ല ഒരു അച്ചായിയെ തന്നു, നല്ല ചേട്ടായിയേം ചേച്ചിയേം തന്നു. നല്ല വീടു തന്നു, നല്ല കാറും ജീവിക്കാന്‍ ആവശ്യത്തിനു പണവും എല്ലാം തന്നില്ലേ.''
''നല്ല ഒരു മമ്മിയേം തന്നു.'' കുട്ടായി കൂട്ടിച്ചേര്‍ത്തു.
''അതേ, നല്ല ഒരു മമ്മിയേം തന്നു.''
സീലിയ ചിരിച്ചുകൊണ്ട് മോന്റെ തലയില്‍ തഴുകി.
''കുട്ടായി എന്നെ ഒന്നു നോക്കിയിരുന്നെങ്കില്‍, എന്തെങ്കിലും എന്നോടു ചോദിച്ചിരുന്നെങ്കില്‍, എന്നെ നോക്കി ഒന്നു ചിരിച്ചായിരുന്നെങ്കില്‍! അവന്‍ എന്നെ ഒരു ശ്രദ്ധിച്ചുപോലുമില്ലല്ലോ എന്നോര്‍ത്ത് ഈശോ എന്തുമാത്രം സങ്കടപ്പെട്ടു കാണും. കുട്ടന്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ.''
മമ്മിയുടെ വാക്കുകള്‍ കേട്ടു കുട്ടന്‍ വിഷണ്ണനായി തല കുനിച്ചിരുന്നു.
''സാരമില്ല. നാളെ മുതല്‍ ഈശോയെ സ്വീകരിച്ചുകഴിഞ്ഞാല്‍ മുട്ടുകുത്തി, കണ്ണുകള്‍ അടച്ചു കൈകൂപ്പി നിന്നോണ്ട് ഈശോയോടു പറയണം: ഈശോ, എന്നെ നിനക്ക് ഒത്തിരി ഇഷ്ടമാണെന്ന് എനിക്കറിയാം. അതുകൊണ്ടല്ലേ എനിക്ക് ഒത്തിരി സമ്മാനങ്ങള്‍ തരുന്നത്. മമ്മിയേം അച്ചായിയേം ഒക്കെ. എനിക്കു നിന്നേം ഒത്തിരി ഇഷ്ടമാ. ഞങ്ങളെ നല്ല പിള്ളേരാക്കി വളര്‍ത്തണം. ഞങ്ങളെ സങ്കടപ്പെടുത്തരുത്. പഠിച്ചു മിടുക്കരായി നിനക്കിഷ്ടമുള്ളവരായി വളരാന്‍ ഞങ്ങള സഹായിക്കണം. നാളേം നീ എന്റെ ഹൃദയത്തില്‍ വരണം. ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ഈശോയോടു സംസാരിക്കാം. നീ ഇന്ന് എന്നോടു പറഞ്ഞ സങ്കടങ്ങളെല്ലാം ഈശോയോടു പറഞ്ഞാല്‍ ഈശോ പറയും, 'സാരമില്ല കുട്ടാ, നിനക്ക് ഒരു നല്ല കൂട്ടുകാരനായിട്ട് എന്നും ഞാനില്ലേ. അതുപോരേ നിനക്ക്' എന്ന്.
''മമ്മി ഇപ്പം പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ ജിക്കുമോനോടും മറ്റു കൂട്ടുകാരോടും പറഞ്ഞുകൊടുക്കും. അപ്പം ഈശോയ്ക്ക് എന്നോട് ഒത്തിരി ഇഷ്ടമാകും അല്ലേ മമ്മീ?''
കോളിങ് ബെല്‍ അടിക്കുന്നതുകേട്ട് കുട്ടന്‍ വാതില്‍ക്കലേക്ക് ഓടി.
''ഹായ്, അച്ചായി വന്നേ.''
വാതില്‍ തുറന്ന് അകത്തു കയറിയ മാത്യൂസിന്റെ കൈയില്‍ തൂങ്ങിക്കൊണ്ടു കുട്ടന്‍ വിളിച്ചു കൂവി.
''എന്തായിരുന്നു അമ്മയും മോനും കൂടി ഒരു ചര്‍ച്ച?''
''ഞാന്‍ പറയാം അച്ചായീ, ഈശോയെ സ്വീകരിച്ചുകഴിയുമ്പം മുട്ടില്‍നിന്ന്, കൈകൂപ്പി കണ്ണുകള്‍ അടച്ചുകൊണ്ട് ഈശോയോട് ഒത്തിരിനേരം വര്‍ത്തമാനം പറയണമെന്നാ മമ്മി പറഞ്ഞെ.
''നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും പറയണം, തന്ന അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും നന്ദി പറയണം എന്നൊക്കെ പറഞ്ഞുതന്നു. ഇനി ഞാന്‍ അങ്ങനെ ചെയ്യും.''
''വിശുദ്ധകുര്‍ബാന സ്വീകരിച്ചിട്ടു ചിലയാളുകള്‍ നടന്നുവരുന്നതു കണ്ടാല്‍ ഈവനിങ് വാക്കാണോ; മാറ്റിനി കണ്ടിട്ട് ഇറങ്ങിവരുവാണോ അതോ കാപ്പികുടിക്കാന്‍ റ്റീഷോപ്പിലേ
ക്കു പോകുവാണോ എന്നൊക്കെ സംശയം തോന്നിപ്പോകും. രണ്ടു കൈയും ആട്ടി അശ്രദ്ധയോടെയുള്ള ആ വരവുകണ്ടാല്‍ വിഷമം തോന്നും. ഈശോയോടു കാണിക്കുന്ന അവഗണന.'' മാത്യൂസ് വിഷമത്തോടെ പറഞ്ഞു.
മാത്യൂസ് പറഞ്ഞതു ശരിയാ. ഞാനും അതു ശ്രദ്ധിക്കാറുണ്ട്. ഹൃദയത്തില്‍ വന്നതു ദൈവമാണെന്ന ബോധ്യത്തോടെ കൈകൂപ്പിപ്പിടിച്ച് അല്ലെങ്കില്‍ കൈരണ്ടും നെഞ്ചോടു ചേര്‍ത്തുപിടിച്ച്, തല കുനിച്ച് ആദരവോടെ വരേണ്ടതിനു പകരം...''
സീലിയ വാചകം പൂര്‍ത്തിയാക്കാതെ നിര്‍ത്തി. ''എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അവരുടെ ചെറുപ്പകാലത്ത് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കു നല്‍കുവാന്‍ വിശുദ്ധ കുര്‍ബാനയുമായി വൈദികന്‍ വരുന്നതു കണ്ടാല്‍, മഴയാണെങ്കിലും ചെളിവെള്ളത്തിലാണെങ്കിലും അവിടെ മുട്ടുകുത്തി തല കുനിച്ച് ഈശോയെ ആരാധിക്കുമായിരുന്നു എന്ന്. ഈശോയും ദൈവവും ഒന്നുമില്ലെങ്കിലും ജീവിക്കാന്‍ മാത്രം സ്വയംപര്യാപ്തരാണ് ഇന്നത്തെ തലമുറ. ആ അതുപോട്ടെ. നീ വേഗം ചോറു വിളമ്പ്. എനിക്ക് ഇന്ന് ഇച്ചിരി നേരത്തേ പോണം!''
''ശരി.'' സീലിയ എണീറ്റ് അടുക്കളയിലേക്കു നടന്നു.
കഥ
നല്ല കൂട്ടുകാരന്‍
