പാലാ സെന്റ് തോമസ് പ്രസ് ബുക്സ്റ്റാളിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റ് തോമസ് ആര്‍ട്ട് ഗാലറിയും ഡിവോഷണല്‍ ആര്‍ട്ടിക്കിള്‍സ് സെന്ററുമടങ്ങുന്ന സമുച്ചയം കാലഘട്ടത്തിനിണങ്ങുംവിധം അത്യാധുനികരീതിയില്‍ നവീകരിച്ചിരിക്കുന്നു. ഇതോടെ, പൂര്‍ണമായും ശീതീകരിച്ച ഷോറൂമിനു പുതിയ മുഖം കൈവന്നിരിക്കുകയാണ്.
പുതിയ ഷോറൂമിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ജൂലൈ 31 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പാലായുടെ വളര്‍ച്ചയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സെന്റ് തോമസ് പ്രസും അനുബന്ധസ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് അവിസ്മരണീയമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കാലത്തിനൊപ്പം പുതിയ വികസനമാതൃകകളുമായി സഞ്ചരിക്കാന്‍ സെന്റ് തോമസ് പ്രസ് സ്ഥാപനങ്ങള്‍ക്കു കഴിയുന്നത് ഏറെ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് തോമസ് പ്രസ് മാനേജര്‍ ഫാ. സിറിയക് തടത്തില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ വളര്‍ച്ചയുടെ പാതയില്‍ പ്രസ് പിന്നിട്ട വഴികള്‍ സമ്യക്കായി വിവരിക്കുകയുണ്ടായി. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട് തുടങ്ങി നിരവധി വൈദികരും സിസ്റ്റേഴ്‌സും വ്യാപാരസുഹൃത്തുക്കളും ചടങ്ങില്‍ സംബന്ധിച്ചു. സെന്റ് തോമസ് പ്രസ് അസി. മാനേജര്‍ ഫാ. മാത്യു തെന്നാട്ടില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ദൈവാലയങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയുക്തമായ തിരുസ്വരൂപങ്ങള്‍, ജപമാലകള്‍, ഫോട്ടോ ഫ്രെയിമുകള്‍, തിരിക്കാലുകള്‍, രൂപക്കൂടുകള്‍, മുത്തുക്കുടകള്‍, പൊന്‍-വെള്ളിക്കുരിശുകള്‍, സക്രാരി, അരുളിക്ക, ആത്മീയ-ആരാധനക്രമഗ്രന്ഥങ്ങള്‍, തിരുവസ്ത്രങ്ങള്‍, കാസാ, പീലാസ തുടങ്ങി ഒട്ടനേകം ഭക്തസാധനങ്ങളുടെയും സ്റ്റേഷനറിയിനങ്ങളുടെയും അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവിധ തരത്തിലുള്ള പെയിന്റിങ്ങുകളും കലാശില്പങ്ങളുംകൊണ്ടു സമ്പന്നമായ ആര്‍ട്ടുഗാലറിയും പുതിയ ഷോറൂമിനെ ആകര്‍ഷകമാക്കുന്നു.
പ്രാദേശികം
ആധുനികതയുടെ പുതിയ മുഖവുമായി പാലാ സെന്റ് തോമസ് പ്രസ് സമുച്ചയം നവീകരിച്ചു
