•  14 Aug 2025
  •  ദീപം 58
  •  നാളം 23
ലേഖനം

ഇസ്രയേല്‍ രൂപം കൊള്ളുന്നു

ഇസ്രയേല്‍ ഒരു ചരിത്രവിസ്മയം  3

   യഹൂദര്‍ ഇട്ടെറിഞ്ഞു പോന്ന പലസ്തീനയിലേക്ക് അറബ്ജനത കടന്നുകയറി. ഏഴാം ശതകത്തില്‍ ഇസ്ലാംമതം നിലവില്‍ വന്നതോടെ അവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായി. അങ്ങനെയാണു പലസ്തീന്‍ ഒരു മുസ്ലീംരാഷ്ട്രം എന്നറിയപ്പെട്ടുതുടങ്ങിയത്. ദീര്‍ഘകാലം ഒരു ജനത ഒരു ഭൂഭാഗത്തു കുടിപാര്‍ത്തുകഴിയുമ്പോള്‍ ആ പ്രദേശം അവരുടേതാണെന്ന് അവര്‍ അവകാശപ്പെടും; മറ്റുള്ളവരും അതംഗീകരിച്ചുകൊടുക്കും. പിന്നീടെപ്പോഴെങ്കിലും ആ പ്രദേശം വിട്ടൊഴിഞ്ഞുപോയ ആദ്യജനവിഭാഗം മടങ്ങിയെത്തിയാല്‍ അവര്‍ കൈയേറ്റക്കാരായും കുടിയേറ്റക്കാരായും ആക്ഷേപിക്കപ്പെടും. ഇസ്രയേലിന്റെ കാര്യത്തില്‍ അതാണു സംഭവിച്ചത്.
എ.ഡി. 70 നു ശേഷം പലസ്തീനില്‍ വന്നു താമസമാക്കിയ അറബികളുടെ പിന്‍മുറക്കാര്‍ക്കു പലസ്തീന്‍ തങ്ങളുടെ ജന്മഭൂമിയാണെന്നു തോന്നിയതില്‍ അദ്ഭുതമില്ല. അവിടേക്കു തിരിച്ചെത്തിയ യഹൂദര്‍ക്ക് അതു തങ്ങളുടെ പിതാക്കന്മാരുടെ ഭൂമിയായിരുന്നു എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. യഹൂദരുടെ എണ്ണം കൂടുന്തോറും പലസ്തീനികളുടെ ആശങ്ക ഏറിവന്നു. അതു പതുക്കെപ്പതുക്കെ അറബ് - യഹൂദസംഘര്‍ഷത്തിനു കാരണമായി.
   ചരിത്രപരമായി നോക്കിയാല്‍ ഇരുകൂട്ടരെയും കുറ്റപ്പെടുത്താനാവില്ല. ഇസ്ലാംമതസ്ഥാപനകാലം മുതല്‍ പലസ്തീന്‍ ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശമായി മാറിയിരുന്നു. തുടര്‍ന്നുള്ള 400 വര്‍ഷക്കാലം പലസ്തീന്‍ ഖലീഫമാരുടെ ഭരണത്തിലായിരുന്നു. 12, 13 ശതകങ്ങളിലുണ്ടായ കുരിശുയുദ്ധങ്ങള്‍ക്കുശേഷം 500 വര്‍ഷക്കാലം പലസ്തീനാ തുര്‍ക്കികളുടെ ഭരണത്തിലമര്‍ന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ പലസ്തീനാ ബ്രിട്ടന്റെ കോളനിയായി.
    1936 ല്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പലസ്തീന്‍പ്രശ്‌നം പഠിക്കാന്‍ ലോര്‍ഡ് വില്യം റോബര്‍ട്ട് പീല്‍ അധ്യക്ഷനായി ഒരു അഞ്ചംഗ കമ്മീഷനെ നിയമിച്ചു. ഒരു നിയമജ്ഞനും മാധ്യമപ്രവര്‍ത്തകനുംകൂടിയായിരുന്ന പീല്‍ അന്ന് ബ്രിട്ടീഷ്പാര്‍ലമെന്റംഗവുമായിരുന്നു. പ്രശ്‌നം വിശദമായി പഠിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണായകമായ ഒരു ശിപാര്‍ശയുണ്ടായിരുന്നു. അറബിരാജ്യമെന്നും യഹൂദരാജ്യമെന്നും പലസ്തീനായെ രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളായി വിഭജിക്കുക.
    കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പലസ്തീനിലെ മുസ്ലീം വിഭാഗം ശക്തമായി പ്രതിഷേധിച്ചെങ്കിലും യഹൂദവിഭാഗം പ്രതീക്ഷയിലായിരുന്നു. സയണിസ്റ്റുനേതാക്കള്‍ ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ യഹൂദരാജ്യത്തിനുവേണ്ടി സമ്മര്‍ദം ശക്തിപ്പെടുത്തി. പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ മുമ്പിലെത്തിയപ്പോള്‍, രാജ്യവിഭജനമാണു പ്രശ്‌നപരിഹാരത്തിനു നല്ലതെന്ന പൊതുധാരണയുമുണ്ടായി.
ഒടുവില്‍, 1947 നവംബര്‍ 29 നു ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 181-ാം നമ്പര്‍ പ്രമേയത്തിലൂടെ പലസ്തീന്‍വിഭജനം തത്ത്വത്തില്‍ അംഗീകരിച്ചു. പലസ്തീന്‍ അറബികള്‍ക്കും യഹൂദര്‍ക്കുമായി വിഭജിച്ചു നല്കുക.
ഈ തീരുമാനം പലസ്തീനികള്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. പലസ്തീനില്‍ വന്‍പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. 
അതേസമയം യഹൂദര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. എങ്കിലും ദ്വിരാഷ്ട്രരൂപീകരണത്തിനു പിന്നെയും താമസമുണ്ടായി. പലസ്തീനുമേലുള്ള ബ്രിട്ടീഷ്ഭരണത്തിന്റെ കാലാവധി അവസാനിക്കുന്ന 1948 മേയ് 14 വരെ അവര്‍ കാത്തിരിക്കേണ്ടി വന്നു. അന്നേ ദിവസംതന്നെ യഹൂദദേശീയ സമിതിയും സയണിസ്റ്റു ജനറല്‍ കൗണ്‍സിലും ടെല്‍ അവീവില്‍ സമ്മേളിച്ച് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. ഡേവിഡ് ബന്‍ഗൂറിയന്‍ ആദ്യപ്രധാനമന്ത്രി; ഡോ. ചെയിംവെയ്‌സ്മാന്‍ പ്രസിഡന്റും. അമേരിക്ക ഉടന്‍തന്നെ ഇസ്രയേല്‍രാഷ്ട്രത്തിന് അംഗീകാരം നല്‍കി. പിറ്റേവര്‍ഷം, 1949 മേയ് 11 ന് ഇസ്രയേലിന് യു.എന്‍. അംഗത്വവും ലഭിച്ചു. 22072 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 20 ലക്ഷം ജനങ്ങളും മാത്രമുള്ള ഒരു കൊച്ചുരാജ്യം. (കേരളത്തിന്റെ വിസ്തൃതി 38863 ചതുരശ്രകിലോമീറ്ററാണ്. കോട്ടയം ജില്ലയില്‍ മാത്രം 20 ലക്ഷത്തോളം ജനങ്ങളുമുണ്ട്.)
    പലസ്തീനിലെ മുസ്ലീം ജനതയുടെ എതിര്‍പ്പവഗണിച്ച് പുതിയ യഹൂദരാഷ്ട്രത്തിനു രൂപം നല്‍കിയതു സമീപസ്ഥമായ അറബ്‌രാജ്യങ്ങള്‍ക്കൊന്നും ദഹിക്കുന്നതായിരുന്നില്ല. പ്രബലമുസ്ലീംരാജ്യങ്ങളായ ജോര്‍ഡാന്‍, ലെബനോന്‍, സിറിയ, ഈജിപ്ത് എന്നിവയുടെ നടുവിലാണ്. ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം 22000 ചതുരശ്രമൈല്‍ വിസ്തൃതിയും 20 ലക്ഷത്തില്‍ താഴെ ജനങ്ങളുമായി ലോകഭൂപടത്തില്‍ ഇടം നേടിയത്. ഏതു നിമിഷവും ചാടിവീഴാവുന്ന കണ്ടന്‍പൂച്ചകള്‍ക്കു നടുവില്‍പ്പെട്ട ചുണ്ടെലിപോലെ! 
പുതിയ രാഷ്ട്രരൂപീകരണം പലസ്തീന്‍പ്രശ്‌നത്തിന്, അന്തിമപരിഹാരമായില്ല. പുതിയ പ്രശ്‌നങ്ങളുടെ തുടക്കമായിരുന്നു. അറബ്‌രാജ്യങ്ങള്‍ ഇസ്രയേലിനെ ശൈശവഘട്ടത്തില്‍ത്തന്നെ ഞെക്കിക്കൊല്ലാന്‍ കച്ചകെട്ടിയിറങ്ങി. മധ്യപൂര്‍വദേശത്തെ അന്നത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസര്‍ തന്നെ ഇസ്രയേലിനെ തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ചു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്‌പോലുള്ള തീവ്രവാദസംഘടനകളും ഇസ്രയേല്‍സംഹാരം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ചു. യുദ്ധം കൂടാതെതന്നെ ഇസ്രയേലിനെ ശ്വാസംമുട്ടിച്ചുകൊല്ലാമെന്നു സ്വപ്നം കണ്ടവരും അറബ്‌നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. 
   എന്നാല്‍, അതിനൊക്കെ സമയം നോക്കി കാത്തിരിക്കാന്‍ അറബ്‌രാജ്യങ്ങള്‍ക്കു ക്ഷമയുണ്ടായില്ല. ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതായി പ്രഖ്യാപിച്ച 1948 മേയ് 14 ന്റെ അടുത്തദിവസംതന്നെ അറബ്‌സൈന്യം ഇസ്രയേലിന്റെ മേല്‍ ചാടിവീണു. വളരെ എളുപ്പം ഇസ്രയേലിന്റെ ഭൂവിഭാഗങ്ങള്‍ പിടിച്ചടക്കാമെന്നും യഹൂദരെ മുഴുവന്‍ അവിടെനിന്നു പുറത്താക്കാമെന്നുമായിരിക്കാം അറബ്‌രാജ്യങ്ങള്‍ കണക്കുകൂട്ടിയത്. ഇതൊക്കെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഒരുക്കങ്ങള്‍ ഇസ്രയേല്‍ നടത്തിയിരുന്നിരിക്കണം. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പരിചയസമ്പന്നരായ യഹൂദസൈനികരും ഉണ്ടായിരുന്നിരിക്കാം. പിന്നെ അമേരിക്കയും ബ്രിട്ടണും കൊടുത്ത അത്യാധുനിക ആയുധങ്ങളും ഇസ്രയേലിന്റെ കൈവശമുണ്ടായിരുന്നല്ലോ.
   പലസ്തീനെ പിന്തുണയ്ക്കാന്‍ ഈജിപ്ത്, ജോര്‍ദാന്‍, ഇറാക്ക്, യമന്‍, സൗദി അറേബ്യ, ലെബനോന്‍, പാക്കിസ്ഥാന്‍, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളുണ്ടായിരുന്നു. അങ്ങനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കാന്‍ ഇസ്രയേലിന് ആരുമുണ്ടായിരുന്നില്ല. എങ്കിലും, യുദ്ധഗതി ഇസ്രയേലിന് അനുകൂലമായിരുന്നു. ആ കൊച്ചുരാജ്യത്തിന്റെ ചെറു സൈന്യത്തോടു പിടിച്ചുനില്‍ക്കാന്‍ വലിയ രാജ്യങ്ങളുടെ വന്‍ സൈന്യത്തിനു കഴിഞ്ഞില്ല. എല്ലാ യുദ്ധമുഖങ്ങളിലും ഇസ്രയേല്‍സൈന്യം അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലേക്ക് ഇരച്ചുകയറി. മേയ് അവസാനം യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രയേലിന്റെ വിസ്തൃതി ഇരട്ടിയിലധികമായിക്കഴിഞ്ഞിരുന്നു. അമേരിക്കയുടെയും മറ്റും മധ്യസ്ഥതയില്‍ യുദ്ധാനന്തരഘട്ടത്തില്‍ പിടിച്ചടക്കിയ ഭൂമി അതതു രാജ്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ ഇസ്രയേല്‍ തയ്യാറായി.    

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)