•  14 Aug 2025
  •  ദീപം 58
  •  നാളം 23
ലേഖനം

ദൈവാരാധന ഐച്ഛികമല്ല; അതൊരാവശ്യമാണ്

ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറേയറ്റത്ത് അറ്റ്‌ലാന്റിക്‌സമുദ്രത്തിലേക്കു തള്ളിനില്ക്കുന്ന ഒരു ഉപദ്വീപാണ് ബ്രത്താഞ്ഞ് അല്ലെങ്കില്‍ ബ്രിട്ടണി. അവിടെ ഓറേ (അൗൃമ്യ) എന്ന സ്ഥലത്തെ  വിശുദ്ധ അന്നായുടെ നാമത്തിലുള്ള ദൈവാലയത്തിലേക്കുള്ള തീര്‍ഥാടനം ആരംഭിച്ചിട്ട് 400 വര്‍ഷം തികയുന്ന 2025 ജൂലൈ 25 മുതല്‍ 27 വരെ നടന്ന ആഘോഷങ്ങള്‍ക്ക് പരിശുദ്ധപിതാവിന്റെ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് കര്‍ദിനാള്‍ റോബര്‍ട്ട് സറായാണ്.

ദ്ദേഹം തീര്‍ഥാടകരോടൊപ്പം നടക്കുകയും പ്രാര്‍ഥനകളില്‍ പങ്കെടുക്കുകയും ചെയ്തു. വിശുദ്ധ അന്നായുടെ തിരുനാള്‍ദിവസമായ 26-ാം തീയതി കര്‍ദിനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ചു. പരിശുദ്ധപിതാവ് ലെയോ പതിന്നാലാമന്റെ സ്‌നേഹാശംസകള്‍ അറിയിച്ചു. ശേഷം ചെയ്ത തീക്ഷ്ണമായ പ്രസംഗത്തിന്റെ     പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: 
ആദ്യംതന്നെ 400 വര്‍ഷങ്ങള്‍ക്കുമുമ്പ്  ഈവോണ്‍  നിക്കോളാസിച്ച് (Yvon Nicolazic) ) എന്ന കര്‍ഷകന് വിശുദ്ധ അന്നാ പ്രത്യക്ഷപ്പെട്ട് ആ സ്ഥലത്തെ കപ്പേള പുനരുദ്ധരിക്കുന്നതിനും തീര്‍ഥാടനങ്ങള്‍ ആരംഭിക്കാനും ആവശ്യപ്പെട്ട കാര്യം അദ്ദേഹം അനുസ്മരിച്ചു. തുടര്‍ന്ന് 30,000 ത്തോളം തീര്‍ഥാടകരോടു വിളിച്ചു    പറഞ്ഞു: ''ഫ്രാന്‍സ് ഒരു വിശുദ്ധസ്ഥലമാണ്. അവള്‍ ദൈവത്തോടു വിശ്വസ്തയായിരിക്കണം. കിരാതവും   മനുഷ്യത്വരഹിതവുമായ   നിയമങ്ങള്‍വഴി ഫ്രാന്‍സ് എന്ന പുണ്യഭൂമിയെ അശുദ്ധമാക്കുകയും നിന്ദിക്കയുമരുത്.''
ഗര്‍ഭച്ഛിദ്രവും ദയാവധവും നിയമാനുസൃതമാക്കുന്ന  നിയമങ്ങളെ ഉദ്ദേശിച്ചാണ് കര്‍ദിനാള്‍ സറാ  ഇപ്രകാരം പറഞ്ഞത്. ജീവന്റെ സംസ്‌കാരത്തിനു വിരുദ്ധമായി ഇവിടെ നിലവില്‍ വന്നിരിക്കുന്ന മരണസംസ്‌കാരത്തിനെതിരേയാണ്       കര്‍ദിനാള്‍ ആഞ്ഞടിച്ചത്. ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കുക മാത്രമല്ല, അത്       ഭരണഘടനാവകാശമാക്കുക കൂടിയാണ് ഫ്രഞ്ച് റിപ്പബ്ലിക് ചെയ്തത്. അന്തസ്സോടെ   മരിക്കാനുള്ള അവകാശസംരക്ഷണത്തിനായിട്ടെന്ന വ്യാജേനയാണ് ദയാവധം എന്ന ക്രൂരകൃത്യം നടപ്പാക്കുന്നതെന്ന് കര്‍ദിനാള്‍ എടുത്തു  പറഞ്ഞു.
'സഭയുടെ സീമന്തപുത്രീ, നിനക്കെന്തുപറ്റി' എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വിലാപത്തിന്റെ മാറ്റൊലിയാണ് നാമിവിടെ ശ്രവിക്കുന്നത്.
തുടര്‍ന്ന് കര്‍ദിനാള്‍     റോബര്‍ട്ട് സറാ, ബ്രത്താഞ്ഞ് (ബ്രിട്ടണി) എന്ന പ്രവിശ്യ ദൈവത്തിനായി നീക്കിവച്ചിരിക്കുന്ന വിശ്വസ്തവും വിശുദ്ധവുമായ പ്രദേശമാണെന്നു പ്രസ്താവിച്ചു. ദൈവത്തെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്ന ആധുനികമനുഷ്യനോട് ദൈവത്തിന് ഒന്നാംസ്ഥാനം നല്കുകയെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. ദൈവമക്കളായ നമ്മുടെ പ്രഥമകര്‍ത്തവ്യം ദൈവാരാധനയാണ്.     ദൈവത്തിനു സ്തുതി അര്‍പ്പിക്കുക എന്നത് ഐച്ഛികമല്ല, അതൊരാവശ്യമാണ്. അത് അത്യന്താപേക്ഷിതമാണ്.
അബദ്ധപ്രബോധനം
പാശ്ചാത്യലോകത്ത് മിക്കപ്പോഴും മതത്തെ മനുഷ്യന്റെ സുസ്ഥിതിക്കായുള്ള      സാമൂഹികപ്രവര്‍ത്തനമായി    ചുരുക്കുകയാണ്. കുടിയേറ്റക്കാരെയും ഭവനരഹിതരെയും സഹായിക്കുന്നതും സാര്‍വത്രികസാഹോദര്യം വളര്‍ത്തുന്നതുമാണ് ക്രിസ്തുമതധര്‍മമെന്നും ആധുനിക   മനുഷ്യന് അല്പം        ആശ്വാസവും സാമ്പത്തിക         വികാസവും ഉന്നംവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആധ്യാത്മികതയെന്നും ഇക്കൂട്ടര്‍ തെറ്റിദ്ധരിക്കുന്നു. ഈ പ്രശ്‌നങ്ങളെല്ലാം അതിന്റേതായ പ്രാധാന്യമുള്ളവതന്നെ. പക്ഷേ, മതത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് അബദ്ധജടിലമാണെന്ന് കര്‍ദിനാള്‍ സറാ തറപ്പിച്ചുപറയുന്നു.
വിശ്വാസത്തെ സാമൂഹികപ്രതിബദ്ധതയായി മാത്രം ചുരുക്കാനുള്ള പ്രലോഭനം വര്‍ധിച്ചുവരുന്നു. അദ്ദേഹം തുടരുന്നു: ''മതം ആഹാരത്തിന്റെയോ, പരോപകാരത്തിന്റെയോ സംരംഭമല്ല.'' മരുഭൂമിയില്‍ കര്‍ത്താവു നേരിട്ട ആദ്യത്തെ പ്രലോഭനം  അതുതന്നെയായിരുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നുന്ന പ്രലോഭകന്റെ ആ നിര്‍ദേശം ഈശോ തള്ളിക്കളയുകയാണു ചെയ്തത്. ദാരിദ്ര്യം തുടച്ചുനീക്കിയാലും മനുഷ്യന്‍ രക്ഷിക്കപ്പെടുന്നില്ല. ദൈവത്തെ തിരസ്‌കരിക്കുന്ന സമ്പന്നരാജ്യങ്ങള്‍തന്നെയാണ് ഇതിന് ഉദാഹരണം. രക്ഷിക്കപ്പെടാന്‍        ലോകത്തിന് ആവശ്യമായിരിക്കുന്നത് ദൈവത്തിന്റെ  അപ്പമാണ്. ആ അപ്പം മിശിഹാ തന്നെയാണ്. ദൈവതിരുമുമ്പില്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുകവഴിയാണ് മനുഷ്യന്‍ നിത്യരക്ഷ പ്രാപിക്കുന്നത്. ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനുമാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തെ ആരാധിക്കുമ്പോഴാണ് നമ്മുടെ യഥാര്‍ഥ    അന്തസ്സും നമ്മുടെ അസ്തിത്വത്തിന്റെ ആത്യന്തിക     ലക്ഷ്യവും കണ്ടെത്തുന്നത്.
ആരാധനക്രമം
കര്‍ദിനാള്‍ സറായുടെ പ്രസംഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം ലിറ്റര്‍ജിയുടെ പരിപാവനത പ്രഘോഷിക്കുക എന്നതായിരുന്നു. മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്ത വി. കുര്‍ബാനമധ്യേ കര്‍ദിനാള്‍ പ്രസംഗിച്ചുതുടങ്ങിയപ്പോള്‍ ചിലര്‍ സന്തോഷത്തോടെ       കൈ യടിച്ചുതുടങ്ങി. വളരെ ഗൗരവത്തോടെ, ദയവായി, നിങ്ങള്‍ കൈയടിക്കരുതെന്ന് കര്‍ദിനാള്‍ ആവശ്യപ്പെടുകയും പ്രസംഗം           തുടരുകയും ചെയ്തു.
'പരിശുദ്ധവും പരിപാവനുമായ ആരാധനക്രമം നമ്മുടെ ഇഷ്ടാനുസൃതം  നടത്തേണ്ട ഒന്നല്ല. അതു നമുക്കു നല്കപ്പെട്ടതാണ്. ലിറ്റര്‍ജിയുടെ ലക്ഷ്യം ദൈവത്തിന്റെ മഹത്ത്വവും     വിശ്വാസികളുടെ വിശുദ്ധീകരണവുമാണ്. വിശുദ്ധഗീതങ്ങള്‍ സമൂഹത്തിന്റെ സജീവ     പങ്കാളിത്തത്തെ സഹായിക്കുന്നു. അതു നമ്മളെ ആരാധനയിലേക്കു നയിക്കുന്നു.    നാമിവിടെ ഒന്നിച്ചുകൂടുന്നത് നാടന്‍കലാരൂപങ്ങള്‍   ആസ്വദിക്കാനോ വിനോദത്തിനോ ആയിട്ടല്ല. നാം ഇവിടെ ആയിരിക്കുന്നത് ദൈവത്തെ മഹത്ത്വപ്പെടുത്താനായിട്ടാണ്. ലിറ്റര്‍ജി മനുഷ്യര്‍ നടത്തുന്ന പ്രദര്‍ശനമല്ല. അതു ദിവ്യരഹസ്യങ്ങളുടെ ആഘോഷമാണ്.  അതിനാലാണ് അതു    മനോഹരവും പരിപാവനവും ഉദാത്തവുമായിരിക്കുന്നത്. ഭയത്തോടും വിറയലോടുംകൂടി വേണം നമ്മള്‍ ആരാധനക്രമം ആഘോഷിക്കാന്‍.
ദൈവാലയം
ദൈവം തിരഞ്ഞെടുത്ത് ദൈവത്തിനായി മാറ്റിവയ്ക്കുന്ന പരിശുദ്ധമായ   ഇടങ്ങളാണ് ദൈവാലയങ്ങള്‍. നിശ്ശബ്ദതയും  പ്രാര്‍ഥനയും വി. കുര്‍ബാനയുടെയും മറ്റു കൂദാശകളുടെയും ആഘോഷവുമല്ലാതെ മറ്റൊന്നും അവിടെ നടക്കരുത്. നമ്മുടെ പള്ളികള്‍ പ്രദര്‍ശനശാലകളല്ല; അതു ദൈവത്തിന്റെ  ഭവനങ്ങളാണ്. നമ്മളതില്‍ ഭക്തിയോടും              ആദരവോടുംകൂടി ശരിയാംവിധം വസ്ത്രം ധരിച്ചുവേണം പ്രവേശിക്കാന്‍.
പ്രാദേശികപാരമ്പര്യവസ്ത്രങ്ങളണിഞ്ഞ് വന്നിരുന്ന തീര്‍ഥാടകരെ അനുമോദിച്ചുകൊണ്ട് കര്‍ദിനാള്‍ സറാ ഓര്‍മിപ്പിച്ചു: ''കുമ്പസാരം വഴി വിശുദ്ധീകരിക്കപ്പെട്ട ആത്മാവോടെ വിശുദ്ധ കുര്‍ബാനയ്ക്ക് അണയുന്നതിനെയാണ് ഈ മനോഹരവസ്ത്രങ്ങള്‍ സൂചിപ്പിക്കുന്നത്.''
ഈ വിശുദ്ധസ്ഥലം ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതുപോലെ നിങ്ങളുടെ ഹൃദയങ്ങളും ആത്മാവും ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടവയാണ്. പരിശുദ്ധപിതാവ് ലെയോ പതിന്നാലാമന്‍ പറഞ്ഞതുപോലെ, 'തിന്മ നമ്മില്‍  പ്രബലപ്പെടുകയില്ല.' ജറൂസലേമിലെ വിശുദ്ധ സിറില്‍ പറഞ്ഞതുപോലെ, 'സര്‍വോപരി  നിന്റെ ആത്മാവിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക' എന്ന വാക്കുകള്‍ ഉദ്ധരിച്ചശേഷം കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു: ''നിങ്ങളുടെ ആത്മാവില്‍നിന്ന് ധനമോഹത്തിന്റെയും ദുരാശകളുടെയും സാമൂഹികമാധ്യമങ്ങളുടെയും വിഗ്രഹങ്ങളെ ബഹിഷ്‌കരിക്കുവിന്‍.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സഹനങ്ങളുമെല്ലാം മനുഷ്യനെ തളര്‍ത്തരുത്. എല്ലാറ്റിനും ഉത്തരം കര്‍ത്താവിന്റെ കുരിശില്‍       കണ്ടെത്തുക.
ദൈവസന്നിധിയില്‍ മുട്ടുകുത്തി നില്ക്കുന്നവനാണ് ലോകത്തെ രക്ഷിക്കുന്നത്.
കര്‍ദിനാളിന്റെ പ്രസംഗം ഭംഗിവാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല. അതു മാനസാന്തരത്തിനുള്ള ആഹ്വാനമായിരുന്നു എന്നാണ് മാധ്യമനിരീക്ഷകര്‍ എഴുതിയത്.
ഠൃശയൗില രവൃശശേലിില എന്ന ഫ്രഞ്ചു പ്രസിദ്ധീകരണത്തോടു കടപ്പാട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)