രാഷ്ട്രീയലക്ഷ്യത്തോടെ വര്‍ഗീയധ്രുവീകരണം നടത്തുന്ന ശക്തികള്‍ ഇന്ത്യയുടെ മഹത്തായ മതേതരപാരമ്പര്യത്തെ തകര്‍ക്കുമ്പോള്‍
നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ലായെന്നും പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും പാതകള്‍ തീര്‍ക്കേണ്ടത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്വമാണെന്നും വിസ്മരിക്കാന്‍ പാടില്ല
ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും സഹഎംപിമാര്‍ക്കൊപ്പം ജയിലില്‍ പോയി കണ്ടപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു ആ സഹോദരിമാര്‍ രണ്ടുപേരും. പൊലീസ് അറസ്റ്റു ചെയ്തതിലോ ജയിലില്‍ അടച്ചതിലോ ആയിരുന്നില്ല അവരുടെ വിഷമം. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ''നിങ്ങള്‍ വിദേശികളാണ്; വിദേശികള്‍ക്ക് എന്താണ് ഇന്ത്യയില്‍ കാര്യം'' എന്നു ചോദിച്ചതിനെയോര്‍ത്താണ് അവര്‍ പൊട്ടിക്കരഞ്ഞത്.
എല്ലാറ്റിനുമൊടുവില്‍ എന്‍.ഐ.എ. കോടതി അവരെ വിട്ടയച്ചുവെങ്കിലും ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ആള്‍ക്കൂട്ടവിചാരണയും തുടര്‍ന്ന് അവര്‍ തടവറയിലായതും ഒറ്റപ്പെട്ട സംഭവമല്ല; ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്‍ബലത്തോടെ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവപീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും നിയമവാഴ്ചയെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് രാഷ്ട്രീയാധികാരം നിലനിര്‍ത്താനും രാഷ്ട്രീയാധികാരത്തിലേക്ക് എത്താനും ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയും അവരുടെ മുഖങ്ങളായവരും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മണിപ്പുരിലെ കൂട്ടക്കൊലയും അക്രമസംഭവങ്ങളും ക്രൈസ്തവര്‍ക്കുള്ള ഒരു സൂചനമാത്രമായിരുന്നു എന്നത് വീണ്ടും തെളിയുകയാണ്. ക്രൈസ്തവമിഷണറിമാര്‍ക്കും വിശ്വാസികള്‍ക്കുംനേരേ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ നടന്ന ഈ ആക്രമണങ്ങള്‍ക്ക് ഒരു പൊതുസ്വഭാവം ഉണ്ടായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ കഴിയാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്കിടയില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന വൈദികരും കന്യാസ്ത്രീകളും അവര്‍ നേതൃത്വം കൊടുക്കുന്ന സാമൂഹികസംരംഭങ്ങളും സ്ഥാപനങ്ങളും അടയാളപ്പെടുത്തിയാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. മാനവസേവയെ ഈശ്വരസേവയായി പരിഗണിച്ച് ജീവിതം നയിക്കുന്നവരാണ് ക്രൈസ്തവമിഷനറിമാര്‍. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ക്രിസ്തുവചനം ജീവിതത്തില്‍ പകര്‍ത്തിക്കാട്ടി അനേകായിരങ്ങള്‍ക്കു സാന്ത്വനവും ആശ്വാസവും പ്രചോദനവുമായി നൂറുകണക്കിനു വൈദികരും കന്യാസ്ത്രീകളും ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്.
ഇവരുടെ പ്രവര്‍ത്തനങ്ങളെ എന്നും സംശയത്തിന്റെ കണ്ണുകളോടെ മാത്രമേ രാജ്യത്ത് വര്‍ഗീയത വളര്‍ത്തുവാന്‍ ശ്രമിച്ചവര്‍ സമീപിച്ചിരുന്നുള്ളൂ. ആര്‍ക്കും വേണ്ടാത്ത മനുഷ്യര്‍ക്ക് ജീവിതവെളിച്ചം പകരാന്‍ ഈശ്വരീയകരസ്പര്‍ശത്തോടെ ഇറങ്ങിത്തിരിച്ച മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളെപ്പോലും ഇക്കൂട്ടര്‍ സംശയത്തോടെയാണ് എന്നും വീക്ഷിച്ചത്. ഒരു തുറന്ന പുസ്തകംപോലെയുള്ള മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനത്തെ മതപ്രചാരവേലയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ സമൂഹം തള്ളിക്കളഞ്ഞു എന്നതു ചരിത്രമാണ്. എന്നിട്ടും വര്‍ഗീയതയുടെ പ്രചാരകര്‍ അടങ്ങിയിരുന്നില്ല. സമൂഹത്തില്‍ ഭിന്നതകള്‍ വളര്‍ത്തി അസ്വസ്ഥതകള്‍ സൃഷ്ടിച്ച് അതില്‍നിന്നു മുതലെടുപ്പു നടത്തി രാഷ്ട്രീയാധികാരം ഉറപ്പിക്കാനുള്ള വഴികളിലേക്കാണ് അവരുടെ ശ്രദ്ധ പതിഞ്ഞത്.
ഇതിന്റെ ഭാഗമായിട്ടാണ് ഒറ്റപ്പെട്ട ആക്രമണങ്ങളെ കേന്ദ്രീകൃതരൂപത്തില്‍ മണിപ്പുര്‍ എന്ന കൊച്ചുസംസ്ഥാനത്തില്‍ ഇവര്‍ അവതരിപ്പിച്ചത്. പുറമേ രണ്ടു ഗോത്രവര്‍ഗവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നു പറഞ്ഞു ലഘൂകരിച്ചുകൊണ്ട് അണിയറയില്‍ ആസൂത്രിതനീക്കം നടത്തിയാണ് മണിപ്പുര്‍കലാപം അരങ്ങേറിയത്. കൃത്യമായ ഗൃഹപാഠത്തോടെ, വ്യക്തമായ ആസൂത്രണത്തോടെ സംഘടിപ്പിച്ച വംശീയ ഉന്മൂലനശ്രമമായിരുന്നു മണിപ്പുരില്‍ നടന്നത്.
മണിപ്പുരിലെ ഭൂരിപക്ഷജനത അധിവസിക്കുന്ന ഇടങ്ങളില്‍ അവരുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പടുത്തുയര്‍ത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴില്‍സ്ഥാപനങ്ങളും അടയാളമിട്ട് ആക്രമിച്ചുതകര്‍ത്തു. ക്രൈസ്തവദേവാലയങ്ങളെ തിരഞ്ഞുപിടിച്ച്, പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവിധം തകര്‍ക്കുകയായിരുന്നു. പൊടുന്നനെ ഉണ്ടായ ഒരു വികാരക്ഷോഭത്തിന്റെ പ്രതിഫലനമായിരുന്നില്ല; മറിച്ച്, മികച്ച പരിശീലനമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതസായുധകലാപമായിരുന്നു അത്.
ആക്രമണങ്ങള്‍ക്കുശേഷം മണിപ്പുരില്‍ നടന്നതും ഇതേ ആസൂത്രണത്തിന്റെ ബാക്കിപത്രമാണ്. ജീവനുംകൊണ്ട് ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ അനുഭവിച്ചത് സമാനതകളില്ലാത്ത നരക യാതനകളായിരുന്നു. ക്രൈസ്തവജന വിഭാഗങ്ങള്‍ അഭയം തേടിയ കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ ആയുധമേന്തിയ സ്ത്രീകള്‍ അടക്കമുള്ള സായുധസംഘങ്ങള്‍ പിടിച്ചെടുത്തു. ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ഒരു കുപ്പി വെള്ളം പോലും കടത്തിവിടാത്ത ജാഗ്രതയാണ് ഈ സായുധസംഘങ്ങള്‍ പുലര്‍ത്തിയത്. അവിടെയുള്ള പൊലീസും നിയമപാലന സംവിധാനങ്ങളുമാകെ ഇവര്‍ക്കു സഹായമായി പ്രവര്‍ത്തിച്ചുവെന്നും പൊലീസിന്റെ ആയുധകേന്ദ്രങ്ങള്‍ കൊള്ളയടിക്കുന്നതിന് അക്രമികള്‍ക്ക് എല്ലാ ഒത്താശയും ഭരണകൂടത്തിന്റെ പക്ഷത്തുനിന്നുമുണ്ടായിയെന്നുമുള്ള ഗുരുതരമായ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു.
ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ 'കുരിശിന്റെ വഴി'ക്ക് അനുമതി നിഷേധിച്ചത് മതേതരഇന്ത്യയെ ഞെട്ടിച്ച മറ്റൊരു സംഭവമായിരുന്നു. എല്ലാ വര്‍ഷവും ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലേക്ക് ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍നിന്നു കുരിശിന്റെ വഴി നടക്കാറുണ്ട്. കേരളീയരായ നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുന്ന, എല്ലാവര്‍ഷവും നടക്കാറുള്ള കുരുത്തോല പ്രദക്ഷിണത്തിനാണ് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചത്. ഇതു മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമല്ലാതെ മറ്റെന്താണ്? ഡല്‍ഹിയിലെ നിയമസഭാതിരഞ്ഞെടുപ്പിനുശേഷം നടന്ന ഭരണമാറ്റത്തോടെയാണ് ഈ സംഭവമുണ്ടായത്. ആരാധനാസ്വാതന്ത്ര്യത്തെ പരസ്യമായി വെല്ലുവിളിക്കാനുള്ള ധൈര്യം പൊലീസിനു ഭരണകൂടം നല്‍കുന്നു എന്നതിന്റെ തെളിവു കൂടിയാണിത്.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ജബല്‍പൂരിലും ഒഡീഷയിലും ക്രൈസ്തവദേവാലയങ്ങള്‍ക്കുനേരേ സംഘടിതമായ ആക്രമണങ്ങള്‍ അരങ്ങേറിയത്.
ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്ന തന്ത്രമാണ് പലയിടത്തും പ്രയോഗിക്കുന്നത്. ഇതില്‍ വഴങ്ങാതെ ക്രൈസ്തവസഭ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്ന വൈദികരെയാണ് പലയിടങ്ങളിലും ആക്രമിക്കുന്നത്. പള്ളിക്കുള്ളില്‍ കയറിയാണ് ഒഡീഷയില്‍ സ്ത്രീകളടക്കമുള്ളവരെ മര്‍ദിച്ചത്. വൈദികരെയും മറ്റും തൊട്ടടുത്ത ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവച്ചും മര്‍ദ്ദനം അഴിച്ചുവിട്ടു. കുറവിലങ്ങാട് സ്വദേശിയായ വികാരി ഫാ. ജോഷി ജോര്‍ജിനും സഹവികാരി ഫാദര്‍ ദയാനന്ദിനും ക്രൂരമര്‍ദനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഇതെല്ലാം പൊലീസ് നോക്കിനില്‍ക്കെയാണ് നടന്നത്. രേഖാമൂലം പരാതിപ്പെട്ടിട്ടും കേസെടുത്തില്ല. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് ദിവസങ്ങള്‍ കഴിഞ്ഞ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. എന്നാല്‍, അക്രമികള്‍ക്കെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല.
ദീപാവലിയാഘോഷങ്ങളുടെ മറവില്‍ ഛത്തീസ്ഗഡിലെയും ഒഡീഷയിലെയും ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലെയും പള്ളികളില്‍ കയറി ക്രൂശിതരൂപത്തിന്റെ മുകളില്‍ വരെ വര്‍ഗീയവാദികള്‍ കൊടികെട്ടി എന്ന വാര്‍ത്തകളും ഞെട്ടലോടെയാണു വിശ്വാസികള്‍ ശ്രവിച്ചത്.
കേരളത്തില്‍ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായി ജീവിക്കുന്നു. സംഘടിതമായ ഒരാക്രമണത്തിനും ആര്‍ക്കും ധൈര്യമില്ലാത്ത വിധത്തില്‍ സാമുദായികസൗഹാര്‍ദവും മതനിരപേക്ഷതയും പുലരുന്ന നാടായി കേരളം അഭിമാനത്തോടുകൂടിയാണ് ശിരസ്സുയര്‍ത്തി മുന്നോട്ടുപോകുന്നത്. ഈ കേരളത്തെയും കേരളത്തിലെ മതന്യൂനപക്ഷങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണ് ഉത്തരേന്ത്യയിലെ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ കേരളത്തില്‍ പയറ്റുന്നത്.
ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഓടിച്ചിട്ടടിക്കുന്ന കൈകളുമായി ഇവിടെ തലോടാന്‍ എത്തുന്നവരുടെ രാഷ്ട്രീയോദ്ദേശ്യം ഈ നാട് തിരിച്ചറിയുന്നുണ്ട്. നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു തടവിലാക്കിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ നിഷ്‌കരുണം തള്ളിക്കളയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തു നടന്ന മനുഷ്യത്വരഹിതമായ നീതിനിഷേധത്തിന്റെ സത്യാവസ്ഥ മൂടിവയ്ക്കാനാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വഴങ്ങാതിരുന്നത്.
രാഷ്ട്രീയലക്ഷ്യത്തോടെ വര്‍ഗീയധ്രുവീകരണം നടത്തുന്ന ശക്തികള്‍ ഇന്ത്യയുടെ മഹത്തായ മതേതരപാരമ്പര്യത്തെ തകര്‍ക്കുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ലായെന്നും പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും പാതകള്‍ തീര്‍ക്കേണ്ടത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്വമാണെന്നും വിസ്മരിക്കാന്‍ പാടില്ല.