ഒരറിവും ചെറുതല്ലെന്നും ഒരു മനുഷ്യനെയും നിസ്സാരനായി കാണരുതെന്നും മാഷ് നിരന്തരം തന്റെ ചുറ്റുമുള്ള ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു കീറക്കടലാസ് കൈയില്‍കിട്ടിയാല്‍പോലും അതില്‍നിന്നു പുതുതായി എന്തെങ്കിലും അറിവുകിട്ടുമോ എന്ന അന്വേഷണം സാനുമാഷ് ജീവിതാന്ത്യംവരെ തുടര്‍ന്നു.
കുട്ടിക്കാലത്ത് സാനുവിനോട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ''മോനേ, നീ വലുതാവുമ്പോള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത്?'' ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ആ കുട്ടി കുമാരനാശാന്റെ രണ്ടു വരികള്‍ പ്രസ്തുത ചോദ്യത്തിനുള്ള മറുപടിയാക്കി:
''അന്യജീവനുതകി സ്വജീവിതം/ ധന്യമാക്കുമമലേ വിവേകികള്‍.''
കുട്ടി പറഞ്ഞത് കുട്ടിക്കളി ആയിരുന്നില്ല എന്നു കാലം തെളിയിച്ചു. അയാള്‍ വളര്‍ന്ന് അക്ഷരങ്ങള്‍കൊണ്ടു ഹിമഗിരികള്‍ പണിതു. അറിവ് നിറവോടെ പകര്‍ന്ന് അനേകഹൃദയങ്ങളുടെ ഇരുളകറ്റി. സാംസ്‌കാരികകേരളത്തിന്റെ ശബ്ദവും മനഃസാക്ഷിയുമായി. കേരളീയനവോത്ഥാനത്തിന്റെ സൂര്യരശ്മികള്‍ നെഞ്ചിലേറ്റിയിരുന്ന സാനുമാഷ് മാനവികമൂല്യങ്ങളില്‍ അടിയുറച്ചുമാത്രം സംസാരിച്ചു, എഴുതി, പ്രവര്‍ത്തിച്ചു. ആ മഹാമനീഷി വിടവാങ്ങുമ്പോള്‍ കേവലം ഒരു വ്യക്തിയല്ല, തിളക്കമാര്‍ന്ന ഒരു കാലംതന്നെയാണ് ഓര്‍മയാകുന്നത്.
അധ്യാപകന്‍, ചിന്തകന്‍, സാഹിത്യവിമര്‍ശകന്‍, ജീവചരിത്രകാരന്‍, പ്രഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ഉന്നതശീര്‍ഷനായിരുന്ന എം കെ സാനു വിടവാങ്ങുമ്പോള്‍ സാംസ്‌കാരികകേരളത്തിന്റെ തലപ്പൊക്കം അക്ഷരാര്‍ഥത്തില്‍ത്തന്നെ കുറയുകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കഴിഞ്ഞ എട്ടു ദശാബ്ദക്കാലം കര്‍മനിരതമായ സാന്നിധ്യമായിരുന്നു അദ്ദേഹം.
1927 ഒക്ടോബര്‍ 27ന് എം സി കേശവന്‍ - കെ പി ഭവാനി ദമ്പതികളുടെ പുത്രനായി, ആലപ്പുഴയിലെ തുമ്പോളിയിലാണ് എം കെ സാനുവിന്റെ ജനനം.
ആലപ്പുഴ സനാതനധര്‍മസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു. പിന്നീട് കോളജധ്യാപകനായി. കൊല്ലം എന്‍ എസ് എസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് തുടങ്ങിയയിടങ്ങളില്‍ അനേകരുടെ പ്രിയ ഗുരുവും വഴികാട്ടിയുമായി. പാഠപുസ്തകം മാത്രം പഠിപ്പിക്കുന്ന അധ്യാപകനായിരുന്നില്ല സാനുമാഷ്. വിഭിന്നസംയുക്തമായ ജീവിതത്തിന്റെ (ങൗഹശേ റശാലിശെീിമഹ) അര്‍ഥവും ആഴവും അദ്ദേഹം ശിഷ്യഗണങ്ങള്‍ക്കു കാട്ടിക്കൊടുത്തു. ജീവിതത്തെയും സാഹിത്യത്തെയും രണ്ടു കരകളായി കാണാതെ ജീവിതത്തിന്റെ ബലിഷ്ഠമായ ഒരു മാനംതന്നെയാണ് സാഹിത്യമെന്നു പറഞ്ഞുവച്ചു. ഒരറിവും ചെറുതല്ലെന്നും ഒരു മനുഷ്യനെയും നിസ്സാരനായി കാണരുതെന്നും മാഷ് നിരന്തരം തന്റെ ചുറ്റുമുള്ള ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു കീറക്കടലാസ് കൈയില്‍ കിട്ടിയാല്‍പോലും അതില്‍നിന്നു പുതുതായി എന്തെങ്കിലും അറിവുകിട്ടുമോ എന്ന അന്വേഷണം സാനുമാഷ് ജീവിതാന്ത്യംവരെ തുടര്‍ന്നു. അത്രയേറെ അഗാധമായ അറിവ് അദ്ദേഹത്തിന്റെയുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ത്തന്നെ അറിവിന്റെ ശത്രുവായ അഹംഭാവത്തിന് ആ മഹാമനുഷ്യനെ തൊടാന്‍പോലും കഴിഞ്ഞില്ല. വിജ്ഞാനത്തിനും വിവേകത്തിനുമൊപ്പം മാഷിന്റെ വിനയവും വര്‍ദ്ധിച്ചു.
1958ലാണ് എം കെ സാനുവിന്റെ ആദ്യഗ്രന്ഥമായ 'അഞ്ച് ശാസ്ത്രനായകന്മാര്‍' പ്രസിദ്ധീകൃതമാകുന്നത്. 1960 ല്‍ അദ്ദേഹത്തിന്റെ ആദ്യനിരൂപണഗ്രന്ഥം 'കാറ്റും വെളിച്ചവും' പ്രകാശിതമായി. ആ കാറ്റും വെളിച്ചവും പിന്നീട് കൈരളിയുടെ ഭൂമികയില്‍ ആകെ നിറയുന്നതിനാണ് മലയാളത്തിന്റെ സാഹിത്യലോകം സാക്ഷ്യം വഹിച്ചത്. ഉജ്ജ്വലമായ വിമര്‍ശനഗ്രന്ഥങ്ങള്‍, അര്‍ഥവും ആഴവുമുള്ള സാഹിത്യപഠനങ്ങള്‍, ജീവിതത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുന്ന വിഖ്യാതമായ ജീവചരിത്രങ്ങള്‍ എന്നിങ്ങനെ ആ തൂലിക അതുല്യമായ അക്ഷരനക്ഷത്രങ്ങളുടെ ഒരു മഹാകാശംതന്നെ മലയാളിക്കു നല്‍കി. ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം തുടങ്ങിയ അദ്ദേഹത്തിന്റെ സാഹിത്യപഠനങ്ങളും നിരൂപണങ്ങളും ഗഹനവും അതേസമയംതന്നെ ലളിതവുമായിരുന്നു. ഗഹനമായ അന്വേഷണങ്ങളെ അദ്ദേഹം ലളിതമായ ഭാഷയില്‍ വരച്ചിട്ടു. ഭാഷയുടെ ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ഒരു സുഹൃത്തിനോടെന്നപോലെയാണ് സാനുമാഷിന്റെ പുസ്തകങ്ങള്‍ വായനക്കാരോടു സംവദിച്ചത്.
ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറിന്റെ (അസ്തമിക്കാത്ത വെളിച്ചം) മുതല്‍ ശ്രീനാരായണഗുരുവിന്റെയും (നാരായണഗുരുസ്വാമി) കുമാരനാശാന്റെയും (മൃത്യുഞ്ജയം കാവ്യജീവിതം) ചങ്ങമ്പുഴയുടെയും (ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം) വൈക്കം മുഹമ്മദ് ബഷീറിന്റെയും (ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍) അടക്കം നിരവധി മഹത്‌വ്യക്തികളുടെ ജീവചരിത്രങ്ങള്‍ സാനുമാഷ് സുലളിതമായ ഭാഷയില്‍ മലയാളത്തിനു നല്‍കി. എഴുത്തുകാരുടെ എഴുത്തുജീവിതത്തെയും വ്യക്തിജീവിതത്തെയും ഇത്രമേല്‍ ഇഴചേര്‍ത്തും ആഴത്തിലും പരിശോധിക്കുന്ന ജീവചരിത്രഗ്രന്ഥങ്ങള്‍ എഴുതാന്‍ മലയാളത്തില്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. അബലകള്‍ക്ക് ആശ്രയമായി ജീവിച്ച തപസ്വിനി അമ്മയുടെ ജീവിതത്തെ ആസ്പദമാക്കി 'തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി ജീവിച്ച പുണ്യവതി' എന്ന ഗ്രന്ഥം സാനുമാഷ് എഴുതിയത് ഈ വര്‍ഷമാണ്, തന്റെ തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സില്‍. അലമാരകള്‍ അടുക്കിപ്പെറുക്കിയപ്പോള്‍ കിട്ടിയ പഴയ നോട്ടുപുസ്തകങ്ങള്‍, കണ്ണടയ്ക്കുപുറമേ മാഗ്‌നിഫൈയിങ്ഗ്ലാസിന്റെ കൂടെ സഹായത്തോടെ വായിച്ചാണ് ഈ ഗ്രന്ഥരചനയ്ക്കു വേണ്ട സാമഗ്രികള്‍ അദ്ദേഹം സമാഹരിച്ചത്. അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍പ്പണം എത്രമേല്‍ ശ്രേഷ്ഠമാണെന്നതിന് മറ്റൊരുദാഹരണം ആവശ്യമില്ലല്ലോ.
പ്രായത്തിന്റെ അവശതകള്‍ അദ്ദേഹത്തിന്റെ ധിഷണാവിലാസത്തെ തെല്ലും തളര്‍ത്തിയില്ല. ഒരു അധികാരക്കസേരകള്‍ക്കു മുന്നിലും നട്ടെല്ലു വളച്ചില്ല. അപ്രിയസത്യങ്ങള്‍ അതാരോടാണെങ്കിലും വിളിച്ചുപറയാന്‍ മടിച്ചുമില്ല. മാറുന്ന സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കുനേരേ അദ്ദേഹം തന്റെ കണ്ണും കാതും എപ്പോഴും തുറന്നുവച്ചു. ''മതമൗലികവാദത്തിന് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. അതില്‍നിന്ന് ഒരു മോചനം ആവശ്യമാണ്. നമ്മുടെ ചരിത്രവും ഐതിഹ്യങ്ങളും എല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതിനെതിരെ ശക്തമായ ഒരു ബൗദ്ധികപ്രതിരോധം ആവശ്യമാണ്'', ഉറച്ചശബ്ദത്തില്‍ ഈ വാക്കുകള്‍ കേരളക്കരയോടു പറയുമ്പോള്‍ സാനുമാഷിന് തൊണ്ണൂറ്റിയാറു വയസ്സായിരുന്നു. തന്റെ കാലത്തെക്കുറിച്ചു മാത്രമല്ല വരുംതലമുറകളെക്കുറിച്ചും മാഷ് ചിന്തിച്ചു. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം മാഷിനു പ്രധാനപ്പെട്ട സംഗതികള്‍തന്നെയാ യിരുന്നു. ജീവിതത്തിനുനേരേ ഉദാസീനനായി നിലകൊണ്ടാല്‍ അതിന്റെ ആഴങ്ങളറിയാന്‍ സാധിക്കില്ലെന്നദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു.
ഒരിക്കല്‍ സാനുമാഷ് ഇപ്രകാരം എഴുതി: ''മരണം ഏതു നിമിഷവും സംഭവിക്കാം എന്ന വസ്തുത എപ്പോഴും ഓര്‍ത്തുവച്ചുകൊണ്ട് മരണത്തിനു മുമ്പുള്ള അവസ്ഥ മഹനീയമാക്കിത്തീര്‍ക്കേണ്ടതെങ്ങനെ എന്നാണു നാം ചിന്തിക്കേണ്ടത്. അപ്പോള്‍ മൂല്യങ്ങള്‍ക്കും മനുഷ്യബന്ധങ്ങള്‍ക്കും കര്‍ത്തവ്യങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യം സിദ്ധിക്കുന്നു.''
തന്റെ കര്‍ത്തവ്യങ്ങള്‍ ഒക്കെയും നിറവേറ്റി, മരണത്തിനു കവരാനാവാത്ത അനേകരത്‌നങ്ങള്‍ മലയാളക്കരയ്ക്കു നല്‍കിയിട്ടാണ് എം കെ സാനു എന്ന മലയാളത്തിന്റെ സാനുമാഷ് യാത്രയായത്. നന്ദി മാഷേ, മഹത്തരമായ ജീവിതമാതൃകയായതിന്, ഒപ്പം അങ്ങു പകര്‍ന്ന അനശ്വരമായ അറിവുകള്‍ക്കും. ഹൃദയാദരങ്ങളോടെ യാത്രാമൊഴി.