''മുല്ലപ്പെരിയാറ്റില്‍ മുട്ടിത്തിരിയുന്ന കേരളം'' എന്ന തലക്കെട്ടോടെ കെ ജോയി ജോസഫ് ദീപനാളം വാരികയില്‍ എഴുതിയ ലേഖനവും (ജൂലൈ 10, ദീപം 58, നാളം 18), ''50 അടിയില്‍ തുരങ്കം അപകടം'' എന്ന തലക്കെട്ടില്‍ ജൂലൈ 11-ാം തീയതിയിലെ ദീപിക ദിനപ്പത്രത്തില്‍ പി സി സിറിയക് എഴുതിയ ലേഖനവും സശ്രദ്ധം വായിച്ചു.
അടിത്തട്ടില്‍നിന്ന് 50 അടി ഉയരത്തില്‍ ഒരു തുരങ്കം നിര്‍മിക്കുകയും, 50 അടിക്കു മുകളിലുള്ള ജലംകൂടി തമിഴ്‌നാടിനു നല്കുകയും ചെയ്താല്‍ ഇവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ കഴിയുമെന്നാണ് രണ്ടുപേരും പ്രത്യാശിക്കുന്നത്.
ഇപ്പോഴുള്ള തുരങ്കം 106 അടി ഉയരത്തില്‍ തീര്‍ത്തതാണ്. 50 അടി ഉയരത്തില്‍ പുതിയ തുരങ്കം നിര്‍മിച്ചാല്‍ 56 അടി വെള്ളംകൂടി തമിഴ്‌നാടിനു ലഭിക്കും.
ജനവാസം കുറവുള്ള തമിഴ്‌നാടിന്റെ പടിഞ്ഞാറു ഭാഗത്ത് രണ്ടോ മൂന്നോ ചെറുഅണക്കെട്ടുകള്‍കൂടി നിര്‍മിക്കുകയും ആവശ്യമുള്ളത്ര ജലം സംഭരിച്ചുവയ്ക്കുകയും ചെയ്യാം. എഞ്ചിനീയറിങ് വിദഗ്ധനായ മെട്രോമാന്‍ ശ്രീധരനും, മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആദ്യചെയര്‍മാനായിരുന്ന പ്രൊഫ സി പി റോയിയും ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. പ്രൊഫ സി പി റോയി കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച '999+999' എന്ന ഗ്രന്ഥത്തില്‍ ടണല്‍നിര്‍മാണം മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരമെന്നു സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. 'തമിഴ്‌നാടിന് ആവശ്യമുള്ളത്ര വെള്ളവും നമ്മുടെ ജീവനും സ്വത്തിനും സുരക്ഷയും' - അതാണല്ലോ നമ്മുടെ മുദ്രാവാക്യം. കാലപ്പഴക്കം ചെന്ന പഴയ അണക്കെട്ടു ഡീ കമ്മീഷന്‍ ചെയ്യണമെന്നും, പകരം പുതിയൊരെണ്ണം നിര്‍മിക്കണമെന്നുമുള്ള ആവശ്യം സമരസമിതിയിലെ ഭൂരിപക്ഷംപേരും, ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന രാഷ്ട്രീയനേതാക്കളും ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴും (ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു) പ്രൊഫ സി പി റോയി തന്റെ നിലപാടില്‍ ഉറച്ചുനിന്ന ചരിത്രവും അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
ഇപ്പോഴത്തെ അണക്കെട്ടിന് 1,300 അടി താഴെ മറ്റൊരു അണക്കെട്ട് നിര്‍മിക്കുന്നതിന്റെ അപ്രായോഗിതയെക്കുറിച്ച് ഇരുവരുടെയും ലേഖനങ്ങളില്‍ പരാമര്‍ശമുണ്ട്. 2012 മുതല്‍ യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള, പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ, 925 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പെരിയാര്‍ വന്യജീവിസങ്കേതവും, 351 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള ദേശീയോദ്യാനവും പൂര്‍ണമായും നശിക്കാന്‍ അതു കാരണമായേക്കാം. 1886 ഒക്‌ടോബര്‍ 29 ലെ പെരിയാര്‍ പാട്ടക്കരാര്‍പ്രകാരം ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രസിഡന്‍സിക്കു വിട്ടുനല്‍കിയത് 8,100 ഏക്കര്‍ നിബിഡവനമാണെന്നു തിരിച്ചറിയണം. പുതിയ അണക്കെട്ടു നിര്‍മിച്ചാല്‍ അതിലും എത്രയോ അധികം വനഭൂമിയാകും വെള്ളത്തിനടിയിലാകുക!
കേന്ദ്രവാട്ടര്‍കമ്മീഷന്റെ നിര്‍ദേശപ്രകാരം 1979 മുതല്‍ വിവിധ ഘട്ടങ്ങളിലായി തമിഴ്‌നാടു നടത്തിയ ബലപ്പെടുത്തലുകള്‍ അണക്കെട്ടിനെ ദുര്‍ബലമാക്കിയതേയുള്ളൂവെന്നാണു ജോയി ജോസഫിന്റെ വിലയിരുത്തല്‍. പുതിയൊരു ടണല്‍ നിര്‍മിച്ച് 50 അടിയിലേക്കു ജലനിരപ്പു താഴ്ത്തിയാല്‍ ഏതാനും ജില്ലകളിലെ ജലനിരപ്പു താഴുമെന്ന പി സി സിറിയക്കിന്റെ ആശങ്കയ്ക്കു വലിയ അടിസ്ഥാനമില്ല. 26 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള തേക്കടി ജലാശയത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും പുഴകളിലെയും ജലനിരപ്പില്‍ വ്യത്യാസമുണ്ടായേക്കാം.
രണ്ടു ലേഖകര്‍ക്കും വന്ന ഒരു പിഴവുകൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. '135 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്' എന്ന രണ്ടുപേരുടെയും ആദ്യഖണ്ഡികയിലെ പരാമര്‍ശം തിരുത്തപ്പെടേണ്ടതാണ്. 1895 ഒക്‌ടോബര്‍ 10-ാം തീയതി കമ്മീഷന്‍ ചെയ്യപ്പെട്ട മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതി കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 10-ാം തീയതി 129 വര്‍ഷം പൂര്‍ത്തിയാക്കി, ഇപ്പോള്‍ 130-ാം വര്‍ഷത്തിലുമാണ്.
മുല്ലപ്പെരിയാര്‍ പദ്ധതിയുടെ പൂര്‍വകാലചരിത്രം സൂക്ഷ്മമായി പഠിക്കാതെ അഭിപ്രായങ്ങള്‍ എഴുതുന്നത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ.