പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേക്ക് പാലാ രൂപത മാതൃവേദി അംഗങ്ങള്‍ നടത്തിയ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. പാലാ രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ 3000 ത്തോളം അമ്മമാരാണ് 171 ഇടവകകളില്‍നിന്നായി എത്തിച്ചേര്‍ന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് പാലാ രൂപത മാതൃവേദിയാണ് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. രാവിലെ 9.30 ന് നടന്ന ജപമാലയ്ക്കുശേഷം ഭരണങ്ങാനം അല്‍ഫോന്‍സാ ഷ്രൈന്‍ റെക്ടര്‍ ഫാ.ഡോ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. 10 മണിക്കു നടന്ന പരിശുദ്ധ കുര്‍ബാനയ്ക്ക് ഫാമിലി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു മുതുപ്ലാക്കല്‍ നേതൃത്വം നല്‍കി. പാലാ രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ വചനസന്ദേശം നല്‍കി. തുടര്‍ന്ന് മാതൃവേദി ഭരണങ്ങാനം മേഖലയുടെയും യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഫൊറോനപ്പള്ളിയിലേക്ക് ആഘോഷമായ ജപമാലപ്രദക്ഷിണം നടത്തി. 3000 അമ്മമാര്‍ കൈയില്‍ ജപമാലയേന്തി നടത്തിയ റാലി ഭക്തിസാന്ദ്രമായി. സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ എത്തിച്ചേര്‍ന്ന റാലിയുടെ സമാപനത്തില്‍ വികാരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് ആശീര്‍വാദം നല്‍കി. പാരീഷ് ഹാളില്‍ നടന്ന സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു. പാലാ രൂപത മാതൃവേദി ഭാരവാഹികളായ ഷേര്‍ളി ചെറിയാന്‍, സബീന സക്കറിയാസ്, മേഴ്‌സി മാണി, ലൗലി ബിനു, ഡയാന രാജു, ഭരണങ്ങാനം മേഖല-യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.