പാലാ: പാലാ രൂപതാംഗങ്ങളായ പ്രവാസികള്‍ നസ്രാണിമാര്‍ഗത്തിന്റെ വക്താക്കളാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ പാരമ്പര്യം കൂടെ കൊണ്ടുനടക്കുന്നവരാണ്. സഭയുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷകരാണവര്‍. കുടിയേറ്റം പ്രത്യാശയുടെ അനുഭവമാണ്. ശ്രേഷ്ഠമായ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് പ്രവാസികള്‍. വിശ്വാസത്തിന്റെ ആഴവും വിശ്വാസികളുടെ എണ്ണവും വൈദികക്കൂട്ടായ്മയുമാണ് പ്ലാറ്റിനം ജൂബിലി നിറവിലെത്തിയ പാലാ രൂപതയുടെ മൂലധനമെന്നും മധ്യതിരുവിതാംകൂറില്‍ സത്യവിശ്വാസം സംരക്ഷിക്കാന്‍ പാലാ രൂപതയ്ക്കു കഴിഞ്ഞിട്ടുള്ളതായും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി, സംഗമം ജനറല്‍ കണ്‍വീനര്‍ മനോജ് പി. മാത്യു പൂവക്കോട്ട്, മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ സിവി പോള്‍, സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ ജോഷി മാത്യു, മിഡില്‍ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു, കെ.ജെ ജോണ്‍ കാരാംവേലില്‍, ലിസി ഫെര്‍ണാണ്ടസ്, ജൂട്ടസ് പോള്‍, സോജിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയും നടന്നു. 2018ല്‍ പ്രവര്‍ത്തനമാരംഭിച്ച പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നാലാമത് ആഗോളസംഗമം സംഘാടക മികവിലും പങ്കാളിത്തത്തിലും ഏറെ ശ്രദ്ധേയമായി. 56 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളടക്കം സംഗമത്തിലെത്തി. ഇതിനോടകം പതിനാറായിരത്തോളം അംഗങ്ങളാണ് പ്രവാസി അപ്പോസ്തലേറ്റിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. മിഡില്‍ ഈസ്റ്റിലാണ് ഏറ്റവും ശക്തമായ പാലാ രൂപതാംഗങ്ങളുടെ സാന്നിധ്യമുള്ളത്.
പ്രവാസിഅപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സംഗമത്തില്‍ സമ്മാനങ്ങള്‍ നല്‍കി. വിവിധ മേഖലകളില്‍ വേറിട്ട സംഭാവന നല്‍കിയ വ്യക്തികളെയും കുടുംബങ്ങളെയും ആദരിച്ചു.