റോം: മധ്യപൂര്‍വേഷ്യയില്‍നിന്നും, പ്രത്യേകമായി ഗാസയില്‍നിന്നും ഈ ദിവസങ്ങളില്‍ എത്തുന്ന നാടകീയമായ വാര്‍ത്തകള്‍ ഏല്പിക്കുന്ന വേദനകളെ ഓര്‍മപ്പെടുത്തിക്കൊണ്ട്, അവര്‍ക്കായി പ്രാര്‍ഥിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ലെയോ പതിന്നാലാമന്‍ പാപ്പാ അഭ്യര്‍ഥിച്ചു. ജൂലൈമാസം ഇരുപതാം തീയതി, തന്റെ വേനല്‍ക്കാലവസതിയായ കാസല്‍ഗണ്ടോള്‍ഫോയില്‍വച്ചു നടത്തിയ മധ്യാഹ്നപ്രാര്‍ഥനയ്ക്കുശേഷമാണ് പാപ്പാ, യുദ്ധത്തിന്റെ ഭീകരതയെയും, അതില്‍ ദുരിതമനുഭവിക്കുന്ന ജനതയെയും ഒരിക്കല്‍ കൂടി അനുസ്മരിച്ചത്.
കഴിഞ്ഞദിവസം, ഗാസയിലെ തിരുക്കുടുംബദൈവാലയത്തിനുനേരേ നടന്ന ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, വികാരിയുള്‍പ്പെടെ പലര്‍ക്കും പരിക്കേല്ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ പേരുകള്‍ പാപ്പാ പരാമര്‍ശിക്കുകയും, അവര്‍ക്കായി താന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നുവെന്നറിയിക്കുകയും ചെയ്തു.
യുദ്ധത്തിന്റെ കാടത്തം ഉടനടി അവസാനിപ്പിക്കണമെന്നും സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം കൈവരിക്കണമെന്നും പാപ്പാ വീണ്ടും അഭ്യര്‍ഥിച്ചു. അതോടൊപ്പം അന്താരാഷ്ട്രസമൂഹത്തോട്, മാനവികനിയമങ്ങള്‍ ബഹുമാനിക്കുന്നതിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും താത്പര്യപ്പെടണമെന്നും, കൂട്ടായ ശിക്ഷാനടപടികള്‍, വിവേചനരഹിതമായ ബലപ്രയോഗം, നിര്‍ബന്ധിതകുടിയൊഴിപ്പിക്കല്‍ എന്നിവയില്‍നിന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു.
മധ്യപൂര്‍വേഷ്യയിലെ ക്രൈസ്തവരോടുള്ള തന്റെ ഹൃദയപൂര്‍വമായ അടുപ്പവും പാപ്പാ സന്ദേശത്തില്‍ പ്രകടമാക്കി: ഈ നാടകീയസാഹചര്യത്തിനു മുന്നില്‍ നിസ്സഹായരായ അവര്‍ക്കൊപ്പം താനുമുണ്ടെന്നും, അവരുടെ സ്ഥാനം പാപ്പായുടെയും, തിരുസ്സഭയുടെയും ഹൃദയത്തിലാണെന്നും എടുത്തുപറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസംരക്ഷണയ്ക്ക് ഏവരെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കുകയും ചെയ്തു.