പ്രപഞ്ചമാദ്യമായ് ഈറ്റുനോവറിഞ്ഞ നാള്‍
പിറവികൊണ്ടൊരാ ഹൃദയഗീതം
പിന്നെയും പിന്നെയുമാര്‍ദ്രമായൊഴുകുന്നു വറ്റാപ്പുഴകളാമമ്മക്കരളുകളിലിപ്പോഴും
അതേയീണമാണിന്നും
പിടപ്പക്ഷിതന്‍ ചെറു കൂജനത്തിന്
അതേ താളമാണിന്നും
ഇലത്തൊട്ടിലാട്ടും കാറ്റിന്‍കരങ്ങള്‍ക്ക്
അതേ കുളിരാണിന്നും
കാട്ടുചോലതന്നുമ്മകള്‍ക്ക്
അത്രമേല്‍ മധുരമാണിന്നും
പൂവിന്‍ നെഞ്ചിലൂറും ദുഗ്ദ്ധത്തിന്
വഴിതെറ്റിയാല്‍ ചെറുമുള്ളിന്‍
നൊമ്പരത്താലിപ്പോഴും തിരുത്തുന്നു തൊട്ടാവാടികള്‍
കൊത്തിപ്പെറുക്കുവാന്‍
വ്യഥകളേറെയുണ്ടെങ്കിലും പരിചിതമാം വഴികളിലൊരു പരുന്തിന്‍നിഴല്‍ വീഴവേ ചിറകുവിടര്‍ത്തി കവചമാകാന്‍ സദാ സജ്ജമായോര്‍
മാറ്റമില്ലയൊന്നിനുമെന്നോര്‍ക്കവേ
കടലിലെറിഞ്ഞും കല്ലില്‍ത്തല്ലിയും കഴുത്തുഞെരിച്ചും പുതുഗാഥകള്‍ പാടുന്നു
കലികാലത്തിന്‍ തായേ നീ മാത്രം
അനാഥമാം കളിപ്പാവകള്‍
ഇട്ടു കൊതിതീരാക്കുപ്പായങ്ങള്‍
മാഞ്ഞുപോകുവാന്‍ മടിച്ചുനില്ക്കും
സ്ലെയിറ്റിലെ കുഞ്ഞക്ഷരങ്ങള്‍
എന്നുമടുത്തിരിക്കാറുള്ളൊരാ ചങ്ങാതിയെ വ്യര്‍ഥമായ് തിരയും കണ്ണുകള്‍
നറുചുംബനത്താലൊപ്പിയെടുക്കും
ചെറുപിണക്കങ്ങള്‍
തേഞ്ഞു തീരാ ചെരിപ്പുകള്‍
പിന്നിടാനുള്ള പാതകള്‍
കനലെന്നു നീ നിനച്ചൊരീ വഴിയില്‍
വിശുദ്ധമാം ചിരിയുടെ തീര്‍ഥം തളിച്ച്
മുന്നേ പോകുവോര്‍
കടലെന്ന് നീ കരഞ്ഞൊരാ സങ്കടങ്ങളില്‍
ചെറു നൗകയാകുവോര്‍
നീ തൊഴുതിറങ്ങിയോരമ്പലങ്ങള്‍
നീ മുട്ടുകുത്തിയോരള്‍ത്താരകള്‍
നിത്യവും കുമ്പിട്ടു നീയുരുവിട്ടൊരാ പ്രാര്‍ഥനകള്‍
അരുതെന്നു ചൊല്ലിയൊക്കെയും നില്പൂ
നിനക്കു പിന്നില്‍
തിരികെ നടക്കുക കണ്ണീര്‍ തുടയ്ക്കുക
പുതുകാലമാം പൈതലിനിത്തിരി
നേരിന്‍ സ്തന്യം പകരുക.
കവിത
താരാട്ട്
