മഴ തോര്‍ന്ന രാവിലെ അലക്കാനുള്ള തുണികളുമായിട്ടാണ് അവള്‍ കായല്‍ക്കടവിലേക്കു പോയത്.
മണി ആറു കഴിഞ്ഞതേയുള്ളൂ. ഇരുവശവും പുല്ലുപിടിച്ച നടവഴിയില്‍ അപ്പോഴും ആളനക്കമായിട്ടില്ല. പതിവുവേലയ്ക്കായി പോകാറുള്ള പെണ്ണുങ്ങള്‍ അന്ന് ആ വഴി വരാന്‍ എന്തോ വൈകി.
തുണിക്കെട്ട് കല്ലേല്‍വച്ച് അവള്‍ കല്പടവിലേക്കിറങ്ങി. രാത്രിയില്‍ കാലവര്‍ഷം കനത്തുപെയ്തതുകൊണ്ട് കടവ് മുങ്ങാറായിക്കിടന്നിരുന്നു. വെള്ളത്തിനു നല്ല തണുപ്പ്.
പരന്നു വിശാലമായിക്കിടന്ന കായലിന് വല്ലാത്തൊരു ഭീകരഭാവമുള്ളപോലെ അവള്‍ക്കു തോന്നി. അതിന്റെ ആഴം മുമ്പില്ലാത്തവണ്ണം അവളെ ഭയപ്പെടുത്തി.
അലക്കാനുള്ള തുണികള്‍ ഓരോന്നായി എടുത്തുകൊണ്ടിരുന്നപ്പോഴാണ് ഇത്തിരി അകലെയായി വെള്ളത്തിലേക്കു ചാഞ്ഞുവളര്‍ന്നുകിടന്ന പൊന്തക്കാട്ടില്‍ ഒരനക്കം ശ്രദ്ധിച്ചത്.
തെല്ലൊന്നു പേടിച്ചെങ്കിലും അവള്‍ കായലോരത്തൂടെ നടന്ന് അരികെയെത്തി സൂക്ഷിച്ചുനോക്കി. തന്റെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല!
പൊന്തപ്പുല്ലുകളെ അള്ളിപ്പിടിച്ചു കിടക്കുന്ന ഒരു പെണ്‍കുഞ്ഞ്!
ഏകദേശം നാലു വയസ്സു തോന്നിക്കും. മഞ്ഞ നിറമുള്ള ഒറ്റയുടുപ്പാണു വേഷം. ചീകിയൊതുക്കിക്കെട്ടിയ മുടി. അരയോളം വെള്ളത്തിലാണ്ടു കണ്ണുകളടച്ചുകിടന്ന അവള്‍ തണുത്തു വിറയ്ക്കുന്നുണ്ട്. ഇടയ്ക്കു ഞരക്കവും മൂളലും. കുട്ടി തീര്‍ത്തും അവശയായിരുന്നു.
ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് അവള്‍ അലറിക്കരഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരെയും കണ്ടില്ല.
നോക്കിനില്ക്കാന്‍ നേരവുമില്ലായിരുന്നു. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന അവള്‍ പിന്നില്‍നിന്ന് ആരോ തള്ളിയാലെന്നപോലെ പെട്ടെന്ന് പൊന്തക്കാട്ടിലേക്കെടുത്തുചാടി.
തഴച്ചുപൊന്തിനിന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി കുട്ടിയുടെ അടുത്തേക്കു നടന്നുചെന്നു. അരയ്‌ക്കൊപ്പം വെള്ളത്തില്‍ അവളും അപ്പോള്‍ ആഴ്ന്നിരുന്നു.
പുല്‍ക്കൂട്ടത്തിലുള്ള കുഞ്ഞിന്റെ കൈ വിടുവിച്ച് വളരെ പണിപ്പെട്ട് അവളെ കോരിയെടുത്ത് തോളില്‍ കിടത്തി കരയിലേക്കു നടന്നു.
തന്റെ ശരീരമാസകലം തളരുന്നപോലെ അവള്‍ക്കനുഭവപ്പെട്ടു. പക്ഷേ, അവളതു കൂട്ടാക്കിയില്ല.
എങ്ങനെയും കുഞ്ഞിനെ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷിക്കണം. അതുമാത്രമായിരുന്നു അവളുടെ ചിന്ത.
അപ്പോഴേക്കും വഴിയില്‍ ഓടിക്കൂടിയ അവളുടെ ഭര്‍ത്താവും മറ്റുചിലരും കുഞ്ഞിനെ അവളില്‍നിന്നു വാങ്ങി അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി.
തന്റെ നനഞ്ഞ വസ്ത്രങ്ങള്‍ മാറിയുടുക്കുകപോലും ചെയ്യാതെ അവളും അവര്‍ക്കൊപ്പം ആ വണ്ടിയിലുണ്ടായിരുന്നു.
''ഈശ്വരാ, കുഞ്ഞിനൊന്നും വരാതെ കാത്തോളണേ...'' അവള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
അവളുടെ കുതിര്‍ന്ന കവിള്‍ത്തടങ്ങളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര്‍ കായല്‍നീരാണെന്ന് കൂടെയിരുന്നവര്‍ കരുതി!
തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് അപകടനില തരണംചെയ്ത കുഞ്ഞിനെ പിന്നീട് വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ അവളുടെ അവകാശികള്‍ ആരെയെങ്കിലും കണ്ടെത്തുന്നതുവരെ പരിചരിക്കാന്‍ ആ ദമ്പതികളെയാണ് പൊലീസ് നിയോഗിച്ചത്.
കാലവര്‍ഷം കലിതുള്ളിപ്പെയ്ത അന്നത്തെ രാത്രിയില്‍ കുഞ്ഞിന്റെ അമ്മതന്നെയാണ് കൊല്ലാനായി അവളെ കായലിലേക്കെറിഞ്ഞിട്ട് കടന്നുകളഞ്ഞത് എന്ന വാര്‍ത്ത കാവലുണ്ടായിരുന്ന പൊലീസുകാരില്‍നിന്നാണ് രണ്ടു ദിവസങ്ങള്‍ക്കുശേഷം അവര്‍ കേട്ടറിഞ്ഞത്.
ഒരമ്മയ്ക്കു തന്റെ കുഞ്ഞിനെ കൊന്നുകളയാന്‍ കാരണങ്ങള്‍ പലതുണ്ടാവാം.
പക്ഷേ, പോറ്റിവളര്‍ത്താന്‍ കാരണമൊന്നുമാത്രം മതി:
നൊന്തുപെറ്റതാണെന്ന ഒരേയൊരു കാരണം. അതും പെറ്റപ്പോള്‍ നൊന്തെങ്കില്‍മാത്രം!
ആശുപത്രിക്കിടക്കയില്‍ മയങ്ങിക്കിടന്ന പേരറിയാത്ത ആ കുഞ്ഞിന്റെ ഇരുകൈകളും ചേര്‍ത്തുപിടിച്ച് ആ കുരുന്നുമുഖത്തേക്കു മിഴിയിമ ചിമ്മാതെ നോക്കിക്കൊണ്ട് ഓരംചേര്‍ന്ന് അവളിരുന്നു. തൊട്ടടുത്ത് ഭര്‍ത്താവും.
തങ്ങള്‍ക്കു കിട്ടിയ ആ പൊന്‍മുത്തിന്റെ അവകാശികളായി ആരും വരരുതേയെന്ന് മക്കളില്ലാത്തതിന്റെ നൊമ്പരം പേറിയിരുന്ന അവരിരുവരും അറിയാതെയെങ്കിലും ഒരുമാത്ര പ്രാര്‍ഥിച്ചിരിക്കുമോ?
തന്നെ കയത്തില്‍നിന്നും കരയിലേക്കു വീണ്ടെടുത്ത പേരറിയാത്ത അമ്മക്കൈകളില്‍ മുറുകെപ്പിടിച്ച് ആ പെണ്‍കുഞ്ഞ് മയങ്ങി, കരയില്‍നിന്നും കയത്തിലേക്കു വലിച്ചെറിഞ്ഞ പേരറിയാവുന്ന തന്റെ അമ്മക്കൈകളുടെ വരവും കാത്ത്...
ഗേറ്റിനു സമീപം തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ ഒരു പൊലീസ് വാഹനവ്യൂഹം അപ്പോള്‍ ആശുപത്രിയുടെ മുന്നിലേക്കെത്തുന്നുണ്ടായിരുന്നു.
കഥ
അമ്മക്കൈ
