''സാറ് അറിഞ്ഞോ അപ്പുറത്തെ വീടുവാങ്ങിയ ടീച്ചര്‍ താമസത്തിനുവന്നത്.''
ഡൈനിംഗ് ടേബിളിലേക്ക് പ്രഭാതഭക്ഷണം എടുത്തുവച്ചുകൊണ്ട് ജോലിക്കാരി സരള ആരാഞ്ഞു. അതൃപ്തിയോടെ സേവ്യര്‍ സരളയെ നോക്കി ''അറിഞ്ഞോ, അറിഞ്ഞു. ഇന്നലെ അവര്‍ വൈകുന്നേരം പരിചയപ്പെടാന്‍ വന്നിരുന്നു. അവരു പരിചയപ്പെടാന്‍ വന്നതൊന്നുമല്ല. നമ്മുടെ തേന്‍ വരിക്കപ്ലാവിന്റെ ഒരു ശിഖരം അവരുടെ മുറ്റത്തേക്കു ചാഞ്ഞാണല്ലോ കിടക്കുന്നത്. അതിലെ ചക്ക പഴുത്തു ചാടി മുറ്റം വൃത്തികേടായി കിടക്കുന്നപോലും. അതുകൊണ്ട് ശിഖരം വെട്ടി മാറ്റണമെന്നു പറയാനാ വന്നത്. ഇപ്രാവശ്യം ഉണ്ടായ ചക്കയുടെ ഭൂരിഭാഗവും ആ ശിഖരത്തിലാ ഉണ്ടായത്. നമ്മുടെ തോട്ടിയാണെങ്കില്‍ അവിടെ എത്തുകയുമില്ല.''
''എനിക്കാ സ്ത്രീയുടെ ഭാവമൊന്നും പിടിച്ചില്ല. വല്യ സുന്ദരിയാണെന്ന ഭാവം. പെന്‍ഷന്‍ പറ്റിയിട്ട് അഞ്ചെട്ടു വര്‍ഷമായെന്നാ പറഞ്ഞത്. എന്നിട്ടും താന്‍പോരിയമയ്‌ക്കൊരു കുറവുമില്ല.''
സേവ്യര്‍സാറിന്റെ സംഭാഷണവും ഭാവവും കണ്ട് സരള ചെറുതായി ചിരിച്ചു.
''നീയെന്താ ചിരിക്കണത്. ഞാന്‍ ഉള്ള കാര്യം പറഞ്ഞതാ എന്റെ ദേഷ്യം ഞാനാ പ്ലാവിനോടു തീര്‍ത്തു. ഇരുപതിനായിരം രൂപയ്ക്ക് ഞാന്‍ പ്ലാവ് പരീതിനു വിറ്റു. ഈ ആഴ്ചയില്‍ത്തന്നെ വെട്ടികൊണ്ടു പൊയ്‌ക്കോളാം എന്നാ പരീതു പറഞ്ഞത്.''
ഒരു ദുരന്തവാര്‍ത്ത കേട്ടപോലെ സരള സ്തംബ്ധയായി.
''എന്നാലും ചുവടെ വെട്ടണ്ടായിരുന്നു സാറെ. അവരുടെ അങ്ങോട്ടുള്ള കമ്പ് മുറിച്ചുമാറ്റി കൊടുത്തിരുന്നെങ്കില്‍ മതിയായിരുന്നു.''
''നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് പ്ലാവില്‍ക്കയറി അങ്ങോട്ടുള്ള ശിഖരം മുറിച്ചു മാറ്റുന്നതിന് തടിവെട്ടുകാര്‍ ഒരു മൂവായിരം രൂപയെങ്കിലും മേടിക്കും. കഴിഞ്ഞവര്‍ഷം നമ്മുടെ മൂവാണ്ടന്‍ മാവിന്റെ രണ്ടുശിഖരം പുരയുടെ മോളിലോട്ടു കിടന്നത് വെട്ടി മാറ്റിയതിനു രൂപ നാലായിരമായി! ശികരം മുറിക്കുന്നതിലും ഭേദം അതു വിറ്റുപൈസ മേടിക്കുന്നതാ നല്ലതെന്ന് എനിക്കുതോന്നി. ആ പ്ലാവിന് അത്രയേ ആയുസുള്ളൂ എന്നു കരുതിയാല്‍ മതി.''
അയാള്‍ പ്രഭാതഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു. ''എന്തു നല്ല രുചിയുള്ള ചക്കയെന്നു പറഞ്ഞാല്‍ ഇതാണെന്നു തിന്നവരെല്ലാം പറഞ്ഞിട്ടുണ്ട്. ടീച്ചറുണ്ടായിരുന്നപ്പോ ഇറക്കിച്ച് അയല്‍ക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമെല്ലാം കൊടുക്കുമായിരുന്നു. എത്ര ദിവസം ഞാന്‍ കൊണ്ടുപോയി എന്റെ വീട്ടിലെ വിശപ്പുമാറ്റിയിരിക്കുന്നു.'' സരളയുടെ വാക്കുകളില്‍ ഗദ്ഗദം പുരണ്ടു. ''നീ പറയുന്നതു ശരിയാ. എനിക്കു ഇഷ്ടമുണ്ടായിട്ടല്ല. ''നീ പറയുന്നതു ശരിയാ. എനിക്കും ഇഷ്ടമുണ്ടായിട്ടല്ല. അയല്‍വക്കത്തു താമസിക്കാന്‍ വരുന്നവര്‍ സ്വന്തം സുഖം മാത്രം നോക്കുന്നവരായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. നമ്മുടെ തൊടിയിലെ വൃക്ഷങ്ങളൊന്നും അയല്‍പ്പറമ്പുകളിലേക്ക് ശാഖ വിരിക്കാത്തത്ര അകലം പാലിച്ചാ ഞാന്‍ തൈകള്‍ കുഴിച്ചുവച്ചത്. പക്ഷേ, ചിലത് സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്നിടത്തേക്ക് തല നീട്ടുന്നതിന് എന്തു ചെയ്യാന്‍ പറ്റും.''
അടുക്കള ജോലികള്‍ ചെയ്യുമ്പോള്‍ സരളയ്‌ക്കൊരു ഉന്മേഷവും അനുഭവപ്പെട്ടില്ല. പണികളൊതുക്കി അവര്‍ പിന്നാമ്പുറത്തെ കുത്തുകല്ലുകളിറങ്ങി അയല്‍വീടിന്റെ പിന്നിലെത്തി മുരടനക്കി ടീച്ചറേ എന്നു വിളിച്ചു.
അടുക്കളവാതില്‍ തുറന്ന് ഇറങ്ങി വരുന്ന സാരി ധരിച്ച സ്ത്രീരത്‌നത്തെക്കണ്ട് സരള അമ്പരന്നു. സേവ്യര്‍ സാറിന്റെ ഭാര്യയായിരുന്നു ഡെയ്‌സി ടീച്ചറുടെ അതേരൂപവും ഭാവവും.
നിറഞ്ഞ ചിരിയോടെ ആ സ്ത്രീ സരളയെ സ്വാഗതം ചെയ്തു. ഹ്രസ്വമായ പരിചയപ്പെടലിനുശേഷം സൗമിനി നിര്‍ബന്ധിച്ചു കൈപിടിച്ച് സരളയെ അകത്തേക്കു ക്ഷണിച്ചു.
ഒരു പ്ലേറ്റില്‍ പൂളി വച്ചിരുന്ന മാമ്പഴമെടുത്ത് സൗമിനി സരളയ്ക്കു നല്‍കി.
''ഇത്ര നല്ല ടീച്ചറേക്കുറിച്ചാണോ സാര്‍ അനിഷ്ടമായി സംസാരിച്ചത്!'' സരള ആത്മഗതത്തിലായി.
''സരള എന്താ ആലോചിക്കുന്നത്.'' അവര്‍ ചോദിച്ചു.
''ടീച്ചര്‍ പ്ലാവിന്റെ കമ്പ് മുറിക്കാന്‍ പറഞ്ഞതുകൊണ്ട് സാര്‍ ആ പ്ലാവു കച്ചവടക്കാര്‍ക്കു വിറ്റു. ഈ നാട്ടില്‍ എല്ലാവരും അതിന്റെ രുചി അറിഞ്ഞിട്ടുണ്ട്. നല്ല തേന്‍വരിക്കചക്കയാ അതിന്റെ... ഡെയ്‌സി ടീച്ചറുടെ അപ്പച്ചന്‍ കൊണ്ടുവന്നു കഴിച്ചിട്ടാ പ്ലാവിന്‍ തൈയാ അത്, ക്യാന്‍സര്‍ വന്നാ ഡെയ്‌സി ടീച്ചര്‍ മരിച്ചത്.
ഒരു ആഹാരത്തോടും താത്പര്യം ഇല്ലാത്ത സമയത്തും ടീച്ചര്‍ അതിന്റെ പഴം രുചിക്കുമായിരുന്നു.''
സരള പുറംകൈകൊണ്ട് കണ്ണുതുടച്ചു.
''അതൊക്കെ പോട്ടെ. ടീച്ചര്‍ ഒറ്റയ്ക്കാണോ. ഭര്‍ത്താവും മക്കളും.'' അവള്‍ ചോദിച്ചു.
ടീച്ചര്‍ മറുപടി പറയാതെ എന്തോ ആലോചിച്ചു തല കുമ്പിട്ടിരുന്നു.
''ഞാന്‍ ചോദിച്ചതു ടീച്ചര്‍ കേട്ടില്ലേ. ഞാന്‍ ടീച്ചറിനെ വിഷമിപ്പിച്ചോ.''
''ഏയ്. അങ്ങനെയൊന്നുമില്ല. എന്റെ ഭര്‍ത്താവ് ഒരു ആക്‌സിഡന്റില്‍ മരിച്ചു. എനിക്കൊരു മോളാ. അവള്‍ ഭര്‍ത്താവുമൊത്ത് യു.എസിലാ. ഒത്തിരി വണ്ടി ഓട്ടമൊന്നും ഇല്ലാത്ത വഴിയരികില്‍ ഒരു വീട്ടില്‍ ശാന്തതയോടെ താമസിക്കാനുള്ള ആഗ്രഹംകൊണ്ടാ ഞാനീ വീടു വാങ്ങിയത്. വീടിന്റെ വീഡിയോ കണ്ടപ്പോള്‍ മോള്‍ക്കും ഇഷ്ടമായി.
സൗമിനി മനസ്സു തുറന്നു.
''ഇവിടെ താമസിക്കാന്‍ ഒന്നും പേടിക്കണ്ട ടീച്ചറെ. ഒരു അലമ്പും ഇല്ലാത്ത ആള്‍ക്കാരാ ഇവിടെയുള്ളത്. എല്ലാവരും നല്ല പരസ്പരസഹായമനോഭാവം ഉള്ളവരാ. പിന്നെ പഴയതുപോലെ മനോഭാവം ഉള്ളവരാ. പിന്നെ പഴയതുപോലെ വീടുകളില്‍ ആള്‍ക്കാര്‍ കുറവാണെന്നു മാത്രം. മിക്കവരുടെയും മക്കള്‍ വെളിയിലാ. സാറിന്റെ രണ്ടുമക്കളും മരുമക്കളും കാനഡയിലാ. സാറിനോട് അങ്ങോട്ടു ചെല്ലാം പറഞ്ഞു. മക്കള്‍ നിര്‍ബന്ധിക്കാറുണ്ട്. പക്ഷേ, സാറിനോട് അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു മക്കള്‍ നിര്‍ബന്ധിക്കാറുണ്ട്.
പക്ഷേ, സാറിന് നാടാ ഇഷ്ടം. എപ്പോഴും എന്തെങ്കിലും വായിച്ചും എഴുതിയും ഇരിക്കും. സാറ് ബാങ്കുമാനേജരും എഴുത്തുകാരനുമായിരുന്നു. ഇപ്പോള്‍ അങ്ങനെ എഴുതാറില്ലെന്നു തോന്നുന്നു. ടീച്ചറുടെ മരണം സാറിനെ ആകെ മാറ്റി. സാറ് ആരോടും ദേഷ്യപ്പെടാറില്ലായിരുന്നു മുമ്പ്. ടീച്ചറുടെ മരണശേഷം ആരോടും അങ്ങനെ സ്‌നേഹത്തോടെ സംസാരിച്ചു കണ്ടിട്ടില്ല.''
''ഞാന്‍ പോട്ടെ ടീച്ചര്‍. സാറിന് ഉച്ചയ്ക്ക് ഊണിനുള്ള സമയമായി.''
സരള യാത്ര ചോദിച്ചപ്പോള്‍ സൗമിനി സമ്മതഭാവത്തില്‍ തല ചലിപ്പിച്ചു.
സരള മടങ്ങിയതിനുശേഷവും ഊണു കഴിക്കുമ്പോഴും സൗമിനിയില്‍ ഒരു അസ്വസ്ഥത നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.
പുതിയ സ്ഥലത്ത് താമസം ആരംഭിച്ചതേ മനസ്സില്‍ വിഷാദം വാസമുറപ്പിച്ചിരിക്കുന്നു. മുറ്റത്ത് ചക്കപ്പഴും വീണ് വൃത്തികേടായി കിടക്കുന്നതു കണ്ട് മുകളിലോട്ടു നോക്കിയപ്പോള്‍ അയല്‍വാസിയുടെ പ്ലാവിന്റെ ശിഖരം മുറ്റത്തേക്കു നീണ്ടു നില്‍ക്കുന്നതു കണ്ടു. അപ്പോള്‍ ഇത്തിരി ക്ഷോഭം ഉണ്ടായി എന്നതു നേരാ. അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കു മാര്‍ദ്ദവം നഷ്ടപ്പെട്ടിരിക്കും. എങ്കിലും തുടക്കത്തിലേ തനിക്കു ക്ഷമ പ്രകടിപ്പിക്കാമായിരുന്നു.
സൗമിനിയില്‍ നിന്നൊരു നെടുവീര്‍പ്പു പുറത്തേക്കു വന്നു.
വെയില്‍ മങ്ങിയപ്പോള്‍ സൗമിനി വീടിന്റെ ഗേറ്റുചാരി പുറത്തേക്കിറങ്ങി. സേവ്യര്‍ സാറിന്റെ വീടിന്റെ മെയിന്‍ ഗേറ്റിനോടുചേര്‍ന്നുള്ള ചെറുഗേറ്റ് തുറന്ന് അവര്‍ വീട്ടിലെത്തി കോളിങ് ബെല്ലില്‍ വിരല്‍ അമര്‍ത്തി.
പ്രതീക്ഷിച്ച സമയത്തിലും വൈകിയാണ് കതകു തുറന്നതെങ്കിലും സൗമിനി സൗമ്യതയോടെ കാത്തുനിന്നു.
''എന്തുവേണം?''
എന്ന് കണ്ണുകള്‍കൊണ്ട് ചോദിച്ച സേവ്യര്‍ സൗമിനിയുടെ മുഖത്തേക്ക് നോക്കി.
അയാളുടെ മുഖത്ത് യാതൊരു സൗമ്യതയും ഇല്ലെന്നും സൗമിനി കണ്ടു.
അനുവാദം ചോദിക്കാതെ തന്നെ സൗമിനി സിറ്റൗട്ടിലേക്കു കയറിനിന്നു.
''എന്റെ പ്ലാവ് മൂലം ഇനി നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അതു ഞാനൊരു കച്ചവടക്കാരനു വിറ്റു. ഈ ആഴ്ച വെട്ടിക്കൊണ്ടുപോകും.''
സൗമിനി സിറ്റൗട്ടിലെ കസേരയില്‍ തളര്‍ന്നിരുന്നു. അവരില്‍നിന്ന് ഒരു ദൂര്‍ഘനിശ്വാസം പുറത്തേക്കു വന്നു. ''പ്ലീസ് സാര്‍... ആ പ്ലാവു വെട്ടാനുള്ള തീരുമാനം പിന്‍വലിക്കണം. അയല്‍വക്കത്തു താമസിക്കാനായി വന്ന ഞാന്‍ സാറിനു ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ആവശ്യവുമായി വരരുതായിരുന്നു. എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിനു ഞാന്‍ ക്ഷമ ചോദിക്കുന്നു.'
''ഏയ്. നിങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് ആരും പറയും. എന്റെ പ്ലാവുമൂലം നിങ്ങള്‍ക്കല്ലേ ബുദ്ധിമുട്ടുണ്ടായത്.''
സേവ്യര്‍ സൗമ്യതയോടെ പ്രതികരിച്ചു.
''ടീച്ചര്‍ വരൂ... അകത്തേക്കിരിക്കാം.''
അയാള്‍ സൗമിനിയെ ഡ്രോയിംഗ് റൂമിലേക്കു ക്ഷണിച്ചു.
സൗമിനി ക്ഷണം സ്വീകരിച്ച് സ്വീകരണമുറിയില്‍ അയാള്‍ക്ക് അഭിമുഖമായി ഇരുന്നു.
''കച്ചവടക്കാരന്‍ ലാഭത്തിനായാണല്ലോ തടി വാങ്ങിയത്. ആ പ്ലാവില്‍നിന്നും അയാള്‍ക്കു കിട്ടേണ്ട ലാഭം ഞാന്‍ കൊടുത്തോളാം. സാര്‍ അതു വെട്ടിക്കരുത്. ഇത് എന്റെ അപേക്ഷയും ആഗ്രഹവുമാണ്.
സൗമിനി പറഞ്ഞപ്പോള്‍ ഡെയ്‌സി പറയുംപോലെ അയാള്‍ക്കു തോന്നി.
''അതൊന്നും വേണ്ട. അയാള്‍ക്കുള്ള ലാഭം ഞാന്‍ കൊടുത്തോളാം.''
പ്ലാവും വെട്ടണ്ട എന്ന് അയളോടു പറയാം.''
സേവ്യര്‍ പുഞ്ചിരിയോടെ പ്രതികരിച്ചു.
''ടീച്ചര്‍ ഈ ചക്കപ്പഴം ഒന്നു കഴിച്ചു നോക്കിക്കേ...''
ഡൈനിംഗ് ടേബിളിലെ പ്ലേറ്റ് എടുത്ത് സേവ്യര്‍ സൗമിനിക്കു നീട്ടി. പ്ലേറ്റുനിറയെ തേന്‍വരിക്കചക്കയുടെ ചുളകളായിരുന്നു. സൗമിനി പുഞ്ചിരിയോടെ കൈനീട്ടി.
കഥ
തേന്‍വരിക്ക
