•  11 Dec 2025
  •  ദീപം 58
  •  നാളം 40
പ്രാദേശികം

പാലാ സാന്തോം ഫുഡ് ഫാക്ടറി യാഥാര്‍ഥ്യമായി

  • ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ കര്‍ഷകന് അവകാശമുണ്ടാവണം: മന്ത്രി പി. പ്രസാദ്

   പാലാ: കര്‍ഷകന് തന്റെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുളള അവകാശമുണ്ടാവണമെന്നു കൃഷിവകുപ്പു മന്ത്രി പി. പ്രസാദ്.  പാലാ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിത്തിടുന്നു പരിചരിക്കുന്നു വില്‍ക്കുന്നു എന്ന പരമ്പരാഗത കൃഷിരീതി മാറണം. തങ്ങളുടെ വിളവുകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വില കര്‍ഷകര്‍തന്നെ നിശ്ചയിക്കുമ്പോള്‍ വരുമാനം വര്‍ധിക്കും. ഇതിനായി ഫാം പ്ലാന്‍ രൂപീകരിച്ച് കൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്നു മന്ത്രി പറഞ്ഞു. 
   സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷികമേഖലയിലെ ഏതു മുന്നേറ്റവും വ്യവസായവിപ്ലവത്തിന് ഇടയാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം തുറമുഖം യാഥാര്‍ഥ്യമാവുന്നതോടെ ഇവിടത്തെ ഉത്പന്നങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍ കൂടുതല്‍ സൗകര്യമൊരുങ്ങുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമൂഹത്തെ ആരോഗ്യമുള്ളതാക്കുന്നത് കര്‍ഷകരാണെന്നും അധ്വാനിക്കുന്ന കര്‍ഷകരെ കൈവിട്ടുകൊണ്ട് ഒന്നും നേടില്ലെന്നും അദ്ദേഹം പറഞ്ഞു. 
എട്ടു ലക്ഷത്തോളം കര്‍ഷകര്‍ ഒന്നിച്ചു പാര്‍ക്കുന്ന ഇടമാണ് പാലാ രൂപതാ പ്രദേശം. കൃഷിയില്‍നിന്നു മാറിനില്‍ക്കുന്ന ഒരു കര്‍ഷകനും ഇവിടെ ഉണ്ടാവരുത്. ഒറ്റപ്പെട്ടു നില്‍ക്കാതെ കര്‍ഷകരെ കോര്‍ത്തിണക്കി അവര്‍ക്കു പ്രത്യാശ നല്‍കാന്‍ ഈ സ്ഥാപനംവഴി കഴിയും.  കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു ന്യായ വില നേടിക്കൊടുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനങ്ങളെ കൃഷിയിലേക്കും അനുബന്ധസ്റ്റാര്‍ട്ടപ്പുകളുലേക്കും ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വലിയൊരു സംരംഭവും പ്രത്യാശയുടെ കേന്ദ്രവുമാണിത്. ഓരോ കര്‍ഷകനും കൃഷിയുടെ ഡിഎന്‍എ കൊണ്ടു നടക്കണം. വിവിധ മേഖലകളിലുള്ളവരും നല്ല കൃഷിക്കാരായി മാറണമെന്നും ബിഷപ് പറഞ്ഞു.
സമ്മേളനത്തില്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്‍മപ്പെടുത്തിക്കൊണ്ട് 75 മാതൃകാകര്‍ഷകരെ ആദരിച്ചു.
എം. പിമാരായ ജോസ് കെ മാണി, കെ.ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,  മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത,്, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, 
സ്മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എസ്. രാജേഷ്‌കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മാനേജിങ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്‍. രാജേഷ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ലെന്‍സി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ സിബി മാത്യു, പി.ആര്‍.ഒ ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ പി.എസ്.ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ കര്‍ഷകക്കൂട്ടായ്മകള്‍ നടത്തിവരുന്ന മൂല്യവര്‍ധിതോത്പന്നസംരംഭങ്ങള്‍ക്കു ശക്തി പകരുന്നതാണ് പുതിയ മുന്നേറ്റം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)