•  Published From Palai
  •  Contact Us
  •  Previous Issues
  •  14 Aug 2025
  •  ദീപം 58
  •  നാളം 23
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സാഹിത്യവിചാരം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • ആരോഗ്യവീഥി
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കടലിന്റെ മക്കളോട് കനിവുണ്ടാകണം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 24 July , 2025

   തീരദേശമേഖലയുടെ ആശങ്കകള്‍ക്ക് ഒരവസാനമില്ലേ? ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന കണക്കിന് കടല്‍ത്തിരപോലെ പുതിയ പുതിയ ആശങ്കകള്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്തെ കോര്‍പറേറ്റുസ്ഥാപനങ്ങളുടെ  വന്‍കപ്പലുകളെ ആഴക്കടലില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനനുവദിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ മത്സ്യബന്ധനനയമാണ് ഇപ്പോള്‍ തീരദേശവാസികളുടെ ഉറക്കംകെടുത്തിക്കൊണ്ട് പത്തിയുയര്‍ത്തിയിരിക്കുന്നത്.
   രാജ്യത്തെ മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും ചെറുകിടപരമ്പരാഗതമേഖലയില്‍നിന്നായതിനാല്‍ വ്യാവസായികമത്സ്യബന്ധനം സാധ്യമാകുന്നില്ലെന്ന ന്യായം പറഞ്ഞാണ് കേന്ദ്രം ആഴക്കടലിലേക്കു വന്‍കപ്പലുകളെ ഇറക്കിവിടാനൊരുങ്ങുന്നത്. എന്നാല്‍, ഈ നീക്കം ആഴക്കടലിനെയല്ല, ആത്യന്തികമായി തീരമേഖലയിലെ മത്സ്യസമ്പത്തിനെയാണ് ഉന്നം വയ്ക്കുന്നതെന്നാണു ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. ആഴക്കടല്‍മേഖലയില്‍ രാജ്യത്തിന്റെ മത്സ്യസമ്പത്തിന്റെ കേവലം 4 ശതമാനം മാത്രമാണുള്ളത്. വന്‍മുതല്‍മുടക്കോടെ ആഴക്കടലിലെത്തുന്ന കപ്പലുകള്‍ വൈകാതെ തീരപ്രദേശത്തെ മത്സ്യസമ്പത്തിനെയും ഉന്നംവച്ചെത്തും - അന്നന്നയപ്പംകൊണ്ട് അരവയര്‍ നിറയ്ക്കുന്ന പാവങ്ങളും സാധാരണക്കാരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പങ്കുവയ്ക്കുന്ന ഈ ആശങ്ക ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുന്ന ഗുരുതരപ്രശ്‌നമാണിത്.
   അത്യാധുനികസൗകര്യങ്ങളോടുകൂടിയ ഈ വന്‍കിടകപ്പലുകളോടു മത്സരിക്കാന്‍ ചെറുകിടയാനങ്ങള്‍ക്കാവില്ലെന്നു മനസ്സിലാക്കാന്‍ വലിയ വൈദഗ്ധ്യമൊന്നുമാവശ്യമില്ല. 1.5 മുതല്‍ 4 ലക്ഷം വരെ വാട്ട് ശേഷിയുള്ള വൈദ്യുതവിളക്കുകളാണ് ഈ കൂറ്റന്‍കപ്പലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തീവ്രവെളിച്ചത്തിലേക്കു തീരപ്രദേശത്തെ മത്സ്യങ്ങള്‍ കൂട്ടത്തോടെ പാഞ്ഞണയുന്നു. മത്സ്യക്കൊയ്ത്ത് എത്രയെളുപ്പം! ഇതു സംഭവിക്കില്ലെന്നു പറയാനാവുമോ? കേവലം നിഷേധപ്രസ്താവനകൊണ്ടു ലഘൂകരിക്കേണ്ട വിഷയമല്ലിത്. വിഴിഞ്ഞംസമരത്തിലും കരിമണല്‍ഖനനവിഷയത്തിലുമൊക്കെ നാം കണ്ടതാണ് മത്സ്യത്തൊഴിലാളികളോടുള്ള അധികാരികളുടെ ഉദാസീനനയം. അതിനി ഉണ്ടാവരുത്. മത്സ്യസമ്പത്തുപോലെ വിലപ്പെട്ടതാണ് മത്സ്യത്തൊഴിലാളികളുമെന്നു കാണാനുള്ള വിവേകം സര്‍ക്കാരിനുണ്ടാവണം. അവരുടെ ഉത്കണ്ഠകള്‍ പരിഹരിക്കണം. ഇന്ത്യയില്‍ നിലവില്‍ ചെറുതും വലുതുമായ 3,14,677 മത്സ്യബന്ധനബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുസ്ഥിരമത്സ്യബന്ധനത്തിന് 93,287 യാനങ്ങള്‍ മതിയെന്നിരിക്കെ അതിന്റെ മൂന്നിരട്ടിയോളം വരുന്ന അധികയാനങ്ങളുടെ സമ്മര്‍ദംമൂലം ഇപ്പോള്‍ത്തന്നെ സമുദ്രആവാസവ്യവസ്ഥ ഞെരുങ്ങുകയാണ്. ഇതിലേക്കു വമ്പന്‍കപ്പലുകള്‍കൂടി എത്തുന്നതോടെ കടല്‍പരിസ്ഥിതി തകിടംമറിയാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
   ആഴക്കടലില്‍ത്തന്നെ നിലവില്‍ ആയിരത്തോളം ചെറുകിടബോട്ടുകളും ഇതില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിനു തൊഴിലാളികളുമുണ്ടെന്നാണു കണക്ക്. രാജ്യത്താകട്ടെ, 40 ലക്ഷത്തോളം സജീവമത്സ്യത്തൊഴിലാളികളും നാലു കോടിയോളം കുടുംബങ്ങളും തീരക്കടലിനെ ആശ്രയിച്ചുകഴിയുന്നു. ഇങ്ങു കേരളത്തിലേക്കുവന്നാല്‍ സംസ്ഥാനത്തെ 222 തീരദേശമത്സ്യബന്ധനഗ്രാമങ്ങളിലും 113 ഉള്‍നാടന്‍ മത്സ്യബന്ധനഗ്രാമങ്ങളിലുമായി ഏകദേശം 10.50 ലക്ഷം തൊഴിലാളികളാണ് മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നത്. പൊതുസമൂഹത്തിന്റെ ആരോഗ്യത്തിലും നാടിന്റെ ഭക്ഷ്യസുരക്ഷയിലും നിസ്തുലപങ്കുവഹിക്കുന്ന ഈ കടലിന്റെ മക്കളുടെ അന്നംമുടക്കുന്ന സാഹചര്യത്തില്‍നിന്നു വന്‍കപ്പലുകളെ തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.
   നമുക്കറിയാം, വളരെയേറെ അപകടംനിറഞ്ഞ തൊഴിലാണു മത്സ്യബന്ധനം. എപ്പോള്‍ വേണമെങ്കിലും ജീവനും തൊഴിലുപകരണങ്ങളും നഷ്ടപ്പെടാവുന്ന അവസ്ഥ. എന്നാല്‍, മത്സ്യബന്ധനത്തിനു പോകുമ്പോഴും  തിരികെവരുമ്പോഴും തിരയില്‍പ്പെട്ട് അപകടമുണ്ടാകുന്നതും ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നതും പതിവുവാര്‍ത്തകളായിക്കണ്ടു സമൂഹവും സര്‍ക്കാരും കണ്ണടയ്ക്കുകയല്ലേയെന്നു നാം ചിന്തിക്കണം. പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടലിലിറങ്ങുന്ന  കുടുംബനാഥന്റെ ചേതനയറ്റ ശരീരമാണു പലപ്പോഴും കുടുംബാംഗങ്ങള്‍ക്കു തിരികെ ലഭിക്കുന്നത്. ചില ഹതഭാഗ്യര്‍ക്ക് മൃതദേഹംപോലും ലഭിക്കാറില്ലെന്നു നാമോര്‍ക്കണം.
   ഇത്രയേറെ അനിശ്ചിതത്വം നിറഞ്ഞ മറ്റൊരു ജീവിതമേഖല വേറെയുണ്ടോ? സംശയമാണ്. കടലിലെ ഉയരുന്ന തിരമാലകളില്‍ ഉരുണ്ടുനീങ്ങുന്ന കട്ടമരംപോലെതന്നെയാണ് അവരുടെ കരയിലെ ജീവിതവും. കടലമ്മയുടെ കനിവില്‍ കരപറ്റി നില്ക്കുന്ന അവരുടെ ഏകാശ്രയം കടലാണ്. ആ കടലിനെയും കടല്‍സമ്പത്തിനെയും കോര്‍പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുത്തുകൊണ്ട് പാവം മത്സ്യത്തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടാനുള്ള നീക്കം ആരു നടത്തിയാലും അതിനെ ചെറുത്തുതോല്പിക്കേണ്ടിയിരിക്കുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)