കുരിശുകളെ സന്തോഷപൂര്‍വം സമാശ്ലേഷിച്ച് വിശുദ്ധിയുടെ തങ്കക്കിരീടം ചൂടിയ വിശുദ്ധ അല്‍ഫോന്‍സാമ്മ. സഹനങ്ങളെ അവള്‍ നാഥന്റെ സ്‌നേഹസമ്മാനങ്ങളായി സ്വീകരിച്ചു. ജീവിതസഹനങ്ങളെ സ്‌നേഹസങ്കീര്‍ത്തനങ്ങളാക്കി പകര്‍ത്തിയ അല്‍ഫോന്‍സാമ്മ ഗോതമ്പുമണിപോലെ അഴിഞ്ഞില്ലാതായി.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. (വി. യോഹ. 12:24). ഈ തിരുവചനത്തെ ജീവിതംകൊണ്ടു വ്യാഖ്യാനിച്ച ഈ തിരുവചനത്തെ ജീവിതംകൊണ്ടു വ്യാഖ്യാനിച്ച അല്‍ഫോന്‍സാമ്മ സഹനങ്ങളെ പ്രണയിച്ച് മണവാളനു യോജിച്ച മണവാട്ടിയായി പ്രശോഭിച്ചു. അല്‍ഫോന്‍സാമ്മ ഇപ്രകാരം നമ്മോടു പറയുന്നു: ''ഗോതമ്പുമണികള്‍ നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള്‍ വെണ്മയേറിയ മാവു കിട്ടുന്നു. അതു ചുട്ടെടുക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തിയായിത്തീരും. ഇപ്രകാരം നമ്മളും കഷ്ടപ്പാടകള്‍കൊണ്ടു ഞെരുക്കപ്പെട്ട് ഈ ഓസ്തിപോലെയായിത്തീരണം. നല്ല മുന്തിരിപ്പഴങ്ങള്‍ ചക്കിലിട്ടു ഞെക്കുമ്പോള്‍ ചാറുകിട്ടുന്നു. അതു സംഭരിച്ചുവച്ച് ശുദ്ധീകരിക്കുമ്പോള്‍ നല്ല വീര്യമുള്ള വീഞ്ഞായി. അതുപോലെ കഷ്ടതകള്‍കൊണ്ടും വേദനകള്‍കൊണ്ടും നാം ശുദ്ധീകരിക്കപ്പെടുമ്പോള്‍ ആത്മവീര്യമുള്ളവരാകും!'' സഹനജീവിതത്തെക്കുറിച്ചുള്ള അല്‍ഫോന്‍സാമ്മയുടെ ഈ ദര്‍ശനം എല്ലാ സഹനങ്ങളെയും പുഞ്ചിരിയോടെ സ്വാഗതം ചെയ്ത് സ്വര്‍ഗത്തില്‍ നിക്ഷേപം സമാഹരിക്കുവാന്‍ പ്രചോദനമേകി.
സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ അല്‍ഫോന്‍സമ്മയുടെ ജീവിതത്തിലും ഫലമണിഞ്ഞതായി കാണാം. ഒരിക്കല്‍ ജ്യേഷ്ഠത്തിയമ്മ അവളോടു ചോദിച്ചു: ''ഈ രോഗം മാറിക്കിട്ടുവാന്‍ പ്രാര്‍ത്ഥിച്ചുകൂടെ?'' അവള്‍ പറഞ്ഞു: ''ഇതല്ല ഇതില്‍ക്കൂടുതല്‍ സഹിക്കുവാന്‍ ഞാന്‍ സന്നദ്ധയാണ്. ഈ എളിയ വസ്തുവിനെ അവിടുന്ന് ഇഷ്ടാനുസരണം ചവിട്ടുകയോ കുത്തിമുറിപ്പെടുത്തുകയോ എന്തും ചെയ്തുകൊള്ളട്ടെ.'' ശാരീരികപീഡകളും മാനസികദുഃഖങ്ങളും സഹനശക്തിയെ അതിശയിക്കുന്നതായി തോന്നിയപ്പോഴൊക്കെ അല്‍ഫോന്‍സാമ്മ ഇപ്രകാരം പറഞ്ഞിരുന്നു: '' ഞാന്‍ എന്നെ മുഴുവനും എന്റെ ആത്മനാഥനു ബലിവസ്തുവായി കൈയൊഴിഞ്ഞു കൊടുത്തതല്ലേ. അതുകൊണ്ട് എന്റെ നല്ല ദൈവം നല്‍കുന്ന ഈ കുരിശ് നല്ല മനസ്സോടെ ഞാന്‍ സ്വീകരിക്കേണ്ടതല്ലേ?'' (സ്‌നേഹബലി 46).
ലോകസന്തോഷങ്ങളൊന്നും അല്‍ഫോന്‍സാമ്മയെ ആകര്‍ഷിച്ചില്ല. ലൗകികസുഖഭോഗങ്ങളെയും നേട്ടങ്ങളെയുമെല്ലാം അവള്‍ നിസ്സംഗതയോടെ വീക്ഷിച്ചു. അതെല്ലാം അവര്‍ ഉച്ഛിഷ്ടമായി കരുതി. ''സഹനവും ത്യാഗവുമാകുന്ന കല്ലുകള്‍കൊണ്ടാണ് സ്വര്‍ഗത്തില്‍ നമുക്കായി മാളികകള്‍ പണിയുന്നത്' എന്ന തിരിച്ചറിവ് അല്‍ഫോന്‍സാമ്മയെ സഹനത്തിന്റെ രാജകുമാരിയാക്കി മാറ്റി. സ്വര്‍ഗത്തക്കുറിച്ചുള്ള ബോധ്യവും ദൈവത്തോടൊത്തു നിത്യം വസിക്കണമെന്ന ആഗ്രഹവും സഹനങ്ങളെ മാധുര്യമുള്ളതാക്കി മാറ്റുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് ഉള്‍ക്കരുത്തു പകര്‍ന്നു.
എല്ലാവരും ഈശോയുടെ തിരുഹൃദയത്തില്‍ ആശ്വാസം കണ്ടെത്തണമെന്ന് അഭിലഷിച്ച അല്‍ഫോന്‍സാമ്മ തന്റെ മഠാധിപയ്ക്കുണ്ടായ മാനസികപീഡയെപ്പറ്റി അറിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് ആ അമ്മയെ ആശ്വസിപ്പിച്ചു: ''അമ്മേ, അഞ്ചുപ്രാവശ്യം കപ്പേളയില്‍ ചെന്ന് അമ്മയുടെ മനോവ്യഥ ഈശോയുടെ തിരുഹൃദയത്തില്‍ കാഴ്ചവച്ചുകൊണ്ട് അഞ്ചു ത്രിത്വസ്തുതി ചൊല്ലണം.'' അപ്രകാരം ചെയ്തപ്പോള്‍ മഠാധിപയുടെ ഹൃദയഭാരം നീങ്ങിയതായി സാധ്യപ്പെടുത്തിയിട്ടുണ്ട്.
തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്ന് നന്മ പുറപ്പെടുവിച്ച അല്‍ഫോന്‍സാമ്മ വെറും 36 വര്‍ഷംകൊണ്ട് സ്വര്‍ഗീയാരാമത്തില്‍ വിടര്‍ന്നു പുഷ്പിച്ച് ഫലം ചൂടി. തന്റെ ജീവിതത്തിലേക്കു വിരുന്നു വന്ന ദുഃഖങ്ങളെയും സഹനങ്ങളെയും പരാതിയും പരിഭവവും കൂടാതെ, ദൈവകൃപകളായി അവള്‍ സ്വീകരിച്ചു. ദൈവതൃക്കരമാണ് തന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആഴമായ വിശ്വാസം അല്‍ഫോന്‍സാമ്മയ്ക്കുണ്ടായിരുന്നു. വലിയ വിശ്വാസത്തോടെ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ച രക്തസ്രാവക്കാരി അവിടുത്തെ കൃപാവരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു. അല്‍ഫോന്‍സാമ്മയും ഹൃദയംകൊണ്ട് ഈശോയെ സ്പര്‍ശിച്ചു. ആ സ്പര്‍ശനത്താല്‍ വിശ്വാസത്തിന്റെ വരദാനങ്ങള്‍ അവളില്‍ വേരുറപ്പിക്കപ്പെട്ടു. അവളുടെ അചഞ്ചലമായ വിശ്വാസം സഹനങ്ങളുടെ നെരിപ്പോടില്‍ കിടന്നു പിടയുമ്പോഴും ദൈവത്തെ പ്രസരിപ്പിക്കുവാന്‍ അവള്‍ക്കു ശക്തിപകര്‍ന്നു. സഹനത്തിന്റെ ഏകാന്തനിമിഷങ്ങളിലും നിസ്സഹായയായി കട്ടിലില്‍ കിടക്കേണ്ടി വന്നപ്പോഴുമെല്ലാം പരാതിയില്ലാതെ അല്‍ഫോന്‍സാമ്മയ്ക്കു സഹിക്കാന്‍ കഴിഞ്ഞത് തന്റെ പുത്രന്റെ പീഡാസഹനവും കുരിശുമരണവും കണ്‍മുന്നില്‍ ദര്‍ശിച്ച് മൗനമായി എല്ലാം ഹൃദയത്തില്‍ ഏറ്റുവാങ്ങി സഹിച്ച പരി. അമ്മയോടു ചേര്‍ന്ന് വിശ്വാസതീര്‍ഥാടനം നടത്തിയതുകൊണ്ടാണ്.
വിശുദ്ധിയുടെ മുദ്രചാര്‍ത്തി അല്‍ഫോന്‍സാമ്മയെ ദൈവം ലോകത്തിനു മാര്‍ഗദീപമായി നല്‍കി. ഈശോയുടെ സഹനമാതൃക സ്വന്തമാക്കിയ അല്‍ഫോന്‍സാമ്മ സഹനങ്ങളെ സ്‌നേഹപുഷ്പങ്ങളാക്കി നാഥനു സമര്‍പ്പിച്ചു. രോഗപീഡകളും അവഗണനയും പരിഹാസവും ഒറ്റപ്പെടുത്തലുകളുമെല്ലാം കൃപയുടെ സുന്ദരനിമിഷങ്ങളാക്കി മാറ്റി. അവയെ ഗാഢമായി പ്രേമിച്ച അല്‍ഫോന്‍സാമ്മ 'മിശിഹായില്‍ വിശ്വസിക്കുന്നതു മാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായികണ്ടു(ഫിലി.1:29). സെന്റ് പോളിന്റെ ആത്മീയത സ്വജീവിതത്തിലൂടെ പ്രകാശിതമാക്കി. ക്രൂശിതനിലേക്കു കണ്ണുകളുയര്‍ത്തി സഹനത്തിന്റെ അര്‍ഥം ഗ്രഹിച്ച അല്‍ഫോന്‍സാമ്മ അവയെല്ലാം വിലയേറിയ മണിമുത്തുകളാക്കി സ്വര്‍ഗത്തില്‍ സ്വര്‍ണകിരീടമൊരുക്കി. ജീവിതത്തിലുടനീളം തമ്പുരാന്റെ സഹനത്തിന്റെ കൈയൊപ്പു ചാര്‍ത്തപ്പെട്ട അവളുടെ ജീവിതം സഹനങ്ങളില്‍നിന്ന് ഓടിയൊളിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ ലോകത്തിന് ഒരു വെല്ലുവിളിയാണ്. ക്രൂശിതന്റെ സഹനവഴികളെ ധ്യാനിച്ച്, സഹനത്തെ സ്‌നേഹംകൊണ്ടു കീഴടക്കിയ ധീരപോരാളിയാണ് അല്‍ഫോന്‍സാമ്മ. സഹിക്കുക എന്നാല്‍ സ്‌നേഹിക്കുക എന്നും സ്‌നേഹിക്കുകയെന്നാല്‍ സഹിക്കുക എന്നും ലോകത്തെ പഠിപ്പിച്ച് സഹനത്തെ പ്രണയിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമുക്കെന്നും പ്രചോദനമാകട്ടെ. അല്‍ഫോന്‍സാമ്മയോടു പ്രാര്‍ത്ഥിക്കുന്നവരോട് അവര്‍
ക്കു പറയാനുള്ളത് ഇതാണ്: ''ഞാന്‍ പ്രാര്‍ഥിച്ചാല്‍ കുരിശേ കിട്ടുകയുള്ളൂ. അതു സഹിക്കാന്‍ മനസ്സുണ്ടെങ്കില്‍ മാത്രം എന്നോട് അപേക്ഷിക്കാന്‍ പറഞ്ഞാല്‍ മതി. കുരിശുതരുമ്പോള്‍ ആ കുരിശുകളെ യോഗ്യതാനുസരണം സഹിക്കാനുള്ള ശക്തികൂടി അവിടുന്നു തരാതിരിക്കുകയില്ല'' (സ്‌നേഹബലി 67).
ലേഖനം
സഹനത്തിന്റെ പ്രണയിനി
