•  14 Aug 2025
  •  ദീപം 58
  •  നാളം 23
ലേഖനം

ഇരട്ടിമധുരവുമായി ജൂബിലിവര്‍ഷം

    ചരിത്രത്താളുകള്‍ പിറകോട്ടുമറിക്കുവാനും മനനം ചെയ്യുവാനുമുള്ള വിശേഷസിദ്ധി മനുഷ്യനു മാത്രം കരഗതമായ ഒരു ദൈവാനുഗ്രഹമാണ്.   വിശുദ്ധഗ്രന്ഥം നമ്മെ ഓര്‍മപ്പെടുത്തുന്നു: ''കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍. തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍ അനുസ്മരിക്കുവിന്‍. പിതാക്കന്മാരോടു ചോദിക്കുവിന്‍, അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും''(നിയമ.32:7) ഏതൊരു ദേശത്തിന്റെയും സാംസ്‌കാരികപുരോഗതി അതിന്റെ ആധ്യാത്മികചരിത്രത്തോടു ബന്ധപ്പെട്ടുകിടക്കുന്നു. ധാര്‍മികമൂല്യങ്ങളുടെ ഇരിപ്പിടവും ആധ്യാത്മികതതന്നെയാണ്. 
    കേരളത്തിന്റെ ക്രൈസ്തവപാരമ്പര്യത്തിലും ആഗോളസഭയിലെ ദൈവവിളിയുടെ കണക്കിലും പാലാ രൂപത അനന്യമാണ്. തനതായൊരു സംസ്‌കാരം രൂപതയെ വ്യത്യസ്തമാക്കുന്നു. രൂപതാസമൂഹം ഒന്നടങ്കം സന്തോഷം അലതല്ലുന്ന തിളക്കമാര്‍ന്ന പ്ലാറ്റിനംജൂബിലിയുടെ നിറവിലാണിപ്പോള്‍. 
   1950 ജൂലൈ 25 നാണ് ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് പാലാ രൂപത സ്ഥാപിതമാകുന്നത്. അഭിവന്ദ്യ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിനെ പ്രഥമ രൂപതാധ്യക്ഷനായി നിയമിക്കുകയും ചെയ്തു. രൂപതയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് സുദൃഢവും സുശക്തവുമായ അടിത്തറ പാകുവാന്‍ പിതാവിന്റെ അക്ഷീണപരിശ്രമവും നിതാന്തജാഗ്രതയും കാരണമായി എന്നത് അഭിമാനത്തോടും ആദരവോടുംകൂടി സ്മരിക്കുന്നു. പിന്നീട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍പിതാവും മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവും മാര്‍ ജേക്കബ് മുരിക്കന്‍പിതാവും രൂപതയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും താങ്ങും തണലുമായി.
   വിവിധ ഇടവകകളില്‍നിന്നായി 30 ഓളം ബിഷപ്പുമാര്‍ പാലാ രൂപതയ്ക്കു സ്വന്തമെന്നറിയുമ്പോള്‍ ആരുടെ ഹൃദയമാണ് തുടികൊട്ടാത്തത്? 2700 വൈദികരും 12000 സന്ന്യാസിനികളും സ്വദേശത്തും വിദേശത്തുമായി സേവനം ചെയ്യുന്നു. മൂന്നേകാല്‍ലക്ഷത്തോളം വിശ്വാസികളും 71000 ത്തിലധികം ഭവനങ്ങളും രൂപതയെ ധന്യമാക്കുന്നു. അതുകൊണ്ടുതന്നെ ദൈവകൃപ കരകവിഞ്ഞൊഴുകുന്ന ഈ രൂപതയ്ക്ക് ഏഷ്യയിലെ വത്തിക്കാന്‍ എന്ന അപരനാമം തികച്ചും അന്വര്‍ഥമാണ്. 
   അറിയപ്പെടാതെയും കാണപ്പെടാതെയും വിശുദ്ധരെന്നു പേരു വിളിക്കപ്പെടാതെയും മണ്‍മറഞ്ഞ എത്രയോ ധന്യാത്മാക്കളുടെ നാടാണിത്. അവരുടെ കണ്ണീരിന്റെ ഉപ്പും, വിയര്‍പ്പിന്റെ നനവും സഹനത്തിന്റെ പാരമ്യതയും പ്രാര്‍ഥനയുടെ ശക്തിയും ഈ രൂപതയുടെ മൂലധനമായി ഭവിച്ചു. കുടുംബക്കൂട്ടായ്മകള്‍, വിശ്വാസപരിശീലനം, ഭക്തസംഘടനകള്‍, വിദ്യാഭ്യാസം, ആതുരസേവനം, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍, കൃഷി, വ്യവസായം തുടങ്ങി കലാസാഹിത്യമേഖലകളില്‍വരെ നൂറുമേനി വിളവെടുക്കുന്ന രൂപതയാണു പാലാ.
ആര്‍ഷഭാരതത്തിന്റെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയില്‍ തുടങ്ങി വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചനും ദൈവദാസന്‍ കണിയാരകത്ത് ബ്രൂണോ അച്ചനും, ദൈവദാസി കൊളോത്തമ്മയും ദൈവദാസന്‍ കപ്പുച്ചിന്‍ ആര്‍മണ്ടച്ചനും പനങ്കുഴയ്ക്കല്‍ വല്യച്ചനുമെല്ലാം ഈ പാലാ രൂപതയുടെ മണ്ണില്‍ ജന്മംകൊണ്ട പുണ്യാത്മാക്കളാണ്. പറമ്പില്‍ ചാണ്ടിമെത്രാനും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും നിധീരിക്കല്‍ മാണിക്കത്തനാരും, പകലോമറ്റം അര്‍ക്കദിയാക്കോന്മാരുമൊക്കെ ഈ രൂപതയുടെ മാത്രമല്ല, സീറോ മലബാര്‍ സഭയുടെതന്നെ മാര്‍ഗദീപങ്ങളാണ്.
   കലാ, കായിക, സാഹിത്യ, സാംസ്‌കാരികവിദ്യാഭ്യാസരംഗങ്ങളിലെല്ലാം വന്‍നേട്ടങ്ങള്‍ കൊയ്‌തെടുത്ത നിരവധി ജനപ്രിയരായ സര്‍ഗപ്രതിഭകളും ഈ രൂപതയ്ക്കു സ്വന്തമാണ്. 
   ഇന്ന് ഈ രൂപതയുടെ സമസ്തമേഖലകളിലും ചാലകശക്തിയായി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവ് നിലകൊള്ളുന്നു! 
കത്തോലിക്കാസഭയിലുള്ള ഓരോ വ്യക്തിക്കും 2025 ജൂബിലിവര്‍ഷമാണ്! അതുപോലെതന്നെ ഇതു രൂപതയ്ക്കും ജൂബിലിവര്‍ഷമായതിനാല്‍ പാലാക്കാര്‍ക്ക് തേനില്‍ മുക്കിയ കരിമ്പുപോലെ ഇരട്ടിമധുരം നല്‍കുന്നു ഈ വേള. സങ്കീര്‍ത്തകനോടൊപ്പം നമുക്കും ഏറ്റുചൊല്ലാം: ''വാര്‍ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും  ഇല ചൂടി പുഷ്ടിയോടെ നില്‍ക്കും'' (സങ്കീ. 92:14).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)