ഒരു പ്രത്യേകസാഹചര്യത്തില്‍ അധികാരവും അതിന്റെ കെട്ടുപാടുകളും ഉപേക്ഷിച്ച ഒരു രാജാവിനെക്കുറിച്ച് ഒരു കഥയുണ്ട്. രാജ്യമുപേക്ഷിച്ച് ഭിക്ഷാംദേഹിയായി സഞ്ചരിക്കവേ അദ്ദേഹം മറ്റൊരു രാജ്യത്ത് എത്തിച്ചേരുന്നു. അവിടത്തെ ഭരണാധിപനായ രാജാവ് എങ്ങനെയോ ഇദ്ദേഹത്തെ തിരിച്ചറിയുന്നു. അവിടെനിന്നു യാത്ര തിരിക്കവേ, ഭംഗിയുള്ള ഒരു ഭിക്ഷാപാത്രമാണ് സന്ന്യാസിക്ക് അദ്ദേഹം സമ്മാനിച്ചത്. അലഞ്ഞുതിരിഞ്ഞ് ഒരു ക്ഷേത്രത്തില്‍ സന്ന്യാസി എത്തിച്ചേരുന്നു. ഭിക്ഷാപാത്രം ലഭിച്ചതില്‍പ്പിന്നെ അദ്ദേഹത്തിന് ഉറക്കം കുറവായിരുന്നു. ഉറങ്ങിപ്പോയാല്‍, തന്റെ മനോഹരമായ ഭിക്ഷാപാത്രം ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം! ക്ഷേത്രസന്നിധിയിലായിരിക്കെ, അവിടെയുണ്ടായിരുന്ന ഒരു ഭിക്ഷുവിനെ അദ്ദേഹം പരിചയപ്പെടുന്നു. രാത്രിയായാല്‍ ഗാഢനിദ്രയിലാകാന്‍ ഒട്ടും വൈകിക്കാത്ത ഭിക്ഷുവിനോട്, ഈ ഉറക്കത്തിന്റെ രഹസ്യമെന്തെന്ന് അദ്ദേഹം ആരായുന്നു. മൗനവ്രതത്തിലായിരുന്ന ഭിക്ഷു, സന്ന്യാസിയുടെ ഭിക്ഷാപാത്രത്തിന്റെ നേര്‍ക്കു വിരല്‍ചൂണ്ടി. സ്വന്തമായി ഒരു ഭിക്ഷാപാത്രംപോലുമില്ലാത്തയാളാണയാള്‍! സന്ന്യാസിക്കു കാര്യം മനസ്സിലായി. രാജാവു നല്‍കിയ ആ ഭിക്ഷാപാത്രം അദ്ദേഹം ഉപേക്ഷിച്ചു. സ്വന്തമായി ഒന്നുമില്ലാത്തയാളായതില്‍പ്പിന്നെ സന്ന്യാസിക്കു ഗാഢനിദ്രയ്ക്കു തടസ്സമൊന്നുമുണ്ടായില്ല!
വിശുദ്ധയായ അല്‍ഫോന്‍സാമ്മ, തീരെച്ചെറുപ്രായംമുതല്‍, പ്രിയങ്കരമായവയെ ഉപേക്ഷിച്ചു ശീലിച്ചവള്‍ ആയിരുന്നു. പെറ്റമ്മയുടെ സ്‌നേഹവാത്സല്യങ്ങളാണ് ജനിച്ച് ഏറെയാകുംമുമ്പ് അവള്‍ക്കു നഷ്ടമായത്; അത് അവള്‍ അറിഞ്ഞുകൊണ്ട് ഉപേക്ഷിച്ചതായിരുന്നില്ലെങ്കിലും. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരിമിതപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന, ഇല്ലാതാക്കലിന്റെയും ഇല്ലാതാകലിന്റെയും 'സുഖം' അല്‍ഫോന്‍സാമ്മ മനസ്സിലാക്കിയിരുന്നു. കന്യാസ്ത്രീയായതില്‍പ്പിന്നെ അവളുടെ ജീവിതത്തിലുടനീളം, സ്വന്തം ഇഷ്ടം സസന്തോഷം ഉപേക്ഷിച്ചതിനു തെളിവുകള്‍ നിരവധിയാണ്. തനിക്കുലഭിച്ച ഒരു സമ്മാനം വളരെ ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നത് ഒരു സഹസന്ന്യാസിനിയുടെ ഇഷ്ടത്തിനായി അവള്‍ വിട്ടുനല്‍കിയതൊക്കെ ഇവയില്‍ ചിലതാണ്.
ലോകം സമ്മാനിക്കുന്ന വിലകുറഞ്ഞ സന്തോഷങ്ങളെക്കാള്‍ അവളുടെ ഹൃദയത്തെ കീഴടക്കിയത് ക്രൂശിതനായ ക്രിസ്തുനാഥനോടുള്ള, അവിടുത്തെ അനുഗമിക്കാനുള്ള അന്തര്‍ദാഹമായിരുന്നു.
അവളുടെ ഹൃദയം സ്രഷ്ടാവായ ദൈവത്തില്‍ ആനന്ദംകൊണ്ടു. സന്ന്യാസജീവിതപ്രവേശനത്തിന് തന്റെ ശാരീരികസൗന്ദര്യം പ്രതിബന്ധമാണെന്നു മനസ്സിലായതില്‍പ്പിന്നെയാണ് അവള്‍ 'അഗ്നിശുദ്ധി'ക്ക് തന്റെ ശരീരത്തെ സജ്ജമാക്കിയത്. ഭൗതികതയുടെ നശ്വരതയെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തില്‍ത്തന്നെ അവള്‍ക്കുണ്ടായിരുന്നു. ഒരുപക്ഷേ, അത് അവള്‍ക്കായുള്ള വിശേഷപ്രസാദവരമായിരുന്നിരിക്കാം.
''...സ്‌നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള എന്റെ ആശയില്‍നിന്ന് എന്നെ വിമുക്തയാക്കണമേ. ഒരു പരമാണുവും അങ്ങേ ദിവ്യാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ.''
അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥനാമഞ്ജരിയില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു സൂക്തമാണ് മേല്‍ചേര്‍ത്തിട്ടുള്ളത്. ദൈവംതമ്പുരാന്റെ സ്‌നേഹാഗ്നിജ്വാലയിലെ ഒരു പൊരിയാകണമെന്നായിരുന്നു അവള്‍ എന്നും ആഗ്രഹിച്ചിരുന്നത്. അങ്ങനെയാവണമെങ്കില്‍ 'അണുവിലുമണുവായ്'ത്തീരണം സ്വയം, എന്ന ദൃഢനിശ്ചയമെടുത്തവളായിരുന്നു അല്‍ഫോന്‍സാമ്മ. സാധാരണമായി ഒരു മനുഷ്യവ്യക്തി ആഗ്രഹിക്കുന്ന പരിഗണനയും അംഗീകാരവുമൊന്നും ഒരിക്കലും ആഗ്രഹിക്കാത്തവള്‍. ഏറെക്കാലം രോഗശയ്യയില്‍ക്കിടന്ന്, വേദനയുടെ പാരമ്യത്തില്‍ പിടഞ്ഞിട്ട് വെറും മുപ്പത്താറാംവയസ്സില്‍ ലോകംവിട്ടു യാത്രയായവള്‍. ഈ ലോകത്തില്‍ ആരാലും താന്‍ അറിയപ്പെടരുതെന്ന ഉള്‍പ്രേരണയാല്‍, തന്റെ ഡയറിക്കുറിപ്പുകളെല്ലാം നശിപ്പിച്ചുകളയാന്‍ സന്നദ്ധയായവള്‍. അനിതരസാധാരണമായിരുന്നു അല്‍ഫോന്‍സാമ്മയുടെ എളിമ. ഈ ലോകത്തില്‍ താന്‍ ആരുമല്ല, ഒന്നുമല്ല എന്നു വിശ്വസിക്കാന്‍ കഴിയുമാറ് സ്വയം നിസ്സാരവത്കരിച്ചവള്‍. ബാഹ്യമായവയെക്കുറിച്ചോ തന്നെക്കുറിച്ചുതന്നെയോ അവബോധം ഇല്ലാതാവുകയും അന്തഃസത്തയെന്ന പരമശക്തിയുമായി ഗാഢമായ ബന്ധത്തിലാവുകയും ചെയ്യുമ്പോള്‍ മാനസികമായ ശാന്തിയും സ്വസ്ഥതയും കൈവരിക്കാനാകുമെന്ന് അനുഭവത്തിലൂടെ അറിഞ്ഞവള്‍.
എപ്പോഴും പ്രസന്നവതിയായിരുന്നു അല്‍ഫോന്‍സാമ്മ. ഇത്രയേറെ ശാരീരികവേദനകള്‍ സഹിക്കുന്ന വേളയിലും ഇത്രയേറെ പ്രസന്നവതിയാകാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് അവളുടെ മേലധികാരികളും സഹസന്ന്യാസിനികളും പലപ്പോഴും അദ്ഭുതപ്പെട്ടിരുന്നു. ആ പ്രസന്നഭാവം ദൈവാനുഭൂതിയുടെ അടയാളമായിരുന്നുവെന്നതാണു പരമാര്‍ഥം.
ഇത്രയേറെ ദൈവസ്‌നേഹാനുഭൂതിയിലൂടെ കടന്നുപോയിരുന്ന അല്‍ഫോന്‍സാമ്മയ്ക്ക് ഒട്ടേറെ കൃപാവരങ്ങള്‍ ദൈവം കനിഞ്ഞുനല്‍കിയിരുന്നുവെന്നു വേണം വിശ്വസിക്കാന്‍. മറ്റുള്ളവരുടെ ഹൃദയവിചാരങ്ങള്‍ മനസ്സിലാക്കാന്‍ അനിതരസാധാരണമായ കഴിവ് അവള്‍ക്കുണ്ടായിരുന്നു; ശരിക്കും പരഹൃദയജ്ഞാനം തന്നെ. മറ്റുള്ളവരുടെ ആവശ്യങ്ങളും അവസ്ഥകളും സ്‌നേഹാരൂപിയുടെ ഉള്‍ക്കണ്ണോടും ഉള്‍ക്കാതോടുംകൂടി കണ്ടും കേട്ടും അറിഞ്ഞ് അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അല്‍ഫോന്‍സാമ്മ സദാ സന്നദ്ധയായിരുന്നു. സ്വാര്‍ഥതാവിമുക്തമായ മനസ്സുള്ളവര്‍ക്കുമാത്രം സാധ്യമാകുന്ന കാര്യം. അവനവനെപ്പറ്റി ചിന്തിക്കാതെ, തന്റെ സമസൃഷ്ടങ്ങളെക്കുറിച്ചു കരുതലുള്ളവളായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നതിന്റെ പിന്നിലെ രഹസ്യമതാണ്.
രോഗശയ്യയിലായിരിക്കെപ്പോലും, രണ്ടാം ലോകമഹായുദ്ധം നടക്കുന്ന വറുതികളുടെ ആ സാഹചര്യത്തില്‍, താന്‍ സൂക്ഷിച്ചുവച്ചിരുന്ന മെഴുകുതിരിത്തുണ്ടുകളുമായി സഹസന്ന്യാസിനികളുടെ സമീപമെത്തി, അവര്‍ക്കു വെളിച്ചം കാണാന്‍ ആ തിരിത്തുണ്ടുകള്‍ സമ്മാനിച്ചിരുന്ന അല്‍ഫോന്‍സാമ്മയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ദരിദ്രനും വിനീതനും പരിത്യക്തനുമായ ക്രൂശിതനെ അനുഭവിച്ചറിഞ്ഞവര്‍ക്കു മാത്രമേ സ്വയം മറന്ന് സഹജീവികള്‍ക്ക് ഇങ്ങനെ ഉപകരിക്കാനാകൂ.
സന്ന്യാസജീവിതം അച്ചടക്കത്തിന്റെ ജീവിതമാണ്. ദൈവത്തിന്റെ തിരുമുമ്പില്‍, ജീവിതാന്ത്യംവരെ അഭംഗുരം പാലിച്ചുകൊള്ളാമെന്ന് ഏറ്റുപറയുന്ന വ്രതങ്ങളോട് അങ്ങേയറ്റം പ്രതിബദ്ധത പുലര്‍ത്തിയ കന്യാസ്ത്രീയായിരുന്നു അല്‍ഫോന്‍സാമ്മ; വര്‍ത്തമാനകാലത്തെ സന്ന്യാസജീവിതം നോക്കിക്കണ്ടു പഠിക്കേണ്ട മാതൃകാജീവിതം നയിച്ചവള്‍. അല്‍ഫോന്‍സാമ്മയുടെ കാലഘട്ടത്തിലെ സന്ന്യാസിനികളെല്ലാവരുംതന്നെ ഏറെക്കുറെ ആ ജീവിതചര്യയോട് ഇണങ്ങിച്ചേരുന്നതില്‍ വിജയം കൈവരിച്ചവരാണെന്നു നമുക്കറിയാം. കാലം ഏറെ മാറിയിരിക്കുന്നു. ആവൃതിക്കുള്ളിലെ ഒതുക്കമുള്ള ആ ജീവിതശൈലിക്കാകെ ഇന്നു മാറ്റം സംഭവിച്ചിരിക്കുന്നു. സാമൂഹികജീവിതത്തോടു കൂടുതല്‍ ചേര്‍ന്നുനിന്ന് സമൂഹത്തെ സേവിക്കുക എന്ന ഉത്തരവാദിത്വം പുതുകാലത്തെ സന്ന്യാസജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. സന്ന്യാസത്തിന്റെ വ്രതാനുഷ്ഠാനങ്ങളോടു പൂര്‍ണ്ണമായ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടുതന്നെ, മേല്‍ച്ചൊന്ന സാമൂഹികപ്രതിബദ്ധത പാലിച്ചു ജീവിക്കുക എന്നതില്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്ന തിരിച്ചറിവ് പുതുകാലത്തെ സമര്‍പ്പിതര്‍ക്ക് ഉണ്ടാവാന്‍, വിശുദ്ധയായ അല്‍ഫോന്‍സാമ്മ അവര്‍ക്കു വഴികാട്ടട്ടെ, എന്നു പ്രാര്‍ഥിക്കാം.