•  14 Aug 2025
  •  ദീപം 58
  •  നാളം 23
ലേഖനം

ഗതകാലത്തിന്റെ ചരിത്രസുഗന്ധവുമയി പാലാ

ജൂലൈ 26  പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനം  പാലാ കത്തീദ്രലില്‍

    വെറും രണ്ടക്ഷരം മാത്രമുള്ള പേരാണ് പാലായെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പും ''പാലാ കുരുമുളക്'' പലസ്തീനായിലെയും റോമിലെയും വാണിജ്യകേന്ദ്രങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒരു വിഭവമായിരുന്നുവെന്നാണു വിശ്വസിക്കപ്പെടുന്നത്. സീസറുടെ അരമനയിലും ക്ലിയോപാട്രയുടെ കൊട്ടാരത്തില്‍പ്പോലും പാലാ കുരുമുളകിനു ഭക്ഷണമേശകളില്‍ സ്ഥാനമുണ്ടായിരുന്നുവെന്നതും പാലായെക്കുറിച്ചുള്ള പഴയ ഐതിഹ്യങ്ങളിലൊന്നാണ്. യേശുക്രിസ്തുവിന്റെ ജനനത്തിനുമുമ്പുതന്നെ കേരളവും അറബിരാജ്യങ്ങളുമായി കടല്‍മാര്‍ഗവാണിജ്യബന്ധമുണ്ടായിരുന്നുവെന്നതും അംഗീകരിക്കപ്പെട്ട ചരിത്രവസ്തുതയാണല്ലോ. യേശുശിഷ്യനായ മാര്‍ത്തോമ്മാ അപ്പസ്‌തോലപ്രവര്‍ത്തനത്തിനായി എ.ഡി. 52 ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി എന്ന പൊതുവിശ്വാസത്തിന്റെ അടിസ്ഥാനംതന്നെ യേശുക്രിസ്തുവിന്റെ കാലത്തിനു മുമ്പേതന്നെ നിലനിന്നിരുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും കേരളവും തമ്മിലുണ്ടായിരുന്ന കടല്‍മാര്‍ഗവാണിജ്യബന്ധങ്ങളായിരുന്നല്ലോ. ക്രിസ്തുവിനുമുമ്പേ കൊടുങ്ങല്ലൂരിലും പാലയൂരിലും പറവൂരിലും മറ്റും നിലനിന്നിരുന്ന ജൂതസാന്നിധ്യവും മാര്‍ത്തോമ്മാശ്ലീഹായുടെ കേരളപ്രവേശനസാധ്യതകളെ ചരിത്രപരമായി സാധൂകരിക്കുന്ന വസ്തുതയാണ്. ഇതിനൊക്കെ രേഖകളുണ്ടോ എന്നു ചോദിക്കുന്നവരുണ്ട്. ഒരു രാജ്യത്തിന്റെ ചരിത്രവും തുടങ്ങുന്നത് രേഖകളില്ലല്ലോ. രേഖകള്‍ ഉണ്ടാവുക പില്‍ക്കാലത്താണ്. ആദ്യമുണ്ടാവുന്നത് വായ്‌മൊഴികളാണ്. പിന്നീടാണ് വരമൊഴി വരുന്നത്. ഏതു ചരിത്രത്തിന്റെയും തുടക്കം പശ്ചാത്തലസാധ്യതകളിലും സാഹചര്യത്തെളിവുകളിലുമാണ്. പിന്നീടാണ് കാലാനുസൃതമായി കല്‍ഭരണികളും ചെമ്പുതകിടുകളും കല്ലില്‍ കൊത്തിയ വിളംബരങ്ങളുമൊക്കെ തെളിവുകളായി വരുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രസൃഷ്ടിയിലും രേഖകളില്ലാത്ത സാഹചര്യത്തെളിവുകള്‍ ഒട്ടേറെയുണ്ടെന്നത് അനിഷേധ്യമായ ഒരു ചരിത്രയാഥാര്‍ഥ്യംതന്നെയാണെന്നതിലും തര്‍ക്കമില്ലല്ലോ.
പറഞ്ഞുതുടങ്ങിയത് പാലായെപ്പറ്റിയാണ്. പറയേണ്ടതും പാലായെപ്പറ്റിത്തന്നെയാണല്ലോ. ഇടയ്ക്കു ചരിത്രത്തിന്റെ ചില പൊതുവഴികളെക്കുറിച്ചു പരാമര്‍ശിച്ചുപോയി എന്നു മാത്രം.
   പാലാപ്പട്ടണത്തിന്റെ തുടക്കകാലത്തെ സംബന്ധിച്ചു കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. പക്ഷേ, പാലായുടെ കൃഷിവിഭവങ്ങള്‍ക്കും നാണ്യവിളകള്‍ക്കും പണ്ടേതന്നെ പേരും പ്രശസ്തിയുമുണ്ടായിയെന്നത് വസ്തുതയുമാണ്. എന്തായാലും പെരുമാക്കന്മാരുടെ കാലം മുതല്‍ക്കേ മീനച്ചില്‍പ്രദേശം തെക്കുംകൂര്‍-വടക്കുംകൂര്‍ രാജാക്കന്മാരുടെയും അവരുടെ ഇടപ്രഭുക്കന്മാരായിരുന്ന കര്‍ത്താക്കന്മാരുടെയും കൈമള്‍
മാരുടെയുമൊക്കെ അധീനപ്ര
   ദേശങ്ങളായിരുന്നുവെന്നത് പൊതുവിശ്വാസമാണ്. കൊടുങ്ങല്ലൂരില്‍നിന്ന് ചരിത്രപരമായ കാരണങ്ങളാല്‍ പാലയൂരേക്കും പറവൂരേക്കും പലായനം ചെയ്യേണ്ടിവന്ന മാര്‍ത്തോമ്മാനസ്രാണികള്‍ക്കു സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ വീണ്ടും പടിഞ്ഞാറുനിന്ന് തെക്കോട്ടും കിഴക്കോട്ടും മാറേണ്ടിവന്നുവെന്നതും അംഗീകരിക്കപ്പെട്ട ചരിത്രവസ്തുതയാണ്. 
    പറവൂരില്‍നിന്നു വൈക്കത്തും കടുത്തുരുത്തിയിലും കുറവിലങ്ങാട്ടുമൊക്കെ എത്തിച്ചേര്‍ന്നവര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ചെന്നിടങ്ങളില്‍ സ്വാഭാവികമായും ആരാധനാലയങ്ങളും പണിതുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്ന സത്യം തന്നെ.
 മാര്‍ത്തോമ്മാശ്ലീഹായില്‍നിന്നു വിശ്വാസവെളിച്ചം സ്വീകരിച്ച നാലുകുടുംബങ്ങളുടെ - ശങ്കരപുരി, പകലോമറ്റം, കള്ളിയില്‍, കാളികാവ് - പിന്‍തലമുറക്കാരാണ് പാലയൂരേക്കും പറവൂര്‍ക്കും മാറിയതെന്നും പില്‍ക്കാലത്ത് അവരുടെ പിന്‍തലമുറക്കാര്‍ വൈക്കത്തും കടുത്തുരുത്തിയിലും കുറവിലങ്ങാട്ടും കുടമാളൂരും അരുവിത്തുറയിലും നിലയ്ക്കലുമൊക്കെ താമസമാക്കിയെന്നതും നസ്രാണിക്രിസ്ത്യാനികളുടെ ചരിത്രവഴിയാണ്. അവര്‍ വച്ച പള്ളികളില്‍ പുരാതനത്വംകൊണ്ടു പ്രസിദ്ധി നേടിയത് കുറവിലങ്ങാടും അരുവിത്തുറയും നിരണവും നിലയ്ക്കലും കുടമാളൂരും ചേര്‍പ്പുങ്കലുമൊക്കെയാണ്. വിശ്വാസത്തിന്റെ ചരിത്രവഴികളില്‍ നമുക്കും ശക്തമായ വേരുകളുണ്ടെന്നു സാരം. 
    പാലാ വലിയപള്ളി സ്ഥാപിതമായത് തീര്‍ച്ചയായും പില്‍ക്കാലത്താണ്. എന്നാല്‍, ആയിരം വര്‍ഷത്തെ പഴക്കം പാലാപ്പള്ളിക്കുമുണ്ട്. എ.ഡി. 1052 ലാണ് പാലാ വലിയപള്ളിയുടെ ആദിരൂപമുണ്ടായതെന്നാണു ചരിത്രം. മീനച്ചില്‍ പ്രദേശത്ത് അന്ന് അഞ്ചേ അഞ്ചു ക്രിസ്ത്യന്‍കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂവത്രേ. അവര്‍ ഞായറാഴ്ചകളില്‍ ആരാധനയ്ക്കു പോയിരുന്നത് ദീര്‍ഘദൂരം നടന്ന് കുറവിലങ്ങാട്ടും അരുവിത്തുറയിലുമാണെന്ന്  അന്നത്തെ ഭരണാധികാരിയായിരുന്ന മീനച്ചില്‍ കര്‍ത്താവിനോടു പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വസ്തമന്ത്രിയായിരുന്ന മീനച്ചില്‍ കൈമള്‍ ആയിരുന്നത്രേ. കൈമളിന്റെ കഥയില്‍ കര്‍ത്താവിന്റെ മനസ്സലിഞ്ഞുവെന്നു ചരിത്രം. തന്റെ ക്രിസ്ത്യന്‍പ്രജകള്‍ക്ക് അവര്‍ താമസിക്കുന്നതിനടുത്തുതന്നെ ആറേക്കറോളം സര്‍ക്കാര്‍ ഭൂമി ഒരു ആരാധനാലയം സ്ഥാപിക്കാന്‍ സൗജന്യമായി വിട്ടുകൊടുത്തുകൊണ്ടാണ് മീനച്ചില്‍ കര്‍ത്താവ് തന്റെ പ്രജാവാത്സല്യവും രാജനീതിയുടെ പാഠവും സാക്ഷ്യപ്പെടുത്തിയത്. പള്ളി പണിയാന്‍ സ്ഥലം മാത്രം പോരല്ലോ എന്നുണര്‍ത്തിച്ച് പ്രായോഗികബുദ്ധി കാണിച്ച ക്രിസ്ത്യന്‍പ്രജകളില്‍ പ്രസാദിച്ച അന്നത്തെ ഹിന്ദുഭരണാധികാരി ദാനം നല്‍കിയ സ്ഥലത്തെ തേക്കുതടികളുള്‍പ്പെടെ ഏതുമരവും പള്ളിപണിക്ക് എടുത്തുപയോഗിക്കാനുള്ള അവകാശവുംകൂടി അനുവദിച്ചുനല്‍കിയെന്നാണ് ഐതിഹ്യം. ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുന്നതിന് ആയിരത്തിയൊരുന്നൂറു വര്‍ഷംമുമ്പാണ് മീനച്ചില്‍ കര്‍ത്താവ് ഭാരതത്തിന്റെ മതമൈത്രി പാരമ്പര്യത്തിന്റെ സാക്ഷ്യവും സംരക്ഷകനുമായത്. പില്‍ക്കാലത്ത് കുറവിലങ്ങാടുപള്ളിവക മുത്തുക്കുടകള്‍ ഏറ്റുമാനൂരമ്പലത്തിലെ ഉത്സവത്തിനു കൊടുത്തയച്ചിരുന്നതും കുറവിലങ്ങാട്ടു പള്ളിയിലെ മൂന്നുനോമ്പു തിരുനാളിന് ഏറ്റുമാനൂര്‍ ക്ഷേത്രംവക ആനകളെ പ്രദക്ഷിണത്തിന് അകമ്പടി അയച്ചിരുന്നതും ഇന്നു പലര്‍ക്കും അവിശ്വസനീയമായിത്തോന്നാം. എന്നാല്‍, ഇതെല്ലാം ചരിത്രം രേഖപ്പെടുത്തുന്ന പതിവുകളും പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളുമായിരുന്നുവെന്നതു സത്യവും.
    പാലായ്ക്കു മതമൈത്രിയുടെ പൈതൃകം മാത്രമല്ല സ്വന്തമായിട്ടുള്ളത്. കൃഷിയുടെ, കച്ചവടത്തിന്റെ, കലകളുടെ,  സാഹിത്യത്തിന്റെ, യാത്രാസാഹസങ്ങളുടെ, രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ, നേതൃനൈപുണ്യത്തിന്റെ, ദേശീയപ്രതിബദ്ധതയുടെ, വിദ്യാഭ്യാസത്തിന്റെ ആതുരസേവനത്തിന്റെ ബാങ്കിങ്ങിന്റെ, ഭരണസാമര്‍ഥ്യമികവിന്റെ എല്ലാം-പുതിയ ഒരു പ്രയോഗം കടമെടുത്താല്‍ - 'പേറ്റന്റ്' ഉണ്ടായിരുന്നുവെന്നു ചുരുക്കം. ആത്മീയതയില്‍ മാത്രമല്ല, ചലച്ചിത്രമേഖലയില്‍പ്പോലും പാലായ്ക്ക് പണ്ടും ഇന്നും ഒരുപോലെ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ജൂബിലിവേളയില്‍ നമ്മുടെ അഭിമാനമുണര്‍ത്തുന്ന കേവലസത്യങ്ങളാണ്.
നസ്രാണിസഭയുടെ ചരിത്രത്തിലെ ഒരു നിര്‍ണായകസന്ദര്‍ഭമായിരുന്ന ഉദയംപേരൂര്‍ സൂനഹദോസിലും പാലാ വലിയ പള്ളിയെ പ്രതിനിധീകരിച്ചു വൈദികരും 'ഇണങ്ങരും' (അല്മായപ്രതിനിധികള്‍) സംബന്ധിച്ചിരുന്നുവെന്നതിനും രേഖകളുണ്ടല്ലോ.
മാര്‍ത്തോമ്മന്‍പാരമ്പര്യത്തിലുള്ള സുറിയാനിവിശ്വാസിസമൂഹത്തിന്റെമേല്‍ അന്യായമായ കടന്നുകയറ്റത്തിനു വിദേശമിഷണറിമാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരേ റോമില്‍ച്ചെന്ന് പരിശുദ്ധസിംഹാസനത്തിനു പരാതി കൊടുക്കാന്‍ ബിഷപ് കരിയാറ്റിയുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചപ്പോഴും  മാര്‍ കരിയാറ്റിയിലിന് സഹായമായി കൂടെപ്പോകാന്‍ ധൈര്യപ്പെട്ടത് പാറേമ്മാക്കല്‍ തോമ്മാക്കത്തനായിരുന്നല്ലോ. പാറേമ്മാക്കലച്ചന്റെ  യാത്രെച്ചലവിനായി ആയിരം വെള്ളിരൂപ ലഭ്യമാക്കിയത് പാലാ വലിയ പള്ളിയുടെ ഒരു വെള്ളിക്കുരിശ് വിറ്റിട്ടായിരുന്നുവെന്നും പറയപ്പെടുന്നു.
    പാറേമ്മാക്കലച്ചന്റെ പ്രാധാന്യത്തിന് മാറ്റുകൂട്ടിയത് പില്‍ക്കാലത്ത് അച്ചന്‍ ഇവിടത്തെ സുറിയാനിക്കാരുടെ ഭരണമേല്‍നോട്ടക്കാരനായി (ഗോവര്‍ണദോര്‍) വന്നുവെന്നതിനുമപ്പുറം അച്ചന്‍ തങ്ങളുടെ റോമായാത്രയുടെ വിശദമായ ഒരു ഡയറി എഴുതി സൂക്ഷിച്ചുവെന്നതാണ്. പില്‍ക്കാലത്ത്  പാറേമ്മാക്കലച്ചന്റെ 'വര്‍ത്തമാനപ്പുസ്തകം' മലയാളഭാഷയിലെ തന്നെ  ആദ്യത്തെ സഞ്ചാരസാഹിത്യഗ്രന്ഥമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
   ആദ്യമായി വഞ്ചിപ്പാട്ടെഴുതിയത് രാമപുരത്തു വാര്യരായിരുന്നെങ്കില്‍ മലയാളത്തിലെ ആദ്യത്തെ ഭാഷാവിജ്ഞാനകോശം  എഴുതിയത് പത്മശ്രീ മാത്യു എം. കുഴിവേലിയായിരുന്നല്ലോ. അദ്ദേഹം തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ  പബ്ലിക്കേഷന്‍ ഡയറക്ടറായി പോകുമ്പോഴാണ് അദ്ദേഹത്തിനു പകരമായി മാണിക്കുട്ടിയച്ചന്‍ (ഫാ. മാണി സെബാസ്റ്റ്യന്‍ വയലില്‍കളപ്പുര) പാലാ സെന്റ് തോമസ് ട്രെയിനിങ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാര്‍ ജെയിംസ് കാളാശേരിപ്പിതാവ് മാണിക്കുട്ടിയച്ചനെ പാലായില്‍ ആരംഭിക്കുവാനിരുന്ന പുതിയ കോളജിന്റെ നിര്‍മാണക്കമ്മിറ്റി പ്രസിഡന്റാക്കി നിയമിച്ചു. കോളജിന്റെ ആദ്യമന്ദിരത്തിന്റെ ഉദ്ഘാടനദിവസം  തന്നെയാണ് പാലാ രൂപത സ്ഥാപിച്ചുകൊണ്ടും ഫാ. സെബാസ്റ്റ്യന്‍ വയലിനെ പുതിയ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിച്ചുകൊണ്ടുമുള്ള പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായുടെ കല്പനയെത്തിയതും. ഇപ്പോള്‍ പാലാ രൂപത സ്ഥാപിതമായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.
    പറഞ്ഞുവന്നത് പാലായുടെ സാഹിത്യപൈതൃകത്തെപ്പറ്റിയാണ്. 'ശ്രീയേശുവിജയം' എഴുതിയ മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിളയും മഹാകവി പ്രവിത്താനം പി.എം. ദേവസ്യയും മഹാകവി പാലാ നാരായണന്‍ നായരും സിസ്റ്റര്‍ മേരി ബനീഞ്ഞയും മാത്രമല്ല, പില്‍ക്കാലത്ത് നോവല്‍-കഥാസാഹിത്യരംഗത്ത് അറിയപ്പെട്ട ലളിതാംബിക അന്തര്‍ജനവും വെട്ടൂര്‍ രാമന്‍നായരും ജെ.കെ.വി.യും  സക്കറിയയും ഏഴാച്ചേരി രാമചന്ദ്രനുമൊക്കെ സാഹിത്യത്തിലെ  പാലായുടെ പൊതുസ്വത്താണെന്നു പറയാം.
    രാഷ്ട്രീയത്തിലും പാലായുടെ പൈതൃകം തിളക്കമാര്‍ന്നതാണ്. തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന ജോണ്‍ ഉലഹന്നന്‍ വടക്കനാണ് മീനച്ചില്‍നിന്ന് ആദ്യമായി നിയമസഭാസാമാജികനായത്. പിന്നീട്, 1934 ല്‍ ആര്‍.വി. തോമസ് ശ്രീചിത്തിരനിയമസഭാകൗണ്‍സിലില്‍ അംഗമായി. (എം.എല്‍.സി.) സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് 1948 ല്‍ പാലായില്‍നിന്നും ആദ്യത്തെ എംഎല്‍എ യായ ആര്‍.വി. ഇന്ത്യന്‍ ഭരണഘടനാനിര്‍മാണസമിതിയിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1948 ല്‍ നിയമസഭാ സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. 1952 ല്‍ പൂഞ്ഞാര്‍ നിയമസഭാമണ്ഡലത്തില്‍നിന്നും എം.എല്‍.എ. യായ ഏ.ജെ. ജോണ്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയുമായി. പിന്നീട് മദ്രാസ് ഗവര്‍ണറുമായി. പ്രൊഫ. കെ.എം. ചാണ്ടി ഗുജറാത്തിലും മധ്യപ്രദേശിലും ഗവര്‍ണറായപ്പോള്‍ എം.എം. ജേക്കബ് മേഘാലയ ഗവര്‍ണറായി. മീനച്ചില്‍ പ്രദേശത്തുനിന്ന് ആദ്യം മന്ത്രിയായത് അഡ്വ. ടി.എ. തൊമ്മനാണ് (1964). ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയതിന്റെയും മന്ത്രിയായതിന്റെയും റിക്കോര്‍ഡ് ശ്രീ കെ.എം. മാണിക്കാണ്. പ്രൊഫ. എന്‍.എം. ജോസഫും മന്ത്രിയായിരുന്നു. മോന്‍സ് ജോസഫ് മന്ത്രിയായപ്പോള്‍ പി.സി. ജോര്‍ജ് കാബിനറ്റ് റാങ്കില്‍ നിയമസഭാ ചീഫ് വിപ്പായി.  ഇപ്പോള്‍ മന്ത്രിസഭയില്‍ ശ്രീ. റോഷി അഗസ്റ്റിനുമുണ്ടല്ലോ. 1960 ല്‍ മീനച്ചില്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് എംഎല്‍എ യായി ജയിച്ചാണ് പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയായത്. പാലായുടെ മണ്ണിന് ഒരു രാഷ്ട്രീയഭാഗ്യമുണ്ടെന്നുകൂടി സൂചിപ്പിച്ചുവെന്നു മാത്രം.
   വാണിജ്യരംഗത്ത് പാലാ സെന്‍ട്രല്‍ ബാങ്കിന്റെ ഉയര്‍ച്ച വേഗത്തിലായിരുന്നു. 1961 ല്‍ അതിന്റെ തകര്‍ച്ച തീരെ അപ്രതീക്ഷിതവും. ജോസഫ് ആഗസ്തി കയ്യാലയ്ക്കകവും സഹോദരന്മാരുമായിരുന്നു ബാങ്കിന്റെ ആദ്യകാലനായകര്‍. ജേക്കബ് ചെറിയാന്‍ മരുതുക്കുന്നേല്‍, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി, ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി തുടങ്ങിയവരും വെള്ളൂക്കുന്നേല്‍ സഹോദരന്മാരും ബാങ്കിന്റെ നേതൃനിരയിലുണ്ടായിരുന്നവരാണ്. ബാങ്കിന്റെ ലിക്വിഡേഷന്‍ ഇന്നും ഒരു സമസ്യയായി നില്‍ക്കുന്നു. ധനദുര്‍വിനിയോഗം ആരോപിക്കപ്പെട്ടെങ്കിലും ലിക്വിഡേറ്ററുടെ 12 വര്‍ഷത്തെ ചെലവു കഴിഞ്ഞു നിക്ഷേപകര്‍ക്ക് ഒരു രൂപയ്ക്ക് 98 പൈസ വച്ച് നിക്ഷേപങ്ങള്‍ തിരികെക്കൊടുത്തുവെന്നത് സത്യമാണെങ്കില്‍ ബാങ്ക് ലിക്വിഡേഷനുപിന്നില്‍ ചുരുളഴിയാത്ത രഹസ്യങ്ങള്‍ വേറെയുമുണ്ടായിരിക്കണം.
മീനച്ചില്‍ കര്‍ഷകന്റെ  സാമ്പത്തികഭദ്രതയുടെ താക്കോല്‍ ഏറെക്കാലം റബര്‍കൃഷിയോടു ചേര്‍ന്നാണ് ഇരുന്നിരുന്നത്. റബറിന്റെ വിലത്തകര്‍ച്ച മീനച്ചില്‍ കര്‍ഷകരുടെയും നടുവൊടിച്ചുവെന്നു സമ്മതിക്കാതെ വയ്യ. എന്നാല്‍, പ്രതിസന്ധികളെ അതിവര്‍ത്തിക്കാനുള്ള അസാമാന്യമായ കഴിവും ഇവിടത്തെ കര്‍ഷകര്‍ക്ക് അവര്‍ ചവിട്ടിനില്‍ക്കുന്ന മണ്ണില്‍നിന്നും ശ്വസിക്കുന്ന വായുവില്‍നിന്നും ലഭിക്കുന്നുണ്ടെന്നതാണ് മറുവശം.
   പാലാ രൂപതയുടെ കഴിഞ്ഞ 75 വര്‍ഷത്തെ വളര്‍ച്ചയും വികാസവും പരിശോധിച്ചാല്‍ നമ്മുടെ ആത്മീയസമ്പത്തും അറിവിന്റെ വികാസവും ആരെയും അദ്ഭുതപ്പെടുത്താതിരിക്കില്ല. പാലായുടെ ആത്മസ്ഥിതിനിലവാരം പരിശോധിച്ചാല്‍ ആര്‍ക്കും അദ്ഭുതം തോന്നും. സമൃദ്ധമായ ദൈവവിളികളാല്‍ അന്നും ഇന്നും  പാലാ സമ്പന്നമാണ്. സര്‍വഭൂഖണ്ഡങ്ങളിലും പാലായില്‍നിന്നുള്ള മിഷനറിസാന്നിധ്യമുണ്ട്. ഒരുപക്ഷേ കണക്കെടുത്താല്‍ ബിഷപ്പുമാരുടെ എണ്ണത്തിലും  വൈദികരുടെയും സന്ന്യസ്തരുടെയും സംഖ്യയിലും വിശ്വാസികളുടെ ബലത്തിലും പാലാതന്നെയാവണം മുന്‍നിരയില്‍. നമ്മുടെ പള്ളികളെല്ലാംതന്നെ സാമ്പത്തികമായി സ്വയംപര്യാപ്തമാണെന്നാണ് വയ്പ്. വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനുമൊക്കെ നമ്മുടെ ആത്മീയസാക്ഷ്യത്തിന്റെ അടയാളങ്ങളുമാണ്. ആരാധനാലയങ്ങള്‍ മാത്രമല്ല, നമ്മുടെ ആതുരാലയങ്ങളും വൃദ്ധമന്ദിരങ്ങളുമൊക്കെ ക്രൈസ്തവസാക്ഷ്യത്തിന്റെ അടയാളങ്ങളായി സങ്കല്പിക്കപ്പെട്ടിരിക്കുന്നവയാണ്. ഭൗതികമായ വളര്‍ച്ചകള്‍ക്കു സമാന്തരമായിത്തന്നെ ആത്മീയമായ ഒരു കണക്കെടുപ്പും എപ്പോഴും ആവശ്യമാണ്. ഒരുപക്ഷേ, 75 വര്‍ഷവും ഒരു ജൂബിലിയായിത്തന്നെ നമുക്കു പരിഗണിക്കാവുന്നതേയുള്ളൂ. ജൂബിലിസന്ദര്‍ഭങ്ങള്‍ ഒരു സ്വയം പരിശോധനയ്ക്കുള്ള സമയവുമാണ്. നമ്മുടെ സമര്‍പ്പണങ്ങളുടെ കാതല്‍ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കേണ്ട സമയവും കാലവും.
1950 വരെ നമ്മുടെ മാതൃരൂപതയായിരുന്ന ചങ്ങനാശേരിയില്‍നിന്നും അന്നത്തെ ബിഷപ് മാര്‍ കാളാശേരിയില്‍നിന്നും  നമുക്കു ലഭിച്ച ധീരമായ നേതൃത്വത്തിന്റെ അനുഗ്രഹം  ചരിത്രത്തിന്റെതന്നെ ഭാഗമാണല്ലോ. തനിക്കിഷ്ടപ്പെടാതെ വന്ന ഇടയലേഖനം പിന്‍വലിക്കണമെന്നു മെത്രാനോടു കല്പിച്ച സര്‍ സി.പി. യോട് ''ഞാന്‍ എഴുതിയത് എഴുതി'' എന്നു മറ്റൊരു ഇടയലേഖനത്തിലൂടെ ധൈര്യമായി മറുപടി കൊടുത്ത മാര്‍ ജെയിംസ് കാളാശേരി ഏതു പ്രതിസന്ധികാലത്തും നമുക്ക് ആത്മധൈര്യം പകരുന്ന പ്രചോദനമാണ്.
നാമെല്ലാം വലിയപിതാവെന്നു മാത്രം പറയുന്ന നമ്മുടെ പ്രഥമബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സമാനതകളില്ലാത്ത ആത്മീയാചാര്യനായിരുന്നു. എല്ലാ അര്‍ഥത്തിലും ഭാഗ്യസ്മരണാര്‍ഹന്‍. തന്റെ ശുശ്രൂഷാകാലത്ത് എത്ര പള്ളികള്‍, എത്ര കോളജുകള്‍, എത്ര സ്‌കൂളുകള്‍, സാങ്കേതികസ്ഥാപനങ്ങള്‍, ദീപനാളം പോലുള്ള പ്രസിദ്ധീകരണങ്ങള്‍, സെന്റ് തോമസ് പ്രസ്... പിതാവു സ്ഥാപിച്ച സംരംഭങ്ങളുടെ കണക്കെടുത്താല്‍ ആരും അദ്ഭുതപ്പെട്ടുപോകും. ചെറിയ മനുഷ്യനായ തന്നെക്കൊണ്ട് വലിയ കാര്യങ്ങളാണ് ദൈവം ചെയ്യിച്ചതെന്ന് അവസാനഇടയലേഖനത്തില്‍ നിരുദ്ധകണ്ഠനായ വയലില്‍പ്പിതാവ് തൊട്ടതെല്ലാം പൊന്നാക്കി എന്നതായിരുന്നു നമ്മുടെ അനുഭവം.
അനുയോജ്യനായ പിന്‍ഗാമിയെ ഏല്പിച്ചാണ് പിതാവ് പടിയിങ്ങിയത്. 9 വര്‍ഷം സഹായമെത്രാനും 21 വര്‍ഷം ബിഷപ്പുമായി പാലാ രൂപതയുടെ വളര്‍ച്ചയുടെ വ്യാസവും വ്യാപ്തിയും വര്‍ധിപ്പിച്ച മാര്‍ പള്ളിക്കാപറമ്പില്‍ പിതാവ് 99 ന്റെ നിറവിലും നമുക്കിടയില്‍ ഇന്നും പ്രസന്നമധുരമായ സാന്നിധ്യമാണ്. ആരെയും നിരായുധമാക്കുന്ന ചിരികൊണ്ട് തന്റെ കാലത്തെ സ്വന്തം ചൊല്പടിയില്‍ നിര്‍ത്തിയ കേരളത്തിലെ വൈദികമേലധ്യക്ഷനാരെന്ന ചോദ്യത്തിനു പിതാവിനെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഒരേയൊരു ഉത്തരമേ ഉണ്ടാകൂ. - മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍.
നാടറിയുന്ന പേരാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അറിവിന്റെയും പാണ്ഡിത്യത്തിന്റെയും മറുപേര്. ഇതിനകം എത്ര പുസ്തകങ്ങളെഴുതിയെന്നുള്ളതിനോ എത്ര പ്രസംഗങ്ങള്‍ പറഞ്ഞുവെന്നതിനോ പിതാവിനുപോലും കണക്കു കാണുകയില്ല. പ്രൈമറി സ്‌കൂളിലാകട്ടെ, സര്‍വകലാലകളിലാകട്ടെ തയ്യാറെടുക്കാതെ പ്രസംഗമില്ല. ആശയങ്ങളുടെ ആഴത്തിന് അകമ്പടി നില്ക്കുന്നത് പ്രസംഗങ്ങളുടെ ശ്രുതി-ലയഭംഗിയാണ്. വായനയ്ക്കും എഴുത്തിനും മടുപ്പില്ല. ആളുകളെ ഒറ്റനോട്ടത്തില്‍ അളന്നുതൂക്കാനുള്ള അപാരമായ ഒരു സിദ്ധിയും കല്ലറങ്ങാട്ടുപിതാവിനു സ്വന്തം. കുര്‍ബാന ചൊല്ലുന്നതില്‍ - മലയാളമാകട്ടെ, സുറിയാനിയാകട്ടെ - ആത്മീയതയുടെ പ്രൗഢമായ ഒരു ചൈതന്യമുണ്ട്. പിതാവിന് വ്യക്തിതാത്പര്യങ്ങളൊന്നുമില്ല. സഭയില്‍ത്തന്നെ മേല്പട്ടപദവികളിലേക്കു പേരു വന്നപ്പോഴും അതിനോടു മുഖംതിരിഞ്ഞുനില്ക്കാന്‍ പിതാവിന് ഒട്ടും സമയം വേണ്ടിവന്നില്ലത്രേ. പ്രസംഗങ്ങളില്‍ നര്‍മത്തേക്കാള്‍ ഗൗരവമാണെങ്കിലും പിതാവിന് നര്‍മം നന്നായി ആസ്വദിക്കാനറിയാം. ഇന്നു കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രഭാഷകരുടെ മുന്‍നിരയിലാണ് എപ്പോഴും മാര്‍ കല്ലറങ്ങാട്ടിന്റെ കസേര. പിതാവും പാലാ രൂപതയും തമ്മിലുള്ളത് ആത്മീയബന്ധം മാത്രമല്ല, ആഴമായ ആത്മബന്ധംകൂടിയാണ്.
സഹായമെത്രാനായി വന്ന് സര്‍വതും ഉപേക്ഷിച്ച് സന്ന്യാസത്തിലേക്കു തിരിഞ്ഞ മാര്‍ ജേക്കബ് മുരിക്കന്‍പിതാവും പാലാ രൂപതയുടെ ചരിത്രത്തിലും വിശ്വാസികളുടെ മനസ്സിലും സ്ഥാനമുറപ്പിച്ച ഇടയനായിരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലും ജീവിതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ ആത്മീയാചാര്യനായിരുന്നു മുരിക്കന്‍പിതാവ്. പാലായിലെ പ്രതാപങ്ങളൊക്കെ ഉപേക്ഷിച്ച് പീരുമേട്ടിലെ നല്ലതണ്ണിയില്‍ ഒറ്റമുറി ആശ്രമത്തില്‍ പ്രാര്‍ഥനയിലും ഉപവാസത്തിലും ആത്മീയസായുജ്യം തേടിയ മുരിക്കന്‍പിതാവും പാലാ രൂപതയുടെ ചരിത്രവഴിയിലെ തിളക്കമാര്‍ന്ന ഒരു ആത്മീയനക്ഷത്രം തന്നെ.
   തിരിഞ്ഞുനോക്കുമ്പോള്‍ പാലാ രൂപതയിലെ വിശ്വാസികള്‍ക്കു ദൈവത്തോടു പരാതി പറയാന്‍ ഒരു കാരണവുമില്ല. സ്വര്‍ഗത്തിലിരിക്കുന്ന വയലില്‍പ്പിതാവിനെ മനസ്സില്‍ കണ്ടും ഇന്നും നമുക്കൊപ്പമുള്ള പിതാക്കന്മാരെ പ്രാര്‍ഥനയില്‍ ഓര്‍മിച്ചും നമുക്കായി അവരെ നിയോഗിച്ച ദൈവം തമ്പുരാനു നിറമനസ്സോടെ നന്ദി പറഞ്ഞും നമുക്കും പറയാം: ദൈവത്തിനു സ്തുതി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)