•  Published From Palai
  •  Contact Us
  •  Previous Issues
  •  14 Aug 2025
  •  ദീപം 58
  •  നാളം 23
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • സാഹിത്യവിചാരം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
    • ആരോഗ്യവീഥി
    • കടലറിവുകള്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

സഭയും രാഷ്ട്രവും ആദരിച്ച സഹനപുത്രി

  • മോണ്‍. ഡോ. ജോസഫ് തടത്തില്‍
  • 24 July , 2025
  • ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
      അന്നക്കുട്ടിക്ക് അഥവാ വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് ഈ ലോകജീവിതകാലത്തു ലഭിച്ച സന്തതസഹചാരിയുടെ പേര് സഹനം എന്നാണ്. അന്നക്കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കെ അവളുടെ മാതാവായ മറിയത്തിന്റെ ശരീരത്തിലൂടെ ചേരപ്പാമ്പ് കയറിയതുമൂലം ആ അമ്മ ഭയാക്രാന്തയായി ഞെട്ടിവിറച്ചു നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്തു. അതിന്റെ മൂന്നാംദിവസം, സമയമാകുംമുമ്പേ അന്നക്കുട്ടി ജനിച്ചു. അവളുടെ പ്രിയപ്പെട്ട അമ്മ അവള്‍ ജനിച്ച് മൂന്നുമാസങ്ങള്‍ക്കുശേഷം ഈ ലോകത്തോടു വിടവാങ്ങി. രോഗവും വ്യഥകളും കളിക്കൂട്ടുകാരായുണ്ടായിരുന്ന ശൈശവവും, ദൈവത്തിന്റെ സ്വന്തമാകുവാനുള്ള അദമ്യമായ ആഗ്രഹത്താല്‍ നയിക്കപ്പെട്ട കൗമാരവും യൗവനവുമാണ് അവള്‍ക്കുണ്ടായിരുന്നത്. പ്രായത്തിനതീതമായ സമ്മര്‍ദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് അവള്‍ക്ക് ഈശോയുടെ പ്രിയ മണവാട്ടിയാകാന്‍ സാഹചര്യമൊരുങ്ങിയത്. 'ദൈവം നല്‍കുന്ന സന്തോഷമനുഭവിക്കാനും ആ സന്തോഷം മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുവാനും, അവള്‍ അതിയായി ആഗ്രഹിച്ചു. സന്ന്യാസഭവനത്തിലെത്തിയശേഷവും വിവാഹജീവിതത്തിലേക്ക് ആനയിക്കപ്പെടാന്‍ ബാഹ്യസമ്മര്‍ദങ്ങളേറെയുണ്ടായത് അവളില്‍ സഹനത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. 
   സിസ്റ്റര്‍ അല്‍ഫോന്‍സായെ അറിയാവുന്നവരില്‍ വിരലിലെണ്ണാവുന്നവരൊഴികെ മറ്റാര്‍ക്കും അവളിലെ ദൈവികതയെ തിരിച്ചറിയാനായില്ല. ഈ ലോകത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നവര്‍ക്ക് യാഥാര്‍ഥ്യം എപ്പോഴും തിരിച്ചറിയാനാവില്ല എന്ന സത്യത്തിന് അടിവരയിടുന്നതാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം. അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ ഇന്ന് ഈ തിരിച്ചറിവ് നേടിയെടുത്തവരാണ് നാനാജാതിമതസ്ഥരായ ലക്ഷക്കണക്കിനാളുകള്‍. അല്‍ഫോന്‍സാമ്മയുടെ ഈ ലോകജീവിതകാലത്ത് ചുറ്റുമുള്ളവര്‍ക്ക് ഈ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ ആ യുവകന്യകയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഏതാനും ഡസനുകളില്‍ ഒതുങ്ങുമായിരുന്നില്ല. .
അത് ആയിരങ്ങളില്‍നിന്നു പതിനായിരങ്ങളിലേക്ക് വര്‍ധമാനമാകുമായിരുന്നുവെന്ന് ഉറപ്പ്. 
   അല്‍ഫോന്‍സാമ്മ സഹനപുത്രിയോ സഹനപുഷ്പമോ ആകുന്നത് കുറെയേറെ സഹിച്ചതുകൊണ്ടല്ല; മറിച്ച്, സഹനത്തെ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ വിശുദ്ധീകരിക്കാനും പക്വതപ്പെടുത്താനും ഉപകരിക്കുന്ന സാധാരണക്കാരുടെ വഴിയായിട്ടാണ് അവള്‍ കണ്ടിരുന്നത്. അതിനാല്‍ത്തന്നെ അല്പം സഹനംപോലും അവള്‍ നഷ്ടപ്പെടുത്തിയിരുന്നില്ല. സഹനത്തിന്റെ മൂല്യം കണ്ടെത്തിയിരുന്ന അവള്‍ സഹിക്കുവാനില്ലാത്ത ദിവസത്തെ നഷ്ടപ്പെട്ട ദിനമായി കണക്കാക്കിയിരുന്നു. മറ്റുള്ളവരെപ്പോലെ നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം സഹിച്ചവളല്ല വിശുദ്ധ അല്‍ഫോന്‍സാമ്മ. സഹനത്തിന്റെയും അപമാനത്തിന്റെയും നിന്ദനത്തിന്റെയും വേദനകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ഏറ്റുവാങ്ങിക്കൊണ്ട് മരണത്തിന്‍മേല്‍ത്തന്നെ വിജയം നേടിയവന്റെ മണവാട്ടിയാകാനാണ് അവള്‍ ആഗ്രഹിച്ചത്. ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന വ്യക്തിക്ക് ആ സ്‌നേഹത്തിനുവേണ്ടി ഏതു സഹനവും നഷ്ടവും ഏറ്റെടുക്കുന്നതില്‍ യാതൊരുവിധ നഷ്ടബോധവും തോന്നുകയില്ല. ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'When a person is conquered by the fire of His gaze, no sacrifice is seems to be too great to follow Him...'
   ദൈവം തന്റെ നോട്ടത്തിന്റെ തീക്ഷ്ണതകൊണ്ട് തന്നിലേക്കടുപ്പിച്ച വ്യക്തിക്ക് അവിടുത്തെ അനുഗമിക്കുവാന്‍ വേണ്ടി വരുന്ന ഒരു ത്യാഗവും ബുദ്ധിമുട്ടുളവാക്കുന്നില്ല. ത്യാഗവും സഹനവും വഴി ദൈവത്തെ സ്വന്തമാക്കിയവളാണ് അഥവാ ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്നവളാണ് വിശുദ്ധ അല്‍ഫോന്‍സാ.
   വിരലിലെണ്ണാവുന്ന ചില വ്യക്തികള്‍ക്കൊഴികെ മറ്റാര്‍ക്കും ജീവിതകാലത്ത് അല്‍ഫോന്‍സാമ്മയെ തിരിച്ചറിയാനാവാതിരുന്നതുപോലെതന്നെ അവളുടെ മരണശേഷവും ആദ്യ ആഴ്ചകളില്‍ ഈ അവസ്ഥയ്ക്കു വ്യത്യാസമുണ്ടായില്ല. എന്നാല്‍, മരണശേഷം അവളെ തിരിച്ചറിയുവാന്‍ ആദ്യം സാധിച്ചത് സ്‌കൂള്‍കുട്ടികള്‍ക്കാണ്. അവളുടെ കബറിടത്തിലെത്തി തിരികള്‍ കത്തിച്ച് ആദ്യം പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചത് കുട്ടികളാണല്ലോ. അവരെ ആ ഉദ്യമത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിച്ച മാതാപിതാക്കളും മുതിര്‍ന്നവരും രണ്ടുമൂന്നു മാസങ്ങള്‍ക്കുശേഷം അല്‍ഫോന്‍സാകബറിടത്തിലെ നിത്യസന്ദര്‍ശകരായി എന്നതു ചരിത്രസത്യം. ആ രണ്ടുമൂന്നു മാസങ്ങള്‍കൊണ്ട് സിസ്റ്റര്‍ അല്‍ഫോന്‍സാ പൊതുവിടങ്ങളില്‍ സംസാരവിഷയമായി. മരണത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം നിശ്ശബ്ദത ഭഞ്ജിക്കപ്പെട്ട് അല്‍ഫോന്‍സാ പൊടുന്നനെ പൊതുജനസംസാരവിഷയമാവുകയും അവളുടെ കബറിടം തീര്‍ഥാടകരുടെ ലക്ഷ്യസ്ഥാനമാവുകയും ചെയ്തുവെങ്കില്‍ മരണശേഷം ദൈവം അവളിലൂടെ പ്രത്യേകമാംവിധം  പ്രവര്‍ത്തിക്കുന്നുവെന്നതിനു വേറെ തെളിവെന്തിന്?
   പൊതുവിടങ്ങളില്‍ അല്‍ഫോന്‍സാ സംസാരവിഷയമാവുകയും അവളുടെ കബറിടത്തിങ്കലേക്ക് ജനപ്രവാഹം ആരംഭിക്കുകയും ചെയ്തത് സഭയുടെയും രാഷ്ട്രത്തിന്റെയും പലതവണയായുള്ള ആദരവിന് അവളെ അര്‍ഹയാക്കി. 1946 ജൂലൈ 28 ന് മരിച്ച സിസ്റ്റര്‍ അല്‍ഫോസാന്‍സായുടെ ജീവചരിത്രമെഴുതുവാന്‍ 1947 ജനുവരി ആദ്യവാരത്തില്‍ത്തന്നെ ചങ്ങാശ്ശേരി രൂപതയുടെ അധ്യക്ഷനായിരുന്ന മാര്‍ ജെയിംസ് കാളാശ്ശേരി പിതാവ് ക്രമീകരണം ചെയ്തു. 
    അതിനു നിയോഗിക്കപ്പെട്ടതാകട്ടെ, അല്‍ഫോന്‍സായുടെ ഹൃദയവിശുദ്ധി അടുത്തറിഞ്ഞ, 1943 മുതല്‍ അവളുടെ ആത്മനിയന്താവായിരുന്ന, അവളുടെ മൃതസംസ്‌കാരവേളയില്‍ പ്രവചനാത്മകമായ ചരമപ്രസംഗം നടത്തിയ ഫാ. റോമുളൂസ് സി.എം.ഐ. ആയിരുന്നു. 1950 ല്‍ പാലാ രൂപത നിലവില്‍ വരികയും പാലാ രൂപതയുടെ പ്രഥമാധ്യക്ഷനായി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അഭിഷിക്തനാവുകയും ചെയ്തതോടെ നാമകരണനടപടികളിലേക്കുള്ള പ്രയാണം ദ്രുതഗതിയിലായി. അല്‍ഫോന്‍സായുടെ നാമകരണത്തിനുള്ള ആഗ്രഹം പലരില്‍നിന്നായി മനസ്സിലാക്കിയ അഭിവന്ദ്യ വയലില്‍പിതാവ് അതിനുവേണ്ടുന്ന കാര്യങ്ങള്‍ ക്രമീകരിച്ചു. പൗരസ്ത്യസഭകളുടെ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന എവുജിന്‍ കാര്‍ഡിനല്‍ ടിസറാങ്ങാണ്  നാമകരണനടപടികള്‍ക്കുള്ള പ്രഥമ രൂപതാക്കോടതി 1953 ഡിസംബര്‍ 2 ന് ഉദ്ഘാടനം ചെയ്തത്. പാലാ രൂപതയുടെ ദ്വിതീയമെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മേലധ്യക്ഷശുശ്രൂഷാകാലത്താണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ കോട്ടയത്തെത്തി 1986 ഫെബ്രുവരി 8 ന് അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. പാലാ രൂപതയ്ക്ക് ഇപ്പോള്‍ മികവാര്‍ന്ന നേതൃത്വം നല്‍കുന്ന രൂപതയുടെ തൃതീയമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തില്‍ത്തന്നെ 2008 ഒക്‌ടോബര്‍ 12 ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ റോമില്‍വച്ച് അല്‍ഫോന്‍സാമ്മയെ ഇന്ത്യയില്‍നിന്നുള്ള ആദ്യവിശുദ്ധയായി പ്രഖ്യാപിച്ചു.
    വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യ ഏതദ്ദേശീയ വ്യക്തിയായ അല്‍ഫോന്‍സാമ്മയെ ആദരിക്കാന്‍ രാജ്യം എന്നും മുന്‍പന്തിയിലുണ്ട്. വിശുദ്ധപദവിപ്രഖ്യാപനത്തിനുമുമ്പുതന്നെ, 1996 ജൂലൈ 19 ന് ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ ചരമസുവര്‍ണജൂബിലി പോസ്റ്റല്‍സ്റ്റാമ്പ് മുന്‍ കേന്ദ്രമന്ത്രി ശ്രീ കെ. കരുണാകരന്‍ പ്രകാശനം ചെയ്തു. വിശുദ്ധപദവിപ്രഖ്യാപന സ്മാരകസ്റ്റാമ്പ് 2008 നവംബര്‍ 16 ന് ഡല്‍ഹിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. കേന്ദ്രധനകാര്യമന്ത്രിയും പിന്നീട് ഇന്ത്യന്‍ പ്രസിഡന്റുമായ ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജി ഭരണങ്ങാനത്തെത്തി അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിസ്മാരകമായി 5 രൂപയുടെ വിനിമയനാണയവും 100 രൂപയുടെ സ്മാരകനാണയവും 2009 ഓഗസ്റ്റ് 23 ന് പുറത്തിറക്കിയത് വിശുദ്ധ അല്‍ഫോന്‍സായ്ക്കുള്ള രാഷ്ട്രത്തിന്റെ വലിയ അംഗീകാരമായി.
     2008 ഒക്‌ടോബര്‍ 12 നു നടന്ന വിശുദ്ധപദവിപ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ 12 അംഗപ്രതിനിധിസംഘത്തെ വത്തിക്കാനിലേക്കയച്ച് രാജ്യം വിശുദ്ധ അല്‍ഫോന്‍സായെ അംഗീകരിച്ചു. നവംബര്‍ 9 ന് ഭരണങ്ങാനത്തു നടത്തിയ നാമകരണത്തിന്റെ ഇന്ത്യയിലെ ആഘോഷം ഉദ്ഘാടനം ചെയ്ത് ഇന്ത്യയുടെ മുന്‍പ്രസിഡന്റും ജനകീയനും ലോകാരാധ്യ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍കലാം ആയിരുന്നു. അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയായിരുന്നു. ജന്മശതാബ്ദിയുടെ സമാപനസമ്മേളനം ഭരണങ്ങാനത്തുതന്നെ ഉദ്ഘാടനം ചെയ്യാനെത്തിയത് ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവീസിങ് പാട്ടീലാണ്. രാജ്യത്തിന്റെ പ്രഥമവനിത രാജ്യത്തിന്റെ പ്രഥമവിശുദ്ധയെ അവളുടെ കബറിടത്തിലെത്തി ആദരിച്ചത് വലിയൊരു ചരിത്രനിമിഷമായി.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)