പാലാ: സമൂഹത്തിലെ വേര്‍തിരിവുകളുടെ ഭിത്തികള്‍ തകര്‍ത്ത് ഒരുമയുടെ പാലം പണിയാന്‍ സിവില്‍സര്‍വീസിലുള്ളവര്‍ നേതൃത്വം നല്‍കണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിജയദിനാഘോഷവും ബി.എ. പബ്ലിക് അഡ്മിനിഷ്‌ട്രേഷന്‍ ആന്‍ഡ് സിവില്‍ സര്‍വീസ് കോച്ചിങ് ഇന്റഗ്രേറ്റഡ് കോഴ്‌സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹവും വേദനയനുഭവിക്കുന്ന ജനങ്ങളുടെ പക്ഷത്തായിരിക്കാനുള്ള മനസ്സുമാണ് സിവില്‍ സര്‍വീസിന്റെ മികവ് നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മതമൈത്രിയുടെ നാടാണ് പാലാ എന്നും ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സകലവിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണു സ്ഥാപിതമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു. മാണി സി. കാപ്പന്‍ എം.എല്‍.എ. കെ. ജെ. മാത്യു ഐ.എ.എസ്. അനുസ്മരണപ്രഭാഷണം നടത്തി. കെ.ജെ.മാത്യു മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ കേരള ടോപ്പര്‍ ആല്‍ഫ്രഡ് തോമസിന് (റാങ്ക്-33) മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. മറ്റു വിജയികളെയും യോഗം ആദരിച്ചു. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഐ.പി.എസ്., ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി. വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ജുബിന്‍ ജെയിംസ് എന്നിവരും വിജയികളായ വിദ്യാര്‍ഥികളും സംസാരിച്ചു.