തോട്ടിറമ്പിലുള്ള ഷീറ്റിട്ട വീടിന്റെ അടുക്കളവശത്തെ കടവിന്റെ ഇളകിത്തുടങ്ങിയ കല്‍പടവില്‍ ആ നാലാം ക്ലാസ്സുകാരന്‍ ഇരുന്നു. ശവദാഹച്ചടങ്ങു കഴിഞ്ഞ് ഉമ്മറത്തും മുറ്റത്തുമൊക്കെയായി ഉണ്ടായിരുന്ന അധികമാരും അവനെ ശ്രദ്ധിച്ചില്ല. കൈയില്‍ പാതി വീര്‍ത്ത ഒരു നീല ബലൂണ്‍. അതിനുള്ളില്‍ ശേഷിക്കുന്ന വായു പുറത്തുപോകാതിരിക്കാന്‍ തന്റെ കുഞ്ഞുവിരലുകള്‍കൊണ്ട് നൂല്‍ക്കെട്ട് അവന്‍ ചേര്‍ത്തുപിടിച്ചിരുന്നു. കണ്ണീരുണങ്ങാത്ത കഴിഞ്ഞ രണ്ടു ദിവസത്തെ കരച്ചിലിനും നിലവിളികള്‍ക്കുമിടയിലും തന്റെ പുസ്തകങ്ങള്‍ വച്ചിരിക്കുന്ന കൊച്ചലമാരയ്ക്കുള്ളില്‍ വായുനിറഞ്ഞ ആ ബലൂണ്‍ പൊട്ടിപ്പോകാതെ അവന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അച്ഛന്റെ അവസാനശ്വാസം നിറഞ്ഞ ആ നീലബലൂണ്‍!
തലേന്ന് തന്റെ പത്താം പിറന്നാളില്‍ അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന സമ്മാനങ്ങളില്‍ ഒരുകൂട് ബലൂണൂകളും ഉണ്ടായിരുന്നു. പല നിറങ്ങളിലുള്ള പത്തു ബലൂണുകള്‍. കുഞ്ഞുന്നാളുമുതല്‍ തനിക്ക് ബലൂണുകള്‍ ഒത്തിരി ഇഷ്ടമാണെന്ന് അച്ഛനറിയാമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ അച്ഛന്റെ തോളിലിരുന്നു കരഞ്ഞതു കൂടുതലും നീലബലൂണുകള്‍ക്കുവേണ്ടിയായിരുന്നു.
പിന്നീട,് തന്റെ എല്ലാ പിറന്നാളിലും ബലൂണുകള്‍ വാങ്ങിക്കൊണ്ടുവന്ന് സ്വയം ഊതിവീര്‍പ്പിച്ചു തനിക്കു സമ്മാനിക്കുകയെന്നത് അച്ഛന്റെ പതിവായി. ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല.
പത്തു ബലൂണുകളില്‍ ഓരോന്നും അച്ഛന്‍തന്നെ ഊതിവീര്‍പ്പിച്ച് നൂലുകൊണ്ടു കെട്ടിത്തുടങ്ങിയപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്!
''തന്നെ ചെയ്യേണ്ടാ, ഞങ്ങളും കൂടാം'', സഹായിക്കാന്‍ അമ്മ അടുത്തുചെന്നു.
''വേണ്ടെടീ, മോനുവേണ്ടിയുള്ള ഈ പത്തു ബലൂണുകളിലും എന്റെ ശ്വാസംതന്നെ നിറയണം. എന്റെ പ്രാണനാ അവനു ഞാന്‍ കൊടുക്കുന്നത്.''
അങ്ങനെ ആ പത്തു ബലൂണുകളും വീര്‍പ്പിച്ച് നൂലുകൊണ്ടു കെട്ടി അച്ഛനും അമ്മയും കുഞ്ഞനിയത്തിയും ചേര്‍ന്ന് തനിക്കു സമ്മാനമായി തന്നു. അച്ഛന്റെ ചുടുശ്വാസം നിറഞ്ഞ ബലൂണുകളുടെ ചരടുകള്‍ കൂട്ടിപ്പിടിച്ച് എല്ലാം മറന്നുനിന്ന തന്റെ കവിളുകളില്‍ അവര്‍ മൂവരും മാറിമാറി ഉമ്മ വച്ചു.
പെട്ടെന്നാണതു സംഭവിച്ചത്. അടുത്തുണ്ടായിരുന്ന കട്ടിലിലേക്ക് അച്ഛന്‍ കുഴഞ്ഞുവീണു.
''ഇത്തിരി വെള്ളം...'' അതായിരുന്നു അവസാനവാക്ക്.
അമ്മയും കുഞ്ഞനിയത്തിയും താനും നിലവിളിച്ചുകരഞ്ഞു. വെള്ളപ്പാത്രം അമ്മ ചുണ്ടോടടുപ്പിച്ചു. കഷ്ടിച്ച് ഒരുകവിള്‍ വെള്ളമിറക്കി അച്ഛന്‍ അന്ത്യദാഹം കെടുത്തി.
''അച്ഛാ...അച്ഛാ... കണ്ണുതുറക്കച്ഛാ...'' താന്‍ അലറിക്കരഞ്ഞു. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. വാര്‍ത്തയറിഞ്ഞ് ബന്ധുക്കളും കൂട്ടരുമായി കൂടുതലാളുകള്‍ വന്നുകൊണ്ടേയിരുന്നു.
ഒപ്പം, വീട്ടുമുറ്റത്ത് ചെറിയൊരു പടുതാപ്പന്തലും ഉയര്‍ന്നു,
മകനു പിറന്നാള്‍മധുരം പകര്‍ന്നിട്ടു മരിച്ചവനുവേണ്ടി...!
ഇന്ന് ഈ അന്തിയില്‍ അമ്മയും താനും കുഞ്ഞനിയത്തിയും മാത്രമാവുകയാണ്.
അച്ഛന്‍ ഊതിവീര്‍പ്പിച്ച ബലൂണുകളില്‍ ഈ നീലയൊരെണ്ണമൊഴികെ ബാക്കിയെല്ലാം എപ്പോഴൊക്കെയോ പൊട്ടിപ്പോയി. അച്ഛന്റെ ഇത്തിരി ശ്വാസം അവശേഷിക്കുന്നത് ഇതില്‍ മാത്രമാണ്. അതു പോകാന്‍ പാടില്ല... അതു തനിക്കു വേണം... ഓര്‍മയായിട്ട്...
തുടര്‍ന്നുള്ള തങ്ങളുടെ ജീവിതയാത്രയില്‍ കൂട്ടായിട്ട്...
പാതി ചുരുങ്ങിയ ആ ബലൂണ്‍ അവന്‍ കൂടുതല്‍ മുറുക്കിക്കെട്ടി. തൊട്ടടുത്തു കിടന്ന അലക്കുകല്ലേലിരുന്ന കാലിയായ സോപ്പുപൊടിപ്പാത്രമെടുത്ത് ആ നീല ബലൂണ്‍ അച്ഛന്റെ ഒരു ശ്വാസകോശമെന്നപോലെ അതിനുള്ളിലേക്ക് മെല്ലെ തിരുകിക്കയറ്റി പിരിവെട്ടാതെ ഭദ്രമായടച്ചു.
വിറയ്ക്കുന്ന കൈകളാല്‍ ആ പാത്രം മിടിപ്പു കൂടിവന്ന തന്റെ ചങ്കോടു ചേര്‍ത്തുപിടിച്ചു...
ഒരു കുട്ടി കാട്ടിയ പൊട്ടത്തരമോ അതോ, വിലയുള്ള ചിലതൊക്കെ നഷ്ടപ്പെടാതിരിക്കാനുള്ള നോവിന്‍വിരലുകളുടെ അള്ളിപ്പിടിത്തമോ!
തോടിനക്കരെയുള്ള ഇടവഴിയിലൂടെ തന്റെ കളിക്കൂട്ടുകാരന്‍ അവന്റെ അച്ഛന്റെ കൈപിടിച്ചു നടന്നു മറയുന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളിലൂടെ അവന്‍ കണ്ടു.
അപ്പോള്‍ അസ്തമയസൂര്യന്‍ മേഘത്തൂവാലകൊണ്ട് മുഖം തുടച്ചുതുടങ്ങിയിരുന്നു.
വീട്ടിലെ വളര്‍ത്തുതാറാക്കള്‍ നീര്‍പ്പോളകള്‍ കടിച്ചുരസിച്ചു തോട്ടിലൂടെ തുഴഞ്ഞുനടന്നു.