കൊച്ചി: 2008ല്‍ ആരംഭിച്ച്, നീണ്ട പതിനാറുവര്‍ഷം പിന്നിട്ട് പിഒസി പരിഷ്‌കരിച്ച ബൈബിള്‍ കേരളസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍വച്ച് പ്രകാശനം ചെയ്തു. കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രൊഫ. എം.കെ. സാനുവിന് കോപ്പി നല്കിക്കൊണ്ടു നടന്ന പ്രകാശനച്ചടങ്ങില്‍ കെസിബിസിയിലെ എല്ലാ മെത്രാന്മാരും സന്ന്യാസസഭകളിലെ മേജര്‍സൂപ്പീരിയേഴ്സും സമൂഹത്തിലെ വിവിധ തലങ്ങളില്‍നിന്നുള്ള വിശിഷ്ടവ്യക്തികളും പങ്കെടുത്തു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ പരിഷ്‌കര്‍ത്താക്കളെ ശ്ലാഘിച്ചുകൊണ്ട് എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാക്കാലത്തും എല്ലാ സംസ്‌കാരങ്ങളെയും സ്വാധീനിക്കാനും, മെച്ചപ്പെട്ട മാനവസമൂഹത്തെ വാര്‍ത്തെടുക്കാനും ബൈബിള്‍ മൂല്യങ്ങള്‍ ആവശ്യമാണെന്ന് പ്രൊഫ. എം.കെ. സാനു തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുവാന്‍ പരിഷ്‌കരിച്ച ബൈബിള്‍ സഹായിക്കുമെന്ന് ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിമാരായ റവ. ഡോ. ജോജു കോക്കാട്ട്, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി, റവ. ഡോ. ജോഷി മയ്യാറ്റില്‍ എന്നിവര്‍ സംസാരിച്ചു. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍ നന്ദി പറഞ്ഞു.