•  12 Jun 2025
  •  ദീപം 58
  •  നാളം 14
പ്രാദേശികം

പാലാ രൂപതയ്ക്ക് മൂന്നു ഫൊറോനകള്‍കൂടി

പാലാ: പ്ലാറ്റിനം ജൂബിലിവര്‍ഷത്തില്‍ പാലാ രൂപതയ്ക്കു മൂന്നു പുതിയ ഫൊറോനകള്‍കൂടി രൂപീകൃതമായി. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രിസ്ബിറ്ററല്‍ കൗണ്‍സിലാണ് രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് പുതിയ ഫൊറോനകളായി ഉയര്‍ത്തിയത്. ഇതുവരെ 17 ഫൊറോനകള്‍ ഉണ്ടായിരുന്ന രൂപതയില്‍ ഇതോടുകൂടി 20 ഫൊറോനകളായി. പന്തക്കുസ്താത്തിരുനാളില്‍ പുതിയ മൂന്നു ഫൊറോനകള്‍ നിലവില്‍ വരും. അന്നേദിവസം നിയുക്തഫൊറോനകളില്‍ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാര്‍മികത്വം വഹിക്കും. സ്ഥാനാരോഹണശുശ്രൂഷകള്‍ രാവിലെ എട്ടിന് കൊഴുവനാല്‍ പള്ളിയിലും 9.15 ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം നാലിന് കൂത്താട്ടുകുളം പള്ളിയിലും ബിഷപ് നിര്‍വഹിക്കും.
കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി
സുറിയാനി കത്തോലിക്കാസഭയിലെ അതിപുരാതനമായ പള്ളികളില്‍ ഒന്നാണ് കടപ്ലാമറ്റം. എ ഡി 1009 ല്‍ പണികഴിക്കപ്പെട്ട ഈ പുരാതനപള്ളി പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ളതാണ്.660 കുടുംബങ്ങളുള്ള ഈ പള്ളിയുടെ നിര്‍മാണരീതിയും കൊത്തുപണികളും  പഴമയുടെ സൗകുമാര്യം വിളിച്ചറിയിക്കുന്നതാണ്.  ഈ പള്ളിയുടെ പഴക്കം തന്നെ ദേശവാസികള്‍ക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും അതിരറ്റതാണ് എന്നതിന്റെ തെളിവാണ്.
കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളി
1858 ല്‍ സ്ഥാപിതമായ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാനോസ് പള്ളി പാലാ രൂപതയിലെ പുരാതന പള്ളികളിലൊന്നാണ്. ഏറ്റവും കൂടുതല്‍ രൂപതാവൈദികര്‍ക്കു ജന്മം നല്‍കിയ ഇടവകയാണു കൊഴുവനാല്‍. പാലാ രൂപതയ്ക്കു മാത്രമല്ല, തിരുസ്സഭയ്ക്കുതന്നെ ഏറ്റവും കൂടുതല്‍ വൈദികരെ പ്രദാനം ചെയ്ത പള്ളികൂടിയാണിത്. 730 കുടുംബങ്ങള്‍ ഇടവകയിലുണ്ട്.
കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി
1995 ല്‍ സ്ഥാപിതമായ കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി ഒരു ദേശത്തിന്റെ സംസ്‌കാരം പേറുന്നു. വിവിധ ക്രൈസ്തവസഭകളായ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളും സീറോ മലബാര്‍ സമൂഹവും  ഏകമനസ്സോടെ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു. സഭയുടെ എക്യുമെനിസത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് കൂത്താട്ടുകുളം. വിശുദ്ധ യൂദാ തദേവൂസിനോടുള്ള ഭക്തിയും വണക്കവും ആയിരത്തിയൊന്നു തിരികളുള്ള നിലവിളക്കും ഈ ദൈവാലയത്തിന്റെ പ്രത്യേകതകളാണ്. എറണാകുളം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ 500ല്‍പ്പരം കുടുംബങ്ങളുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)