•  12 Jun 2025
  •  ദീപം 58
  •  നാളം 14
ലേഖനം

ദീര്‍ഘായുസ്സിന്റെ ഉറവിടം തേടി

    കുറെ ഏറെക്കാലം  ഈ ലോകത്തങ്ങനെ ജീവിച്ച്, ഈ സൗഭാഗ്യങ്ങളൊക്കെ ആസ്വദിക്കണം എന്നാഗ്രഹിക്കാത്തവര്‍ ആരുണ്ട്? ഒരിക്കല്‍ ഡാന്‍ ബുട്‌നെര്‍  എന്നൊരു  പര്യവേക്ഷകന്‍ നാഷണല്‍ ജോഗ്രഫിക് ചാനല്‍കാരുടെ  സഹകരണത്തോടെ ലോകം മുഴുവന്‍ ചുറ്റിനടന്നു നൂറു  വയസ്സിലേറെ ജീവിക്കുന്നവരുടെ ഒരു ബ്ലൂ സോണ്‍ കണ്ടെത്തി. ലോകത്തെവിെടയും നമുക്ക് ചില ദീര്‍ഘായുസ്സുകളെ കണ്ടെത്താനാകും. ഏഷ്യയിലാകട്ടെ, യൂറോപ്പിലാകട്ടെ, ഹൃദയാഘാതം, ഡിമെന്‍ഷ്യ, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ ഏഴയലത്തുപോലും അടുക്കാന്‍ സമ്മതിക്കാതെ ലളിതജീവിതം നയിക്കുന്ന അനേകം സെഞ്ചുറിക്കാരുണ്ട്. ഭക്ഷണക്രമവും താരതമ്യേന സംഘര്‍ഷരഹിതമായ ജീവിതവുമാണ് അവരെ ഇത്തരത്തില്‍ രോഗങ്ങളെ അകറ്റിക്കഴിയാന്‍ പര്യാപ്തമാക്കുന്ന ഘടകം. അത്തരം വ്യക്തികള്‍ പലരും പരമ്പരാഗതമായി ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 
103 വയസ്സുള്ള ഒരു അപ്പൂപ്പനെ കാണാന്‍ പേരൂരിലെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞത്, അതുപോലെ ഏറെപ്പേര്‍ ഈ അടുത്ത പ്രദേശങ്ങളിലെല്ലാമുണ്ടെന്നാണ്. എനിക്കു വളരെ പരിചയമുള്ള ഒരുഅപ്പൂപ്പന്‍ മിതമായ ഭക്ഷണം മാത്രം കഴിച്ച്, അത്യാവശ്യം വ്യായാമം ചെയ്തു 102  തികച്ചു. അദ്ദേഹത്തിനു മരണത്തിന് തലേനാള്‍വരെ ഒരു തുള്ളി മരുന്നു കഴിക്കേണ്ടിവന്നില്ല.
ചില  പ്രത്യേകവംശക്കാര്‍ക്കിടയില്‍  ദീര്‍ഘായുസ്സിനു പ്രേരകമായി പാരമ്പര്യവും, പരമ്പരാസിദ്ധമായ ചില ഗുണങ്ങളും കാണപ്പെടുന്നുണ്ട്. ''ഇകാരിയ'' എന്ന ഗ്രീക്കുദ്വീപില്‍ തീരപ്രദേശത്തുനിന്ന് അല്പം ഉള്ളിലേക്കു മാറി  കടലാക്രമണങ്ങളില്‍നിന്നു രക്ഷ നേടി  ഒരു പറ്റം നാട്ടുകാര്‍ തനതായ ഒരു സംസ്‌കാരം രൂപപ്പെടുത്തിക്കഴിയുന്നുണ്ട്. രാത്രികാലങ്ങളില്‍ ഡോമിനോകട്ടകള്‍ കൊണ്ടുള്ള കളികള്‍ വൈകുംവരെയുണ്ടാകും. അവിടെ സുലഭമായ മധുരവീഞ്ഞിന്റെ സദ്യകള്‍ ഉണ്ടാകും. പകല്‍സമയങ്ങളില്‍ ഇഷ്ടംപോലെ വ്യായാമത്തിനു സൗകര്യമുണ്ട്.
സമുദ്രനിരപ്പില്‍നിന്ന് 8000 അടി ഉയരത്തില്‍ ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആറു ഗോത്രവര്‍ഗക്കാര്‍ വസിക്കുന്നുണ്ട്. വടക്കന്‍ പാക്കിസ്ഥാനിലെ ഹുന്‍സവാലിയാണ് സ്ഥലം. അവരവിടെ പരമ്പരാഗതമായ ജീവിതത്തോടൊപ്പം ആധുനികസാങ്കേതികവിദ്യകള്‍കൂടി സങ്കലമാക്കികൊണ്ട് അസാധ്യമായ, അതിശയകരമായ ഒരു ജീവിതം നയിക്കുന്നു.
അവര്‍ അവകാശപ്പെടുന്നത് അവര്‍ക്കു ശരാശരി 120  വയസ്സുവരെ ജീവിച്ചിരിക്കാനാകുമെന്നാണ്. ഇതൊന്നും ആധികാരികമായി  നിജപ്പെടുത്താന്‍ നമുക്കു സാധ്യമല്ല. എങ്കിലും ദീര്‍ഘായുസ്സുകളാണ് അവര്‍ എന്ന കാര്യത്തില്‍ സംശയമില്ല. രോഗങ്ങളെ വലിയൊരുപരിധിവരെ അവര്‍ക്കു പ്രതിരോധിക്കാന്‍ ആകുന്നുണ്ടെന്നതു സത്യമാണ്. ഹിമപ്പരപ്പില്‍നിന്ന് ഒഴുകിയെത്തുന്ന ലവണങ്ങള്‍ കലര്‍ന്ന കലക്കവെള്ളം കുടിക്കുന്നതുകൊണ്ടാണോ, ആപ്രിക്കോട്ട് തിന്നുന്നതുകൊണ്ടാണോ, കാലാവസ്ഥയുടെ വിശിഷ്ടസ്വഭാവംകൊണ്ടാണോ, അവര്‍ കഴിക്കുന്ന ദേശിമദ്യം കാരണമാണോ  എന്നൊക്കെ പലേ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഏതായാലും മദ്യം ഗുണം ചെയ്യാന്‍ വഴിയില്ല. അവര്‍ ജീവിക്കുന്ന സാമൂഹികപരിതഃസ്ഥിതികളുടെ സ്വാധീനവും തീര്‍ച്ചയായുമുണ്ടാകും. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പു പണിത പ്രാകൃതവീടുകളില്‍ താമസിച്ച് ഏറെദൂരം നടന്നാണ് അവര്‍ കൃഷിയിടങ്ങളില്‍ പണിക്കുപോവുക. അങ്ങനെ നല്ല വ്യായാമം അവര്‍ക്ക്  ഉറപ്പായും ലഭിക്കുന്നു.
ഗോതമ്പ്, ചോളം, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളാണ് പ്രധാന ഭക്ഷണം. അവര്‍ അതുകൊണ്ടു ചപ്പാത്തി ചട്ടിപ്പുറത്തുവച്ചു ചുട്ടുതിന്നും. മുന്തിരി, ചെറികള്‍,  പീച്  തുടങ്ങിയ പഴങ്ങളും സസ്യങ്ങളും ധാരാളമായി കഴിക്കുന്നു. നമ്മെപ്പോലെ കൃത്രിമമായി പ്രോസസ്സ് ചെയ്തെടുക്കുന്ന യാതൊരു ഭക്ഷണവും അവര്‍ കഴിക്കുന്നില്ല. വല്ലപ്പോഴും പാചകം ചെയ്ത മാംസം കഴിക്കും. പഴങ്ങളും ബീന്‍സും ഉരുളക്കിഴങ്ങും അതിന്റെ സ്വാഭാവികനന്മയും പുതുമയും നഷ്ടമാകാതെ പാകം ചെയ്ത്, അനിതരസാധാരണമായ, വിഭവസമൃദ്ധമായ സദ്യ ദിനംതോറും ഒരുക്കുന്നു,അവര്‍. ഇതിന്റെയൊക്കെക്കൂടെ രുചിക്കൂട്ടിനായി ഒലിവെണ്ണ ചേര്‍ക്കുന്നു. കൂടക്കൂടെ നോമ്പും നോക്കും.
കാലിഫോര്‍ണിയയിലെ ലോമലിന്‍ഡയില്‍ ഒരു ഒറ്റപ്പെട്ടപ്രദേശത്തു  കുറെ ക്രിസ്ത്യാനികള്‍ വസിക്കുന്നുണ്ട്. അവരാകട്ടെ സസ്യഭുക്കുകളാണ്. എല്ലാ ശനിയാഴ്ചകളിലും അവര്‍ മുഴുവന്‍ നോമ്പാചരിക്കുന്നു. ഇറ്റലിയിലെ സര്‍ദാനിയയില്‍ കുറെ ബലവാന്മാരുണ്ട്. അവര്‍ വേട്ടയാടിയും മീന്‍പിടിച്ചും ഒറ്റയാന്മാരായി ജീവിക്കുന്ന ജനതതിയാണ്. പച്ചപ്പുല്ലു മാത്രം തിന്നു തടിക്കുന്ന ആടിന്റെ പാലില്‍നിന്നുള്ള വെണ്ണ അവര്‍ക്കു വേണ്ടുവോളം ഒമേഗ ത്രീ നല്‍കുന്നു. അവര്‍ കുടിക്കുന്ന മുന്തിരിച്ചാറിനു രക്തക്കുഴലുകളുടെ ശുചീകരണത്തിനുശക്തിയുണ്ടെന്നാണ് അവരുടെ വിശ്വാസം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും  ഹാര്‍ഡ്‌വാട്ടറാണ് കുടിക്കാന്‍ കിട്ടുക. ഇതിന്റെ ദോഷവശങ്ങള്‍ നമുക്കറിയാം. എന്നാല്‍, 'നിക്കോയ കോസ്റ്റാറിക്ക'യില്‍  ഇഷ്ടം പോലെ ഇമ്മാതിരി വെള്ളം കുടിച്ചിട്ടും അവര്‍ക്കു പ്രശ്‌നങ്ങള്‍ ഒന്നുമില്ല; മറിച്ച് ലവണങ്ങള്‍ അവരുടെ എല്ലുകളെ ബലിഷ്ഠങ്ങളാക്കുന്നു. അവര്‍ക്കു  ഹൃദ്രോഗങ്ങള്‍ തീരെയില്ല. ഇഷ്ടംപോലെ വെയില്‍കൊണ്ട് അവര്‍  വിറ്റാമിന്‍ ഡി സമ്പാദിക്കുന്നു. പ്രകൃതിയോടിഴചേര്‍ന്നാണ് അവരുടെ ജീവിതം.
ജപ്പാനിലെ ഒകിനാവോയിലുള്ളവര്‍ ഒരുതരം ഇതിഹാസത്തിന്റെ സ്രഷ്ടാക്കളാണ്. അവിടങ്ങളിലെ വനിതകള്‍ ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ദീര്‍ഘായുസ്സുകളായാണ് അറിയപ്പെടുക. അവര്‍ കര്‍പ്പൂരതുളസി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വസ്തുക്കള്‍ അടുക്കളത്തോട്ടങ്ങളില്‍ വ്യാപകമായി വളര്‍ത്തി ദിവസവും ഭക്ഷിക്കുന്നു. 'തട്ടമി' മാറ്റുകള്‍ നിലത്തുവിരിച്ച് അതിന്മേല്‍ കൂട്ടംകൂടിയിരുന്നു പരസ്പരം സൗഹൃദം പങ്കുവച്ച്, ചിരിച്ചും കളിച്ചും  സഹകരിച്ചും  ജീവിക്കുന്നു. അവര്‍ സൃഷ്ടിച്ചെടുക്കുന്ന സാമൂഹികമായ ബന്ധങ്ങള്‍ വഴി, കൂട്ടായ്മകള്‍വഴി, സാമ്പത്തികപ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരസ്പരം പങ്കുവയ്ക്കും. ഇതുമൂലം വലിയൊരളവില്‍ സാമൂഹികമായ ഒരു സുരക്ഷിതത്വവും അവര്‍ക്കു ലഭിക്കുന്നുണ്ട്.
നമ്മള്‍ മലയാളികള്‍ക്ക് ഭാഗ്യവശാല്‍ ദീര്‍ഘായുസ്സിന്റെ ഉറവിടംതേടി അധികം അകലെയൊന്നും അലയേണ്ടതില്ല. നമ്മില്‍ പലര്‍ക്കും സുപരിചിതമായ ആ പഴയകാല ഗ്രാമീണസംസ്‌കാരത്തിലേക്ക് ഒന്നു തിരിച്ചുനടക്കണം എന്നുമാത്രം. കല്ലില്‍ അരയ്ക്കുന്ന ദോശയും  അരകല്ലില്‍  അരച്ചെടുക്കുന്ന കറിക്കൂട്ടുകളും മറക്കാതിരിക്കുക. ചേമ്പ്, കാച്ചില്‍, നനകിഴങ്ങ്, മുരിങ്ങയില, കൂര്‍ക്ക, ചേമ്പുംതാള്‍, മത്തപ്പൂവ്, നാടന്‍മുട്ട, ചക്ക, ആനിക്കാവിള, കൂണ്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിഭവങ്ങളുടെ കലവറയാണ് നാട്ടിന്‍പുറം. ഉലകം മുഴുവന്‍ കറങ്ങിമടങ്ങുന്ന മലയാളികള്‍ പറയാറുണ്ട്, നമ്മുടെ ഇഞ്ചിക്കറിയും അവിയലും കൂട്ടിയുള്ള ഇലയിലെ ഊണുപോലെ വിശിഷ്ടമായ ഭക്ഷണം ഒരിടത്തും കിട്ടുകയില്ലായെന്ന്. കേവലം മലയാളി പ്രിയംകൊണ്ടു പറയുന്നതാണ് ഇതെന്നു പറയാന്‍ വരട്ടെ. പോഷകാംശമാണു പ്രധാനം 
ഇനി അഥവാ രോഗം വന്നാല്‍, കേരളത്തില്‍  ഗ്രാമങ്ങളില്‍പോലും ഹെല്‍ത്ത് സെന്ററുകളുമുണ്ട്. വൈദ്യസഹായത്തിനു പണ്ടത്തെപ്പോലെ അധികം അകലെയൊന്നും പോകണമെന്നില്ല. പിന്നെ നമുക്ക് വലിയൊരു അനുഗ്രഹംപോലെ, ഒട്ടനേകം പച്ചമരുന്നുകളുണ്ട്. പഴയ കാരണവന്മാരോടു ചോദിച്ചാല്‍ ഏതു രോഗത്തിനും പ്രതിവിധിയായി ഒരു പച്ചമരുന്നു പറഞ്ഞു തരുമെന്നു നമുക്കറിയാം. നമ്മുടെ നാട്ടുപ്രദേശങ്ങളിലും വനങ്ങളിലുമെല്ലാം വൈവിധ്യമാര്‍ന്ന മരുന്നുകളുടെ  ഒരു കലവറതന്നെയുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തി അടുക്കും  ചിട്ടയുമുള്ള ജീവിതം നയിക്കുന്നവര്‍ ഏറെ ഇവിടെയുമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)