- രക്ഷിതാക്കള്‍ ശാഠ്യംപിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടംമറിയും. ഉന്നതവിദ്യാഭ്യാസരംഗത്തേക്കു കുട്ടികള്‍ താത്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണമൃഗങ്ങളാക്കാന്‍ തുനിയരുത്. താത്പര്യമില്ലാത്ത കോഴ്‌സുകളില്‍ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്താനാവാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ ചെയ്യേണ്ടിവരികയും ചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത്. അവര്‍ തിരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമാകൂ.
കുട്ടികളുടെ അഭിരുചി നോക്കാതെ പ്രൊഫഷണല്‍കോഴ്‌സിനു ചേര്‍ത്തിട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കേരളത്തില്‍ വളരെയേറെ വര്‍ദ്ധിക്കുകയാണ്. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലരും പ്രൊഫഷണല്‍ കോഴ്‌സിനു ചേരുന്നത്. കുട്ടിയുടെ ജന്മവാസനയെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് ഏകദേശം രൂപമുണ്ടായിരിക്കാം. പക്ഷേ, കുട്ടിക്ക് ഏറ്റവും യോജിച്ച പഠനമാര്‍ഗം ഏതെന്നു കണ്ടെത്താന്‍ ആ അറിവു മാത്രം പോരാ. അഭിരുചി കൃത്യതയോടെ നിര്‍ണയിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുത്താല്‍മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുള്ളൂ.
പഠനമാര്‍ഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്‌സില്‍ ചേര്‍ക്കണമെന്നു തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ പ്രയാസപ്പെടുന്നുണ്ട്. ജീവിതവിജയം കൈവരിച്ചവരെ കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്നു വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കു പഠിക്കാന്‍ കഴിയാതെ പോയ കോഴ്‌സില്‍ മകനോ മകളോ പഠിക്കട്ടെ എന്ന മട്ടില്‍ ചിന്തിക്കുന്നവരുമുണ്ട്. ചിലര്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലികഴിക്കാറുമുണ്ട്. രക്ഷിതാക്കള്‍ മക്കളുടെമേല്‍ താത്പര്യമില്ലാത്ത കോഴ്‌സുകള്‍ അടിച്ചേല്പിക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളില്‍ അകപ്പെടുകയാണു കുട്ടികള്‍. അതു ദിശ മാറിപ്പോകാന്‍ ഇടവരുത്തിയേക്കാം. മക്കള്‍ അവര്‍ക്കു താത്പര്യവും അഭിരുചിയുമുള്ള വിഷയങ്ങളാണ് പഠിക്കേണ്ടത്.
രക്ഷിതാക്കള്‍ ശാഠ്യംപിടിച്ച് അവരുടെ ആഗ്രഹം കുട്ടികളുടെമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടംമറിയും. ഉന്നതവിദ്യാഭ്യാസരംഗത്തേക്കു കുട്ടികള്‍ താത്പര്യത്തോടെ കടന്നുവരണം. അവരെ പരീക്ഷണമൃഗങ്ങളാക്കാന്‍ തുനിയരുത്. താത്പര്യമില്ലാത്ത കോഴ്‌സുകളില്‍ചേര്‍ന്ന് അവസാനം തൊഴില്‍ കണ്ടെത്താനാവാതെയും മനസ്സിനിണങ്ങാത്ത തൊഴില്‍ചെയ്യേണ്ടിവരികയുംചെയ്യുന്ന ഗതികേടില്‍ കുട്ടികള്‍ എത്തിച്ചേരരുത്. അവര്‍ തിരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും സ്വന്തം കരിയറില്‍ സംതൃപ്തി നേടാനും കഴിയണം. എങ്കിലേ ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമാകൂ.
കണക്കില്‍ താത്പര്യമില്ലാത്തവരെ എന്‍ജിനീയറിങ്ബിരുദത്തിനു നിര്‍ബന്ധിച്ചു ചേര്‍ത്താല്‍ അവര്‍ സമ്മര്‍ദത്തിലാകും. ഇത്തരത്തില്‍പ്പെട്ട കുട്ടികള്‍ ഇടയ്ക്കു പഠനം ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങള്‍ ധാരാളമുണ്ട്.
ആഗ്രഹത്തെക്കാള്‍ അഭിരുചിയാണു പ്രധാനം. കുട്ടികള്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞാലും അഭിരുചി ഉണ്ടോയെന്നറിയണം. ഒരു പ്രത്യേക വിഷയത്തിലുള്ള ഒരാളുടെ നൈസര്‍ഗികമായ താത്പര്യത്തെയും അതില്‍ കൂടുതല്‍ കഴിവാര്‍ജിക്കാനുള്ള അയാളുടെ സ്വാഭാവികമായ അഭിവാഞ്ഛയെയും അഭിരുചി എന്നു വിളിക്കാം. അഭിരുചിയില്ലാത്ത മേഖല തിരഞ്ഞെടുത്താല്‍ ഇടയ്ക്കു പഠനം ഉപേക്ഷിക്കേണ്ടി വരാം. മാനസികപ്രശ്‌നങ്ങള്‍, കുറ്റബോധം, വിവിധതരം അഡിക്ഷന്‍, ദേഷ്യം, നിരാശ, സംഘര്‍ഷങ്ങള്‍, അക്രമവാസന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. ചിലര്‍ക്കു വിട്ടുമാറാത്ത ചുമ, പനി, ചെവിവേദന, കണ്ണില്‍നിന്നു വെള്ളം വരിക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന എന്നിങ്ങനെ മാനസികസമ്മര്‍ദംമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.
ബുദ്ധിശക്തിയുടെ പ്രത്യേകതകള്‍ ഓരോരുത്തരിലും ഓരോ വിധത്തിലാണ്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. അതില്‍ ചിലതിനു മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് കഴിവും താത്പര്യവും അഭിരുചിയും രൂപപ്പെടുന്നത്. ചിലര്‍ക്ക് കണക്ക്, മറ്റുചിലര്‍ക്ക് ഭാഷാ വിഷയങ്ങള്‍, ചിലര്‍ക്ക് സാഹിത്യം മറ്റുചിലര്‍ക്ക് കല/സ്‌പോര്‍ട്‌സ് എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഇന്റലിജെന്‍സിലെ ഏറ്റക്കുറച്ചിലനുസരിച്ച് അഭിരുചികള്‍ വ്യത്യസ്തമാകും. ആ അഭിരുചി കണ്ടെത്തി വളരാന്‍ അനുവദിച്ചാല്‍ കുട്ടികള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും.
അഭിരുചിക്കനുസരിച്ചു പഠിക്കാനാകുന്നതുകൊണ്ടാണ് ജര്‍മനി, ഫിന്‍ലാന്‍ഡ്, നെതര്‍ലന്‍ഡ്‌പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ ഉപയോഗത്തിലും സമഗ്രവികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയസമീപനം ആവശ്യമാണ്. വിദ്യാര്‍ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യശേഷി, ജോലിസാധ്യത, ഉപരിപഠനസാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുംബത്തിന്റെ സാമ്പത്തികനില എന്നിവയ്ക്കനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുത്താലേ ജീവിതത്തില്‍ വിജയിക്കാനാവൂ.
സാമാന്യബുദ്ധിയില്‍നിന്നു വ്യത്യസ്തമായി മറ്റേതെങ്കിലും പ്രത്യേക രംഗത്ത് സാമര്‍ത്ഥ്യമോ നേട്ടമോ കൈവരിക്കാന്‍ സഹായിക്കുന്ന സവിശേഷമായ കഴിവാണ് അഭിരുചി. അതു കണ്ടെത്തി കൃത്യമായ ദിശയിലൂടെ നീങ്ങിയാല്‍ കുട്ടിക്കു ലക്ഷ്യത്തിലെത്താനാകും. പരിചിതത്വവും സൂക്ഷ്മനിരീക്ഷണവും അഭിരുചി കണ്ടെത്താന്‍ സഹായിക്കും. വിദഗ്ധാഭിപ്രായം തേടുന്നതും നല്ലതാണ്. പരമ്പരാഗതകോഴ്‌സുകളെക്കാള്‍ കൂടുതല്‍ തൊഴില്‍സാധ്യതകളുള്ള പുത്തന്‍ കോഴ്‌സുകളാണ് പഠിക്കേണ്ടത്. ഡിഗ്രിക്കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിദേശപഠനത്തിനുള്ള സാധ്യതകളും മനസ്സിലാക്കണം. വിദേശപഠനത്തിനുള്ള നടപടിക്രമം, ചെലവ് തുടങ്ങിയവ പരിഹരിക്കാന്‍ എജ്യുക്കേഷണല്‍പ്രൊവൈഡര്‍മാരുടെ സഹായം തേടാം.
തൊഴിലിലേക്കുള്ള വഴിയാണ് ഉപരിപഠനത്തിലൂടെ തുറക്കേണ്ടത്. ജീവിതത്തിന്റെ വൈവിധ്യത്തിനനുസരിച്ചുള്ള കോഴ്‌സുകളും തൊഴിലുകളും അനവധിയാണ്. യോജിച്ചത് ഏതെന്നു കണ്ടെത്തണം. പഠിക്കാനുള്ള മികവു തെളിയിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടണം. അഭിരുചിക്കനുസൃതമായി തുടര്‍വിദ്യാഭ്യാസം നേടുകയും പഠിച്ചതിനു യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ മക്കള്‍ ജീവിതവിജയം നേടും. ഏതു കോഴ്‌സും പഠിക്കേണ്ടവിധം പഠിച്ചാല്‍ സാധ്യതകളുണ്ട്. അഭിരുചി, തൊഴില്‍സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാല്‍ മികച്ച കരിയര്‍ ഉറപ്പാണ്.
അഭിരുചിനിര്‍ണയത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകമായ ഓണ്‍ലൈന്‍ ടെസ്റ്റ്, കേരള സര്‍ക്കാരിനു കീഴിലുള്ള 'അസാപ്' (അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം - ASAP) ഒരുക്കിയിട്ടുണ്ട് വെബ്‌സൈറ്റ്: https://asapkerala.gov.in. email :infoace@asapkerala.gov.in, assessment@asapkerala.gov.in
കേരള ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കെ-ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, എല്‍ - ക്യാറ്റ് (ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ്)തുടങ്ങിയവ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകളാണ്. തൊഴില്‍സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. അഭിരുചി കണ്ടെത്താനുള്ള മനഃശാസ്ത്ര ടെസ്റ്റുകള്‍ വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
വാല്‍ക്കഷണം: താറാവിനോടു മരം കയറാനും അണ്ണാനോടു നീന്താനും പറയരുത്. താറാവ് നീന്തട്ടെ. അണ്ണാന്‍ മരം കയറട്ടെ. അഭിരുചിയാണ് പ്രധാനം.