മഴകൊണ്ട് അനുഗ്രഹിക്കപ്പെട്ട നാടായ കേരളം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആശങ്കയോടെയാണ് മഴയെ സ്വീകരിക്കുന്നത്. വേനലിനു പിന്നാലെ നേരത്തേയെത്തിയ കാലവര്‍ഷം വരള്‍ച്ചയില്‍നിന്നു നാടിനെ സംരക്ഷിച്ചെങ്കിലും അതിന്റേതായ ബുദ്ധിമുട്ടുകളും നാശനഷ്ടങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കൃഷിനാശം വ്യാപകമാണ്. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട് നഗരങ്ങളിലും പട്ടണങ്ങളിലും ജനജീവിതം ദുസ്സഹമായിക്കഴിഞ്ഞു. മരം മുറിഞ്ഞുവീണ് ഒട്ടേറെ വീടുകള്‍ തകര്‍ന്നു. റോഡുകളിലും റെയില്‍വേട്രാക്കുകളിലുമൊക്കെ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പലേടങ്ങളിലും വീടുകളില്‍ വെള്ളം കയറി. വിവിധസ്ഥലങ്ങളിലായി നൂറുകണക്കിനു വൈദ്യുതത്തൂണുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മലയോരങ്ങളില്‍ കൃഷിയിടങ്ങളും ഗ്രാമപാതകളും വെള്ളത്തിനടിയിലായി. ദേശീയപാതകളില്‍ മണ്ണിടിച്ചില്‍മൂലം ഗതാഗതതടസ്സമുണ്ടായി. ദേശീയപാത 66 ല്‍ കൂടുതല്‍ വിള്ളലുകള്‍ രൂപപ്പെടുന്നു. മഴക്കെടുതിയില്‍ അനേകം ജീവനുകള്‍കൂടി നഷ്ടപ്പെടാന്‍ കാരണമാകുന്നതിനാല്‍ കാലവര്‍ഷം കാലന്റെ വര്‍ഷമായി മാറുന്ന സ്ഥിതിവിശേഷം!
ശക്തമായ മഴയോടൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മറ്റു നാശനഷ്ടങ്ങളും കേരളത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ വരും വര്‍ഷങ്ങളിലും നമ്മെ ബാധിക്കുമെന്നതിന്റെ മുന്നറിയിപ്പാണ്. കാലാവസ്ഥാവ്യതിയാനംമൂലം ലോകമെങ്ങും അതിതീവ്രമഴയുടെ തോത് ഏറുകയാണ്. പ്രളയത്തിന്റെ സാധ്യതയും തീവ്രതയും വര്‍ധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തോതില്‍ മഴ പെയ്യുന്നത് നമ്മെ സമീപകാലത്തായി വല്ലാതെ വലയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കാലവര്‍ഷത്തെ നേരിടാന്‍ പൊതുജനങ്ങളും ബന്ധപ്പെട്ട അധികൃതരും ആവശ്യമായ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണം. അശ്രദ്ധയും നിസ്സംഗതയും വലിയ വിപത്തിനു കാരണമാകുമെന്ന് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. മഴയെ മാത്രമല്ല, കാറ്റിനെയും കരുതിയിരിക്കണം. രാത്രിയാത്രകള്‍ കഴിവതും ഒഴിവാക്കാനുള്ള നിര്‍ദേശം നിയന്ത്രണമായി കരുതാതെ സുരക്ഷയായി സ്വീകരിക്കണം. മലയോരപ്രദേശത്തേക്കുള്ള സാഹസികസഞ്ചാരവും വിനോദയാത്രകളുമൊക്കെ പൂര്‍ണമായും ഒഴിവാക്കാനുള്ള വിവേകം നമുക്കുണ്ടാകണം.
അപകടഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സ്വമേധയാ സുരക്ഷിതസ്ഥാനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിത്താമസിക്കുന്നതു നന്നായിരിക്കും. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കണം. കുട്ടികളെ പുഴ, തോട്, കുളം, വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ അനുവദിക്കരുത്. മുതിര്‍ന്നവരും ഇത്തരം ഇടങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. അതിരുകടന്ന ആത്മവിശ്വാസവും ആവേശവും ആത്മഹത്യാപരമാണ്.
പൊതുജനസുരക്ഷയ്ക്കായി അധികൃതര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. മഴക്കാലപൂര്‍വപ്രവര്‍ത്തനങ്ങളില്‍ പിഴവുസംഭവിച്ചതിനെക്കുറിച്ചു പഴി പറയുന്നതിനുള്ള സമയം കഴിഞ്ഞു. ദുരന്തമുണ്ടായശേഷം ശക്തമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനെക്കാള്‍ ഫലപ്രദം, മുന്‍കൂട്ടി സുരക്ഷാസംവിധാനങ്ങള്‍ ക്രമീകരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ സത്വരം പ്രതികരിക്കാന്‍ കഴിയുംവിധത്തില്‍ ദുരന്തനിവാരണസംവിധാനത്തെ സുസജ്ജമാക്കണം. പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ വ്യാപനത്തിനിടകൊടുക്കാതിരിക്കാന്‍ ആരോഗ്യവകുപ്പുപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണം. നിയമപാലകരുടെ നിര്‍ദേശവും നിയന്ത്രണവും ആവശ്യമാണ്. ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍, അതു വ്യക്തമായ ആസൂത്രണത്തോടെമാത്രമേ നടത്താവൂ. ഈ വിധത്തില്‍ ജനങ്ങളുടെ സഹകരണവും അധികൃതരുടെ ആസൂത്രണവുംവഴി മാത്രമേ കാലവര്‍ഷത്തെ ഫലപ്രദമായി നേരിടാനാവൂ.