•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ബഹിരാകാശദൗത്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 3 April , 2025

   കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിനുശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മോറും ദൗത്യസംഘത്തിലെ മറ്റു രണ്ടുപേരുമടങ്ങുന്ന സംഘം ഭൂമിയില്‍ മടങ്ങിയെത്തി. എട്ടുദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിന് അന്താരാഷ്ട്രബഹിരാകാശനിലയത്തിലേക്കു യാത്ര തിരിച്ച ദൗത്യസംഘം, സ്റ്റാര്‍ലൈനറിലുണ്ടായ സാങ്കേതികത്തകരാറുമൂലം ബഹിരാകാശത്തു ചെലവഴിക്കേണ്ടിവന്നത് 286 ദിവസങ്ങളാണ്. അസാധാരണമായ ബഹിരാകാശനിലയവാസം അവസാനിപ്പിച്ച് 2025 മാര്‍ച്ച് 19 ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് ദൗത്യസംഘം സ്‌പെയ്‌സ് എക്‌സ് ഡ്രാഗണില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോടു ചേര്‍ന്ന് സുരക്ഷിതമായി പറന്നിറങ്ങിയപ്പോള്‍ ലോകം മുഴുവനും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ആവേശത്തിരയിളകി. ഇന്ത്യന്‍വംശജയായ സുനിത വില്യംസിന്റെ  സാന്നിധ്യം ഇന്ത്യക്കാരായ ഓരോരുത്തര്‍ക്കും ഇരട്ടിമധുരമാണ് പ്രദാനം ചെയ്തത്.

   ബഹിരാകാശദൗത്യം വിവിധ തരത്തില്‍ വാര്‍ത്തയാകുമ്പോള്‍ വ്യത്യസ്തങ്ങളായ ചിന്തകളും തിരിച്ചറിവുകളും ചര്‍ച്ചയാകുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലും മറ്റും പല തെറ്റായ പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും ദൃശ്യമായി. ശാസ്ത്രപരീക്ഷണവിജയങ്ങളുടെയെല്ലാം ചുവടുപിടിച്ച് ദൈവനിഷേധത്തിന്റെ പ്രസ്താവനകള്‍ സുലഭമായിരുന്നു. ദൗത്യസംഘത്തിലെ അംഗങ്ങളുടെ പേരില്‍ ചില മതവിഭാഗതാത്പര്യങ്ങളെ  ഉയര്‍ത്തിപ്പിടിക്കുന്ന തെറ്റായ പ്രസ്താവനകളും മാധ്യമങ്ങളിലുണ്ടായി. വര്‍ഷങ്ങള്‍ക്കുമുമ്പ് ബഹിരാകാശദൗത്യത്തിന്റെ  പേരില്‍ കൃത്യമായ പിതൃത്വം പോലുമില്ലാത്ത, 'ഞാന്‍ മുകളില്‍ ദൈവത്തെ കണ്ടില്ല'  എന്ന തെറ്റായ പ്രസ്താവന പ്രചരിപ്പിച്ചവരുടെ പിന്‍തലമുറക്കാര്‍ അന്യംനിന്നിട്ടില്ല എന്നതിന്റെ തെളിവായി ഈ അബദ്ധപ്രചാരണങ്ങളെയും  തെറ്റായ പ്രസ്താവനകളെയും കണക്കാക്കിയാല്‍ മതിയാകും. ശാസ്ത്രവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം വിശ്വാസത്തെ ചേര്‍ത്തുപിടിക്കുന്നതുതന്നെയാണെന്നാണ് ദൗത്യസംഘത്തിലെ അംഗങ്ങളുടെ പ്രസ്താവനകളും വീഡിയോദൃശ്യങ്ങളുമെല്ലാം വെളിവാക്കുന്നത്. ബഹിരാകാശയാത്രയില്‍ ഗീതയും ഗണേശവിഗ്രഹവും ഉപനിഷത്തുമെല്ലാം സുനിത വില്യംസ് കൂടെക്കൊണ്ടുപോകുമെന്ന് ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ബഹിരാകാശനിലയത്തില്‍നിന്നുള്ള അഭിമുഖസമ്മേളനത്തില്‍ ടെക്‌സസിലുള്ള പസഡീന പ്രൊവിഡന്‍സ് ബാപ്റ്റിസ്റ്റ് പള്ളിയിലെ ആത്മീയനേതാവുകൂടിയായ ബുച്ച് വില്‍മോര്‍, മടക്കയാത്രയെക്കുറിച്ചുള്ള വികാരങ്ങളെല്ലാം  തന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണു  പറഞ്ഞത്. എല്ലാറ്റിലും ക്രിസ്തുവിന്റെ പദ്ധതിയുള്ളതിനാല്‍ എന്തു സംഭവിച്ചാലും താന്‍ തൃപ്തനാണെന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിത്തറയാണു വെളിവാക്കുന്നത്.
അതിനാല്‍, ശാസ്ത്രത്തെയും വിശ്വാസത്തെയും വിരുദ്ധ ചേരിയില്‍ പ്രതിഷ്ഠിക്കാതെ രണ്ടും യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളാണ് എന്ന ദീപ്തമായ ചിന്തയെയാണ് നാം പുല്‍കേണ്ടത്.
   ദൈവവിചാരത്തോടൊപ്പം, ഈ ബഹിരാകാശദൗത്യം മനുഷ്യബന്ധത്തിന്റെകൂടി അടയാളപ്പെടുത്തലായി മാറിയിട്ടുണ്ട്.   യാത്ര നടത്തേണ്ടിയിരുന്ന ബോയിംഗിന്റെ സ്റ്റാര്‍ലൈനറിനു സാങ്കേതികമായ തകരാറുകള്‍ സംഭവിച്ചതുമൂലം  ഉണ്ടായ പ്രതിസന്ധി പരിഹരിച്ച് ദൗത്യസംഘത്തെ തിരികെയെത്തിച്ചത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ  പേടകത്തിലാണ്. യു.എസ്. പ്രസിഡന്റിന്റെ  നന്ദിയില്‍ മസ്‌കിന്റെ പേരുമുണ്ടായിരുന്നു. ട്രംപ്-മസ്‌ക് കൂട്ടുകെട്ടിന്റെ നേട്ടമായി വ്യാഖ്യാനിക്കപ്പെടുമ്പോഴും  അതില്‍ നിറയുന്ന മാനുഷികമാനത്തെ വിസ്മരിക്കാനാവില്ല. ആഫ്രിക്കന്‍പഴമൊഴി പോലെ 'ഒറ്റയ്ക്ക് ഓടിയാല്‍ വേഗത്തില്‍ പോകാമായിരിക്കും. ഒരുമിച്ച് ഓടിയാല്‍ വളരെ ദൂരത്തില്‍ എത്താനാവും.' ഒരുമയില്‍ ദൂരം താണ്ടാനാവുന്നതാണ് ശ്രേഷ്ഠം.
   സമകാലികബഹിരാകാശദൗത്യങ്ങളിലെ സ്വകാര്യമേഖലയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ഈ ദൗത്യം വെളിവാക്കുന്നുണ്ട്. ഇന്ത്യന്‍ വംശജയുടെ പേരില്‍ മാത്രം അഭിമാനം കൊള്ളുന്നവരായി ഇന്ത്യ മാറാന്‍ പാടില്ല. നിലവില്‍ നമ്മുടെ ബഹിരാകാശദൗത്യങ്ങള്‍ സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലാണ്. സ്വകാര്യസംരംഭകര്‍ ബഹിരാകാശദൗത്യത്തിലേക്കു ശക്തമായ ചുവടുകള്‍ വയ്ക്കുമ്പോള്‍ സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി മാറരുത്. ആവശ്യമായ ജാഗ്രത ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ജാഗ്രത വെറും ഒരു ശ്രദ്ധ മാത്രമാകാതെ ആവശ്യമായ നടപടികളും പ്രോത്സാഹനങ്ങളും ഉറപ്പാക്കണം. ബഹിരാകാശദൗത്യങ്ങളുടെയും പരീക്ഷണങ്ങളുടെയും വേഗം വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. അതിനു സ്വകാര്യമേഖലയുമായി സഹകരണം വേണ്ടതുതന്നെയെങ്കില്‍ വേണ്ടത്ര നിരീക്ഷണവും നിയന്ത്രണവും നടത്തി ബഹിരാകാശദൗത്യങ്ങള്‍ വിജയകരമാക്കിത്തീര്‍ക്കുന്നതിനുള്ള ആന്തരികഐക്യം സര്‍ക്കാരിന്റെ അജണ്ടയായിത്തീരണം. അങ്ങനെ ഭൂമിയില്‍മാത്രമല്ല, ബഹിരാകാശത്തും ഇന്ത്യ എന്ന ദേശത്തോടു ചേര്‍ത്ത് 'സാരെ ജഹാം സെ അച്ഛാ' എന്നു പാടുന്ന കാലത്തിനായി നമുക്കു കാത്തിരിക്കാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)