•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കേരളം മരണസംസ്‌കാരത്തിലേക്കോ?

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. സിറിയക് തടത്തില്‍
  • 6 March , 2025

    തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കുരുതി ഒരു നാടിനെമാത്രമല്ല, ഒരു ജീവസംസ്‌കൃതിയെത്തന്നെയാണു തള്ളിപ്പറഞ്ഞത്. ഒരുറുമ്പിനെ കൊല്ലുന്ന ലാഘവത്തോടെ, ഉറ്റവരും ഉടയവരുമായ അഞ്ചുപേരെ കൊന്നുകളഞ്ഞ അഫാന്‍ ഒരു വ്യക്തിയല്ല, മരണസംസ്‌കാരത്തിലേക്കു  കൂപ്പുകുത്തുന്ന ഒരു കെട്ട സമൂഹത്തിന്റെ പര്യായവും പരിച്ഛേദവുമാണ്. സത്യവും അഹിംസയും പുലരുന്ന ഈ നാട്ടില്‍, ഇതല്ല ഇതിനപ്പുറം സംഭവിച്ചാലും നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മുടെ ബുദ്ധിജീവികളെയും സാംസ്‌കാരികനായകരെയുമോര്‍ത്ത് ''നവോത്ഥാനകേരളം'' ലജ്ജിച്ചു തല താഴ്ത്തിയേ തീരൂ.
ജീവന്റെ അത്താണിയും അഭയവുമാകേണ്ട കുടുംബങ്ങളില്‍നിന്നുപോലും മരണനിലവിളികള്‍ ഉയരുന്നത് പരിഷ്‌കൃതസമൂഹത്തിന് ഒട്ടും ഭൂഷണമല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കരുതലും കാവലുമാകേണ്ടവര്‍തന്നെ അവരോടു കൊടുംക്രൂരത കാണിക്കുന്ന പൈശാചികതയുടെ ഭരണവ്യവസ്ഥിതിയില്‍ വെറുതെ ഞെട്ടിയിട്ടു കാര്യമില്ല, സമൂഹമൊന്നാകെ ഉണര്‍ന്നുപ്രതികരിക്കുകയാണു വേണ്ടത്. സുരക്ഷയൊരുക്കേണ്ടവരുടെ കൈകൊണ്ടുതന്നെ ജീവനും മാനവും വെടിയേണ്ടിവരുന്നത് ആര്‍ക്കും പൊറുക്കാവുന്നതല്ല.
    മനുഷ്യമഹത്ത്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമാണ് വെഞ്ഞാറമൂട്ടില്‍ മുറിവേറ്റത്. മനുഷ്യത്വമാണ് അവിടെ മരിച്ചുവീണത്. കൊല്ലുന്ന സംസ്‌കാരത്തെ പോറ്റിവളര്‍ത്തുന്ന ചിന്താധാരകളും സൈദ്ധാന്തികകാഴ്ചപ്പാടുകളും തീവ്രവാദങ്ങളും പെരുകുമ്പോള്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം. ഓരോ പൗരന്റെയും ചിന്താവചനക്രിയകള്‍ക്കു ശുദ്ധീകരണമുണ്ടാകണം. മതങ്ങളും സര്‍ക്കാരും മറ്റു പ്രസ്ഥാനങ്ങളുമൊക്കെ ഈ ശുദ്ധികലശപ്രക്രിയയില്‍ ശക്തമായ നേതൃത്വം വഹിക്കണം.
    മനുഷ്യത്വത്തിന്റെ ആത്മീയത വികസിപ്പിച്ചുകൊണ്ടുവരുന്നതില്‍ നമ്മുടെ കുടുംബങ്ങളും വിദ്യാലയങ്ങളും ഒന്നിച്ചു കൈകോര്‍ക്കേണ്ട കാലമാണിത്. നമ്മുടെ വിദ്യാഭ്യാസം സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ വിപ്ലവകരമായ പൊളിച്ചെഴുത്തുകള്‍ അവിടെ അനിവാര്യമാണെന്നു സാരം. മാനവികതയുടെ പാഠാവലികള്‍ കലാലയസിലബസുകളില്‍ സമൃദ്ധമാകണം. സാഹോദര്യവും സഹിഷ്ണുതയും സമഭാവനയുമൊക്കെ പ്രവര്‍ത്തനാധിഷ്ഠിതപദ്ധതികളായി കരിക്കുലത്തിന്റെ ഭാഗമാകണം. ക്ലാസ്മുറിപഠനങ്ങളും പരീക്ഷാസമ്പ്രദായങ്ങളും കൊണ്ടു കുട്ടികളെ വീര്‍പ്പുമുട്ടിക്കുന്നതിനപ്പുറം, മൂല്യാധിഷ്ഠിതമായ ചര്‍ച്ചകളും സംവാദങ്ങളുംകൊണ്ട് നമ്മുടെ കലാലയങ്ങള്‍ സമ്പന്നമായാല്‍ ഹൃദയമുള്ള കുറെ മനുഷ്യരെ സൃഷ്ടിക്കാനാവുമെന്നുറപ്പ്.
    കൊടുംക്രൂരത ചെയ്യുന്നവരെ മനോരോഗികളെന്നോ ലഹരിയാസക്തരെന്നോ മുദ്ര ചാര്‍ത്തി ഹീനകൃത്യങ്ങളെ ലഘൂകരിക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല. മദ്യവും രാസലഹരിയുമൊക്കെ കൊലയിലേക്കു നയിക്കുന്ന ശീഘ്രഘടകങ്ങളാകാമെങ്കിലും, ആത്യന്തികമായി ചികിത്സ വേണ്ടത് അക്രമവാസനയെ താലോലിച്ചുവളര്‍ത്തുന്ന ക്രൂരമനസ്സുകള്‍ക്കാണ്. മാറിയ സാമൂഹികസാഹചര്യത്തില്‍ ധനാര്‍ത്തിയും അസൂയയും പകയുമൊക്കെ കൊലവിളികളായി മാറുന്നുണ്ട് എന്നതും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
    ഹൃദയമില്ലാത്ത കുറേ കുറ്റവാളികളുടെ നാടായി കേരളം അധഃപതിക്കുകയാണ്. നമ്മുടെ നാട് ഉണരേണ്ടതുണ്ട്. ഒരു ജീവസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധകേരളമായി 'ദൈവത്തിന്റെ സ്വന്തം നാട്' രൂപാന്തരപ്പെടാനുണ്ട്. നവോത്ഥാനകേരളത്തിന്റെ പുകള്‍പെറ്റ വാഴ്‌വുകളിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നതിന്റെ സത്യസന്ധമായ ഓര്‍മപ്പെടുത്തല്‍കൂടിയാകട്ടെ വെഞ്ഞാറമൂട് കൂട്ടക്കുരുതി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)