•  27 Feb 2025
  •  ദീപം 57
  •  നാളം 50
പ്രാദേശികം

ഫാ. കുര്യന്‍ തടത്തില്‍ പടിയിറങ്ങുന്നു

    കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി ദീപനാളം ചീഫ് എഡിറ്റര്‍ എന്ന നിലയിലും, അഞ്ചുവര്‍ഷമായി സെന്റ് തോമസ് പ്രസ് & ബുക്ക്
സ്റ്റാള്‍ മാനേജര്‍, ദീപനാളം സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചുവന്ന  ഫാ. കുര്യന്‍ തടത്തില്‍ പടിയിറങ്ങുന്നു. മൂന്നിലവ് സെന്റ് മേരീസ് ചര്‍ച്ച് വികാരിയായാണു പുതിയ നിയമനം. ഫെബ്രുവരി 22 നു ചാര്‍ജെടുക്കും.
   നീണ്ട പതിമ്മൂന്നുവര്‍ഷകാലയളവില്‍ ദീപനാളത്തെ കെട്ടിലും മട്ടിലും പരിഷ്‌കരിക്കുന്നതില്‍ ഫാ. കുര്യന്‍ തടത്തില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കാലികപ്രധാനവും വൈവിധ്യമാര്‍ന്നതുമായ അനേകം വിഭവങ്ങള്‍കൊണ്ട് അദ്ദേഹം വാരികയെ സമ്പന്നമാക്കി. രചനകളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കൈക്കൊണ്ട മൂല്യാധിഷ്ഠിതസമീപനം ദീപനാളത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഇതിനൊപ്പമോ ഇതിനെക്കാളേറെയോ ദീപനാളത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ച ഒന്നായിരുന്നു, ഓരോ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കിയിരുന്ന ശക്തമായ എഡിറ്റോറിയലുകള്‍. മൂല്യസംരക്ഷണവും ഭാഷാസ്‌നേഹവും മുഖമുദ്രയാക്കിയ കുര്യനച്ചന്‍ ദീപനാളത്തിന്റെ ഓരോ പേജിലും അത് ഒരടിസ്ഥാനപ്രമേയമായി സ്വീകരിച്ചു. ഇതരകലാസാംസ്‌കാരികപ്രസിദ്ധീകരണങ്ങളോടു കിടപിടിക്കത്തക്കരീതിയില്‍ ദീപനാളത്തെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതില്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.
അതുപോലെതന്നെ, അച്ചടിരംഗത്തെ മുന്‍നിരസ്ഥാപനമായി പാലാ സെന്റ് തോമസ് പ്രസ്സിനെ വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം ശക്തമായ നേതൃത്വം നല്കി. ആധുനികപ്രിന്റിങ് സംവിധാനത്തിലെ അവിഭാജ്യഘടകമായ സി.റ്റി.പി. മെഷീനും ലേസര്‍പ്രിന്റിങ് മെഷീനും, ഉന്നതനിലവാരത്തിലുള്ള ജനറേറ്ററും സ്ഥാപിച്ചുകൊണ്ട് പ്രസ്സിന്റെ പ്രവര്‍ത്തനശേഷി മുമ്പത്തേക്കാള്‍ ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിദേശമാതൃകകളോടു കിടപിടിക്കത്തക്കവിധം പൂര്‍ണമായും എ.സി.യില്‍ സജ്ജീകരിച്ചിരിക്കുന്ന അതിവിശാലമായ സെന്റ് തോമസ് ആര്‍ട്ട് ഗാലറിയും നവീകരിച്ച ബുക്ക്സ്റ്റാളും റിലീജിയസ് ആന്‍ഡ് ഡിവോഷണല്‍ ആര്‍ട്ടിക്കിള്‍ സെന്ററും അച്ചന്റെ ആസൂത്രണമികവിനുള്ള മികച്ച ഉദാഹരണങ്ങളാണ്. ചുരുങ്ങിയ കാലംകൊണ്ട് ദീപനാളം പബ്ലിക്കേഷന്‍സ് പുനരുജ്ജീവിപ്പിക്കാനും അനേകം പുസ്തകങ്ങള്‍ പുറത്തിറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 
  കര്‍മധീരനും സ്‌നേഹസമ്പന്നനുമായ ബഹു. കുര്യന്‍തടത്തിലച്ചന് ദീപനാളം-സെന്റ് തോമസ് പ്രസ് കുടുംബാംഗങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ യാത്രാമംഗളങ്ങള്‍!
- പത്രാധിപസമിതി

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)