സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിനു കഴിഞ്ഞ കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നു എന്ന ആമുഖത്തോടെയാണ്
2025-26 സാമ്പത്തികവര്‍ഷത്തെ ബജറ്റുപ്രസംഗത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തുടക്കമിട്ടത്. ഭരണപക്ഷത്തെ എം.എല്‍.എ. മാര്‍ തങ്ങള്‍ എഴുതിക്കൊടുത്തിട്ടുള്ള പുതിയ പദ്ധതികള്‍ ബജറ്റില്‍ മന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കൈയടിക്കാന്‍ തയ്യാറായി രണ്ട് മണിക്കൂര്‍ കാതുകൂര്‍പ്പിച്ചിരുന്നതു പാഴായി. സാമ്പത്തികപ്രതിസന്ധി മറികടന്നു എന്ന് അവകാശപ്പെട്ട ധനമന്ത്രി, കഴിഞ്ഞ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ക്ഷേമപെന്‍ഷന്‍വര്‍ധന (1600 ല്‍ നിന്ന് 2500 ലേക്ക്) പ്രഖ്യാപിക്കും എന്ന പ്രതീക്ഷയും നടപ്പായില്ല. അപ്പോള്‍ ആമുഖത്തില്‍ ധനമന്ത്രി പറഞ്ഞത് യാഥാര്‍ഥ്യമല്ല വെറും വീമ്പുപറച്ചില്‍ മാത്രമാണെന്ന് പ്രതിപക്ഷത്തിനു പറയാന്‍ അവസരം കൊടുക്കുകയാണു ചെയ്തത്. 2026 ല്‍ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടേണ്ടതുകൊണ്ട് അടുത്ത ബജറ്റില്‍ ക്ഷേമപെന്‍ഷന്‍വര്‍ധനയും, കൂടാതെ ഒരു സ്‌പെഷ്യല്‍ കിറ്റും നല്‍കി വോട്ടര്‍മാരെ ഇക്കിളിപ്പെടുത്താനുള്ള തന്ത്രം ബാലഗോപാല്‍ മനസ്സില്‍ കണ്ടിട്ടുണ്ടാവും.
1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂച്ചെലവും 26,968 കോടി രൂപ മൂലധനച്ചെലവും കണക്കാക്കുന്ന ബജറ്റിന്റെ റവന്യൂ കമ്മി 27,124.53 കോടി രൂപയുടെയും ധനക്കമ്മി 45,039 കോടിയുടെയുമാണ്. ബജറ്റ് കണക്കാക്കുന്ന വികസനച്ചെലവ് 16,871.80 കോടിയുടേതാണ്. 1895 കോടിയുടെ ആറു പദ്ധതികള്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഭൂനികുതി 50 ശതമാനം കൂട്ടിയും പഴയ വാഹനങ്ങളുടെ ഉള്‍പ്പെടെ വാഹനനികുതികള്‍ വര്‍ധിപ്പിച്ചും 366 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെങ്കിലും കേരളത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കു നികുതി ചുമത്തുന്നത്
വിപരീതഫലം ഉïാക്കും. ഒരു കാലത്ത് വിഴിഞ്ഞം തുറമുഖപദ്ധതിയെ എതിര്‍ത്തിരുന്ന ഇടതുനയം മാറ്റി ഇനിയുള്ള കേരളത്തിന്റെ വളര്‍ച്ച ഈ തുറമുഖ
ത്തെ ചുറ്റിപ്പറ്റിയാണെന്ന തിരിച്ചറിവിലേക്ക് സര്‍ക്കാര്‍ മാറി എന്നു സൂചിപ്പിക്കുന്നതാണ് ബജറ്റു നിര്‍ദേശങ്ങള്‍. ലോകത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളായ സിംഗപ്പൂര്‍, ദുബായ് എന്നിവയുടെ മാതൃകയില്‍ വിഴിഞ്ഞത്തെയും മാറ്റിയെടുക്കാനുള്ള പദ്ധതിക്കാണ് വിഴിഞ്ഞം - കൊല്ലം വികസന ത്രികോണം എന്ന പേരില്‍ പണം നീക്കിവച്ചിരിക്കുന്നത്.
സ്വകാര്യസ്ഥലമുടമകളെ പങ്കാളികളാക്കിക്കൊണ്ട് എസ്.പി.വി. മാതൃകയില്‍ വികസനം കൊണ്ടുവരുന്നത് വലിയ നയംമാറ്റത്തിന്റെ സൂചനയാണു നല്‍കുന്നത്.
2016 ജനുവരിയില്‍ കോവളത്തെ ആഗോളവിദ്യാഭ്യാസസംഗമവേദിയില്‍ അന്നത്തെ ഉന്നതവിദ്യാഭ്യാസകൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്. ഐക്കാര്‍ അടിച്ചുവീഴ്ത്തിയതിന്റെ പാപപരിഹാരമെന്നോണം കേരളത്തില്‍ സ്വകാര്യസര്‍വകലാശാല അനുവദിക്കാന്‍ ഈ മന്ത്രിസഭ അനുവാദം നല്‍കിയിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസിന്റെ നേതൃത്വത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ ആവാം എന്ന് പഠനറിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ഇടതുസഹയാത്രികര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വിദേശസര്‍വകലാശാലകള്‍ ഇവിടെ തുടങ്ങുന്നില്ലെങ്കില്‍ തങ്ങള്‍ വിദേശത്തുപോയി പഠിച്ചുകൊള്ളാം എന്ന യുവാക്കളുടെ നിലപാട് കോടിക്കണക്കിനു രൂപയുടെ മലയാളിസമ്പാദ്യം ഇന്ത്യവിട്ടു പോകാന്‍ കാരണമായത് വൈകിയെങ്കിലും ഇടതുനേതൃത്വം തിരിച്ചറിഞ്ഞു.
കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നു വരുമാനം ലഭിക്കാന്‍ യൂസര്‍ ഫീ, ടോള്‍ എന്നിവ പിരിക്കുന്ന കാര്യം ആലോചനയില്‍പോലുമില്ലെന്നായിരുന്നു 2019 ജൂണ്‍ 14-ാം തീയതി അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നത്. അക്കാര്യത്തിലും ഒരു നയംമാറ്റത്തിന്റെ സൂചന ബജറ്റില്‍ കാണുന്നുണ്ട്. അസംബ്ലി പിരിഞ്ഞുകഴിയുമ്പോള്‍ കിഫ്ബിപദ്ധതികളില്‍ ഏതിനെല്ലാം ടോള്‍ വരുമെന്ന് അറിയാം. ഇത്തരത്തിലുള്ള നയംമാറ്റത്തിന്റെ അടിസ്ഥാനകാരണം കേരളത്തിന്റെ ഖജനാവില്‍ പണമില്ലാത്തതുതന്നെയാണ്.
ഇക്കഴിഞ്ഞ ഒരു വര്‍ഷം 225 പ്രാവശ്യമാണ് കേരളം കടം എടുത്തതെന്നറിയുമ്പോഴാണ് നമ്മുടെ സാമ്പത്തികസ്ഥിതി എത്ര ദയനീയമാണെന്ന് അറിയുന്നത്. 22-23 വര്‍ഷം 54000 കോടി കടം എടുത്ത സ്ഥാനത്ത് 23-24 ആയപ്പോഴേക്കും 103043 കോടി രൂപയാണ് കടം വാങ്ങിയത്. കടംവാങ്ങുന്നത് പദ്ധതികളില്‍ മുടക്കാനല്ല. അതാണ് ഏറ്റവും വലിയ ന്യൂനത. മുന്‍കാലങ്ങളില്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവിനുവേണ്ടി 73000 കോടിയും പലിശയിനത്തില്‍ 27000 കോടിയും ചെലവഴിച്ചുകഴിഞ്ഞപ്പോള്‍ മൂലധനച്ചെലവിനായി മറ്റു വഴികളില്‍നിന്നു പണം കണ്ടെത്തേണ്ടതായി വരുന്നു. ഒരു വ്യവസായി ഇത്തരത്തില്‍ പണം കടം വാങ്ങിയാല്‍ എന്നു സ്ഥാപനം പൂട്ടും എന്ന ആശങ്കയിലായിരിക്കും അവിടെ പണിയെടുക്കുന്ന ജീവനക്കാര്‍ ദിവസം തള്ളിനീക്കുന്നത്. അതേ ആകുലതയിലാണ് കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവാങ്ങാന്‍ പണം ഇല്ല. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറയ്ക്കുന്നു. പദ്ധതിവിഹിതം അമ്പതുശതമാനം കട്ട് ചെയ്യുന്നു. ഇങ്ങനെ എത്രനാള്‍ മുമ്പോട്ടുപോകാന്‍ കേരളത്തിനു കഴിയും?
ഈ സാഹചര്യത്തില്‍ ധനമന്ത്രി പണം കണ്ടെത്താന്‍ കര്‍ഷകരുടെ ഭൂമിയുടെ നികുതി കൂട്ടാനാണ് തയ്യാറായത്. കമ്മ്യൂണിസ്റ്റു ചിന്തയില്‍ ഒരേക്കര്‍ ഭൂമിയുള്ളവന്‍ ജന്മിയും അതുമൂലം ബൂര്‍ഷ്വയുമാണ്. കേരളത്തിന്റെ കാര്‍ഷികവിളകളില്‍ നാളികേരവും നെല്ലും റബറുമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ അല്പമെങ്കിലും സംഘടനാശേഷിയുള്ളത് റബര്‍കര്‍ഷകര്‍ക്കാണ്. അവരുടെ ഇന്നത്തെ സ്ഥിതി ഒന്നു പരിശോധിക്കാം. ഒരേക്കര്‍ റബര്‍ ഉള്ള ഒരു കര്‍ഷകന് വര്‍ഷത്തില്‍ 125 മുതല്‍ 150 ദിവസം വരെയാണ് ടാപ്പിങ് നടത്താന്‍ കഴിയുന്നത്. ഇപ്പോഴത്തെ റബര്‍വില വച്ച് പ്രതിവര്‍ഷം 36000 രൂപ വരുമാനം ലഭിക്കും. മാസവരുമാനം ശരാശരി 3000 രൂപ. ഒരു കുടുംബത്തിന്റെ വരുമാനം പ്രതിമാസം 5770 രൂപയില്‍ താഴെയാണെങ്കില്‍ അവന്‍ ബി.പി.എല്‍. കുടുംബമാണെന്ന മാനദണ്ഡം വച്ച് കേരളത്തിലെ ഭൂരിഭാഗം വരുന്ന റബര്‍കര്‍ഷനും ഇന്ന് ബിപിഎല്‍ പദവിയിലുള്ളവരാണ്. അങ്ങനെയുള്ള കര്‍ഷകന്റെ ഭൂമിക്കാണ് 50 ശതമാനം ഭൂനികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. കെ.എം. മാണി ധനകാര്യമന്ത്രി ആയിരുന്നപ്പോള്‍ ഏക്കറിന് രണ്ടു രൂപ വര്‍ധന നടത്തിയപ്പോള്‍ സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നിരുന്ന ഡി.വൈ.എഫ്.ഐ. നേതാവാണ് ഇന്നത്തെ ധനമന്ത്രി എന്നത് യാദൃച്ഛികം.
കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 12 ലക്ഷം രൂപവരെയുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ലെന്നതായിരുന്നു പ്രഖ്യാപനം. അപ്പോഴാണ് വര്‍ഷം 36000 രൂപമാത്രം വരുമാനമുള്ളവന്റെമേല്‍ അമ്പതുശതമാനം ഭൂനികുതി കേരളത്തില്‍ ചുമത്തപ്പെടുന്നത്.
ധനമന്ത്രിക്ക് ഏതെല്ലാം മേഖലകളില്‍നിന്നു വരുമാനം കണ്ടെത്താം എന്നു ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന വിവിധ വകുപ്പുമേധാവികളാണ്. കഴിഞ്ഞവര്‍ഷം നമ്മുടെ ശമ്പളച്ചെലവ് 44000 കോടിയുടേതാണ്. 12 ലക്ഷം ഇന്‍കംടാക്‌സ് ഇളവു ലഭിച്ചവര്‍ക്ക് ഇന്നത്തെ കേരളസാഹചര്യത്തില്‍ ലാഭം കിട്ടിയതില്‍ ഒരു വിഹിതം നികുതിയായി നല്‍കിക്കൂടേ എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. 50 ശതമാനം ഭൂനികുതി കൂട്ടിയ കേരളത്തില്‍ 44000 കോടി ശമ്പളയിനത്തില്‍ കൈപ്പറ്റുന്നവരുടെ പ്രൊഫഷണല്‍ ടാക്‌സ് പത്തുശതമാനമാക്കിയാല്‍ 4400 കോടി രൂപ കണ്ടെത്താന്‍ കഴിയും. ഇതുമൂലം ക്ഷേമപെന്‍ഷനുകള്‍ അടക്കം വര്‍ധിപ്പിക്കാനും ആശുപത്രികളിലെ മരുന്നു ക്ഷാമത്തിനും അറുതിവരുത്താന്‍ കഴിയും.
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാനവെല്ലുവിളികള്‍ക്കൊന്നും പരിഹാരം നിര്‍ദേശിക്കാന്‍ ഈ ബജറ്റില്‍ കാര്യമായ പണം നീക്കിവച്ചിട്ടില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ എപ്പോഴാണ് വന്യമൃഗങ്ങള്‍ കാടിറങ്ങിവന്ന് തങ്ങളെ ആക്രമിക്കുന്നതെന്ന ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കേരളത്തില്‍ 2019 നും 2024 നും ഇടയില്‍ 114 പേര്‍ ആനയുടെ ആക്രമണത്തില്‍ മാത്രം മരണപ്പെട്ടു. വന്യമൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യനെ കൊല്ലാന്‍ കോടികള്‍ ചെലവിടുന്നതായിട്ടാണ് വനാതിര്‍ത്തിയിലെ ജനങ്ങള്‍ പരാതിപ്പെടുന്നത്. ജനസംഖ്യാവര്‍ധന തടയാന്‍ കുടുംബാസൂത്രണം നടപ്പാക്കിയ നാട്ടില്‍ കാട്ടുമൃഗങ്ങള്‍ പെറ്റുപെരുകി അവയ്ക്ക് അഴിഞ്ഞാടാന്‍ നാടു കാടാക്കണമെന്ന തരത്തിലുള്ള പദ്ധതി നിര്‍ദേശങ്ങളാണ് കഴിഞ്ഞ കുറേക്കാലങ്ങളായി വിഭാവനം ചെയ്യുന്നത്. തെറ്റു ചെയ്യുന്ന മനുഷ്യനെ തൂക്കിക്കൊല്ലാം, തുറുങ്കില്‍ അടയ്ക്കാം. എന്നാല്‍, മനുഷ്യനെ കൊന്നുതിന്നുന്ന ജന്തുക്കളെ തൊട്ടുകൂടാ. ഇവയുടെ ആരോഗ്യസംരക്ഷണത്തിന് പണം നീക്കിവയ്ക്കാന്‍ തയ്യാര്‍. കാട്ടുമൃഗങ്ങളുടെ സഞ്ചാരം മനസ്സിലാക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കെട്ടുന്ന റേഡിയോ കോളറിനു പകരം നൂറുരൂപയുടെ മണികെട്ടി വിട്ടാല്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു കഴിയുമായിരുന്നു.
കാട്ടുപന്നികള്‍ ആക്രമണകാരികളാകുമ്പോള്‍ വെടിവച്ചു കൊന്നതിനുശേഷം മൂന്നടിതാഴ്ചയില്‍ കുഴികുത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനുപകരം അവയുടെ മാംസം വേണ്ടവര്‍ക്ക് ഒരു വില നിശ്ചയിച്ച് വനംവകുപ്പ് വില്ക്കാന്‍ തീരുമാനിച്ചാല്‍ വര്‍ധിപ്പിക്കുന്ന ഭൂനികുതിയെക്കാള്‍ വരുമാനം ഖജനാവില്‍ എത്തും.
നാട്ടില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള ബോധവത്കരണനടപടികള്‍ക്കു വേണ്ടുന്ന പദ്ധതികള്‍ ഒന്നും ബജറ്റില്‍ കണ്ടില്ല. യുവതലമുറയെ രാസലഹരിക്ക് അടിമപ്പെടുത്തി പണസമ്പാദനത്തിന് ഒരു കൂട്ടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇവരുടെ കെണിയില്‍ സ്‌കൂള്‍കുട്ടികള്‍പോലും വീണുപോകുന്നത് ഏറെ ആശങ്കയോടെ കാണേണ്ടതുണ്ട്. സാമൂഹികക്ഷേമവകുപ്പിനെ കുറേക്കൂടി ശക്തിപ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ യുവതലമുറയുടെ ഭാവിയെ ഏറെ ആശങ്കയോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ.
കേന്ദ്രസര്‍ക്കാര്‍ വയനാടിന്റെ കാര്യത്തില്‍ നിഷേധാത്മകനിലപാട് കൈക്കൊണ്ടപ്പോള്‍ വയനാടിന്റെ പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പബ്ലിക് - പ്രൈവറ്റ് പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ തുടങ്ങുമെന്ന ബജറ്റുപ്രഖ്യാപനംവഴി കൂടുതല്‍ തൊഴില്‍സാധ്യതകളും വരുമാനവര്‍ധനയും ഉണ്ടാകും എന്നതില്‍ സംശയമില്ല. ഏഴു മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനവും വ്യവയായ ഇടനാഴിയും കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ ഉപകരിക്കും എന്നു പ്രതീക്ഷിക്കാം.
കവര്‍സ്റ്റോറി
സാമ്പത്തികപ്രതിസന്ധിയുടെ നടുക്കടലില്‍ നീന്തിയും തുടിച്ചും
