•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

സൂര്യനിലേക്കു നടക്കുന്നവര്‍

  • നിഷ ആന്റണി
  • 30 January , 2025

    സേവിച്ചന്‍ ഭൂമി വിട്ടുപോയതിന്റെ ഒന്നാമത്തെ ചരമവാര്‍ഷികം കഴിഞ്ഞപ്പോഴേക്കും മക്കള്‍ സേവിച്ചനേക്കാള്‍ വളര്‍ന്ന് അലീസയ്ക്കുമേല്‍ പന്തലിടാന്‍ ആരംഭിച്ചിരുന്നു. പത്തിരുപത്തഞ്ചു വര്‍ഷം കെട്ട്യോന്‍ സേവിച്ചന്‍ പന്തല്‍ മേഞ്ഞ് അലീസയ്ക്കു തണലായതു കൊണ്ടു ദേശമായ മുരിങ്ങമ്പുറായിടെ  അതിര്‍ത്തിക്കപ്പുറത്തെ വെയിലും മഞ്ഞുമൊന്നും അലീസ അറിഞ്ഞിരുന്നില്ല. കൊല്ലത്തിലൊരിക്കല്‍ സേവിച്ചന്‍ ഇഞ്ചിയും മാങ്ങയും പച്ചപ്പുളിയുമൊക്കെ വില്‍ക്കാന്‍ പോയിട്ടു വരുമ്പോഴുള്ള വിശേഷംപറച്ചിലില്‍നിന്നാണ് വാളയാറിന്റെ വിശേഷങ്ങള്‍ അലീസയും മക്കളും അറിഞ്ഞിരുന്നത്. 

    പരസ്യവാചകങ്ങള്‍പോലെ വാളയാര്‍ എന്നും അലീസയെ കൊതിപ്പിച്ചിരുന്നു. സ്വന്തം നാടായ നെന്മാറേന്നു കല്യാണം കഴിഞ്ഞ് വെള്ളഅംബാസിഡറില്‍ സേവിച്ചന്റെയൊപ്പം മുട്ടിക്കുലുങ്ങിയിരുന്നു  യാത്ര ചെയ്‌തൊരു സന്ധ്യാനേരത്താണ് അലീസ ആദ്യമായി വാളയാര്‍ കാണുന്നത്. വൃത്തിയുള്ള കുഞ്ഞു മണ്‍വീടുകള്‍. വാതില്‍ തുറന്നു വരുന്ന ഇളം സൂര്യന്റെ മഞ്ഞനിറമേറ്റു മൊട്ടിട്ട  മത്തന്‍പടര്‍പ്പുകള്‍. എം ജി ആറിന്റെയും ജയലളിതയുടെയും ചിത്രങ്ങള്‍ ഉറങ്ങുന്ന മണ്‍ഭിത്തികള്‍.
   മുല്ലപ്പൂവും കനകാംബരവും കെട്ടിപ്പിടിച്ചുറങ്ങുന്ന തലമുടിക്കൂമ്പ് മുന്‍വശത്തേക്കിട്ട് ഒഴുകുന്ന പെണ്‍കൂട്ടങ്ങള്‍. ചീരയും ചെമ്പരത്തിയും  തഴച്ചുവളരുന്ന നാട്ടുവേലികള്‍.  അന്തിത്തിരി കൊളുത്തിവച്ചിരിക്കുന്ന ചെമ്മുറ്റം. അതിദൂരത്താണെങ്കിലും നിലാവു പെയ്തിറങ്ങുന്ന വാളയാര്‍. 
അലീസയ്ക്ക് ആകെ കുളിര്‍ന്നു.
    അത്രയും ചെറിയ വീടുകളെ ആദ്യമായിട്ടാണ് അലീസ കാണുന്നത്. നെന്മാറ മുഴുവന്‍ കരിവീട്ടിയിലും തേക്കിലും തീര്‍ത്ത കൂറ്റന്‍ ഇരുനിലവീടുകളായിരുന്നു. മൗനം കുടിയിരിക്കുന്ന വലിയ മാളങ്ങളുടെ ഓര്‍മയില്‍നിന്നും അലീസ അംബാസിഡറിന്റെ കാഴ്ചകളിലേക്കെത്തി.
വെണ്ണയേക്കാള്‍ തണുത്തൊരു സന്ധ്യയിലാണ് അലീസ മുരിങ്ങമ്പുറായില്‍ ചെന്നിറങ്ങിയത്. പാല്‍പോലെ വെളുത്തൊരമ്മച്ചി അലീസയുടെ നെറ്റിയില്‍ കുരിശു വരച്ച് അകത്തേക്കു സ്വീകരിച്ചു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ മുഴുവന്‍ മുരിങ്ങമ്പുറായുടെ അക്ഷാംശരേഖാംശങ്ങളില്‍ അലീസ കുടുങ്ങിക്കിടന്നു.
അതിനപ്പുറത്തേക്കു പോകാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ സേവിച്ചന്‍ അലീസയ്ക്കുമേല്‍ പന്തല്‍കെട്ടി അതിരുനാട്ടി. കുടി, കളി, കാട്ടിറച്ചി, പെണ്ണ് ഇത്യാദി രസമൂലാദികളില്‍  സേവിച്ചന്‍ സുഖസേവ നടത്തിപ്പോന്നു. എങ്കിലും അലീസയ്‌ക്കോ, മക്കള്‍ക്കോ, യാതൊരു കുറവും കെട്ട്യോനെന്നനിലയിലും, അപ്പനെന്നനിലയിലും സേവിച്ചന്‍ വരുത്തിവച്ചില്ല. അതുകൊണ്ടുതന്നെ അലീസ 'ഭാഗ്യവതി' ആണെന്നു ബന്ധുക്കാര്‍ ഏറ്റുപറഞ്ഞു.
ഈ ഭാഗ്യം മുഴുവന്‍ കയ്പുനീരിറക്കുംപോലെ അനുഭവിച്ചുപോരുമ്പോഴാണ് ലോക്ഡൗണിന്റെ രണ്ടാംഘട്ടം അലീസയുടെ ജീവിതത്തിലേക്ക് യഥാര്‍ഥഭാഗ്യത്തെ കൊണ്ടുവന്നുകൊടുത്തത്. ഒരിക്കല്‍ ലോക്ഡൗണിന്റെ നിശ്ശബ്ദതയില്‍ നായാട്ടിനിറങ്ങിയ സേവിച്ചന്‍ മരത്തില്‍നിന്നുവീണ് നട്ടെല്ലു പൊട്ടി കിടപ്പിലായി. പെണ്ണിലും ചീട്ടുകളിയിലും മൂര്‍ച്ഛ കണ്ടിരുന്ന മനുഷ്യന്‍ മച്ചിലെ  മണ്ണാച്ചന്‍വലമാത്രം കണ്ട് പുകഞെരിഞ്ഞുകിടന്നു. ആ കിടപ്പിലും തന്നെ ഇല്ലാതാക്കാന്‍ സാധ്യതയുള്ള മനുഷ്യനാണെന്നു കണ്ട് അലീസ സേവിച്ചനെ  സ്‌നേഹിച്ചു. വേദപാഠക്ലാസില്‍ പഠിച്ച സാറായ്, എലിസബത്ത് തുടങ്ങിയ മാതൃകാസ്ത്രീകളെയൊക്കെ അലീസയ്ക്ക്  ഓര്‍മ വന്നു. ഇതിനിടയിലെപ്പോഴോ സ്‌നേഹമെന്നാല്‍ ഒന്നുമുതല്‍ നൂറുവരെ തെറ്റാതെ എണ്ണീത്തീര്‍ക്കേണ്ട ഒരു നൂലാമാല മാത്രമാണെന്നു അലീസ പഠിച്ചിരുന്നു.
ഒരായുസ്സിന്റെ മുഴുവന്‍ ലഹരി ഒന്നിച്ചു കേറ്റീതുകൊണ്ടാണോ എന്നറിയില്ല,  അലീസയ്ക്കുമേല്‍ സേവിച്ചന്‍ പിന്നൊരു പന്തല്‍ കെട്ടിയില്ല. ലോക്ഡൗണിലൊരു മഴക്കാലത്ത് നാട്ടുകാര്‍ കെട്ടിയ പ്ലാസ്റ്റിക് പന്തലിനു കീഴേ മഴ നനയാതെ സേവിച്ചന്‍ സെമിത്തേരിയിലന്തിയുറങ്ങി. അന്ന് അലീസ കുറെ കരഞ്ഞു. എന്തിനാണെന്ന് അലീസയ്ക്കുതന്നെ മനസ്സിലായില്ല. തന്നെ ആദ്യമായി തൊട്ട പുരുഷന്‍ വേര്‍പെട്ടു എന്നോര്‍ത്തിട്ടാണോ അതോ വാളയാറിലെ ഉണക്കപ്പുളി മധുരമുള്ള കഥകള്‍ കേള്‍ക്കാതായിട്ടാണോ എന്നറിയില്ല, തളര്‍ന്നുവീഴുംവരെ  അലീസ അലമുറയിട്ടുകരഞ്ഞു.
സേവിച്ചന്‍ പോയി ഏഴു കഴിഞ്ഞയുടനെ അലീസ ആദ്യം ചെയ്തത് തലയ്ക്കുമേലുണ്ടായിരുന്ന പന്തല്‍ വെട്ടിമാറ്റുകയാണ്.
സകലതും വെട്ടിമാറ്റി വൃത്തിയാക്കി പെരയ്ക്കകവും പുറവും തൂത്തുതുടച്ച് അലീസ  കുളിച്ചു വിശ്രമിച്ചുണര്‍ന്നു. പെരയ്ക്കാത്തുനിന്നും ഇറയത്തേക്കിറങ്ങി  ആകാശത്തേക്കു നോക്കി.
പന്തലിന്റെ പാടയില്ലാത്ത പുതിയ ആകാശം. സൂര്യന്‍ തേച്ചുരച്ച് വെളുപ്പിച്ച മേഘശലഭങ്ങള്‍. സന്ധ്യയാവുമ്പോള്‍ ഊറിയിറങ്ങുന്ന തണുത്തനിലാവ്. അവള്‍ ചിരിച്ചു. പിന്നീടെല്ലാം അലീസ ഇഷ്ടത്തോടെ ചെയ്തു. കര്‍ക്കടകം പിറക്കുംമുന്നേ കുരുമുളകും മഞ്ഞളുമിട്ട ആട്ടിന്‍തല മണ്‍കുടത്തില്‍ വറ്റിച്ചെടുത്ത് അമ്മച്ചിക്കും രണ്ടാണ്‍മക്കള്‍ക്കും കുടിക്കാന്‍ കൊടുത്തു. നട്ടുപിടിപ്പിക്കാന്‍ പറ്റുന്ന എല്ലാത്തരം പച്ചക്കറികളും ഫലവൃക്ഷാദികളും പത്തു സെന്റില്‍ നട്ട് മണ്ണിനു ജീവന്‍ കൊടുത്തു. ഹോ.. ഇങ്ങനേണ്ടോ പെണ്ണ്ങ്ങള്.. സേവിച്ചന്‍ അങ്ങുപോകാന്‍ കാത്തിരിക്കുവായിരുന്നോ എവള് വരമ്പത്തേക്കിറങ്ങാന്‍...  മണ്ണില്‍ മലമ്പണി കഴിഞ്ഞിറങ്ങി വന്നാ അലീസയ്ക്ക് വീടിനു പിറകുവശത്തുള്ള തോട്ടിലിറങ്ങി കുളിക്കണം. അപ്പോ കൂട്ടിനെന്നവണ്ണം അമ്മച്ചി  തോട്ടിറമ്പില്‍ വന്നിരിക്കും. സേവിച്ചനുള്ള കാലത്ത് താന്‍ പര്യമ്പറത്തുനിന്നുമാത്രം കണ്ടാസ്വദിച്ച നീര്‍ത്തോട് ഇപ്പോള്‍ അലീസയുടെ ശരീരത്തിനുമേല്‍ നാവോടിക്കുകയാണ്. അലീസയും വെള്ളവും കെട്ടിപ്പുണരുവോളം അമ്മച്ചി കണങ്കാലിട്ടു നീര്‍ക്കുമിളകളെ തെറിപ്പിച്ച് മനസ്സില്‍ കുഴിച്ചിട്ട കഥകള്‍ പൊട്ടിക്കും. നീരില്‍ പുളയ്ക്കുന്ന മീന്‍കുഞ്ഞുങ്ങള്‍ അതു കേട്ടു നുരഞ്ഞുപൊന്തും. അങ്ങനെ കുളിയും കഥയുമായി രണ്ടു പെണ്ണുങ്ങള്‍ സന്ധ്യ അനുഭവിക്കുന്ന നേരത്താണ് കൊള്ളരുതാത്തൊരുത്തന്‍ ഞാവലിന്റെ കവളപൊട്ടി കുളിക്കടവിലേക്കു വീണത്. സേവിച്ചനോടു  കാണിച്ച ദയയൊന്നും അലീസ ഒളിസേവ നടത്തിയവനോടു കാണിച്ചില്ല. അയാള് പിന്നെ തിരുമ്മും ഉഴിച്ചിലുമായി കിടന്ന കാലത്തെപ്പോഴോ ആണ് അലീസ ബ്ലാക്ക് ബെല്‍റ്റ് അലീസ ആയി മാറിയ വാര്‍ത്ത നാടറിഞ്ഞത്. പിന്നെപ്പിന്നെ കുടിയന്റെ അടി, കെട്ട്യോന്റെ ഇടി, പൂവാലന്റെ പിടി തുടങ്ങിയ അടിപിടിക്കേസുകളിലൊക്കെ തന്റെ ഭാഗം പറയാന്‍ പെണ്ണുങ്ങള്‍ അലീസയെ വിളിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. അങ്ങനെ അലീസ ജനമൈത്രിവിഭാഗത്തിലേക്കു ചേക്കേറാന്‍ തുടങ്ങിയപ്പോഴാണ് വീട്ടിലെ ആണ്‍പ്രജകളായ പ്രിന്‍സ്‌മോനും റോബിന്‍സിനും അസ്വാസ്ഥ്യം ആരംഭിച്ചത്. ആഴ്ചയവസാനം വീട്ടിലെത്തിയൊരു സന്ധ്യാപ്രാര്‍ത്ഥനാനേരത്താണ്, പ്രിന്‍സ്‌മോന്‍ മര്‍ദനത്തിന്റെ കെട്ടഴിച്ചത്.
''അമ്മയിങ്ങനെ നാട്ടുകാര്യവുമായ് ഇറങ്ങിനടന്നാ ശരിയാകേല. അമ്മയിറങ്ങുമ്പോ അമ്മച്ചി വീട്ടിത്തന്നെയാ ഉള്ളേന്ന് അമ്മ ഓര്‍ക്കണം. അപ്പന്റെ ആത്മാവു പൊറുക്കുകേല.''
''അത് നീ ഓര്‍ത്താലും മതി പ്രിന്‍സ് മോനേ'' നിലാവഴിഞ്ഞുകിടക്കുന്ന മുറ്റത്തേക്കു മുറുക്കാഞ്ചണ്ടി നീട്ടിത്തുപ്പിക്കൊണ്ട് സേവിച്ചന്റമ്മ പറഞ്ഞു.
നിലത്തു വിരിച്ചിരിക്കുന്ന തഴപ്പായില്‍ അലീസ ഭിത്തിയും ചാരിയിരുന്ന് അമ്മച്ചിയെ ഉറ്റുനോക്കി. റോബിന്‍സ് ഒന്നും ചെയ്യാനില്ലാതെ തഴപ്പായുടെ ഒരു എഴ കൈകൊണ്ട് വലിച്ചുപൊട്ടിച്ചു. ബാക്കി പറയാന്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പ്രിന്‍സ് മോന്‍ റോബിന്‍സിന്റെ കണ്ണിലേക്കു നോക്കി. അന്നു രണ്ടുപേരും അലിസയ്ക്കും അമ്മച്ചിക്കും പ്രാര്‍ത്ഥനയ്ക്കുശേഷമുള്ള സ്തുതി ചൊല്ലിയില്ല. വാശിതീര്‍ക്കാനെന്നവണ്ണം അവര്‍ അത്താഴത്തിനിരിക്കാതെ പറമ്പിനപ്പുറത്തെ ഇരുട്ടിലേക്കിറങ്ങി നടന്നു. പിറ്റേന്നുതന്നെ പ്രിന്‍സ്‌മോന്‍ ജോലിസ്ഥലത്തേക്കും, റോബിന്‍സ് കുമ്മനത്തേക്കും തിരിച്ചുപോയി. ഓട്ടോമൊബെല്‍ എഞ്ചിനീയറിങ്ങിനു പഠിക്കുവാണേലും സേവിച്ചന്റെ പാരമ്പര്യകലാപരിപാടികളില്‍ ചിലതില്‍ മാത്രം റോബിന്‍സ് ആരുമറിയാതെ കുമ്മനത്തു പരിശീലനം നേടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മുരിങ്ങമ്പുറായില്‍ നാട്ടുകാര്യവും വീട്ടുകാര്യവും നോക്കിനടത്തുന്ന അമ്മയെക്കാള്‍ സെയ്ഫ് കുമ്മനത്തെ വാര്‍ഡന്‍തന്നെയാണെന്ന് റോബിന്‍സിനു തോന്നി. എന്നാലും ആഴ്ചയവസാനം വട്ടച്ചെലവിനുളള ചിക്‌ലി അമ്മയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് റോബിന്‍സിന് വീട്ടില്‍ വരാതിരിക്കാനും പറ്റൂലെന്നായി. ആയിടയ്ക്കാണ് നാട്ടിലെ ചീട്ടുകളിസഭയില്‍നിന്നും വന്‍വിവാദമായൊരു കൊടുങ്കാറ്റുന്യൂസ് മുരിങ്ങമ്പുറായില്‍ കെട്ടഴിഞ്ഞത്. 
'എന്റെ റോബിന്‍സേ..നീയൊന്നു സൂക്ഷിച്ചോട്ടോ...' കുഴിഞ്ഞാലി ജോണിയുടെ മകന്‍ നത്തോലി റിജോ ആര്‍പ്പിട്ടു ചിരിച്ചു. ''ഡാ... കഴിഞ്ഞയാഴ്ചയുണ്ടല്ലോ നമ്മുടെ സ്‌കാനറ് ബെല്‍ജുമോന്‍ കുടിച്ചു പാമ്പായി വീട്ടിച്ചെന്നു. അന്നേരം അവന്റെ കൊച്ച് കോപ്പി എഴുതിക്കോണ്ടിരിക്കുവാ. എന്നാ പറയാനാ ബെല്‍ജുമോനും അപ്പോത്തന്നെ മലയാളംകോപ്പിയെഴുതണം. കൊച്ചും കരച്ചില് ബെല്‍ജുമോനും കരച്ചില്. ഇടപെടാന്‍ ചെന്ന സില്‍വിച്ചേച്ചിക്കു മോന്ത നെറച്ചൊരെണ്ണം ബെല്‍ജുമോന്‍ കൊടുത്തു. അപ്പഴാണ് ബെല്‍ജുമോന്റമ്മച്ചി എടീ മോളേ... അലീസേന്നൊരു പടക്കം പൊട്ടിച്ചത്. വിളികേട്ട ഉടനെ അലീസേച്ചി പാഞ്ഞെത്തി. പിന്നത്തെ മാരകപ്രകടനത്തില്‍ ബെല്‍ജുമോന്‍ നിലംപൊത്തി. അയിനുശേഷം ബെല്‍ജുമോന്റെ സര്‍ഗവേള നിന്നു. ഇപ്പോ ഏതാണ്ട് ധ്യാനം കഴിഞ്ഞെത്തിയ മട്ടാ ബെല്‍ജുമോന്''.
ചുറ്റുപാടും ചിരിയുടെ ആര്‍പ്പിടല്‍ ആരംഭിച്ചപ്പോ റോബിന്‍സിന് വീണ്ടും മര്‍ദം അനുഭവപ്പെടാന്‍ തുടങ്ങി. പ്രിന്‍സ് മോന്റെ കല്യാണമുറച്ചിരിക്കുന്നതിനാല്‍ അവനൊരു റൊമാന്‍സ്മൂഡിലാണ്. ഒന്നും പറയാന്‍ വയ്യ. ആലോചനയ്ക്കിടയില്‍ മൂക്കില്‍ വിരലിട്ട് കുറച്ച് രോമം പറിച്ചുകളഞ്ഞുവെന്നല്ലാതെ റോബിന്‍സിന് പ്രത്യേകിച്ചൊരു തീരുമാനത്തിലെത്താനും സാധിച്ചില്ല. ഏതായാലും കല്യാണം കഴിയട്ടെ. റോബിന്‍സ്  സമാധാനിച്ചു.
മുരിങ്ങമ്പുറായിടെ കിഴക്കേ അതിരു മുതല്‍ പടിഞ്ഞാറേ അതിരുവരെ അലീസയുടെ പേര് മിന്നല്‍വേഗത്തില്‍ പരക്കുന്നത് പ്രിന്‍സ്‌മോന്റെ പെണ്ണ് ടിന്റു കുര്യാക്കോസും അറിഞ്ഞിരുന്നു. ഉറപ്പീരിനു ചെന്നപ്പം ടിന്റു കുര്യാക്കോസ് അലീസയെ കെട്ടിപ്പിടിച്ചു പറഞ്ഞു: ''അമ്മ അടിപൊളിയാട്ടോ. റിയലി ഗ്രേറ്റ് ഇവിടെ വന്നിട്ട് വേണം എനിക്കും അമ്മയുടെ ഒപ്പം ജോയിന്‍ ചെയ്യാന്‍ ഞാന്‍ സോഷ്യല്‍ വര്‍ക്കില് പി.ജി ചെയ്യുവാ ഇപ്പോ''.
ചെവിക്കുറ്റി തകര്‍ക്കുമ്പോലെയാണ് അവസാനത്തെ രണ്ടു വാചകം പ്രിന്‍സ് മോന്റെ ചെവിയിലേക്കു വന്നു വീണത്.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്കു പന്തലിട്ടില്ലേല്‍ വരാനിടയുള്ള മൂന്നാം ലോകമഹായുദ്ധത്തെ ഓര്‍ത്ത് പ്രിന്‍സ് മോന്‍ ഞെട്ടി. അങ്ങനെ വീട്ടില് കല്യാണ ത്തിരക്കുകള്‍ കൊടിയേറുന്നതിനിടയ്ക്കാണ് അലീസയെ കാണാന്‍ ഒരു ദിവസം പഞ്ചായത്തു പ്രസിഡന്റ് രാരിച്ചന്‍ വെട്ടിക്കാല  എത്തുന്നത്. 
''കുടുമ്മശ്രീക്കുവേണ്ടിയാ എന്നു കേട്ടപ്പോ എനിക്കാദ്യം അലീസയെ ആണ് ഓര്‍മ വന്നത്. ലാഭം പപ്പാതി. അലീസയ്ക്കു സമ്മതമല്ലേ''
''പപ്പാതിയല്ല, മുക്കാലും''
അലീസ വാക്കിലുറച്ചു.
''അതു ശരിയാന്നോ അലീസേ?''
രാരിച്ചന്റെ പുരികം വക്രിച്ചു.
''പണി മുഴുവന്‍ അവക്കാണെങ്കി ലാഭോം അവള്‍ക്കു വേണ്ടേ രാരിച്ചാ?''
സേവിച്ചന്റമ്മ വാദമെറിഞ്ഞു.
''ശരി എനിക്കലീസ അവിടെ ഉണ്ടായേച്ചാ മതി.'' അതോടെ കുടുംബശ്രീക്കുവേണ്ടി തുടങ്ങുന്ന പുതിയ അച്ചാറു കമ്പനിയുടെ എഗ്രിമെന്റില്‍ അലീസ ഒപ്പുവച്ചു. ജീവിതം കൊണ്ടുവരുന്ന പുതിയ പകലുകളെ അലീസ അദ്ഭുതത്തോടെ നോക്കിക്കണ്ടു.
''എനിക്കെല്ലാം കൂടി താങ്ങാനൊക്കൂലമ്മച്ചീ''
രാരിച്ചന്‍ പോയപ്പോ അലീസ സേവിച്ചന്റമ്മയോടു പറഞ്ഞു.
''മക്കള് മുഖം കോട്ടുന്നത് അമ്മച്ചീം കാണുന്നില്ലേ?''
സേവിച്ചന്റെ അമ്മയുടെ ദൃഷ്ടിയപ്പോള്‍ മുരിങ്ങമ്പുറായിടെ അതിര്‍ത്തി വിട്ടിരുന്നു. അമ്മച്ചി ഇരുന്നിരുന്ന മരക്കസേരയ്ക്കരികിലായി  അലീസ നിലത്തിരുന്നു. രണ്ടു സ്ത്രീകള്‍. അവര്‍ മുഖത്തോടു മുഖം നോക്കി. അലീസ അമ്മച്ചിയുടെ മടിയിലേക്കു ചാഞ്ഞു. പഞ്ഞിപോലത്തെ കരങ്ങള്‍ അലീസയുടെ നെറുക തലോടി. അലീസ കുഞ്ഞായി. മൃദുവായി. കണ്ണു നിറയുന്നതും, നെഞ്ചു കനപ്പെടുന്നതും അലീസയറിഞ്ഞു.
''നെനക്ക് പ്രഷറ് കൂടി ആശൂത്രി പോയപ്പഴും, ഞാന്‍ തലകറങ്ങി വീണപ്പഴും ഞാന്‍ നിന്നേം നീ എന്നേം മാത്രമേ കണ്ടുള്ളൂ. അയിന്റപ്പുറത്തോട്ട് ആരെങ്കിലും നിന്നെ നോക്കാം വരൂന്നു വിചാരിച്ച്  നിന്റെ ജീവിതം നശിപ്പിക്കരുത്. നിന്റെ കൈപിടിച്ചാ ഈ നാടിനപ്പുറത്തൊരു പെരുന്നാളും, പ്രദക്ഷിണോം ഞാന്‍ കൂടീത്. പണ്ട് കല്യാണം കഴിഞ്ഞു വന്നപ്പോള്‍ പര്യമ്പ്രത്തെ തോടിന്റെ  ഒഴുക്കുകണ്ട് എനിക്കു മതിയാവൂല്ലായിരുന്നു. എന്റെ നാട്ടില്‍ വെള്ളമില്ലായിരുന്നു. ഇവിടെ വന്നേപ്പിന്നെ സേവിച്ചന്റപ്പനില്ലാത്ത ഒരു ദെവസം ഞാന്‍  നമ്മുടെ തോട്ടില്‍ അലക്കുകഴിഞ്ഞ് വെള്ളത്തിലൊന്നുമുങ്ങി. അങ്ങേര് വാളയാറീന്നു പെട്ടെന്നു തിരിച്ചെത്തൂന്ന് ഞാന്‍ കരുതീല്ല. എന്നെ വെള്ളത്തി മുക്കി ശ്വാസം മുട്ടിച്ചു കൊന്നില്ലാന്നേയുള്ളൂ. പക്ഷേ ഇപ്പോ എനിക്കു തോന്നുവാ എമ്പതാം വയസ്സില്‍ ഞാന്‍ അനുഭവിക്കണ സുഖോം സമാധാനോം സ്വാതന്ത്ര്യവും അനുഭവിക്കുന്നോര് ഈ മുരിങ്ങമ്പുറായിലുണ്ടാവൂല്ലാന്ന്. അതാ എന്റെ ഭാഗ്യം.'' സേവിച്ചന്റമ്മ അലീസയുടെ ഉള്ളംകൈ പിടിച്ചു. ''വാളയാറിന്റെ കൊടുംതണുപ്പില് നീ ഒറ്റയ്ക്കു ചുരുണ്ടുകൂടി കിടക്കുന്നതു കാണുമ്പോഴുള്ള വെഷമവല്ലാതെ മറ്റൊരു ദെണ്ണോം അമ്മച്ചിക്കില്ല മോളെ. നെന്റെ പ്രായത്തില്‍ അമ്മച്ചീടെ താലി പൊട്ടീട്ടില്ല.'' അതുപറഞ്ഞ് തീര്‍ന്നതും നെഞ്ചില്‍ കിടന്നിരുന്ന വെള്ളത്തോര്‍ത്ത് എടുത്ത് വൃദ്ധ കവിളിലെ നനവൊപ്പി.
തന്റെ മടിയിലേക്കു ഭാരമിറക്കിവച്ചൊരു നെഞ്ച്  പൊട്ടിപ്പിളര്‍ന്ന് ഏങ്ങലടിക്കുന്നത് സേവിച്ചന്റമ്മ അറിഞ്ഞു.
''എന്നാലും കരയല്ല്. കര്‍ത്താവിനോടു പ്രാര്‍ഥിക്കുന്ന പെണ്ണുങ്ങള്‍ക്കൊക്കെ നല്ല ധൈര്യോം സന്തോഷോം വേണം.''
സേവിച്ചന്റമ്മ അലീസയുടെ നെറ്റിയില്‍ കുരിശുവരച്ച് ഉമ്മ വച്ചു. നോമ്പു വീടലിനോടനുബന്ധിച്ച് കല്യാണ ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ബന്ധുജനങ്ങള്‍ കല്യാണവീട്ടിലേക്കൊഴുകി.
അലീസയെ കണ്ട്  തെളിഞ്ഞു ചിരിച്ചവരില്‍ ചിലരെങ്കിലും എവിടെയെങ്കിലും ഒരു ചേരായ്ക ഉണ്ടോ എന്ന് അന്വേഷിച്ചു നടന്നു. 
ജനുവരി പത്ത് വ്യാഴാഴ്ച പ്രിന്‍സ് മോനും ടിന്റു കുര്യാക്കോസും തമ്മിലുള്ള വിവാഹം ഇടവകപ്പള്ളിയില്‍വച്ച് കെങ്കേമമായി നടന്നു. അലീസയോടൊപ്പമുള്ള ഫോട്ടോ എടുത്ത് ടിന്റു കുര്യാക്കോസ് 'ടീംസ്' എന്ന  അടിക്കുറിപ്പോടെ സ്റ്റാറ്റസിട്ടു. ബെല്‍ജുമോന്‍, രാരിച്ചന്‍ വെട്ടിക്കാല ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ അതിനു ലൈക്കിടുകയും ചെയ്തു. അതോടെ ആദ്യരാത്രി കനപ്പെട്ട രാത്രിയായി മാറാന്‍ പ്രിന്‍സ്‌മോന് വേറൊന്നും വേണ്ടിവന്നില്ല. മണവാളന്‍ ഭര്‍ത്താവായി മാറിയ പ്രഭാതത്തിലാണ് അടുത്ത ആരവം ഉണ്ടായത്. ബെഡ് കോഫി പോസിനു പകരം യൂണിഫോം ഇട്ടുള്ള ടിന്റു കുര്യാക്കോസിന്റെ നില്പ് കണ്ണിലേക്കു ബ്‌ളര്‍ ആയി പതിഞ്ഞ കാഴ്ചയില്‍ത്തന്നെ ഭര്‍ത്താവായ പ്രിന്‍സ് മോന്‍ നടുങ്ങി.
പ്രിന്‍സ്‌മോന്റെ കണ്ണുചുവന്ന് പുറത്തേക്കു തള്ളി. തലയില്‍ അരളിപൂത്തു വിഷം പെയ്തിറങ്ങി. എലിക്കെണിയില്‍നിന്നു പുറത്തു ചാടിയ ഒരെലി മുറിക്കുള്ളില്‍ മണ്ണു മാന്തി.
''എങ്ങോട്ടാടീ രാവിലെ കെട്ടിയൊരുങ്ങി?'' ഇരുപത്തിയാറാം വയസ്സില് പുറത്തേക്കെറിയാന്‍ പറ്റുന്ന ഒച്ചയുടെ മാക്‌സിമത്തില്‍ പ്രിന്‍സ്‌മോന്‍ ഓരിയിട്ടു.'
ടിന്റു കുര്യാക്കോസ് വളരെ സാവധാനം പ്രിന്‍സ്‌മോനെ നോക്കി 'റ്റാറ്റാ സീ യു' എന്നു പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി. ഇടംവലം നോക്കാതെ കൈകോര്‍ത്തു പിടിച്ച് മൂന്നു സ്ത്രീകള്‍ - അലീസ, വല്യമ്മച്ചി, ടിന്റു കുര്യാക്കോസ് എന്നിവര്‍ - സൂര്യനെ മാത്രം നോക്കിക്കൊണ്ട് കുമാരന്‍പാറയും മേല്പാലവും കഴിഞ്ഞ് അച്ചാറു കമ്പനിയിലേക്കു പ്രവേശിക്കുന്നത് പ്രിന്‍സ്‌മോന്‍ ജനാലയിലൂടെ നോക്കിക്കണ്ടു. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)