മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച രണ്ടു ക്രൂരകൊലപാതകങ്ങള്‍ക്കുള്ള ശിക്ഷാവിധികള്‍ ജനുവരി 20 ന് രാജ്യത്തെ രണ്ടു നീതിപീഠങ്ങളില്‍നിന്നുണ്ടായി. കൊലപാതകങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ശിക്ഷാവിധിയിലെ വൈരുദ്ധ്യം നിയമവിദഗ്ധരുടെയിടയിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുകയാണ്; ഒരിടത്തു വധശിക്ഷയും മറ്റൊരിടത്തു ജീവപര്യന്തവും.
തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍രാജിനെ കൂട്ടുകാരി കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാംപ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥിനിയെ രാത്രിഡ്യൂട്ടിക്കിടെ ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിലാണ് പ്രതി സഞ്ജയ് റോയിക്ക് മരണംവരെ ജയില്‍ശിക്ഷ വിധിച്ചത്. ഒരേദിവസമുണ്ടായ രണ്ടു വിധികളില്‍ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ അവശേഷിക്കുമ്പോഴും, മനുഷ്യജീവന്റെമേല്‍ കടന്നാക്രമണം നടത്തി പൈശാചികത സൃഷ്ടിക്കുന്ന സകലര്‍ക്കുമുള്ള മുന്നറിയിപ്പായി വേണം ഈ രണ്ടു വിധിന്യായങ്ങളെയും വായിച്ചെടുക്കാന്‍.
ആര്‍.ജി.കറിലെ അരുംകൊല രാജ്യമൊട്ടാകെ ചര്‍ച്ചയായതും പ്രതിഷേധം ആളിക്കത്തിയതുമാണ്. കുറ്റകൃത്യത്തില്‍ ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതു കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. പരാജയപ്പെട്ടെന്നുമുള്ള പൊതുവികാരമാണ് കൊല്‍ക്കത്തയിലുള്ളത്. വിധിപ്രസ്താവത്തിനുശേഷം പ്രതിക്കു വധശിക്ഷ ഒഴിവാക്കപ്പെട്ടതിന് സി.ബി.ഐ രൂക്ഷമായി വിമര്‍ശനം നേരിട്ടു. പ്രതിക്കു വധശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും അഭിപ്രായപ്പെട്ടു. ഡോക്ടറുടെ കുടുംബത്തിനു സംസ്ഥാനസര്‍ക്കാര്‍ 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നു കോടതി നിര്‍ദേശിച്ചെങ്കിലും വിധിയില്‍ അസംതൃപ്തി വ്യക്തമാക്കിയ കുടുംബം നഷ്ടപരിഹാരം നിരസിക്കുകയാണുണ്ടായത്. രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം ഒന്നുകൂടി ബോധ്യപ്പെട്ട കേസായിരുന്നു ഇത്.
ഷാരോണ്‍ അര്‍പ്പിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും വഞ്ചനയുടെ മുഖാവരണമണിഞ്ഞ് ഗ്രീഷ്മ നടത്തിയ കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന വാദിഭാഗത്തിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വധശിക്ഷാവിധി. മരിക്കുന്നതിനുമുമ്പുള്ള പതിനൊന്നു ദിവസങ്ങളില്‍ ഷാരോണ്‍ അനുഭവിച്ച നരകയാതനയുടെ ആഴമളക്കുമ്പോള്‍ പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അതേപടി അംഗീകരിക്കുകയാണു ചെയ്തത്. മനുഷ്യശരീരമുള്ള പൈശാചികവ്യക്തിക്കുമാത്രമേ ഇത്തരം ക്രൂരകൃത്യം ചെയ്യാനാവൂ എന്നും വിധിപ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യത്തിനു ദൃക്‌സാക്ഷികളൊന്നുമില്ലാതിരിക്കേ, സാഹചര്യത്തെളിവുകളുടെമാത്രം അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ കുറ്റമറ്റ അന്വേഷണമാണ് ഗ്രീഷ്മയെ കുടുക്കിയതെന്നു വ്യക്തം. ആത്മാര്‍ഥമായി സ്‌നേഹിച്ചയാളെ പ്രണയച്ചതിയിലൂടെ കൊലപ്പെടുത്തിയതിനു തക്കതായ ശിക്ഷ പ്രതിക്കു വിധിച്ചില്ലെങ്കില്‍ അതു സമൂഹത്തിനു തെറ്റായ സന്ദേശം നല്കുമെന്ന കോടതിയുടെ നിരീക്ഷണം അര്‍ഥവത്താണെങ്കിലും, അതിനു വധശിക്ഷതന്നെ അനിവാര്യമായിരുന്നോ എന്ന കാര്യത്തില്‍ നിയമവൃത്തങ്ങളില്‍ അഭിപ്രായാന്തരമുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിനു മാത്രമേ വധശിക്ഷ പാടുള്ളൂ എന്നാണ് 1980 ല്‍ ബച്ചന്‍സിങ്ങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീംകോടതിവിധി. അത്യപൂര്‍വസന്ദര്‍ഭങ്ങളില്‍മാത്രമേ
വധശിക്ഷ വേണ്ടൂവെന്നും മറ്റു കേസുകളിലൊക്കെ തടവുശിക്ഷ മതിയെന്നുമാണ് പരമോന്നതകോടതിയുടെ വിധിന്യായത്തിന്റെ സാരം.
വധശിക്ഷ ആധുനികമായ മൂല്യസങ്കല്പങ്ങള്‍ക്കും പരിഷ്‌കൃതാശയങ്ങള്‍ക്കും നിരക്കുന്നതാണോ എന്ന് ലോകം ചര്‍ച്ച ചെയ്യുന്ന കാലമാണിത്. വ്യക്തിയുടെ ജീവന്‍ ദൈവത്തിന്റെ ദാനമായിരിക്കേ, അതു ഹനിക്കാന്‍ ഭരണകൂടത്തിനെന്തവകാശമെന്നു ചോദിക്കുന്നവര്‍ നിരവധിയാണ്. കണ്ണിനുപകരം കണ്ണ് പല്ലിനുപകരം പല്ല് എന്നതൊക്കെ പ്രാകൃതാശമായി സമൂഹം എത്ര പണ്ടേ തള്ളിയതാണ്. ഒരു വധത്തെ മറ്റൊരു വധംകൊണ്ടു പരിഹരിക്കാനോ നീതീകരിക്കാനോ ആവില്ലല്ലോ. ഏതു കൊടുംകുറ്റവാളിക്കും ശിക്ഷാകാലയളവില്‍ എന്നെങ്കിലും മാനസാന്തരമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍, അതു പരിഗണിക്കാനുള്ള മാനവികബോധം സമൂഹത്തിന്റെ ചിന്താശക്തിയാണം.
സാഹചര്യത്തെളിവുകളില്‍മാത്രം ചുവടുറപ്പിച്ചിരിക്കുന്ന ഗ്രീഷ്മയുടെ വധശിക്ഷാവിധി മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതിയുടെ പ്രായവും (24 വയസ്സ്) വിദ്യാഭ്യാസയോഗ്യതയും തുടര്‍പഠനത്തിനുള്ള സാധ്യതയുമെല്ലാം പരിഗണനാവിഷയമാകാം. രാജ്യത്തു പ്രമാദമായ സൗമ്യവധക്കേസിലെ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കൊലപാതകം തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രം പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ നിഗമനം. (ബലാത്സംഗം തെളിയിക്കപ്പെട്ടതിനാല്‍ ജീവപര്യന്തം തടവുള്‍പ്പെടെയുള്ള മറ്റു ശിക്ഷകളെല്ലാം നിലനിര്‍ത്തി).
ദേശീയ നിയമസര്‍വകലാശാല കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച്, രാജ്യത്ത് വധശിക്ഷ കാത്തുകിടക്കുന്നത് 561 പേരാണ്. കീഴ്‌കോടതിയില്‍ വിധിച്ച ഏഴുവധശിക്ഷാകേസുകള്‍ മാത്രമേ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ സുപ്രീംകോടതി ശരിവച്ചിട്ടുള്ളൂ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നത് 35 തടവുകാരാണ്. ഗ്രീഷ്മയുംകൂടി എത്തിയതോടെ സ്ത്രീകളുടെ എണ്ണം രണ്ടായി. 1991 ലാണ് കേരളത്തില്‍ അവസാനമായി ഒരാളെ (റിപ്പര്‍ ചന്ദ്രന്‍)തൂക്കിലേറ്റുന്നത്.
കൊടുംക്രൂരകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷാവിധിയുണ്ടാവണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു കുറ്റകൃത്യത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും വരുത്തി വിധിന്യായങ്ങളില്‍ സുതാര്യത പുലര്‍ത്താന്‍ പരമോന്നത നീതിപീഠങ്ങള്‍ക്കാവുമെന്ന് സര്‍വബഹുമാനാദരവുകളോടുംകൂടി വിശ്വസിക്കാന്‍മാത്രമേ ഏതൊരു പൗരനുമാവൂ.