ജനുവരി ആറിന് സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍(യു.ജി.സി.) പുറപ്പെടുവിച്ച കരടുമാര്‍ഗരേഖ ഉന്നതവിദ്യാഭ്യാസമേഖലയെ പിന്നോട്ടടിക്കുന്നതാണെന്ന വലിയ വിമര്‍ശനമാണ് പല കോണുകളിലും നിന്നുയര്‍ന്നിരിക്കുന്നത്. 2020 ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ തുടര്‍ച്ചയെന്നോണം വ്യാഖ്യാനിക്കപ്പെടാവുന്ന ഈ കരടുചട്ടങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയ്ക്കും ഫെഡറലിസത്തിനും ഭീഷണിയുയര്‍ത്തുന്നുവെന്നാണ് പൊതുവെയുള്ള ആക്ഷേപം.
വൈസ് ചാന്‍സലര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക്/ചാന്‍സലര്‍ക്ക് സമ്പൂര്‍ണാധികാരം ലഭിക്കുന്ന വിധത്തിലാണ് കരടുനിര്‍ദേശം. വി.സി. നിയമനത്തിനുള്ള മൂന്നംഗസെര്‍ച്ച് കമ്മിറ്റിയെ ചാന്‍സലര്‍ നിയമിക്കും. സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനെ നിര്‍ദേശിക്കുന്നതു ചാന്‍സലറായിരിക്കും. യു.ജി.സി. നിര്‍ദേശിക്കുന്ന വ്യക്തിയായിരിക്കും സമിതിയിലെ മറ്റൊരംഗം. മൂന്നാമത്തെ അംഗത്തെ സര്‍വകലാശാല സെനറ്റിന്/ സിന്‍ഡിക്കേറ്റിനു നിര്‍ദേശിക്കാം. ഫലത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാനുസൃതം മൂന്നില്‍ രണ്ടുപേരെ നിയമിക്കാം. അതുവഴി, ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികള്‍ വി.സി.മാരായി വരുമെന്നു ചുരുക്കം. സര്‍വകലാശാലാവിഷയങ്ങളില്‍ തുടര്‍ച്ചയായി ഗവര്‍ണറുമായി പോരടിച്ച കേരളമടക്കമുള്ള പ്രതിപക്ഷസംസ്ഥാനസര്‍ക്കാരുകള്‍ക്കു പുതിയ യു.ജി.സി. ചട്ടപ്രകാരം യാതൊരു പങ്കുമില്ലാത്ത ദുരവസ്ഥയാണു വരാന്‍പോകുന്നത്.
2018 ലെ യു.ജി.സി. ചട്ടപ്രകാരം (വകുപ്പ് 73), വൈസ് ചാന്‍സലറായി നിയമിക്കപ്പെടണമെങ്കില്‍ ചുരുങ്ങിയത് പത്തുവര്‍ഷത്തെ സര്‍വകലാശാല അധ്യാപനപരിചയം ഉണ്ടായിരിക്കണം. എന്നാല്‍, 2025 ലെ കരടുപ്രകാരം വ്യവസായം, പൊതുഭരണം, പൊതുനയരൂപവത്കരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ അനുഭവപരിചയമുള്ളവരെയും വി.സി. നിയമനത്തിനു പരിഗണിക്കാമെന്നാണു നിര്‍ദേശം. യോഗ്യതാമാനദണ്ഡം വിശാലമാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിനോ ചാന്‍സലര്‍ക്കോ താത്പര്യമുള്ള ആരെയും ഈസിയായി വി.സി. യാക്കാനാവുമെന്നര്‍ഥം.
അധ്യാപകനിയമനത്തിനുള്ള യോഗ്യതാമാനദണ്ഡം പുതിയ നിര്‍ദേശപ്രകാരം, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) വിജയവും പി.എച്ച്.ഡി.യുമാണ്. നെറ്റ്/ പി.എച്ച്.ഡി. യോഗ്യതാപരീക്ഷകള്‍ക്കുവേണ്ട മാനദണ്ഡമാകട്ടെ, ബിരുദാനന്തരബിരുദത്തിന് 55 ശതമാനം മാര്‍ക്കോ നാലുവര്‍ഷ ഡിഗ്രികോഴ്‌സിന് 75 ശതമാനം മാര്‍ക്കോ മതിയെന്നതാണ് യു.ജി.സി.യുടെ ചിന്ത. നാലുവര്‍ഷ ബിരുദം കഴിഞ്ഞ് നേരിട്ടു ഗവേഷകരാകാനും കോളജ് അധ്യാപകരാകാനും സാധിക്കാമെന്നിരിക്കേ, ഐച്ഛികവിഷയത്തില്‍ ഉന്നതപഠനം നല്കുന്ന നിലവിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസം അപ്രസക്തമാകും. അതായത്, എം.ഫിലിനുശേഷം മറ്റൊരു പ്രോഗ്രാംകൂടി ഉന്നതവിദ്യാഭ്യാസമേഖലയില്‍നിന്നു കാലക്രമേണ പടിയിറങ്ങുമെന്നു സാരം.
ഉദ്യോഗാര്‍ഥിയുടെ മികവ്, ഗവേഷണപ്രബന്ധങ്ങള്‍ തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അധ്യാപകനിയമനത്തിലെ എഴുപതുശതമാനത്തോളം മാര്‍ക്കും നിശ്ചയിക്കുന്നത്. പുതിയ കരടുനിര്‍ദേശപ്രകാരം, ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍മാത്രമാകും നിയമനം. ഇത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിതെളിക്കാനുള്ള സാധ്യതകളുണ്ടാക്കുമെന്നുറപ്പാണ്.
പ്രാദേശികഭാഷയില്‍ വിദ്യാഭ്യാസവും ഗവേഷണവും നടത്തിയവര്‍ക്കും ഗ്രന്ഥങ്ങള്‍ എഴുതിയവര്‍ക്കും അധ്യാപകനിയമനത്തില്‍ മുന്‍ഗണന നല്കണമെന്ന നിര്‍ദേശം പൊതുവെ സ്വീകാര്യമായിത്തോന്നാമെങ്കിലും, ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രാദേശികവത്കരണം ആഗോളബന്ധം മുറിയാന്‍ ഇടയാക്കുമെന്നു പറയേണ്ടതില്ലല്ലോ. ആഗോളതലത്തില്‍ രൂപപ്പെടുന്ന പുതിയ അറിവുകളുമായി സംവദിക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷാജ്ഞാനം അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട്, സര്‍വകലാശാലകളിലെ പ്രാദേശികവത്കരണം ഉന്നതവിദ്യാഭ്യാസത്തിനു ഗുണകരമാവില്ല.
ഉന്നതവിദ്യാഭ്യാസരംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ കൈപ്പിടിയിലൊതുക്കാനും അതിന്റെ ഗുണനിലവാരം തകര്‍ക്കാനും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഇല്ലാതാക്കാനുമുള്ള കുറുക്കുവഴിയാണ് പുതിയ കരടുചട്ടം എന്നാണ് വ്യാപകമായ പ്രതിഷേധം. യുജിസിയുടെ പുതിയ പഠന-അധ്യാപനരീതി വിദഗ്ധരായ ഗവേഷകരെയും അധ്യാപകരെയും സൃഷ്ടിക്കുന്നതിനുപകരം സാമാന്യവിവരമുള്ളവരെ സൃഷ്ടിക്കാനേ സഹായിക്കൂ എന്നു കരുതേണ്ടിയിരിക്കുന്നു. ഇന്ത്യപോലുള്ള ഒരു ബഹുസ്വരരാഷ്ട്രത്തിന്റെ വൈവിധ്യത്തെയും സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെയും ഫെഡറലിസത്തെയും സുന്ദരമായി നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന പഠനപദ്ധതികളാണ് ഉന്നതവിദ്യാഭ്യാസരംഗം ചര്‍ച്ച ചെയ്യേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.