ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളികളും കാവല്‍ഭടന്മാരുമാകേണ്ട രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തകരും പകപോക്കല്‍കൊലകളുടെ ഗൂഢാലോചകരും നടത്തിപ്പുകാരുമായി അവതരിക്കുന്നത് സാക്ഷരകേരളത്തിനു തീരാക്കളങ്കമാണ്. രാഷ്ട്രീയവിയോജിപ്പുകളെയും വ്യത്യസ്താശയങ്ങളെയും സഹിഷ്ണുതയോടെ കാണേണ്ടതിനുപകരം, അക്രമത്തിലേക്കും ഹിംസാത്മകപ്പോര്‍വിളികളിലേക്കും വഴിമാറുന്നുണ്ടെങ്കില്‍ അതു പക്വമായ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നു തീര്‍ത്തു പറയേണ്ടിയിരിക്കുന്നു.
കാസര്‍കോട് പെരിയയില്‍ കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത് 2019 ഫെബ്രുവരി 17 നാണ്. പ്രദേശത്തെ സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായിരുന്ന രാഷ്ട്രീയപ്പോര് തീവ്രരൂപം പൂണ്ടതാണ് ഇരട്ടക്കൊലയില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെയാണ് സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്തു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.പി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും എറണാകുളം സിബിഐ പ്രത്യേക കോടതി ജനുവരി മൂന്നിന് ശിക്ഷ വിധിച്ചു. 'രാഷ്ട്രീയവൈരാഗ്യത്തില്‍ പൊലിഞ്ഞത് ഊര്‍ജ്വസ്വലരായ രണ്ടു യുവാക്കളുടെ ജീവനാണെന്നും, രണ്ടു കുടുംബങ്ങളെയാണ് തീരാദുഃഖത്തിലേക്കു തള്ളിവിട്ടതെന്നും, രാഷ്ട്രീയനശീകരണത്തിന്റെ മുളപൊട്ടലാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നതെന്നും' 307 പേജുള്ള വിധിന്യായത്തില്‍ വിചാരണക്കോടതി വെളിപ്പെടുത്തി. കക്ഷിരാഷ്ട്രീയത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ അപരരെ കൊല്ലാനുള്ള കാരണമല്ലെന്ന വ്യക്തവും ശക്തവുമായ നീതിപീഠസന്ദേശം ആയുധം കൈയിലെടുക്കുന്ന രാഷ്ട്രീയത്തിമിരം ബാധിച്ച ഗുണ്ടകള്‍ക്കുള്ള കടുത്ത താക്കീതാണ്.
സുപ്രീംകോടതിയുടെ നിരീക്ഷണം ഉദ്ധരിച്ച് വിധിപറഞ്ഞ സിബിഐ കോടതിയുടെ ശ്രദ്ധേയമായ ഒരു പരാമര്‍ശംകൂടി ഇവിടെ പ്രസക്തമാണ്: 'വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉന്നതനേതാക്കള്‍ വ്യക്തിവിരോധനങ്ങളൊന്നുമില്ലാതെ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും സ്‌നേഹത്തോടെ ഇടപെടുകയും ചെയ്യാറുണ്ട്. ആരോഗ്യകരമായ ഇത്തരം പെരുമാറ്റങ്ങള്‍ താഴേത്തട്ടിലേക്കു പകര്‍ന്നുനല്‍കാന്‍ അവര്‍ ശ്രമിക്കുന്നില്ലെന്നതു സങ്കടകരമാണ്.' അതായത്, രാഷ്ട്രീയനേതാക്കള്‍ക്കില്ലാത്ത വ്യക്തിവൈരാഗ്യം എന്തിനാണ് അണികള്‍ ചുമന്നുകൊണ്ടുനടക്കുന്നത് എന്നതാണ് ചോദ്യത്തിന്റെ സാരം.
നേതാക്കന്മാരുടെ ചൊല്പടിക്കുള്ളില്‍ അടിമകളെപ്പോലെ ദാസ്യപ്പണിയെടുക്കുന്ന കുറെ രാഷ്ട്രീയത്തൊഴിലാളികളും പ്രത്യയശാസ്ത്രത്തടവറയില്‍ ചങ്ങലപ്പൂട്ടിട്ടു ബന്ധിതരായിരിക്കുന്ന കുറെ വരട്ടുസൈദ്ധാന്തികരും ചേര്‍ന്നൊരുക്കുന്ന പൊറാട്ടുനാടകത്തിന്റെ അരങ്ങിലും അണിയറയിലുമാണ് രാഷ്ട്രീയഗുണ്ടായിസം തഴച്ചുവളരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം സദാചാരത്തിന്റെ സകലസീമകളും ലംഘിച്ച് അഴിഞ്ഞാടാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ് കൊട്ടിയടയ്ക്കപ്പെടുന്നത്. പെരിയ ഇരട്ടക്കൊല പാര്‍ട്ടിയുടെ പിന്തുണയോടെ നടന്ന കൊലപാതകമല്ലെന്നും ഇതുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും സി.പി.എം. പാര്‍ട്ടിവൃത്തങ്ങള്‍ എത്രവട്ടം പറഞ്ഞാലും പരിഹാസച്ചിരിയോടെയല്ലാതെ കേരളജനതയ്ക്കതു കേള്‍ക്കാനാവില്ല.
ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തിലേറ്റ അമ്പത്തൊന്നു വെട്ടുകളുടെ അടയാളപ്പതിപ്പുകളുള്‍പ്പെടെ കേരളത്തില്‍ നടന്ന കക്ഷിരാഷ്ട്രീയക്കൊലപാതകങ്ങളുടെ മുറിവോര്‍മകള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. ആ ഭീകരക്കൊലവിളികള്‍ എത്ര പഴക്കംചെന്നാലും മലയാളികളുടെ കര്‍ണപുടങ്ങളില്‍ ഭീതി വിതച്ചുകൊണ്ടേയിരിക്കും. ടി.പി. വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിലെ ഹൈക്കോടതിവിധിയില്‍, വിയോജിപ്പുസ്വരങ്ങളെ നിശ്ശബ്ദമാക്കുന്ന കുറ്റകൃത്യങ്ങള്‍ ജനങ്ങള്‍ക്കും സമൂഹത്തിനുമെതിരായ ക്രിമിനല്‍കുറ്റമായി കാണണമെന്ന് കോടതി ഉറപ്പിച്ചുപറഞ്ഞത് ഇവിടെ സ്മരണീയമാണ്.
ബഹുസ്വരതയ്ക്കു വാഴ്‌വുകൊടുക്കുന്ന ഒരു ജനാധിപത്യയുഗം പിറവിയെടുത്തെങ്കിലേ, സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും കേരളമണ്ണില്‍ പുലരുകയുള്ളൂ. അപരന്‍ ഒരുവന്റെ ശത്രുവല്ല, മിത്രമാണെന്ന് ഉറക്കെപ്പറയുകയും സ്വത്വബോധനിര്‍മിതിക്ക് അപരത്വം നിര്‍ണായകഘടകമാണെന്നു തിരിച്ചറിയുകയും ചെയ്യുന്ന ജനാധിപത്യവിദ്യാഭ്യാസം ഓരോ പൗരനുമുണ്ടായേ തീരൂ. ചോരചിന്തുന്ന കക്ഷിരാഷ്ട്രീയത്തിനും രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും അറുതിയുണ്ടാവണമെങ്കില്‍, രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രമീമാംസയെക്കുറിച്ചുമുള്ള സദാചാരപാഠങ്ങള്‍ സ്‌കൂള്‍കാലംമുതലേ കരിക്കുലത്തിന്റെ ഭാഗമായി കുട്ടികള്‍ പഠിച്ചുതുടങ്ങണം. രാഷ്ട്രീയമെന്നത് ബൗദ്ധികവും സര്‍ഗാത്മകവുമായ ഇടമാണെന്നും തീപാറുന്ന ചര്‍ച്ചകളും സംവാദങ്ങളുംവഴി ചിന്തകള്‍ പാറിപ്പറക്കേണ്ടതാണെന്നും നമ്മുടെ കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ പഠിച്ചിരുന്നെങ്കില്‍, ചോരചിന്തുന്ന രാഷ്ട്രീയക്കൊലവിളികള്‍ക്ക് നമ്മുടെ കാമ്പസുകളിലുള്‍പ്പെടെ അറുതിയുണ്ടാകുമായിരുന്നു!