വഴിയോരത്തെ ഒലിവു മരത്തണലില്‍ അയാള്‍ ഏകനായിരുന്നു. ഗ്രാമത്തിന് അന്യനും അപരിചിതനുമായ അയാള്‍ സഞ്ചാരിയായിരുന്നു; സത്യാന്വേഷിയായ സഞ്ചാരി.
പകലിന്റെ പ്രകാശബിന്ദുക്കള്‍ കൊത്തിപ്പെറുക്കി രാവിന്റെ ചില്ലയില്‍ ചേക്കേറാനൊരുങ്ങുകയായിരുന്നു സന്ധ്യ. ആയിരത്താണ്ടുകള്‍ നീണ്ട അന്വേഷണത്തിന്റെ ആലസ്യത്തിലായിരുന്നു സഞ്ചാരി. വരണ്ടുണങ്ങിയ കണ്ണുകള്‍. നീണ്ടുവളര്‍ന്നു ജടകെട്ടിയ താടിയും മുടിയും. നരപടര്‍ന്ന അയാളുടെ താടിരോമങ്ങള്‍ക്കിടയില്‍ ചവച്ചുതുപ്പിയ പച്ചിലയുടെ ചാറ് ഉണങ്ങിപ്പിടിച്ചിരുന്നു.
അലങ്കാരവിളക്കുകള്‍ തൂക്കി ആരെയോ വരവേല്ക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗ്രാമം. വീടുകളിലും കടകളിലുമെല്ലാം നക്ഷത്രവിളക്കുകള്‍. പഴയ പുല്‍ക്കൂടുകള്‍ കെട്ടിമേയാനും മരങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കാനുമുള്ള തിരക്കിലായിരുന്നു കുട്ടികളും ചെറുപ്പക്കാരും. ആര്‍ക്കോവേണ്ടി ഒരുക്കുന്ന സദ്യവിഭവങ്ങളുടെ സുഗന്ധം അന്തരീക്ഷത്തിലാകെ നിറഞ്ഞുനിന്നു. വിശന്നുതളര്‍ന്ന സഞ്ചാരിയുടെ നാവില്‍ അറിയാതെ കൊതിയൂറി.
അകലെയെങ്ങോ ഉള്ള ദൈവാലയത്തിലേക്കു പോവുകയും പിന്നെ, തിടുക്കത്തില്‍ വീടുകളിലേക്കു മടങ്ങുകയും ചെയ്യുന്ന ഭക്തജനത്തിനു മുമ്പില്‍ അപശകുനംപോലെ അയാളിരുന്നു.
തന്റെ മുഷിഞ്ഞവേഷവും വികലമായ കോലവും ആളുകളില്‍ അറപ്പുളവാക്കുന്നത് അയാളറിഞ്ഞു. അവര്‍ പെട്ടെന്നു കണ്ണുതിരിച്ച്, കാര്‍ക്കിച്ചുതുപ്പി നടന്നകലുന്നത് അയാള്‍ വേദനയോടെ കണ്ടു. അവരിലൊരാളെ തിരികെവിളിച്ചാലോ എന്ന് ഒരു വേള അയാള്‍ ചിന്തിച്ചു. വിളിച്ചാല്‍ തന്റെ യാത്രയുടെ ഉദ്ദേശ്യം അവരോടു പറയാമായിരുന്നു. തനിക്കു ചെന്നുചേരേണ്ട സ്ഥലത്തേക്കുള്ള വഴി ആരായാമായിരുന്നു. പക്ഷേ, അറിയാതൊന്നു നോക്കാനല്ലാതെ, തിരിഞ്ഞൊന്നുകൂടി നോക്കാന്‍ ആരും തയ്യാറല്ലല്ലോയെന്ന് അയാളറിഞ്ഞു.
തന്നെ 'സ്‌നേഹിതാ' എന്നു വിളിച്ചില്ലെങ്കിലും വെറുപ്പു പ്രകടിപ്പിക്കാത്ത ഒരാളെയെങ്കിലും കണ്ടെത്താനായെങ്കിലെന്ന് സഞ്ചാരി ആശിച്ചു. വിശപ്പും ദാഹവും അയാളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരുപിടി ചോറിനും ഒരിറ്റു വെള്ളത്തിനും അയാള്‍ കൊതിച്ചു. ആട്ടിയോടിച്ചേക്കുമോയെന്ന ഭയംകൊണ്ട് ആരോടെങ്കിലും യാചിക്കാന്‍ അയാള്‍ മടിച്ചു.
നക്ഷത്രങ്ങള്‍ വിരിഞ്ഞ ആകാശത്തിനു കീഴില്‍ ഇരുളും തണുപ്പും കനത്തുനില്‍ക്കുന്നു. അടുത്ത നിമിഷങ്ങളിലൊന്നില്‍ ഭൂമിയിലേക്ക് അതു പെയ്തിറങ്ങുമെന്ന് അയാളറിഞ്ഞു.
നടന്നുനടന്നു കാലുകളാകെ തളര്‍ന്നു. തേടിത്തേടി കണ്ണുകള്‍ കലങ്ങി. ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാനാവാത്ത അവസ്ഥ. വിശപ്പകറ്റാന്‍ ഇത്തിരി ആഹാരവും അന്തിയുറങ്ങാന്‍ അല്പം സ്ഥലവും കിട്ടിയിരുന്നെങ്കിലെന്ന് സഞ്ചാരി ആശിച്ചു.
അയാള്‍ മുന്നില്‍കണ്ട വീടിന്റെ പടിപ്പുരവാതില്‍ മെല്ലെ തുറന്ന് മുറ്റത്തെത്തി നിന്നു മുരടനക്കി.
''ആരാ അത്?'' അകത്തുനിന്ന് ആരുടെയോ ശബ്ദം.
''ഞാനാ അമ്മാ... ഒരു സഞ്ചാരി... വിശന്നിട്ടാ... വല്ലതും തരണേ...''
അയാള്‍ വിനയപൂര്‍വം യാചിച്ചു.
മുറിക്കുള്ളില്‍നിന്നു തലനീട്ടിയ വീട്ടമ്മ അലറുംപോലെ പറഞ്ഞു:
''ഇവിടെ ഒന്നുമില്ല... വേഗം പടിയിറങ്ങ്...''
''ഒരിറ്റു വെള്ളമെങ്കിലും...''
സഞ്ചാരി താണുകേണു.
''ഇവിടെയൊന്നുമില്ലെന്നല്ലേ പറഞ്ഞത്. നല്ല ഒരു ക്രിസ്മസ് ആയിക്കൊണ്ട് ഇറങ്ങിയിരിക്കുവാ. അപശകുനങ്ങള്...''
ആ സ്ത്രീയുടെ മുഖത്തേക്കുതന്നെ നോക്കി അയാള്‍ നിര്‍വികാരനായി നിന്നു.
''പറഞ്ഞതുകേട്ടില്ലേ... ഇറങ്ങിപ്പോകാനാ പറഞ്ഞത്... ഇല്ലെങ്കില്‍ ഞാന്‍ പട്ടിയെ അഴിച്ചുവിടും.''
പിന്നെ നിറഞ്ഞ കണ്ണുകളോടെ സഞ്ചാരി പടിയിറങ്ങി.
''ഭ്രാന്തനാണെന്നാ തോന്നുന്നെ... എങ്ങാണ്ടൂന്ന് തൊടലും പറിച്ചോണ്ടിറങ്ങിയതാ...''
മുന്‍വശത്തെ വാതിലുകള്‍ അമര്‍ഷത്തോടെ വലിച്ചടയ്ക്കുമ്പോള്‍ അവര്‍ ആരോടെന്നില്ലാതെ പറയുന്നതു കേട്ടു.
വെളിച്ചത്തില്‍നിന്ന് അകന്നുമാറി, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സഞ്ചാരി ഏറെനേരം ഇരുട്ടില്‍നിന്നു. 'ക്രിസ്മസ്' അയാള്‍ ഓര്‍ത്തു. ഉണ്ണിയേശുപിറന്ന സുന്ദരസുദിനം. ആ ദിനത്തിന്റെ ഓര്‍മ കൊണ്ടാടാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നു, മത്സരിക്കുന്നു.
ക്രിസ്മസ്ദിനത്തില്‍ത്തന്നെ ഈ ഗ്രാമത്തിലെത്തിപ്പെട്ടത് നന്നായെന്ന് അയാള്‍ക്കു തോന്നി. ഇവിടത്തെ ആളുകള്‍ക്ക്, വര്‍ഷങ്ങളായി താന്‍ അന്വേഷിക്കുന്ന, കുന്നിന്‍മുകളിലേക്കുള്ള വഴി അറിയാമെന്നാണല്ലോ അകലെ നഗരത്തില്‍ പറഞ്ഞു കേട്ടതെന്ന് അയാള്‍ ഓര്‍ത്തു. ''ജറുസലേമിലെ നസ്രത്ത്... നസ്രത്ത്... നസ്രത്ത്.'' അയാള്‍ ആ പേര് മനസ്സില്‍ അവര്‍ത്തിച്ചു. അവിടെയെത്താന്‍ വേണ്ടിയാണല്ലോ, കാലം കടന്ന്, കരയും കടലും കടന്ന് താനിവിടെയെത്തിയതെന്ന് സഞ്ചാരി ഓര്‍ത്തു.
സത്യം തേടിയുള്ള ഏകാന്തമായ യാത്ര. ആ യാത്രയ്ക്കിടയില്‍ താന്‍ എന്തെല്ലാം കണ്ടു. ആരെയൊക്കെയോ പരിചയപ്പെട്ടു. അനുജനെ അടിച്ചുകൊന്ന കായേനെ, ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ, പിന്നെ കള്ളപ്പണക്കാരനെ, കപടഭക്തരെ, കള്ളപ്രവാചകന്മാരെ...
അവരോടൊക്കെ താന്‍ വിനയപൂര്‍വം തിരക്കി: ''എവിടെയാണു നസ്രത്ത്... അവിടേക്കുള്ള വഴി ഏതാണ്?''
അറിയില്ലെന്ന മട്ടില്‍ പുച്ഛത്തോടെ കൈ മലര്‍ത്തുകയായിരുന്നു എല്ലാവരും.
അടഞ്ഞ വാതിലുകള്‍ക്കു മുമ്പിലൂടെ, ആള്‍ക്കൂട്ടത്തിനരികിലൂടെ, മിണ്ടാപ്രാണികളുടെ ചോര മണക്കുന്ന അറവുശാലകള്‍ക്കു മുന്നിലൂടെ, സാന്താക്ലോസ് ഇരുകൈകളിലും മദ്യക്കുപ്പിയുമായി നിന്നു ചിരിക്കുന്ന ഹോട്ടലുകള്‍ക്കു മുമ്പിലൂടെ, അയാള്‍ അലഞ്ഞു. എങ്ങും ഒരു മനുഷ്യനെ കണ്ടെത്താനാവാത്തതില്‍ സഞ്ചാരിക്കു നൈരാശ്യം തോന്നി.
വര്‍ണദീപങ്ങളാലലങ്കരിച്ചു സുഗന്ധദ്രവ്യം തളിച്ച പുല്‍ക്കൂടുകള്‍ക്കു മുമ്പില്‍ സഞ്ചാരി നിന്നു. അവയിലൊന്നും ഉണ്ണി ഉണ്ടായിരുന്നില്ല. കാവല്‍ക്കാരുടെ കളിമണ്‍കോലങ്ങളേ അയാള്‍ക്കു കാണാനായുള്ളൂ. അകലെ യെങ്ങോ ആര്‍പ്പുവിളി മുഴങ്ങി. പാട്ടുപാടി, കുഴല്‍വിളിച്ച്, താളം മുഴക്കി ആരവത്തോടെ വരുന്ന ജനക്കൂട്ടം. മുന്നില്‍ ക്രിസ്മസ് പപ്പാ. അതിനു പിന്നില്‍ ഗായകസംഘം. കരോള്‍സംഘത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാനായി സഞ്ചാരി മെല്ലെ ഇരുട്ടിലേക്കൊതുങ്ങിനിന്നു. സംഘം കടന്നുപോയപ്പോള്‍ പിന്നില്‍നിന്ന് ആരോ തട്ടിവിളിച്ചു; മുന്നിലേക്കു പാത്രം നീട്ടി കല്പിച്ചു:
''കൈയിലുള്ളത് ഇടടോ കെളവാ... പിരിവാ...''
''ക്ഷമിക്കണം സഹോദരാ... എന്റെ കൈയില്‍ ഒന്നുമില്ല.''
''പിന്നെ തന്റെയീ സഞ്ചിക്കുള്ളിലെന്നതാ...'' അയാളുടെ ശബ്ദം കനത്തു.
''ഞാനൊരു സഞ്ചാരിയാണ്. പുണ്യസ്ഥലങ്ങളില്‍നിന്നു സംഭരിച്ച ഇത്തിരി മണ്ണാണു സഹോദരാ ഇതിനുള്ളില്‍.''
സഞ്ചാരിയെ വെറുപ്പോടെ കനപ്പിച്ചു നോക്കി അയാള്‍ ഓടി ആള്‍ക്കൂട്ടത്തിലലിഞ്ഞു.
എല്ലാം കണ്ടും കേട്ടും സഞ്ചാരി ഗ്രാമത്തിലൂടെ അലഞ്ഞു.
കണ്ടവരോടെല്ലാം നസ്രത്തിലേക്കുള്ള വഴി തിരക്കി.
പിന്നെ ആഹാരവും അഭയവും യാചിച്ചു.
നസ്രത്തിലേക്കുള്ള വഴി ആര്‍ക്കുമറിയില്ലായിരുന്നു.
ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഉണ്ണിയെയും സഞ്ചാരിയെയും അവര്‍ മനഃപൂര്‍വം മറക്കുകയായിരുന്നു. പിന്നെ, എപ്പോഴോ വഴിവക്കിലെ മരത്തിന്റെ നിഴലില്‍ വീണ സഞ്ചാരി തളര്‍ന്നുമയങ്ങി. അകലെ ദൈവാലയത്തില്‍നിന്നു മണിനാദവും വെടിയൊച്ചയുമുയര്‍ന്നപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.
പിറവിയുടെ മുഹൂര്‍ത്തം അടുക്കുകയാണെന്ന് സഞ്ചാരി അറിഞ്ഞു. ആളുകള്‍ തിരക്കിട്ടു ദൈവാലയത്തിലേക്കു നടക്കുന്നത് അയാള്‍ കണ്ടു. അയാള്‍ മെല്ലെ ദൈവാലയത്തിനു സമീപമുള്ള കവലയിലേക്കു നടന്നു. അവിടെയെത്തി അയാള്‍ പറഞ്ഞുതുടങ്ങി:
''കണ്ണുതുറക്കൂ... ആകാശത്തിലേക്കു നോക്കൂ. അവിടെ ഒരു ചുവന്ന നക്ഷത്രം കാണുന്നില്ലേ... കാതുതുറക്കൂ, ശ്രദ്ധിക്കൂ, ഭൂമിയുടെ അഗാധതയില്‍നിന്ന് ഒരു മുഴക്കം കേള്‍ക്കുന്നില്ലേ. ലോകാന്ത്യമടുത്തുവെന്നതിന്റെ ലക്ഷണങ്ങളാണ്. നന്മ ചെയ്തവര്‍ രക്ഷിക്കപ്പെടുന്നതിനും തിന്മ ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നതിനുമുള്ള സമയം അടുത്തിരിക്കുന്നു...''
അയാളുടെ വാചാലത ആളുകളെ ആകര്‍ഷിച്ചു.
''ആരായിരിക്കുമയാള്‍? ഭ്രാന്തനോ കള്ളപ്രവാചകനോ അതോ അന്തിക്രിസ്തുവോ?'' ആളുകള്‍ പരസ്പരം ചോദിച്ചു. അവരുടെ സംശയമറിഞ്ഞ സഞ്ചാരി പറഞ്ഞു: ''ഞാന്‍ വെറുമൊരു സഞ്ചാരിയാണ്. പുണ്യസ്ഥലങ്ങള്‍ തേടി നടക്കുന്ന സഞ്ചാരി. ഇനി എനിക്ക് ഒരു സ്ഥലംകൂടിയേ സന്ദര്‍ശിക്കാനുള്ളൂ; നസ്രത്ത് എന്ന ഗ്രാമം മാത്രം. അവിടേക്കുള്ള വഴി ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്കറിയില്ല...''
അയാളുടെ വാക്കുകളില്‍ കൗതുകം വളര്‍ന്ന ജനക്കൂട്ടം ദൈവാലയത്തെയും ഉണ്ണിയെയും മറന്ന് അവിടെനിന്നു. ''ഞാന്‍ നിങ്ങളോടു ഭക്ഷണം ചോദിച്ചു... നിങ്ങള്‍ തന്നില്ല.. നസ്രത്തിലേക്കുള്ള വഴി ചോദിച്ചു; പറഞ്ഞില്ല... നിങ്ങള്‍ രക്ഷപ്പെടില്ല...'' ശപിക്കുംപോലെ അയാള്‍ പറഞ്ഞു.
സഞ്ചാരിയുടെ ശാപം ജനത്തെ ഇളക്കി. അവര്‍ പരസ്പരം നോക്കി. ഇയാള്‍ എന്തൊക്കെയാണു പറഞ്ഞത്? വെറുതെ വിടരുത്... വിചാരണ ചെയ്ത് ഇയാളെ കുരിശിലേറ്റി കൊല്ലണം. ലോകത്തിന്റെ അന്ത്യത്തെയും പാപത്തിന്റെ ശിക്ഷയെയുംകുറിച്ചു പ്രസംഗിക്കുന്ന ഇവന്‍ അന്തിക്രിസ്തുതന്നെയെന്നും ജനം ഉറപ്പിച്ചു.
അവര്‍ അയാളെ പിടിച്ചു ബന്ധിച്ചു ഗ്രാമത്തലവന്റെ മുന്നിലെത്തിച്ചു.
''ഇവന്‍ നമ്മെക്കുറിച്ചു പരദൂഷണം പറയുന്നു. ലോകാവസാനത്തെയും മരണത്തെയും പറഞ്ഞ് ജനത്തെ ഭയവിഹ്വലരാക്കുന്നു. അതുകൊണ്ട് ഇവനെ കുരിശിലേറ്റി കൊല്ലാന്‍ വിധിയുണ്ടാവണം...''
ജനത്തിന്റെ ആരോപണത്തിനു മുമ്പില്‍ തലകുനിച്ചുനിന്ന സഞ്ചാരിയോട് ഗ്രാമാധിപന്‍ ചോദിച്ചു:
''തനിക്ക് എന്തെങ്കിലും പറയാനുണ്ടോ?''
''ഇല്ല... കുരിശിലേറ്റി കൊല്ലുന്നതുതന്നെയാണ് എനിക്കിഷ്ടം. പക്ഷേ, അതിനുമുമ്പ് ഒരാഗ്രഹമുണ്ട്. എനിക്ക് നസ്രത്തിലൂടെ, ജറുസലേം കുന്നുകളിലൂടെ, ഒരു ദിവസം മുഴുവന്‍ ഓടിച്ചാടി നടക്കണം. അവിടങ്ങളിലെ മണ്ണില്‍ മതിവരുവോളം മുത്തംവയ്ക്കണം...''
സഞ്ചാരിയുടെ ആഗ്രഹം കേട്ട് ഗ്രാമാധിപനും ജനക്കൂട്ടവും പരസ്പരം നോക്കി. വിധി പറയല്‍ പുലര്‍ച്ചത്തേക്കു മാറ്റി. ജനം ദൈവാലയത്തിലേക്കു തിടുക്കത്തില്‍ പാഞ്ഞു. പിറവിത്തിരുനാള്‍ തീരുംമുമ്പേ അവിടെയെത്തണം.
പുലര്‍ച്ചെ അവര്‍ മടങ്ങിവന്നപ്പോള്‍ ഗ്രാമാധിപന്റെ തടവില്‍നിന്ന് സഞ്ചാരി രക്ഷപ്പെട്ടിരുന്നു. പിന്നെ, എപ്പോഴോ അവരറിഞ്ഞു; വഴിയോരത്തെ ഒലിവുമരക്കൊമ്പില്‍ സഞ്ചാരിയുടെ ജഡം തൂങ്ങിനില്‍ക്കുന്നുവെന്ന്.