മതരാഷ്ട്രവാദം ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന അരാജകത്വത്തിനു മറ്റൊരുദാഹരണമായി മാറുകയാണ് ബംഗ്ലാദേശ്. കലാപകാരികളുടെ ആവശ്യപ്രകാരം നോബല്‍സമ്മാനജേതാവും സാമ്പത്തികവിദഗ്ധനുമായ മുഹമ്മദ് യൂനിസ് മുഖ്യ ഉപദേഷ്ടാവായി നിലവില്‍ വന്ന ഇടക്കാലമന്ത്രിസഭയെ നോക്കുകുത്തിയാക്കിക്കൊണ്ട് ന്യൂനപക്ഷനിര്‍മാര്‍ജനം ലക്ഷ്യംവച്ച് ബംഗ്ലാതെരുവുകള്‍ കത്തുകയാണ്. മതത്തിന്റെ രാഷ്ട്രീയം കലുഷിതമാക്കിയ ബംഗ്ലാദേശില്‍ ജനാധിപത്യത്തിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹരേ കൃഷ്ണ പ്രസ്ഥാനമായ ഇസ്‌കോണിന്റെ ആത്മീയനേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ബംഗ്ലാദേശ് കലുഷിതമായത്. ചിറ്റഗോങ്ങിലെ ലാല്‍ ഡിഗി ഗ്രാമത്തില്‍ നടന്ന ഹിന്ദുമതസമ്മേളനത്തില്‍ കാവിപ്പതാക ഉയര്‍ത്തിയതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നവംബര്‍ 25 ന് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ ചേര്‍ന്ന് പൊലീസ് വാഹനം തടയുകയും പ്രക്ഷോഭത്തിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുള്‍ ഇസ്ലാം കൊല്ലപ്പെടുകയും ചെയ്തു. ഇസ്‌കോണ്‍ മതമൗലികവാദസംഘടനയാണെന്നും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ബംഗ്ലാദേശ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇസ്‌കോണിനും ആത്മീയനേതാക്കള്‍ക്കുമെതിരേയുള്ള നടപടികള്‍ക്കെതിരേ ന്യൂനപക്ഷവിഭാഗങ്ങളും, ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മുസ്ലിം വിദ്യാര്‍ഥികളടക്കവും തെരുവിലിറങ്ങിയതു പ്രക്ഷോഭം രൂക്ഷമാക്കി. ധാക്കയിലും ചിറ്റഗോങ്ങിലുമടക്കം വന്‍ലഹളകള്‍ രൂപപ്പെടുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം വര്‍ധിക്കുകയും ചെയ്തു. കലാപം ശാന്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുപകരം രുദ്രപതി കേശവദാസ്, രംഗപതി ശ്യാമ സുന്ദര്‍ദാസ്, ശ്യാം ദാസ് പ്രഭു എന്നീ ഇസ്‌കോണ്‍ സന്ന്യാസിമാരെക്കൂടി അറസ്റ്റു ചെയ്തു പ്രശ്‌നം വഷളാക്കുന്നതിനാണ് ബംഗ്ലാദേശ്‌സര്‍ക്കാര്‍ മുതിര്‍ന്നത്. കൂടാതെ, ഇസ്‌കോണിന്റെ 17 അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.
ചിറ്റഗോങ്ങിലെ ലോകനാഥക്ഷേത്രം അടക്കം മൂന്നു ഹൈന്ദവ ആരാധനാലയങ്ങള്‍ ഇസ്ലാമിസ്റ്റ് കലാപകാരികള്‍ അടിച്ചുതകര്‍ത്തിട്ടും ഭരണകൂടം കണ്ണടച്ചിരിക്കുന്നു. ഹൈന്ദവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരേയുള്ള ആക്രമണങ്ങള്‍ക്കറുതിവരുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരേ ബംഗ്ലാദേശ് പ്രതികരിച്ചത് തങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇന്ത്യ ഇടപെടരുതെന്നു പറ ഞ്ഞാണ്. ഷെയ്ക്ക് ഹസീനയ്ക്ക് ഇന്ത്യ അഭയം കൊടുത്തതുമുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു എന്നുകൂടി ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ പറഞ്ഞുവച്ചു.
ഇസ്‌കോണ്‍
ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഗൗഡിയ വൈഷ്ണവപ്രസ്ഥാനമായ ഹരേ കൃഷ്ണ മൂവ്‌മെന്റാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് അഥവാ ഇസ്‌കോണ്‍ എന്ന് അറിയപ്പെടുന്നത്. ഈ പ്രസ്ഥാനത്തിന് അടിത്തറപാകി വളര്‍ത്തിയത് അഭയ ചരണാരവിന്ദ ഭക്തി വേദാന്തസ്വാമി പ്രഭുപാദയാണ്.
1966 ല്‍ ന്യൂയോര്‍ക്കില്‍ ആരംഭം കുറിച്ച ഈ പ്രസ്ഥാനത്തിന് ആഗോളവ്യാപകമായി പത്തുലക്ഷത്തിലേറെ അനുയായികളും എഴുന്നൂറിലേറെ കേന്ദ്രങ്ങളുമുണ്ട്. സമാധാനത്തിലും ആത്മീയതയിലുമുറച്ച ഇസ്‌കോണ്‍ പ്രസ്ഥാനത്തിന് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് അമേരിക്കയിലും റഷ്യയിലുമാണ്. ചിറ്റഗോങ്ങില്‍നിന്നുള്ള ഇസ്‌കോണ്‍
ആത്മീയാചാര്യനായ ചിന്മയ കൃഷ്ണദാസ് ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരേ ശക്തമായി രംഗത്തു വന്നതാണ് ജമാ അത്തെ ഇസ്ലാമിയെയും ഇസ്ലാമിസ്റ്റുകളെയും ചൊടിപ്പിച്ചത്. പല ന്യൂനപക്ഷ മുന്നേറ്റങ്ങളുടെയും അമരക്കാരനായിരുന്നു ബംഗ്ലാദേശ് സനാതന്‍ ജാഗരന്‍ മഞ്ച് വക്താവുകൂടിയായ അദ്ദേഹം.
പ്രതികരണങ്ങള്‍
ചിന്മയ കൃഷ്ണദാസിനെ മോചിപ്പിക്കണമെന്നും ന്യൂനപക്ഷപീഡനം അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ബംഗ്ലാദേശ് ഹിന്ദു - ക്രിസ്ത്യന്‍ - ബുദ്ധിസ്റ്റ് യൂണിറ്റി കൗണ്‍സില്‍ രംഗത്തുവന്നു. പല പ്രതിഷേധപരിപാടികളും കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇസ്‌കോണിന്റെ മുഖ്യസാമ്പത്തികസ്രോതസ്സ് അമേരിക്കയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനം അവസാനിപ്പിക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. പ്രശ്‌നത്തിനു പ്രതീക്ഷിച്ചതിലുമേറെ അന്താരാഷ്ട്രപ്രാധാന്യം ലഭിച്ചതോടെ വെട്ടില്‍ വീണ അവസ്ഥയിലാണ് ബംഗ്ലാദേശ് ഭരണ
കൂടം. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെയും അന്താരാഷ്ട്ര ഇടപെടലുകളെയും ഒരേസമയം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ബംഗ്ലാദേശ് ഭരണകൂടം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.
യഥാര്‍ഥ ലക്ഷ്യം
ചിന്മയ കൃഷ്ണദാസിന്റെ അറസ്റ്റിനു പിന്നില്‍ ഇട ക്കാലപ്രധാനമന്ത്രി മുഹമ്മദ് യൂനിസ് അല്ലെന്നും ബംഗ്ലാദേശിന്റെ സമ്പൂര്‍ണ ഇസ്ലാമികവത്കരണം ലക്ഷ്യമാക്കിയുള്ള ജമാ അത്തെ ഇസ്ലാമിയാണെന്നും പകല്‍പോലെ വ്യക്തം. അഫ്ഗാനിസ്ഥാനിലേക്കുള്ള തീവ്ര പരിവര്‍ത്തനഗമനത്തിലാണ് ഇപ്പോള്‍ ബംഗ്ലാദേശ്.
20 വര്‍ഷമായി വികസനപാതയില്‍ മുന്നോട്ടു ചലിച്ചിരുന്ന ബംഗ്ലാദേശിനെ മത
ധ്രുവീകരണം നടത്തി പിന്നോട്ടടിക്കുകയാണ് ഭരണകൂടം.
ബംഗ്ലാദേശ് വിമോചനസമരകാലത്ത് പാക് പട്ടാളത്തോടൊപ്പംനിന്ന് സ്വന്തം ജനത്തിനെതിരേ നിറയൊഴിച്ച ചരിത്രം പേറുന്ന ജമാ അത്തെ ഇസ്ലാമിക്ക് മുജീബുര്‍ റഹ്‌മാന്റെ കാലത്തോ ഷെയ്ക്ക് ഹസീനയുടെ കാലത്തോ ഭരണകൂടപിന്തുണ ലഭിച്ചില്ല. എന്നാല്‍, ഖാലിദ സിയായില്‍നിന്നു ലഭിച്ച പിന്തുണ വളര്‍ച്ചയ്ക്കു വളക്കൂറായി. 1971 ല്‍ ഏകദേശം ഒരു കോടി അഭയാര്‍ഥികളാണ് ഇന്ത്യയിലേക്കു വന്നത്. ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഒന്നരക്കോടിയിലേറെ വരുന്ന ഹൈന്ദവ ക്രൈസ്തവ ബൗദ്ധ ന്യൂനപക്ഷത്തെ ഇന്ത്യയിലേക്കു കൂട്ടപ്പലായനം ചെയ്യിക്കാനോ വംശഹത്യ നടത്താനോ ഉള്ള കിരാതമായ ആസൂത്രിതനീക്കമാണ് അവിടെ നടക്കുന്നത്. പാക് - ചൈന പിന്തുണയോടെ ജമാ അത്തെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം രണ്ടായിരത്തിലേറെയായി.
മതമൗലികവാദികളുടെ മുഖംമൂടിയായി മാറിയ മുഹമ്മദ യൂനിസ് ഇനി രണ്ടുമാസത്തിലേറെയൊന്നും ഭരണത്തില്‍ ഉണ്ടാവില്ലെന്നും അതിനകം പട്ടാളം ഭരണം ഏറ്റെടുക്കുമെന്നുമാണ് അന്താരാഷ്ട്ര വിശകലനവിദഗ്ധര്‍ പറയുന്നത്. അതു മുന്നില്‍ക്കണ്ടാവണം ഉടനടി തിരഞ്ഞെടുപ്പു നടത്തണമെന്ന് ഇപ്പോള്‍ വിജയസാധ്യതയുള്ള ജമാ അത്തെ ഇസ്ലാമി നിര്‍ബന്ധം പിടിക്കുന്നത്. ഷെയ്ക്ക് ഹസീനയുടെ പലായനത്തോട ശബ്ദം നഷ്ടപ്പെട്ട അവാമി ലീഗ് തങ്ങള്‍ക്ക് ഒരു ഭീഷണിയല്ലെന്നും ഭരണം പിടിക്കാമെന്നും അവര്‍ ചിന്തിക്കുന്നു.
മൈക്രോഫിനാന്‍സ് എന്ന ആശയത്തിലൂന്നി 1983 ല്‍ ഗ്രാമീണ്‍ ബാങ്കുകള്‍ സ്ഥാപിച്ചു ബംഗ്ലാദേശിനെ വളര്‍ച്ചയിലേക്കു നയിച്ച മുഹമ്മദ് യൂനിസ് എന്ന സാമ്പത്തികവിദഗ്ധന്‍തന്നെ ജമാഅത്തെക്കു വഴങ്ങി രാജ്യത്തെ തകര്‍ച്ചയിലേക്കു നയിക്കുന്നത് 'ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നു.
ഇന്ത്യയുടെ ഇടപെടല്‍
ഇന്ത്യയുമായി 4000 കിലോമീറ്ററുകളുടെ അതിര്‍ത്തി പങ്കുവയ്ക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ ബംഗ്ലാദേശിലെ പ്രശ്‌നങ്ങളില്‍ കാര്യമായി ശ്രദ്ധ ചെലുത്താന്‍ നാം നിര്‍ബന്ധിതരാകുന്നു. 1971 ല്‍ ബംഗ്ലാദേശ് രൂപീകരണകാലംമുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണു പുലര്‍ത്തിപ്പോരുന്നത്. ഷെയ്ക്ക് ഹസീനയെ വിട്ടുകിട്ടാനുള്ള ഒരു സമ്മര്‍ദതന്ത്രമെന്ന നിലയില്‍ ബംഗ്ലാദേശ് ഈ അവസരത്തെ വിനിയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യ വഴങ്ങുന്നില്ല എന്നുമാത്രമല്ല, രാജ്യസഭയില്‍ ഔദ്യോഗികപ്രസ്താവന നടത്തി നിലപാടു കടുപ്പിക്കുകയാണു ചെയ്തത്.
ബംഗ്ലാദേശ് ഉദ്ദേശിക്കുന്നതുപോലെ ഒന്നരക്കോടിയോളം വരുന്ന ന്യൂനപക്ഷങ്ങളെ അഭയാര്‍ഥികളായി സ്വീകരിക്കാനും ഇന്ത്യ തയ്യാറാവുകയില്ല. മ്യാന്‍മറില്‍നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാതെ ഇന്ത്യ തങ്ങളുടെ നയം വ്യക്തമാക്കിയതാണ്.
ബംഗ്ലാദേശിനു വൈദ്യുതി നല്‍കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. മൂന്നുമാസത്തെ വൈദ്യുതി കുടിശ്ശിക ആയതോടെ അദാനിഗ്രൂപ്പ് വൈദ്യുതിവിതരണം ഭാഗികമായി കുറച്ചിരിക്കുകയാണ്. അവര്‍ക്കു ലഭിക്കാനുള്ള 800 കോടി രൂപയില്‍ 100 കോടി മാത്രമാണു ലഭിച്ചിരിക്കുന്നത്. സമ്മര്‍ദതന്ത്രം എന്ന നിലയില്‍ ഇന്ത്യ വൈദ്യുതിവിതരണം നിര്‍ത്തിയാല്‍ ബംഗ്ലാദേശ് ഇരുട്ടിലാവും. പക്ഷേ, ഒരു മഹത്തായ ജനാധിപത്യരാഷ്ട്രം എന്ന നിലയില്‍ ഭാരതം അത്രത്തോളം കടുംകൈ ചെയ്യുന്നത് എല്ലാ വാതിലുകളും അടയുമ്പോള്‍മാത്രമാവും. ബംഗ്ലാദേശിന് ആവശ്യമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ റിഫൈനിങ്ങിന് ആശ്രയിക്കുന്നതും ഭാരതത്തെയാണ്. കച്ചവടബന്ധങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ബംഗ്ലാദേശ് ഏറ്റവും വലിയ പട്ടിണിരാജ്യമായി മാറും. ബംഗാളിലും പ്രതികരണങ്ങള്‍ കണ്ടുതുടങ്ങി. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കല്‍ക്കത്തയില്‍ ജെ എന്‍ റായ് ഹോസ്പിറ്റല്‍ അടക്കമുള്ളവര്‍ ബംഗ്ലാദേശികള്‍ക്കു ചികിത്സ നല്‍കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഐപിഎല്‍ ലേലത്തില്‍ ഒറ്റ ബംഗ്ലാദേശ് കളിക്കാരെപ്പോലും ആരും സ്വീകരിച്ചിട്ടില്ല. കല്‍ക്കത്തയില്‍ ഹിന്ദു ജാഗരണ മഞ്ച് നടത്തിയ റാലി ബംഗ്ലാദേശ് നയതന്ത്രകാര്യാലയത്തിലേക്കു തള്ളിക്കയറാന്‍ ശ്രമം നടക്കുകയും ബംഗ്ലാദേശ് പതാകകള്‍ കത്തിക്കുകയും ചെയ്തു. ജോലിക്കും മറ്റുമായി ഇന്ത്യയിലുള്ള രണ്ടു കോടിയോളം വരുന്ന ബംഗ്ലാദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് പതാക കത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് മുഹമ്മദ് യൂനിസ് ഭാരതത്തോടാവശ്യപ്പെട്ടത്. ബംഗ്ലാദേശില്‍ ഇന്ത്യന്‍പതാക ചവിട്ടിത്തേക്കുകയും കത്തിക്കുകയും ന്യൂനപക്ഷപീഡനം നടക്കുകയും ചെയ്യുമ്പോള്‍ കയ്യുംകെട്ടി നിന്നു പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രത്തലവന്റെ ഇരട്ടത്താപ്പുനയം ഇവിടെ കാണാം.
ബംഗ്ലാദേശിന് ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങുകയല്ലാതെ വേറേ മാര്‍ഗമൊന്നുമില്ല - അതിനല്പം സമയമെടുത്താലും. ഇന്ത്യയ്‌ക്കെതിരേ നിലപാടെടുത്ത മാലിദ്വീപിന് ഒടുവില്‍ നമ്മുടെ കാലുപിടിക്കേണ്ട അവസ്ഥ വന്നത് ഏറെനാള്‍ മുമ്പല്ല. ലക്ഷദ്വീപില്‍ ചെന്ന് മോദി ഒരു കസേര വലിച്ചിട്ടിരുന്നപ്പോള്‍ തകരാനുണ്ടായിരുന്നതേയുള്ളൂ മാലിയുടെ അഹങ്കാരം. ജനാധിപത്യം പുലര്‍ന്നാലും പട്ടാളഭരണമായാലും ബംഗ്ലാദേശ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. പക്ഷേ, താലിബാനിസത്തിലേക്കുള്ള യാത്രയാണെങ്കില്‍ അവര്‍ക്ക് ജനങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. കാരണം, ഇസ്ലാമികഭീകരതയ്ക്ക് ജനക്ഷേമമല്ല ലക്ഷ്യം എന്നതിന് അഫ്ഗാനിസ്ഥാന്‍മുതല്‍ പലസ്തീന്‍ വരെ നമുക്കുമുമ്പില്‍ ജീവിക്കുന്ന ഉദാഹരണങ്ങള്‍ ബാക്കിയുണ്ട്.
കവര്‍സ്റ്റോറി