കോട്ടയം: പാലായുടെ അഭിമാനമായ ജൂബിലിക്കപ്പേള പുതുമോടിയില്‍ പ്രകാശഗോപുരമായി അണിഞ്ഞൊരുങ്ങി. കഴിഞ്ഞ നാലു മാസമായി നടന്നുവന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 69 വര്‍ഷങ്ങള്‍ക്കുമുമ്പ് കരിങ്കല്ലില്‍ പണിതീര്‍ത്ത കുരിശുപള്ളിയുടെ നിര്‍മാണത്തിനുശേഷം നടക്കുന്ന ആദ്യനവീകരണമാണിത്. കരിങ്കല്ലുകള്‍ ചേര്‍ന്നിരിക്കുന്ന ഭാഗത്തു രൂപപ്പെട്ട വിടവുകള്‍ നികത്തുകയും പായലും ചെളിയും കറയും നീക്കുകയുമാണ് പ്രധാനമായും ചെയ്തിരിക്കുന്നത്. കൂടാതെ, രാത്രിയില്‍ പള്ളി കൂടുതല്‍ പ്രകാശപൂരിതമാകുന്നതിനായി അത്യാധുനികരീതിയില്‍ എല്‍ഇഡി സാങ്കേതികവിദ്യയിലുള്ള ഇലുമിനേഷനും തയ്യാറായി. എല്‍ഇഡി ശോഭയില്‍ പ്രകാശിതമായ കുരിശുപള്ളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. കുരിശുപള്ളിയുടെ മുകളില്‍ നാലു വശങ്ങളിലുമുള്ള വലിയ ക്ലോക്കിലെ ഇമ്പമേറിയ മണിനാദവും മരിയസ്തുതിഗീതവും പാലാക്കാരുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന സ്‌നേഹസങ്കീര്‍ത്തനങ്ങളാണ്.
പാലാ കത്തീദ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി എന്നീ മൂന്ന് ഇടവകകളുടെയും ഭരണനേതൃത്വത്തിലാണ് ജൂബിലിക്കപ്പേളയും, നിത്യാരാധനചാപ്പലും പ്രവര്‍ത്തിക്കുന്നത്. പാലായുടെ ദേശീയോത്സവമാണ് ഡിസംബര്‍ എട്ടിനു നടക്കുന്ന കുരിശുപള്ളിയിലെ ജൂബിലിത്തിരുനാള്‍. കൊടിതോരണങ്ങളാലും മുത്തുക്കുടകളാലും ദീപാലങ്കാരങ്ങളാലും കുരിശുപള്ളിയും പാലാപ്പട്ടണവും ഈ ദിവസങ്ങളില്‍ അലങ്കരിക്കും. പാലാക്കാര്‍ മാത്രമല്ല, ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ തിരുനാളില്‍ പങ്കെടുക്കാന്‍ പതിവായി എത്താറുണ്ട്.