•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

മണിപ്പുര്‍ വീണ്ടും കത്തുന്നു! സമാധാനം അകലെയോ?

  • ജോര്‍ജ് കള്ളിവയലില്‍
  • 28 November , 2024

   ''മണിപ്പുരില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ എല്ലാ പങ്കാളികളുമായും സംസാരിക്കുന്നുണ്ട്. 11,000 ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ഞൂറില ധികംപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. അക്രമസംഭവങ്ങള്‍ കുറഞ്ഞുവരുകയാണ്. സ്‌കൂളുകളും കോളജുകളും ഓഫീസുകളും മറ്റു സ്ഥാപനങ്ങളും തുറന്നിരിക്കുന്നു.'' പ്രധാനമന്ത്രി നരേന്ദ്ര മോദി       പാര്‍ലമെന്റില്‍ കഴിഞ്ഞ ജൂലൈ മൂന്നിനു നടത്തിയ പ്രസ്താവനയാണിത്. നാലര മാസംമുമ്പ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പക്ഷേ, ആവിയായി.
   ''മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയം മാറ്റിവച്ചു സഹകരിക്കണ''മെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചെങ്കിലും ഭരണകക്ഷിയായ ബിജെപി
അടക്കം രാഷ്ട്രീയക്കളികള്‍ തുടരുകയാണ്. കലാപം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുകയും സ്വന്തം സമുദായത്തിനുവേണ്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയും ചെയ്ത മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍സിങ്ങിനോടു രാജി ആവശ്യപ്പെടാനോ അദ്ദേഹത്തെ പുറത്താക്കാനോ മോദിയും കേന്ദ്രസര്‍ക്കാരും തയ്യാറായില്ല.
    സമ്പൂര്‍ണഭരണത്തകര്‍ച്ചയാണ് മണിപ്പുരിലെന്നു സുപ്രീംകോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലുമുള്ള ഭരണപരാജയത്തിന്റെ നേരിട്ടുള്ള ഫലമാണ് മണിപ്പുരിലെ ഇപ്പോഴത്തെ അക്രമങ്ങള്‍ക്കു കാരണമെന്ന് മുന്‍മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നു. അശാന്തിയുടെ വേലിയേറ്റം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നതു രാജ്യത്തെയാകെ ഞെട്ടിക്കുന്നതാണ്.
   പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു കുക്കികളെ കൊന്നൊടുക്കാനും അടിച്ചമര്‍ത്താനുമാണു സര്‍ക്കാര്‍ നീക്കമെന്നു കുക്കികള്‍ സംശയിക്കുന്നു. മെയ്തെയ് തീവ്രഗ്രൂപ്പുകള്‍ക്ക് അഴിഞ്ഞാടാനും അക്രമം നടത്താനും സംരക്ഷണം കൊടുക്കുന്നുവെന്ന പരാതിയുമുണ്ട്. സൈന്യത്തിനു പ്രത്യേകാധികാരം നല്‍കുന്ന വിവാദ അഫ്സ്പ നിയമം ആറ് പൊലീസ്‌സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പുനഃസ്ഥാപിച്ചതിനെ സംശയത്തോടെയാണ് കുക്കികളും മെയ്‌തെയ്കളും ഒരു പോലെ വീക്ഷിക്കുന്നത്.
    കുക്കികളുടെ മലയോരമേഖലകളില്‍മാത്രമാണ് പോലീസും കമാന്‍ഡോകളും സിആര്‍പിഎഫും ബിഎസ്എഫും ആസാം റൈഫിള്‍സും കരസേനയും ചേര്‍ന്ന സംയുക്തസേന തെരച്ചിലും റെയ്ഡുകളും നടത്തുന്നതെന്നും കുക്കികള്‍ കുറ്റപ്പെടുത്തി. സംയുക്തസേനയുടെ ചുമതല പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ബിരേന്‍സിങ് സര്‍ക്കാരിനു നല്‍കിയതിലും കുക്കികള്‍ അരിശത്തിലാണ്. സര്‍ക്കാരും പൊലീസും ജനസംഖ്യയുടെ 53 ശതമാനമുള്ള മെയ്തെയ്കളും പതിനാറുശതമാനം മാത്രം വരുന്ന ന്യൂനപക്ഷ കുക്കികളും തമ്മില്‍ താരതമ്യമില്ലെന്നതു പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
നടപ്പാകുന്നത് പൊലീസ് രാജ്
    2023 മേയ് മൂന്നിനു തുടങ്ങിയ മണിപ്പുര്‍ കലാപം ഒന്നരവര്‍ഷത്തിനുശേഷവും കനലടങ്ങാതെ ആളിക്കത്തുകയാണ്. സ്‌ഫോടനാത്മകസ്ഥിതിയിലുള്ള മണിപ്പുരില്‍ സമാധാനം അകലെയാണ്. മണിപ്പുരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ച യോഗത്തിലും അയ്യായിരത്തിലേറെ സുരക്ഷാഭടന്മാര്‍ ഉള്‍ക്കൊള്ളുന്ന അമ്പതു കമ്പനി കേന്ദ്രസേനയെക്കൂടി അയയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച അയച്ച ഇരുപതു കമ്പനിക്കു പുറമേയാണിത്. സൈന്യത്തിനും പൊലീസിനും പുറമേ 218 കമ്പനി സായുധസേനകളാണ് മണിപ്പുരിലുള്ളത്. 
    എന്നാല്‍, ദീര്‍ഘകാലസമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട മറ്റു തീരുമാനങ്ങളോ പദ്ധതികളോ ഉണ്ടാകുന്നില്ല. ഭൂരിപക്ഷവിഭാഗത്തിനുവേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ബിരേന്‍സിങ്ങിനെ നിലനിര്‍ത്തിക്കൊണ്ട് സമാധാനം ഉണ്ടാകില്ലെന്നു വ്യക്തമാണ്. മെയ്‌തെയ്കളായ അക്രമികളെ പിന്തുണയ്ക്കുന്ന ബിരേന്‍സിങ്ങിന്റെ വിവാദ ഓഡിയോസന്ദേശം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കൂടുതല്‍ തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഓഡിയോക്ലിപ്പിലെ ശബ്ദം മുഖ്യമന്ത്രിയുടേതാണെന്നതില്‍ മണിപ്പുരികള്‍ക്കു സംശയമേയില്ല.
    പത്തു ദിവസത്തിനിടെ ചുരുങ്ങിയത് ഇരുപതു പേരാണു മണിപ്പുരിലെ ജിരിബാം ജില്ലയില്‍മാത്രം കൊല്ലപ്പെട്ടത്. എട്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു സ്ത്രീകളും മൂന്നു പെണ്‍കുട്ടികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അയല്‍സംസ്ഥാനമായ അസമിലെ ബരാക്‌നദിയില്‍നിന്നാണ് അഴുകിത്തുടങ്ങിയ നിലയില്‍ ആറു പേരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. 
    സ്‌കൂളുകളും കോളജുകളും വീണ്ടും അടച്ചു. ജിരിബാം ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധക്കാരെ ഭയന്ന് ജിരിബാമിലും ഇംഫാലിലുമടക്കം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഫാലില്‍ സൈന്യം റൂട്ട് മാര്‍ച്ച് നടത്തി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യം അടക്കമുള്ള സുരക്ഷാസേനകള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ഇരുനൂറ്റമ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും 60,000 പേര്‍ ഭവനരഹിതരാവുകയും ഇരുന്നൂറ്റമ്പതിലേറെ ക്രൈസ്തവദേവാലയങ്ങളും പത്തോളം ഹൈന്ദവക്ഷേത്രങ്ങളും നൂറുകണക്കിനു വീടുകളും തീയിട്ടു തകര്‍ക്കുകയും ചെയ്ത അക്രമങ്ങള്‍ 18 മാസമായിട്ടും നിയന്ത്രിക്കാന്‍ കഴിയാത്ത മണിപ്പുരിലെ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍സിങ് അധികാരത്തില്‍ തുടരുന്നതാണു മറ്റൊരു ദുരന്തം.
ഗോത്രസ്ത്രീയെ ചുട്ടുകൊന്നു
    മെയ്‌തെയ് കുടുംബത്തിന്റെ കൊലപാതകത്തില്‍ രോഷാകുലരായ ജനക്കൂട്ടം മുഖ്യമന്ത്രി ബിരേന്‍സിങ്ങിന്റെ ഇംഫാലിലുള്ള സ്വകാര്യഭവനം തകര്‍ക്കാന്‍ ശ്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കേണ്ടിവന്നു. മണിപ്പുര്‍ മന്ത്രിസഭയിലെ പ്രബലമന്ത്രിമാരായ തോംഗോം ബിശ്വജിത്തിന്റെയും ഗോവിന്ദാസിന്റെയും വീടുകള്‍ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു.
   ഇംഫാലില്‍ നാല് എംഎല്‍എമാരുടെ വീടുകള്‍ക്കു നേരേയും അക്രമമുണ്ടായി. ജിരിബാമില്‍ മെയ്തെയ്കളുടെ വധത്തില്‍ പ്രതിഷേധിച്ചാണ് മെയ്തെയ്കളും ബിജെപിക്കാരുമായ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ക്കു നേര്‍ക്ക് സര്‍ക്കാരിനെ അനുകൂലിച്ചിരുന്ന മെയ്‌തെയ് ജനക്കൂട്ടംതന്നെ അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷമുണ്ടായ ജിരിബാമിലെ എട്ടു പ്രധാന ബിജെപി നേതാക്കള്‍ ഇന്നലെ രാജി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയില്‍ത്തന്നെ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായി.
    അസമിനോടു ചേര്‍ന്നുകിടക്കുന്ന മണിപ്പുരിലെ ജില്ലയായ, അടുത്തിടെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലെ പുതിയ അക്രമങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. കുക്കികളുടെ ഒരു അവാന്തരവിഭാഗമായ ഹമാര്‍ഗോത്രത്തില്‍പ്പെട്ട, സ്‌കൂള്‍ അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ മെയ്തെയ് അക്രമിസംഘം ബലാല്‍സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവമാണു പുതിയ അക്രമങ്ങള്‍ക്കു തുടക്കമായത്. കാലില്‍ വെടികൊണ്ടു വീണ സ്ത്രീയെയാണു വേട്ടയാടിയത്. മെയ്‌തെയ് തീവ്രഗ്രൂപ്പായ അരംബായി തെങ്കോളിന്റെ നേതൃത്വത്തില്‍ സൈറൗണ്‍ എന്ന ഹമാര്‍ഗ്രാമത്തിലെത്തിയായിരുന്നു ഈ ക്രൂരകൃത്യമെന്നു യുവതിയുടെ ഭര്‍ത്താവു പറയുന്നു. അഞ്ചു ക്രൈസ്തവപള്ളികളും ആറു വീടുകളും ആക്രമിച്ചു. പൊലീസില്‍ അഭയം തേടിയ അക്രമികളെ ജിരാബാമിലെ ബോറോബക്ര പൊലീസ് സ്റ്റേഷനില്‍ ഒളിപ്പിച്ചുവെന്ന് കുക്കികള്‍ ആരോപിക്കുന്നു.
    സ്ത്രീയെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൂന്നാംദിവസം ബോറോബക്ര പൊലീസ് സ്‌റ്റേഷനിലേക്ക് കുക്കി ഹമാര്‍ ഗോത്രവര്‍ക്കാര്‍ പ്രതിഷേധമാര്‍ച്ചു നടത്തി. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചുവെന്നാരോപിച്ചു പത്തുപേരെ സിആര്‍പിഎഫുകാര്‍ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവര്‍ ഗ്രാമസംരക്ഷണപ്രവര്‍ത്തകരാണെന്നു കുക്കികള്‍ പറഞ്ഞു. വില്ലേജ് വോളന്റിയര്‍മാരായ പത്തുപേരുടെ കൊലപാതകം ഗോത്രജനതയുടെ രോഷം ആളിക്കത്തിച്ചു. ബോറോബക്ര പൊലീസ് സ്റ്റേഷനു സമീപത്തുള്ള മെയ്‌തെയ്കളുടെ ദുരിതാശ്വാസക്യാമ്പ് ആക്രമിച്ച് പത്തുപേരെ ഗോത്രസംഘം തട്ടിക്കൊണ്ടുപോയി. ഇവരില്‍ രണ്ടു പുരുഷന്മാരെ തുടക്കത്തിലേ വധിച്ചു. ഇവരുടെ മൃതദേഹം രണ്ടു ദിവസത്തിനകം കിട്ടി. രണ്ടു പേര്‍ എങ്ങനെയോ രക്ഷപ്പെട്ടു വീട്ടിലെത്തി. കുട്ടികളും സ്ത്രീകളുമടക്കം ആറു പേരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണ് അസമിലെ ബരാക് നദിയില്‍ ശനിയാഴ്ച കണ്ടത്. മെയ്‌തെയ്കള്‍ കൊല്ലപ്പെട്ടതോടെ മെയ്‌തെയ് ജനം രോഷാകുലരായി. വീണ്ടും അക്രമം വ്യാപകമായി.
മുഖ്യമന്ത്രി മാറാതെ സമാധാനം വരില്ല
     സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള രോഷവും നിരാശയും ഭരണകക്ഷിക്കാര്‍പോലും മറച്ചുവയ്ക്കുന്നില്ല. മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നാരോപിച്ച് ബിരേന്‍സിങ്‌സര്‍ക്കാരിനുള്ള പിന്തുണ ബിജെപി സഖ്യകക്ഷിയും ഏഴ് എംഎല്‍എമാരും ഉള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പിന്‍വലിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ പാര്‍ട്ടിയാണിത്. പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണനില പുനഃസ്ഥാപിക്കുന്നതിലും ബിരേന്‍സിങ് സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് എന്‍പിപി നേതാക്കള്‍ പറഞ്ഞു.
     മണിപ്പുരിലെ അറുപതംഗ നിയമസഭയില്‍ ജെഡിയുവില്‍നിന്നു കൂറുമാറിയെത്തിയ അഞ്ചു പേരടക്കം ബിജെപിക്ക് 37 എംഎല്‍എമാരുണ്ട്. ഇവരില്‍ കുക്കികളായ ഏഴു പേര്‍ ബിരേന്‍സിങ്ങിന്റെ രാജി ആവശ്യപ്പെടുന്നവരാണ്. പത്തു കുക്കികളടക്കം 19 എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ ആലോചിക്കുകയാണ്. ഡല്‍ഹിയിലെത്തിയ രണ്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് അഞ്ച് എംഎല്‍എമാരും ജെഡിയുവിന് ഒരാളും കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളുമാണുള്ളത്. കുക്കി പീപ്പിള്‍സ് അലയന്‍സിന് രണ്ടും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമുണ്ട്.
മണിപ്പുരിലെ പ്രതിസന്ധി രൂക്ഷമാണെങ്കിലും ബിരേന്‍സിങ്ങിനെ മാറ്റാന്‍ കേന്ദ്രം ഇനിയും തയ്യാറാകാത്തതില്‍ കള്ളക്കളി സംശയിക്കാതെ തരമില്ല. വംശീയമായ ഭിന്നത വര്‍ഗീയമായി വളര്‍ത്തി മുതലെടുപ്പുരാഷ്ട്രീയം കളിക്കുന്നവര്‍ രാജ്യത്തിനാകെ ആപത്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതില്‍ സൂചന വ്യക്തമാണ്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)