•  21 Nov 2024
  •  ദീപം 57
  •  നാളം 37
ലേഖനം

നന്മകള്‍ ചിതലരിക്കുന്ന നരകകാലം

   ഭാരത ത്തെ സംബന്ധിച്ചിടത്തോളം അമ്മ ഒരു ആദിരൂപമാണ്. അമ്മയെ ഉര്‍വരതയുടെ കുലചിഹ്നമായി കാണുന്നു. ഭാരതത്തിന്റെ പാരമ്പര്യങ്ങളിലും ആചാരങ്ങളിലും മിത്തുകളിലും, അമ്മസങ്കല്പത്തിനും അതിന്റെ മൂര്‍ത്തീഭാവമായ മാതൃത്വത്തിനും വലിയ പ്രാധാന്യമുണ്ട്. ഏതു നിസ്സാരചലനവും ഏറ്റെടുക്കുന്ന ആലിലഹൃദയമാണ് മാതൃത്വത്തിന്റെ മുഖമുദ്ര. പ്രപഞ്ചചൈതന്യത്തെ ആദിപരാശക്തിയായി മാതൃഭാവത്തില്‍ ദര്‍ശിച്ചത് ഭാരതീയചിന്തയുടെ ഉദാത്തമായ ഒരു തലമാണ്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ദൈവം നല്‍കിയ ഏറ്റവും മഹത്തായ വരമാണു മാതൃസ്‌നേഹം.
അമ്മമനസ്സ് അതിലോലമാണ്. വേദനകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ കുടുംബത്തോട്  അഗാധസ്‌നേഹം പുലര്‍ത്തുന്നവളാണ് ഭാരതസ്ത്രീ. ആത്യന്തികമായി ജീവിതഭാരം ആ ചുമലുകളിലാണ്. സ്‌നേഹലേപനം പുരട്ടുന്നവളും സ്‌നേഹത്തിന്റെ പട്ടുനൂലിഴ പൊട്ടാതെ നോക്കുന്നവളും കുടുംബത്തിന്റെ ഭദ്രദീപമായ അമ്മയാണ്.
   പുരാണങ്ങളിലും ക്ലാസിക്കുകളിലും കണ്ടുമുട്ടുന്ന സ്ത്രീകളെല്ലാംതന്നെ ദുരന്തകഥാപാത്രങ്ങളാണ്. തീരാദുഃഖങ്ങളുടെ നിശ്ശബ്ദസാക്ഷികള്‍. ദുരിതങ്ങളിലും വേദനകളിലും മുങ്ങിത്താഴുന്നവര്‍. മാതൃവിലാപം ലോകചരിത്രത്തിലും ക്ലാസിക്കുകളിലും സാധാരണമാണെങ്കിലും ഇതിനു വിപരീതമായി നിലനില്പിനും അവകാശങ്ങള്‍ക്കുമായി കലാപമുയര്‍ത്തുന്നു 'നത്യാന' എന്ന മാക്‌സിംഗോര്‍ക്കിയുടെ 'അമ്മ'യിലെ കഥാപാത്രം. നത്യാന എന്ന അമ്മയ്ക്കു വേണ്ടുവോളം കണ്ണീരുണ്ട് - എന്തിനുവേണ്ടിയും. മനസ്സ് അടച്ചു മുദ്രവയ്ക്കാത്ത നത്യാന, മാതൃത്വത്തിന്റെ ശക്തിയും കരുത്തും പ്രകടിപ്പിക്കുന്നു.
  'മാര്‍ക്വേസിന്റെ ''ഏകാന്തതയുടെ നൂറുവര്‍ഷങ്ങളി'ലെ ഉര്‍സുല എന്ന പടുകിഴവി 'ദൈവം ആയുസ്സു തരുവോളംകാലം ഞങ്ങള്‍ അമ്മമാരായിരിക്കും' എന്നു നോവലിലുടനീളം സ്ഥാപിക്കുന്നുണ്ട്. വാര്‍ധക്യം ആന്ധ്യം സമ്മാനിച്ച ആ മിഴികളിലെ തിളക്കം മാതൃത്വത്തിന്റെ നനവും നിറവും പേറുന്നു. ഉര്‍സുല നിദ്രയിലും ജാഗരത്തിലും കണ്ണുകള്‍ തുറന്നു കഴിയുന്നു-സ്വന്തം മക്കള്‍ക്കുവേണ്ടി. 
   മാതൃത്വത്തിന്റെ പരിപാവനതയ്ക്കും സ്ത്രീത്വത്തിന്റെ ഭാവശുദ്ധിക്കും മങ്ങലേല്പിക്കുന്നതാണ് സമകാലികസംഭവങ്ങള്‍. സാമ്പത്തികമായ പിന്നാക്കാവസ്ഥയും കുടുംബങ്ങളിലെ അന്തശ്ഛിദ്രങ്ങളും അച്ഛനമ്മമാരുടെ വഴക്കുകളും മദ്യപാനവും പല വീടുകളിലും കുട്ടികളെ വഴിതെറ്റിക്കാന്‍ പ്രേരിപ്പിക്കുന്നു. ആര്‍ഭാടജീവിതത്തോടുള്ള ഭ്രമവും ഭൗതികസുഖങ്ങളോടുള്ള അഭിനിവേശവും മറ്റൊരു പ്രധാന കാരണമാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പീഡന/വാണിഭകഥകള്‍ സമൂഹത്തില്‍ അരങ്ങേറുന്നതിന്റെ  ഒരു ചെറിയ ശതമാനംമാത്രമാണ്. അതുതന്നെ മാധ്യമങ്ങളുടെ ജാഗ്രതയും ഇച്ഛാശക്തിയുംകൊണ്ടുമാത്രം പുറത്തുവരുന്നവയുമാണ്.
    ഒരു സുന്ദരവസ്തു എന്നെന്നും ആനന്ദത്തിനു കാരണമാകുന്നു. പ്രകൃതിയിലെ മറ്റൊരു വസ്തുവും സുന്ദരിയായ സ്ത്രീയെക്കാള്‍ ആകര്‍ഷകമല്ലെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് പറയുന്നു. കൗമാര-യൗവനങ്ങള്‍ പ്രണയസ്വപ്‌നങ്ങളുടെ പൂക്കാലമാണ്. ഇന്നത്തെ പ്രണയലോകം എം.ടി. യുടെ കഥകളില്‍നിന്നു വ്യത്യസ്തമാണ്. പ്രേമത്തിന്റെയും പ്രണയത്തിന്റെയും ഉത്കണ്ഠകള്‍ ആ കഥകളില്‍ ഒരു നോട്ടത്തിലും അല്ലെങ്കില്‍ ഒരു സ്പര്‍ശനത്തിലും അതുമല്ലെങ്കില്‍ ഒരു ചുംബനത്തിലും അവസാനിച്ചിരുന്നു. ഇന്നത് പരിധികളില്ലാത്ത ശരീരാഹ്ലാദങ്ങള്‍ പങ്കിടുന്നതിലെത്തിയിരിക്കുന്നു. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി'ലെ  റെമിഡിയോസ് സുന്ദരി മക്കൊണ്ടായിലെ സകല ചെറുപ്പക്കാരുടെയും ഉറക്കംകെടുത്തുന്നു. അത്രയ്ക്കു സൗന്ദര്യവും വശീകരണശക്തിയുമാണവള്‍ക്ക്.
ലൈംഗികത ദൈവികദാനമാണ്. പ്രണയവും രതിയുടെ നിര്‍വൃതിയും തീര്‍ത്തും ജൈവപരമാണ്. അതിന്റെ അച്ചടക്കവും രീതിശാസ്ത്രവും തകരുമ്പോഴാണ് സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതിന് ഉദാഹരണമാണ് കുറിയേടത്തു താത്രി.
   താത്രി കല്പകശേരി അഷ്ടമൂര്‍ത്തിനമ്പൂതിരിയുടെ മകളായിരുന്നു. ഭര്‍ത്താവ് ചെമ്മണ്‍തട്ട കുറിയേടത്ത് രാമന്‍ നമ്പൂതിരിപ്പാട്. കൊച്ചി രാജ്യത്തെ പ്രത്യേകിച്ച്, ബ്രാഹ്‌മണസമൂഹത്തെ നടുക്കിയതായിരുന്നു 1905 ല്‍ നടന്ന സ്മാര്‍ത്തവിചാരം. താത്രി അഞ്ചാംപുരയില്‍നിന്നു വിളിച്ചുപറഞ്ഞ 66 പേരില്‍ അവളുടെ അച്ഛന്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിയും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതന്മാര്‍, ബഹുമാന്യരായ നമ്പൂതിരിമാര്‍, വേദപണ്ഡിതന്മാര്‍, പ്രമുഖ ഓത്തന്മാര്‍, പ്രശസ്ത കലാകാരന്മാര്‍ എന്നിവരുമായി ബന്ധപ്പെട്ട താത്രി ആ വേഴ്ചകളുടെ ദിവസം, നക്ഷത്രം, തിഥി എന്നിവ കൃത്യമായും ക്രമമായും എഴുതി സൂക്ഷിച്ചിരുന്നു. ഒരു കഥകളിക്കാരന്‍ കീചകവേഷം അഴിക്കാതെയാണ് താത്രിയെ പ്രാപിച്ചത്.
   താത്രി 66 പേരുകള്‍ വിളിച്ചുപറഞ്ഞിട്ടും തീര്‍ന്നില്ല. അസ്വസ്ഥനായ കൊച്ചി രാജാവ്  നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, താത്രിക്കു യാതൊരു കൂസലും ഉണ്ടായിരുന്നില്ല. പരിചയസമ്പന്നയായ ഒരു പ്രോസിക്യൂട്ടറെപ്പോലെയാണ് അവര്‍ എതിര്‍വാദങ്ങളെ തോല്പിച്ചു തന്റെ ഭാഗം തെളിയിച്ചത്. ഭര്‍ത്താവ് രാമന്‍നമ്പൂതിരിയും  കുറ്റവാളിയായി. കാരണം, ഭാര്യയുടെ അവിഹിതബന്ധങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ താത്രിയുമായി അയാള്‍ നിര്‍ബാധം ലൈംഗികബന്ധം പുലര്‍ത്തി.
    അതായത്, ലൈംഗികാപചയങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട് എന്നര്‍ഥം. കുറിയേടത്തു താത്രിയുടെ അതേ കൂസലില്ലായ്മയോടും ധൈര്യത്തോടും നിസ്സംഗതയോടുംകൂടിയാണ് നമ്മുടെ കോടതികളില്‍ ഇന്നു പെണ്‍കുട്ടികള്‍ മൊഴിനല്‍കുന്നത്. നൂറുവര്‍ഷത്തെ കാലയളവിന് മനുഷ്യമനസ്സില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നര്‍ഥം.
   സ്ത്രീപീഡനക്കേസുകളുടെ എണ്ണിയാലൊടുങ്ങാത്ത നിര കേരളത്തിലുണ്ടായി. സൂര്യനെല്ലിയും വിതുരയുംപോലുള്ള ഞെട്ടിക്കുന്ന കേസുകള്‍ അവയില്‍ ചിലതുമാത്രം. പ്രസക്തമായ ഈ കോടതിവിധികളില്‍ ഒരു കാര്യം വ്യക്തമാണ്. പീഡനക്കേസുകള്‍ മിക്കവയിലും പെണ്‍കുട്ടികള്‍ ഇരകളല്ല, പങ്കാളികളാണ്. പെണ്‍വാണിഭത്തിന്റെ ഓരോ എപ്പിസോഡും ഓരോ കരാറാണ്.  കേരളത്തിന്റെ സാമൂഹികശ്രേണിയിലെ മിക്കവാറും എല്ലാവരും ഈ വാരസദ്യകളില്‍ മൃഷ്ടാന്നം ഉണ്ടു. ഇടനിലക്കാരായ പുരുഷന്മാരും സ്ത്രീകളും പണം കൊയ്തു. പണംകൈമാറ്റവും ശരീരശാന്തിയും... പിന്നെന്തു കേസ്? എന്തിനു കോടതി?
   കേരളത്തിനു വന്നുപെട്ടിരിക്കുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത മൂല്യച്യുതിയാണ്. വ്യഭിചാരം പാപമാണ്, സ്വര്‍ഗംവരെയെത്തും അതിന്റെ ഗന്ധമെന്നു പഴമ. അനവധി കുടുംബങ്ങള്‍ ഛിന്നഭിന്നമാകുന്നു. എല്ലാ ദുരന്തങ്ങളുടെയും ശിഷ്ടഫലം അനുഭവിക്കുന്നത് അമ്മമാരാണ്. കിടന്നാലവര്‍ക്ക് ഒരുപോള കണ്ണടയ്ക്കാനുമാവില്ല. ദുഷിച്ച സമൂഹത്തില്‍ എങ്ങനെയാണ് സുരക്ഷിതമായി കുട്ടികളെ വളര്‍ത്താനാവുക? സദാചാരത്തിന്റെ എല്ലാ ദിശാസൂചകങ്ങളും അപ്രത്യക്ഷമാണ്.
ഓരോ വീടിന്റെയും ഐശ്വര്യമാകേണ്ടവരാണ് പെണ്‍കുട്ടികള്‍. ഭവനങ്ങള്‍ അടിച്ചുതളിച്ച് അന്തിത്തിരി തെളിക്കേണ്ടവര്‍. അവര്‍ ദേശവിശേഷങ്ങള്‍ കണ്ട്, ആടയാഭരണങ്ങളണിഞ്ഞ്, കോഴിബിരിയാണി തിന്ന് അന്യപുരുഷന്മാര്‍ക്കൊപ്പം ലോകസഞ്ചാരം നടത്തുന്നത് ഏതമ്മയ്ക്കു സഹിക്കാനാകും?
അഗമ്യഗമനം
  കേരളത്തില്‍നിന്നല്ലാതെ ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തുനിന്നും അഗമ്യഗമനത്തിന്റെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല. ഈയിടെ പിതാവിനാലും സഹോദരന്മാരാലും ഇളയച്ഛന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളാലും ഗര്‍ഭം ധരിച്ചു പ്രസവിച്ച അവിവിഹിത അമ്മമാരുടെ കഥകള്‍ക്കും പരിഷ്‌കൃതരും നൂറുശതമാനം സാക്ഷരരും പ്രബുദ്ധരുമായ കേരളീയര്‍ സാക്ഷികളായി. അഗമ്യഗമനം മുളയിലേ നുള്ളിക്കളയേണ്ട സാമൂഹികവിപത്താണ്. നാലുവേദങ്ങളും എട്ടു ശാസ്ത്രങ്ങളും തിരഞ്ഞാലും  ഈ മഹാപാപത്തിനു പരിഹാരമാര്‍ഗങ്ങളില്ല. ഇതുകൊണ്ട് എത്ര കുടുംബങ്ങള്‍ തീരാവേദന അനുഭവിക്കുന്നുണ്ടാകും. പുറത്തുപറയാത്തതും അറിയാത്തതുമായ എത്രയോ കേസുകള്‍ കാണും. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണു ദിവസേന മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഒറ്റമുറിവീട്ടില്‍ അച്ഛന്‍ മകളെ പീഡിപ്പിക്കുമ്പോള്‍ തിരിഞ്ഞുകിടന്ന് ഉറക്കംനടിക്കുന്ന അമ്മമാര്‍ ഒരുപക്ഷേ, കേരളത്തില്‍മാത്രമേ ഉണ്ടാകൂ. വളരെ മൃഗീയമാണിത്. ഈ നിലപാട് ഒരമ്മയ്ക്കും ഭൂഷണമല്ല. കേരളത്തിലെ അമ്മമാര്‍ ഓട്ടുപ്രതിമകളാകരുത്. നിര്‍ണായകമായ ആപല്‍സന്ധികളില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം, ശക്തമായി പ്രതികരിക്കണം.
   പേര്‍ഷ്യയിലെ സുല്‍ത്താനെപ്പോലെ വീട്ടില്‍ യാതൊരു പണിയും ചെയ്യാതെ ഏകനായിരിക്കുന്നവന്‍ കുടുംബത്തിനും സമൂഹത്തിനും ഭീഷണിയാണ്. അപകടകാരിയാണയാള്‍. ആ തലയില്‍ അധമചിന്തകള്‍ പുകയുന്നുണ്ടാകും. ഭോഗാതുരത അയാളെ ചിലപ്പോള്‍ മൃഗമാക്കും.
മരുഭൂമിയിലേക്കുള്ള രക്ഷപ്പെടല്‍
    സ്ത്രീശരീരത്തിന്റെ രൂപലാവണ്യം ഇന്നു കച്ചവടച്ചരക്കാണ്. മാധ്യമങ്ങള്‍ അതിനെ ചാഞ്ഞും ചരിഞ്ഞും ഇളകിയും നൃത്തമാടിച്ചു ചൂഷണം ചെയ്യുന്നു. കേരളത്തിന്റെ നൈര്‍മല്യം നിറഞ്ഞ മൂല്യാധിഷ്ഠിതസാംസ്‌കാരികത്തനിമ നഷ്ടമായിരിക്കുന്നു. അച്ചടക്കവും നിയന്ത്രണങ്ങളുമില്ലാത്ത ഒരു കമ്പോളസംസ്‌കാരം നമ്മെ ബാധിച്ചിരിക്കുന്നു. വിവാദങ്ങളും അഴിമതികളും അക്രമസംഭവങ്ങളും വര്‍ധിച്ച ഒരു നരകകാലത്തിലാണു നാം ജീവിക്കുന്നത്. കാര്‍ഷികസംസ്‌കൃതി നഷ്ടമായി. നദികള്‍ അകാലത്തില്‍ ഒഴുക്കുനിര്‍ത്തുന്നു. പ്രകൃതിയുടെ തീരാശാപം മനുഷ്യനേറ്റുവാങ്ങുന്നു. ഓച്ചിറപ്പടനിലംപോലെയാണു രാഷ്ട്രീയരംഗം.
   മദ്യത്തിനു സാര്‍വലൗകികഭാവം കൈവന്നിരിക്കുന്നു. മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളം സാക്ഷരത കൈവരിച്ചു. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെയും വെല്ലുന്നു മദ്യത്തിന്റെ ആകര്‍ഷണം. മദ്യം കാണുന്നത് ആനന്ദമാണെന്നും കുടിക്കുന്നത് പരമാനന്ദമാണെന്നും പറഞ്ഞത് വേറേയാരുമല്ല, മലയാളിതന്നെയാണ്.
    നമ്മുടെ സംസ്‌കാരത്തിന്റെ കഴുക്കോലുകളും വളബന്ധങ്ങളും  ഇളകിയാടുമ്പോള്‍ ഭാവിതലമുറയാവും അശാന്തിയും അരാജകത്വവും നേരിടുക.
നമ്മുടെ കുട്ടികള്‍ നവനാഗരികതയെ പുല്‍കുകയാണ്. ആത്യന്തികമായി സുഖമന്വേഷിക്കുകയാണവര്‍. ഇന്നത്തെ യുവത വെള്ളവും ഊര്‍ജവും സംഭരിക്കുന്നത് പാരമ്പര്യമൂല്യങ്ങളില്‍നിന്നോ സദാചരാനിഷ്ഠകളില്‍നിന്നോ അല്ല. ആ പൊക്കിള്‍ക്കൊടിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. നവസംസ്‌കാരങ്ങളുടെ അദ്ഭുതലോകം എല്ലാ ഭൗതികാഹ്ലാദങ്ങളും നല്‍കി അവരെ സ്വപ്നസഞ്ചാരികളാക്കിയിരിക്കുന്നു. ഭൂമിയിലെ യാഥാര്‍ഥ്യങ്ങളെയും പ്രശ്‌നങ്ങളെയും അവര്‍ തിരസ്‌കരിക്കുന്നു. വെളിച്ചത്തിനും നിഴലിനുമിടയ്ക്കുള്ള ഒരു സന്ദിഗ്ധമേഖലയിലാണവര്‍.
    ഓര്‍ക്കുക. ഒരു മഹാവാതം ഉരുവംകൊള്ളുകയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)