•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

രാഹുകാലം മാറി രാഹുല്‍കാലം വന്നു; പക്ഷേ, ശനിദശ മാറുന്നില്ല!

   സുപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ പിയാഷോ വ്യക്തിത്വരൂപീകരണത്തിന് ആധാരമായി മൂന്നു കാര്യങ്ങളാണ് എടുത്തു പറയുന്നത്. 1. ജന്മനാ ഉള്ള സിദ്ധി 2. പരിപോഷണം അല്ലെങ്കില്‍ പരിശീലനം 3. സാഹചര്യം. 
   ഈ മൂന്നു ഘടകങ്ങളും ഏതാണ്ടു പൂര്‍ണതയില്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന, ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെയും തുടര്‍ന്നു പ്രധാനമന്ത്രിയായി വന്ന അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാഗാന്ധിയുടെയും പേരക്കുട്ടിയാണു രാഹുല്‍ഗാന്ധി. അദ്ദേഹത്തിന്റെ പിതാവ് രാജീവ്ഗാന്ധിയാണ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെത്തുടര്‍ന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. വാസ്തവത്തില്‍, ആപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കുടുംബപശ്ചാത്തലമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. ഇന്ത്യയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത കുടുംബമഹത്ത്വം! അസൂയ പൂണ്ട നരേന്ദ്രമോദി രാഹുലിനെ രാജകുമാരന്‍ എന്നു വിളിച്ചാക്ഷേപിച്ചു! 
    പക്ഷേ, ആ രാജകുമാരന്‍ ഭാരത് ജോഡോ യാത്രയിലൂടെ ആര്‍ജിച്ചെടുത്ത ഖ്യാതി ഇന്ത്യയില്‍ മറ്റൊരു നേതാവിനും നേടാന്‍ കഴിയാത്ത ഒരു റെക്കാര്‍ഡാണ്; മഹാത്മാഗാന്ധിക്കുപോലും! മഹാത്മാഗാന്ധി ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ചെങ്കിലും ദണ്ഡിയാത്രപോലുള്ള കാല്‍നടയാത്ര നടത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ ജോഡോയാത്രയെ മറികടക്കാന്‍ പറ്റുന്നതായിരുന്നില്ല. ജോഡോയാത്രയില്‍ ഒരു കുറ്റവും കാണാനില്ലാതെ വന്നപ്പോള്‍ റ്റീഷര്‍ട്ടിട്ടതാണു ലക്ഷണപ്പിശകായി മോദിജിക്കു തോന്നിയത്. അദ്ദേഹം പോകുന്നതുപോലെ സ്വര്‍ണത്തലപ്പാവുംകെട്ടി കുറിയുംതൊട്ട് കാലേല്‍ മണ്ണുപറ്റിക്കാതെ നടത്തുന്ന യാത്ര മാതൃകയായി സ്വീകരിക്കണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. പ്രജകളെപ്പേടിച്ച് മണിപ്പുരില്‍ കാലുകുത്താതിരുന്ന മോദിജി, രാഹുല്‍ കൈയും വീശി നടന്ന് ആ പാവപ്പെട്ട മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി മാറിയതും നിലത്തു വട്ടംകൂടിയിരുന്നു വര്‍ത്തമാനം പറയുന്നതും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും അവരുടെ കണ്ണീരൊപ്പുന്നതുമൊക്കെക്കണ്ട് അന്തംവിട്ടുപോയി. ആ യാത്രയിലൂടെ സാമാന്യജനങ്ങളുടെയും പാവപ്പെട്ട പട്ടിണിക്കോലങ്ങളുടെയും അടുത്തുചെന്ന് അനുഭവിച്ചറിഞ്ഞ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ വികാരാധീനനായി പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയുമൊക്കെ മുഖത്തുനോക്കി കൈചൂണ്ടി സംസാരിച്ചപ്പോള്‍ വര്‍ഗീയവെറിപൂണ്ട നേതാക്കന്മാരും മണിമന്ദിരങ്ങളില്‍ ഉണ്ടുകുളിച്ചാഹ്ലാദിച്ചു കഴിഞ്ഞുകൂടുന്ന നേതൃപുംഗവന്മാരും ചൂളിച്ചുരുണ്ടുപോകുന്ന കാഴ്ച ചാനലുകളിലൂടെ ജനങ്ങള്‍ കണ്ടപ്പോള്‍, രാഹുലിനു ലഭിച്ച മൈലേജ് എത്രമാത്രമാണ്! 
    ഇപ്പോഴുള്ള ഒരു ആരോപണം ഒരമ്മയും രണ്ടുമക്കളും പാര്‍ലമെന്റില്‍ എത്തുന്നു എന്നതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സമ്മര്‍ദംകൊണ്ടു വീര്‍പ്പുമുട്ടിച്ചപ്പോള്‍ അതു തൃണവത്ഗണിച്ച മഹതിയാണു സോണിയാഗാന്ധി. ഇന്ത്യയില്‍ ഏതെങ്കിലുമൊരു നേതാവിനു ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ അത്? അധികാരക്കസേരയ്ക്കുവേണ്ടി കടിപിടികൂടുന്ന രാഷ്ട്രീയസംസ്‌കാരത്തിന്റെ മുമ്പില്‍ സോണിയാജി ഒരു ചോദ്യചിഹ്നവും ദീപസ്തംഭവുമാണ്! രാഹുലോ? എത്രമാത്രം സമ്മര്‍ദമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റാകാന്‍ രാഹുലിന്റെ മേലുണ്ടായത്. പക്ഷേ, അദ്ദേഹത്തിന്റെ പ്രതികരണം എല്ലാവരെയും അദ്ഭുതപ്പെടുത്തി. കേരളത്തിലെ മന്ത്രിപുംഗവന്മാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പഞ്ചനക്ഷത്രവാഹനത്തില്‍ ഡസണ്‍ കണക്കിനു വണ്ടികളുടെ അകമ്പടിയോടെ പ്രജകളെ കാണാന്‍ നടത്തിയ വര്‍ണപ്പകിട്ടാര്‍ന്ന എഴുന്നള്ളത്തു പര്യടനം ഇപ്പോഴും പ്രജകളുടെ മനസ്സില്‍ വേദന പകര്‍ന്നു നില്പുണ്ടല്ലോ. അങ്ങനെ, കേരളത്തിലെയും കേന്ദ്രത്തിലെയും നേതാക്കന്മാരുടെ മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി വിരാജിക്കുകയാണ് രാഹുല്‍. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ രാഹുകാലം മാറി രാഹുല്‍കാലം വന്നിരിക്കുകയാണ്.
    പക്ഷേ, ഇതു താത്കാലികമാണ്. ശനിദശ വിട്ടുമാറുന്നില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ തയ്ക്കുംതോറും വിട്ടുവിട്ട് എന്നപോലെയാണ്. രാഹുല്‍ കഷ്ടപ്പെട്ട്, ഒരു വിധത്തില്‍ എല്ലാം ഒന്നു ശരിയാക്കിക്കൊണ്ടുവരുമ്പോള്‍, ഏതെങ്കിലും ഒരു നേതാവോ അദ്ദേഹത്തിന്റെ കീഴിലുള്ള 'ക്ലിക്കോ' അതു കുളമാക്കും. നമ്പ്യാരാശാന്‍ പറയുന്നതുപോലെ, 'വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍.' ഭൂതലത്തില്‍ മുഴുവനും വൃദ്ധാധിപത്യം ഒരു പ്രശ്‌നമാണെങ്കിലും കോണ്‍ഗ്രസില്‍ അത് അതിന്റെ ഉച്ചസ്ഥായിയിലാണ്. ഒരു നാഴി മറ്റൊരു നാഴിയിലിറങ്ങുകേലല്ലോ. എല്ലാവരും നേതാക്കന്മാരാണ്! ആധിപത്യം ഉറപ്പിക്കാനല്ലാതെ, അധീനപ്പെടാന്‍ ഒരുക്കമല്ല. നയിക്കുകയല്ലാതെ, നയിക്കപ്പെടാനുള്ള വഴക്കമില്ല. നേതൃത്വത്തിനുവേണ്ടിയുള്ള വടംവലിയും കടിപിടിയും! അതാണു കോണ്‍ഗ്രസില്‍, അല്ല, അതേയുള്ളൂ ആ പാര്‍ട്ടിയില്‍. ''ജ്യേഷ്ഠനിരിക്കേ കുരുവംശത്തില്‍ ശ്രേഷ്ഠന്‍ താനെന്നവനുടെ ഭാവം.'' യുധിഷ്ഠരനാണു മൂപ്പന്‍; പക്ഷേ, അര്‍ജുനനാണു മിടുക്കന്‍ എന്നാണ് അയാളുടെ ചിന്ത. കോണ്‍ഗ്രസിലാകുമ്പോള്‍ എല്ലാവരും ജ്യേഷ്ഠന്മാരും ശ്രേഷ്ഠന്മാരുമാകുന്നു! മൊത്തം ഇതാണു ഗതിയെങ്കിലും കേരളത്തില്‍ അതേയുള്ളൂ. ഏക്കമുട്ടുന്നതുവരെ കിളവന്മാര്‍ പിടിച്ചുനില്ക്കും. കൂട്ടുകുടുംബങ്ങളില്‍ ഒരു വീട്ടില്‍ത്തന്നെ കാരണവന്മാര്‍ പലരുണ്ടാകും. കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ത്തന്നെ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്: ''ഇന്നു മുതല്‍ മരണംവരെ ഞാന്‍ നേതാവായി ഇരുന്നുകൊള്ളാം!  പിള്ളേരൊറ്റയെണ്ണത്തിനെ തല പൊക്കാന്‍ സമ്മതിക്കുകയില്ല. നെഹ്രുകുടുംബത്തില്‍ ജന്മംകൊണ്ടും കര്‍മംകൊണ്ടുമാണ് നേതൃത്വത്തിലേക്കു വരുന്നത്. ജന്മംകൊണ്ടുതന്നെ നേതൃത്വത്തിലേക്കു കടന്നുവരാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ സ്വയം പിന്മാറുന്ന പാരമ്പര്യമാണവര്‍ക്കുള്ളത്. പ്രിയങ്കാഗാന്ധി അമ്പത്തിരണ്ടാമത്തെ വയസ്സിലാണ് ആദ്യം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 
ഇപ്പോള്‍ 'ബൈ ഇലക്ഷന്‍' നടക്കുകയാണല്ലോ. കൊഴിഞ്ഞുപോക്കും മറുകണ്ടംചാടലും സസ്‌പെന്‍ഷനും ഡിസ്മിസലും പൊടിപൂരം. ഇറങ്ങിപ്പോക്കും കേറിവരവും അവസരത്തിനൊപ്പിച്ചു തരപ്പെടുത്തുകയും ചെയ്യും. അങ്ങനെ ഓരോരോ കാരണങ്ങളാല്‍ കോണ്‍ഗ്രസിന്റെ ശനിദശ മാറുന്നില്ല. ശനിദശ മാറ്റാന്‍    തിരഞ്ഞെടുപ്പാകുമ്പോള്‍ പള്ളികളിലും അമ്പലങ്ങളിലും മോസ്‌കുകളിലും കയറിയിറങ്ങാറുണ്ട്. അതു സ്വന്തം ശനിദശ മാറ്റാനാണ്; അല്ലാതെ, പാര്‍ട്ടിയുടേതല്ല. ഈശ്വരന്‍ രാഷ്ട്രീയസമ്മര്‍ദത്തിനോ കൈക്കൂലിക്കോ വഴങ്ങുകേലല്ലോ. അതുകൊണ്ട്, കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയുടെ കാല്ക്കല്‍ വീഴട്ടെ. ആ മഹാത്മാവ് കോണ്‍ഗ്രസിനെ രക്ഷിക്കട്ടെ!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)