•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

ആരോഗ്യമുള്ള ഭക്ഷണക്രമം അനിവാര്യം മന്ത്രി പി. പ്രസാദ്

    പാലാ: അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്കു മാറാന്‍ മലയാളികള്‍ക്കു സാധിക്കണമെന്ന് കൃഷിവകുപ്പുമന്ത്രി പി. പ്രസാദ്. പാലായില്‍ സെന്റ് തോമസ് പ്രസിനു സമീപം ആരംഭിച്ച കേരളാഗ്രോ ജില്ലാ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
പ്രാഥമികമേഖലയ്‌ക്കൊപ്പം ദ്വിതീയ മേഖലയിലും കര്‍ഷകര്‍ മുന്നേറണമെന്നും കൃഷിക്കാര്‍ എന്നതിലുപരി സംരംഭകരായി മാറാന്‍ കര്‍ഷകര്‍ക്കു സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷിയിലേക്കും കാര്‍ഷികസംരംഭങ്ങളിലേക്കും കൂടുതല്‍ പേരെ ആകര്‍ഷിച്ച്   കര്‍ഷകര്‍ക്ക് അനുകൂലമായ വിപണനസംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന കേരളാഗ്രോ സ്റ്റോറുകള്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. 
    പാലാ രൂപതയെന്നാല്‍ കര്‍ഷകരൂപതയാണെന്നും കര്‍ഷകരുടെ മുന്നേറ്റപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ രൂപത ആഗ്രഹിക്കുന്നതിന്റെ തെളിവാണ് പാലായിലെ കേരളാഗ്രോ സ്റ്റോറെന്നും  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. 
സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു. കേരളാഗ്രോ ഉത്പന്നങ്ങളുടെ ആദ്യവില്പന ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു.വി. തുരുത്തന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, ആത്മാ പ്രോജക്ട് ഡയറക്ടര്‍ അബ്രാഹം സെബാസ്റ്റ്യന്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റും പാലാ സാന്‍തോം എഫ്.പി.സി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേല്‍, എ.കെ.സി.സി ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, കര്‍ഷകസംരംഭക അവാര്‍ഡുജേതാവ് ഫാ. സൈറസ് വേലംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. 
    പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വം നല്‍കുന്ന പാലാ സാന്‍തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്കാണ് സംസ്ഥാന കൃഷിവകുപ്പ് കോട്ടയം ജില്ലയിലെ ഏക കേരളാഗ്രോ സ്റ്റോര്‍ അനുവദിച്ചത്. കര്‍ഷക കമ്പനികള്‍, ഫാര്‍മേഴ്‌സ് ക്ലബുകള്‍, കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകക്കൂട്ടായ്മകള്‍ തുടങ്ങി കര്‍ഷകസംരംഭകരുടെ ഗുണമേന്മയുള്ളതും മായം കലരാത്തതുമായ കാര്‍ഷികവിഭവങ്ങളും ഭക്ഷ്യോത്പന്നങ്ങളും പൊതുവിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് കേരളാഗ്രോ സ്റ്റോറുകള്‍ ആരംഭിക്കുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)