കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്ന സുപ്രീംകോടതിയുടെ പുതിയ വിധിന്യായം എല്ലാ അര്‍ഥത്തിലും ഐതിഹാസികവും ചരിത്രപരവുമായ ധാര്‍മികശബ്ദമാണ്. ഇത് നമ്മുടെ മാലാഖക്കുഞ്ഞുങ്ങളുടെ മാനം കാക്കുന്ന സുപ്രധാനവിധിയാണ്. സംപ്രേഷണം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ സൂക്ഷിക്കുന്നതും സ്വകാര്യമായി വീക്ഷിക്കുന്നതും പോക്‌സോ ആക്ട്-2012, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട്-2000 എന്നിവപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിവിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നതകോടതിയുടെ നിര്‍ണായകവിധി പുറത്തുവന്നിരിക്കുന്നത്.
രണ്ടു കുട്ടികളുടെ അശ്ലീലവീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡു ചെയ്തു കണ്ടയാള്‍ക്കെതിരേ കേസെടുത്ത നടപടി ഇക്കഴിഞ്ഞ ജനുവരിയില്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാള്‍ ഇതു കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ കുറ്റകരമായി കാണേണ്ടതില്ലെന്നും വീഡിയോ കാണുന്നത് അയാളുടെ സ്വകാര്യതയാണെന്നുമുള്ള തീര്‍ത്തും ലാഘവത്തോടെയുള്ള ഹൈക്കോടതിവിധിയെയാണ് രാജ്യത്തെ പരമോന്നതകോടതി ഗൗരവമായെടുത്ത് ചരിത്രവിധിയാല്‍ റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബഞ്ചിനുവേണ്ടി ജസ്റ്റീസ് ജെ.ബി. പര്‍ദിവാല എഴുതിയ 200 പേജുള്ള വിധിയില്‍ സുപ്രധാനമായ ഒട്ടേറെ നിരീക്ഷണങ്ങളുണ്ട്.
കുട്ടികളുടെ അശ്ലീലദൃശ്യം (ചൈല്‍ഡ് പോണോഗ്രഫി) എന്ന പദംപോലും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു. പകരം 'കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ വസ്തുക്കള്‍' (രവശഹറ ലെഃൗമഹഹ്യ മയൗശെ്‌ല മിറ ലഃുഹീശമേശേ്‌ല ാമലേൃശമഹ) എന്നുപയോഗിക്കുന്നതിന് പോക്‌സോനിയമത്തില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി പാര്‍ലമെന്റിനോടു നിര്‍ദേശിച്ചിരിക്കുന്നു. പോണോഗ്രഫി എന്നത് പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതത്തോടെ ചെയ്യുന്ന പ്രവൃത്തി എന്ന നിലയിലാണ് പൊതുവേ ധരിക്കാറുള്ളതെന്നും അതിനാല്‍, 'ചൈല്‍ഡ് പോണോഗ്രഫി' എന്ന പ്രയോഗം കുറ്റകൃത്യത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊള്ളുന്നതല്ലെന്നും കോടതി വിശദീകരിച്ചു.
കുറ്റത്തിന്റെ ക്രിമിനല്‍സ്വഭാവവും ഗൗരവമേറിയതും ശക്തവുമായ പ്രതികരണത്തിന്റെ സാംഗത്യവും ബോധ്യപ്പെടാന്‍ ഇത്തരത്തിലൊരു പുതിയ നിയമം ആവശ്യമാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് സങ്കല്പിക്കാന്‍പോലും കഴിയാത്തതാണെന്നും ഏറ്റവും നികൃഷ്ടവും ഹീനവുമായ കുറ്റകൃത്യമാണെന്നും ഇക്കാര്യത്തില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുകയാണു ചെയ്തതെന്നുമാണ് ചീഫ് ജസ്റ്റീസ് വിധിന്യായത്തെ പുകഴ്ത്തിപ്പറഞ്ഞത്.
ലോകത്ത് പോണോഗ്രഫിവ്യവസായം തഴച്ചുവളരുമ്പോള്‍ തകരുന്നത് മനുഷ്യജീവിതങ്ങളാണെന്ന പരമാര്‍ഥം വിസ്മരിക്കാവുന്നതല്ല. ആഗോള ഇന്റര്‍നെറ്റ് സൈറ്റുകളില്‍ 12 ശതമാനവും അശ്ലീലസൈറ്റുകളാണ്. ലോകത്ത് ഏകദേശം 30 കോടിയോളം അശ്ലീലവെബ്‌സൈറ്റുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പോണോഗ്രഫി ഉപഭോക്താക്കളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നു സര്‍വേകള്‍ വെളിപ്പെടുത്തുന്നു. ഈ അശ്ലീലചിത്രങ്ങളേറെയും കുട്ടികളെ മാനഭംഗപ്പെടുത്തിയോ തട്ടിക്കൊണ്ടുപോയോ തയ്യാറാക്കുന്നതാണ്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു.
പോണോഗ്രഫി അഥവാ അശ്ലീലസാഹിത്യം അണുബോംബുപോലെ തലമുറകളെ നശിപ്പിക്കുന്ന മാരകമായ തിന്മയാണ്. അനിയന്ത്രിതവും അധാര്‍മികവുമായ ഒരു ലൈംഗിക അരാജക്വത്തിലേക്കാണ് പോണോഗ്രഫി വാതില്‍ തുറക്കുന്നത്. അശ്ലീലസാഹിത്യം നിസ്വാര്‍ഥസ്‌നേഹത്തിന്റെ കൊലയാളിയാണ്, ശുദ്ധതയുടെ മോഷ്ടാവാണ്. അധമമായ ഉള്‍പ്രേരണകള്‍ക്കും ആസക്തി നിറഞ്ഞ ജഡികാഭിലാഷങ്ങള്‍ക്കും വശംവദരായി ചെയ്യുന്ന പ്രവൃത്തികളെല്ലാം ദൈവികദാനവും ധാര്‍മികസുകൃതവുമായ ശുദ്ധതയ്‌ക്കെതിരാണ്.
' അശ്ലീലസാഹിത്യം വ്യഭിചാരത്തിന്റെ തരംതാഴ്ത്തപ്പെട്ട ഒരു രൂപമാണ്. അശ്ലീലവിഭവങ്ങള്‍ ഉപയോഗിക്കുകയോ അത്തരം വെബ്‌സൈറ്റുകള്‍ നോക്കുകയോ അത്തരം സംഭവങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്ന ആരും വേശ്യാവൃത്തിയുടെ കൂടുതല്‍ വിപുലമായ വൃത്തത്തില്‍ തന്നെത്തന്നെ കണ്ടെത്തുന്നു' (കത്തോലിക്കാസഭയുടെ യുവജനമതബോധനഗ്രന്ഥം-യുക്യാറ്റ് 412). ലൈംഗികതയുടെ നന്മയും ഉദ്ദേശ്യവും കവര്‍ന്നെടുത്ത് വ്യഭിചാരം, അശ്ലീലത, ബലാത്സംഗം, സ്വവര്‍ഗരതി, സ്വയംഭോഗം എന്നീ ലൈംഗികവൈകൃതങ്ങളിലേക്ക് അശ്ലീലസാഹിത്യം മനുഷ്യനെ വലിച്ചിഴയ്ക്കുന്നു.
ലൈംഗികചൂഷണത്തിനും വ്യാപാരത്തിനും കുട്ടികളെ വരെ ഉപകരണങ്ങളാക്കുന്ന ഒരു അധോലോകവ്യവസായം രാജ്യത്തു ശക്തിപ്രാപിക്കുമ്പോള്‍ സുപ്രീംകോടതിയുടെ ഐതിഹാസികവിധിന്യായം വളരെ പ്രസക്തവും ശുഭോദര്‍ക്കവുമാണ്. നമ്മുടെ മാലാഖക്കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കജീവിതത്തെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുന്ന വ്യവസായലോബിയെ തളയ്ക്കാന്‍ രാജ്യത്ത് നിയമ, നീതിന്യായവ്യവസ്ഥകള്‍ ശക്തമാകേണ്ടിയിരിക്കുന്നു. ശിക്ഷാനടപടികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനുള്ള ആര്‍ജവം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകണം. അതിലുപരി, ലൈംഗികവിദ്യാഭ്യാസവും ധാര്‍മികബോധവും ചെറുപ്രായം മുതലേ പകര്‍ന്നുകൊടുക്കാന്‍ നമ്മുടെ കുടുംബങ്ങളും വിദ്യാലയങ്ങളും നിഷ്‌കര്‍ഷ പുലര്‍ത്തുകയും വേണം.