ബഹുരാഷ്ട്ര കണ്‍സള്‍റ്റിങ് സ്ഥാപനമായ പുനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ (ഇവൈ) ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണം അനാരോഗ്യകരമായ തൊഴില്‍സംസ്‌കാരം അടിച്ചേല്പിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്കു വിഷയമായിരിക്കുന്നു. അമിതജോലിഭാരവും ഓഫീസിലെ കടുത്ത സമ്മര്‍ദവുമാണ് മകളുടെ മരണത്തിനു കാരണമെന്നും പുതിയ കോര്‍പ്പറേറ്റുസംസ്‌കാരത്തിന്റെ ഇരയാണു മകളെന്നും ചൂണ്ടിക്കാട്ടി, അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ''ഇവൈ'' ചെയര്‍മാനയച്ച കത്താണ് ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനുവരെ ഇടയാക്കിയിരിക്കുന്നതും. ഈ വര്‍ഷം മാര്‍ച്ച് 19 ന് പുനെയില്‍ ജോലിക്കുചേര്‍ന്ന അന്ന നാലു മാസത്തിനുള്ളില്‍, ജൂലൈ 21 നാണ് ജോലിഭാരത്തിനു കീഴടങ്ങി താമസസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചത്.
ജൂലൈ ആറിന് പുനെയില്‍ നടന്ന അന്നയുടെ സിഎ കൊണ്‍വൊക്കേഷനില്‍ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. അന്ന നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണക്രമവുമാണ് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജോലിത്തിരക്കുകാരണം മാതാപിതാക്കള്‍ക്കൊപ്പം അധികനേരം ചെലവഴിക്കാന്‍പോലും അന്നയ്ക്ക് അന്നു കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു. ദീര്‍ഘനേരത്തെ ജോലികാരണം മിക്ക ദിവസങ്ങളിലും രാത്രി വൈകിയും പുലര്‍ച്ചെയുമൊക്കെയാണ് അന്ന താമസസ്ഥലത്തെത്തിയിരുന്നത്. പലപ്പോഴും വേഷം മാറ്റാന്‍പോലും കഴിയാതെ കിടക്കയിലേക്കു തളര്‍ന്നുവീഴുകയായിരുന്നെന്നും അമ്മ കത്തില്‍ പറയുന്നുണ്ട്. ഔദ്യോഗികചുമതലകള്‍ക്കു പുറമേ അധികജോലികള്‍ മാനേജര്‍മാരും മേലുദ്യോഗസ്ഥരും അടിച്ചേല്പിച്ചതിനെയും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
തൊഴിലിടങ്ങളിലെ ജോലിഭാരംകൊണ്ടു വീര്‍പ്പുമുട്ടുന്ന അനേകായിരങ്ങളുടെ 'നിസ്സഹായതയ്ക്കു' മുന്നില്‍ അന്നയുടെ ജീവിതവും മരണവും ചോദ്യശരങ്ങളുയര്‍ത്തുന്നു. ഇന്ത്യയിലെ വന്‍ഫാക്ടറികളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ ഭീകരവേട്ടകള്‍ നടമാടുന്നുണ്ടെന്നതു പകല്‍പോലെ വ്യക്തമാണ്. ജോലിക്കാരെ വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതില്‍ തൊഴിലുടമകളും മേലുദ്യോഗസ്ഥരും ഉത്തരവാദികളാണ്. ഇത്തരത്തിലുള്ള അനീതി തിരുത്തുന്നതോടൊപ്പംതന്നെ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള അലസരും നിരുത്തരവാദികളും അഴിമതിക്കാരുമായ ജീവനക്കാരുടെ ഉദാസീനമനോഭാവങ്ങളും തിരുത്തപ്പെടേണ്ടതുതന്നെയാണ്. അന്യായമായ ജോലിഭാരം അടിച്ചേല്പിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അവയ്ക്കു പരിഹാരം കാണാന്‍ ആരും മടി വിചാരിക്കേണ്ടതില്ല.
അന്നയ്ക്കു മനുഷ്യാവകാശം നിഷേധിച്ചവരോടുള്ള പ്രതിഷേധാഗ്നി സമൂഹമാധ്യമങ്ങളിലും പുറത്തും ആളിക്കത്തുന്നുണ്ട്. പക്ഷേ, അതിന്റെ ചെറിയൊരു സ്ഫുലിംഗമെങ്കിലും നമ്മുടെയൊക്കെ വീട്ടകങ്ങളിലേക്കും എത്തിപ്പെടേണ്ടതാണ്. നമ്മുടെ അടുക്കളകള്‍ അനീതിയുടെ പാചകപ്പുരകളായി അവശേഷിക്കുന്നുണ്ടോ എന്നത് വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ ജോലിക്കുപോകുന്ന വീടുകളില്‍, ജോലി കഴിഞ്ഞെത്തുന്ന സ്ത്രീയെ കാത്തിരിക്കുന്നത് മറ്റൊരു തൊഴിലിടമാണ്. സ്വന്തം വീട്ടിലെ പണികള്‍ തൊഴിലിന്റെ അളവുകോലില്‍ നാം കണക്കാക്കാറില്ലെങ്കിലും, ഫലത്തില്‍ അടുക്കളയെന്ന വീട്ടുഹോട്ടലിലെ പണിക്കാരിയായി അവള്‍ വേഷംമാറാന്‍ നിര്‍ബന്ധിതയാകുന്നു. അതേസമയം, സമത്വചിന്തയും നീതിബോധവും ഉയര്‍ത്തിപ്പിടിച്ച് അടുക്കളയില്‍ ഭാര്യയോടൊപ്പം ആത്മാര്‍ഥമായി പണിയെടുക്കുന്ന ഭര്‍ത്താക്കന്മാരുമുള്ള നാടാണിത് എന്ന കാര്യവും മറക്കുന്നില്ല. പക്ഷേ, അതൊക്കെ ഒരു ന്യൂനപക്ഷമായി മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കാതെ വയ്യ.
പണിയെടുപ്പിക്കുന്നതില്‍ നീതിന്യായം കര്‍ക്കശമായി നോക്കുന്ന തൊഴില്‍ദാതാക്കള്‍ക്ക് അന്നയുടെ മരണവും അമ്മയുടെ കത്തും പുതിയ തിരിച്ചറിവുകള്‍ നല്കുന്നുണ്ട്. പണിയെടുക്കുന്നവര്‍ ആരായാലും, ഏതു മേഖലയിലുള്ളവരായാലും മനുഷ്യത്വപരമായ സമീപനവും കരുണയിലധിഷ്ഠിതമായ നീതിബോധവും അവരര്‍ഹിക്കുന്നുണ്ട്. അത് അളവറിഞ്ഞുകൊടുക്കാനുള്ള മാനവവിഭവശേഷിയും ഉത്തരവാദിത്വബോധവും കോര്‍പ്പറേറ്റുകളിലടക്കമുള്ള തൊഴില്‍സ്ഥാപനങ്ങളിലും അവയെ നിയന്ത്രിക്കുന്നവരിലും ഉണ്ടാകട്ടെ.