•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ക്രിസ്തീയതയുടെ വേരുകളിലേക്കു മടങ്ങിപ്പോകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ക്രിസ്തീയതയുടെ വേരുകളിലേക്കു മടങ്ങിപ്പോകാന്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.  ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്ററില്‍ നടന്ന ദേശീയ സെമിനാര്‍ ''അല്‍ഫോന്‍സിയന്‍ ആത്മായനം'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
അല്‍ഫോന്‍സാമ്മയെക്കുറിച്ച് എപ്പോള്‍ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്നുവായിക്കാനാണ് അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നത്. അല്‍ഫോന്‍സിയന്‍ ആധ്യാത്മികത നിരന്തരമായ പ്രാര്‍ഥനയുടേതാണ്. അതുവഴി ഒരു എക്യുമെനിക്കല്‍ ആധ്യാത്മികതയും എക്യുമെനിക്കല്‍ സെന്ററും ഭരണങ്ങാനത്തു വളര്‍ന്നുവരുന്നുണ്ട്. അല്‍ഫോന്‍സാമ്മയുടെ സൂക്തങ്ങളില്‍ ദൈവശാസ്ത്രവും ലിറ്റര്‍ജിയെക്കുറിച്ചുള്ള കാര്യങ്ങളും വരാനിരിക്കുന്ന ലോകത്തെക്കുറിച്ചും സഭയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളുമുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മ ഏകരക്ഷകനായ ഈശോയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കാത്തിരിപ്പിന്റെ ആധ്യാത്മികതയും വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു. ഞാന്‍ ലോകാവസാനംവരെ സഹിച്ചോളാമെന്ന് അല്‍ഫോന്‍സാമ്മ പറഞ്ഞിട്ടുണ്ട്. കാത്തിരിക്കാന്‍ നമുക്കു മനസ്സുണ്ടാകണം. ഓരോ ക്രൈസ്തവനും മറ്റൊരു ക്രിസ്തുവാണെന്നതും അല്‍ഫോന്‍സാമ്മയുടെ ജീവിതം കാണിച്ചുതരുന്നു. കുര്‍ബാനയിലും യാമപ്രാര്‍ഥനയിലും കുമ്പസാരത്തിലും കേന്ദ്രീകൃതമായ ഒരു നവീകരണമാണ് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടനകേന്ദ്രത്തില്‍ വരുന്നവര്‍ക്കു ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തില്‍ പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫൊറോനാവികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഡി.എസ്.റ്റി. സുപ്പീരിയര്‍ ജനറല്‍ സി. സലോമി മൂക്കന്‍തോട്ടത്തില്‍, എഫ്.സി.സി. പ്രൊവിന്‍ഷ്യല്‍ സി. ജസി മരിയ ഓലിക്കല്‍ എന്നിവര്‍ സംസാരിച്ചു. 
അല്‍ഫോന്‍സാമ്മയുടെ സാര്‍വത്രികസാഹോദര്യദര്‍ശനത്തെ  സംബന്ധിച്ച് ഫാ. ബോബി ജോസ് കട്ടിക്കാട് പ്രബന്ധം അവതരിപ്പിച്ചു. പരിസ്ഥിതിമാനസാന്തരം ഒരു ഫ്രാന്‍സിസ്‌കന്‍ ദര്‍ശനം എന്ന വിഷയം പ്രഫ. ഡോ. സണ്ണി കുര്യാക്കോസ് അവതരിപ്പിച്ചു. അല്‍ഫോന്‍സിയന്‍ സ്ലീവാദര്‍ശനം സംബന്ധിച്ച് എഫ്.സി.സി. മുന്‍ മദര്‍ ജനറല്‍ സി. സീലിയ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)