അക്ഷരപ്പൂക്കളില്‍ ശലഭങ്ങളാകുമെ-
ന്നക്ഷികള്‍ വായനയ്,ക്കായുസ്സേകി.
പുസ്തകത്താളുകളേറെ മറിയവേ
മസ്തിഷ്‌ക്ക,മക്ഷയപാത്രമായി
ആദ്യം കുറിച്ചതു,മാദ്യം വായിച്ചതും
വിദ്യയെന്നാകില്‍ ഹരിശ്രീതന്നെ!
അക്ഷതം തന്നിലീ കൈവിരല്‍ത്തുമ്പാല്‍ സു-
ശിക്ഷിതനാശാന്‍ പിടിച്ചുമെല്ലെ!
പെന്‍സിലും പേനയുമായെന്റെ പക്കലോ
തൂലികയെന്നുമുണ്ടായിരുന്നു
പിന്നെയുപേക്ഷിച്ചു, ഫോണിലും കംപ്യൂട്ടര്‍ -
തന്നിലും കൈവിരല്‍ തൂലികയായ്!
ആദിയുമന്തവും കൈവിരല്‍ത്തൂലിക
മോദമുണര്‍ത്തുന്നു, വിസ്മയവും!
വായന തന്നിലുമേതാണ്ടിതുപോലെ
മായികലോകം കടന്നുവന്നു
പുസ്തകവായന നിന്നു, കംപ്യൂട്ടറിന്‍
വിസ്തൃതസ്‌ക്രീനിലും ഫോണിലുമായ്
പിന്നെപ്പതുക്കെച്ചിറകടി,ച്ചിന്നത്
എന്നിലെ എന്നെ ഞാന്‍ വായിക്കുന്നു!
അക്ഷരമില്ലാത്തൊ,രാത്മാവിന്‍ വേദനാ -
പക്ഷത്തുചേര്‍ന്നു തിരഞ്ഞിടുമ്പോള്‍
നിങ്ങളി,ലുള്‍ച്ചേര്‍ന്നൊ,രുള്‍ത്താപ,മൊക്കെയും
തൊങ്ങലില്ലാതെ വായിച്ചു തീര്‍ത്തു
വേദന, വായന രണ്ടും കലര്‍ന്നൊരെന്‍
ചേതന വിങ്ങിത്തുടങ്ങിടുമ്പോള്‍
ഇപ്രപഞ്ചത്തിന്റെ വേദന,യങ്ങനെ
നിഷ്പ്രയാസം ഞാന്‍ വായിച്ചുതീര്‍ക്കും
ഒക്കെയും വായിച്ചു തീരുന്നതിന്‍മുമ്പു
ചാക്കാലയെന്‍ കുടില്‍മുറ്റമെത്തും!