സ്കൂള്‍ പാഠപുസ്തകത്തില്‍ (7-ാം ക്ലാസ്, സാമൂഹികശാസ്ത്രം) നവോത്ഥാനനായകരുടെ പട്ടികയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരിത്രസംഭാവനകള് ഉള്‍പ്പെടുത്തിയിരിക്കുന്നു.
കേരളത്തില്‍ ജാതിവിവേചനം കൊടികുത്തിവാണ 1800 കാലഘട്ടം. താഴ്ന്ന ജാതികളില്‍പ്പെട്ടവര്‍ എല്ലാവിധ അവഗണനയും ദുരിതവും അനുഭവിച്ചിരുന്ന അന്ധകാരയുഗം. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍പോലും അവകാശമില്ലായിരുന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ മാറുമറയ്ക്കണമെങ്കില്‍ ഭീമമായ തുക മുലക്കരമായി നല്കേണ്ടതുണ്ടായിരുന്നു. താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് മുട്ടിനുമുകളില്‍ മുണ്ടുടുക്കാനേ അവകാശമുണ്ടായിരുന്നുള്ളൂ; ഒപ്പം, വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു. എല്ലാ ജോലികളും ചെയ്യാനും അവകാശമുണ്ടായിരുന്നില്ല. വിദ്യാഭ്യാസവും സാഹചര്യവും ഇല്ലാത്തതിനാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍നിന്നു ദാരിദ്ര്യത്തിലേക്കു വീണുകൊണ്ടിരുന്നു.
ഈ കാലഘട്ടത്തിലാണ്, വിദ്യാഭ്യാസത്തിലൂടെയേ സമൂഹത്തിന്റെ ഉന്നമനം സാധ്യമാകൂ എന്നു തിരിച്ചറിഞ്ഞ ഒരു ക്രൈസ്തവപുരോഹിതന്‍ എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്കു വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പള്ളികളോടൊപ്പം പള്ളിക്കൂടങ്ങള്‍ (സ്കൂളുകള്‍) തുടങ്ങാന്‍ നിര്‍ദേശിച്ചത്. സുറിയാനിസഭയുടെ അന്നത്തെ വികാരി ജനറാളായിരുന്നു, പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്.
മലയാളത്തിലും സുറിയാനിയിലും തമിഴിലും സംസ്കൃതത്തിലും അറിവുണ്ടായിരുന്ന ചാവറയച്ചന് വരേണ്യവര്ഗത്തിനുമാത്രം ലഭ്യമായിരുന്ന സംസ്കൃതവിദ്യാഭ്യാസം മതഭേദമില്ലാതെ താഴ്ന്ന വിഭാഗങ്ങളില്പ്പെട്ടവര്ക്കുകൂടി ലഭ്യമാക്കാന്‍ പാഠശാലകള്‍ ആരംഭിച്ചു. അറിവ് എല്ലാവര്ക്കും ലഭ്യമാകണമെങ്കില്‍ അതിനു പുസ്തകങ്ങള്‍ ആവശ്യമാണ്. അവ അച്ചടിക്കണമെങ്കില്‍ അച്ചടിയന്ത്രവും വേണം. അന്നാകെ അച്ചടിയന്ത്രമുള്ളത് കോട്ടയത്ത് സിഎംഎസ് പ്രസിലും തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസിലുമാണ്. അച്ചടിയന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി സിഎംഎസ് പ്രസിലെത്തിയെങ്കിലും പ്രസ് കാണിക്കാന്‍പോലും അധികാരികള്‍ തയ്യാറായില്ല. തുടര്‍ന്ന്, തിരുവനന്തപുരത്തെത്തിയ ചാവറയച്ചന് അവിടുത്തെ അധികാരികള്‍ സസന്തോഷം പ്രസ് കാണിച്ചുകൊടുത്തു പ്രവര്‍ത്തനം വിശദീകരിച്ചു. പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകമുണ്ടായിരുന്ന ചാവറയച്ചന് പ്രസിന്റെ രൂപകല്പനയും പ്രവര്‍ത്തനങ്ങളും മനസ്സില്‍ കുറിച്ചു. തിരിച്ച് മാന്നാനത്തെത്തി വാഴപ്പിണ്ടികൊണ്ട് പ്രസിന്റെ മോഡല്‍ നിര്‍മിച്ചു. അന്നത്തെക്കാലത്ത് അക്ഷരങ്ങള്‍ കല്ലച്ചിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്. സഹായത്തിനായി കത്തോലിക്കനായ ഒരു ജീവനക്കാരനുമുണ്ടായിരുന്നു. ഒടുവില്‍, സ്വയം പ്രസ് നിര്‍മിച്ചു.
അടുത്ത പ്രശ്നം മഷിയായിരുന്നു. അക്കാലത്ത് പ്രസില്‍ ഉപയോഗിക്കാനുള്ള മഷി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണമായിരുന്നു. പലരുടെയും സഹായത്തോടെ അതും സാധ്യമായി. ഏതൊരു കാര്യവും ദൈവം നടത്തിത്തരും എന്ന ഉത്തമബോധ്യത്തോടെയായിരുന്നു ചാവറയച്ചന് അതിസാഹസികമായി മുന്നിട്ടിറങ്ങിയിരുന്നത്.
മഷിയായി, പ്രസും റെഡിയായപ്പോള്‍ അടുത്ത തടസ്സം. അന്നു പ്രസ് നടത്താന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഒടുവില്‍, അതിനുവേണ്ടിയും ചാവറയച്ചന് മുന്നിട്ടിറങ്ങി. തിരുവിതാംകൂര്‍ രാജാവിന്റെ അനുമതിയും ലഭ്യമാക്കി. തമിഴ്, ലത്തീന്‍, സുറിയാനി ഭാഷകളിലെ ഒട്ടേറെ പ്രാര്‍ഥനകള്‍ ഉള്‍പ്പെടെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
റോക്കോസ് ശീശ്മയ്ക്കെതിരേ വിശ്വാസികള്‍ക്കിടയില്‍ ശക്തമായി ബോധവത്കരണം നടത്താനും ചാവറയച്ചന്റെ അച്ചടിച്ച കുറിപ്പുകള്‍ക്കു സാധിച്ചു. വലിയൊരു വിഭാഗം പള്ളികള്‍ റോക്കോസ് മെത്രാനെ അനുകൂലിച്ചപ്പോള്‍, മാര്‍പാപ്പായുടെ അനുമതിയില്ലാതെയാണ് റോക്കോസ്മെത്രാന് വന്നിരിക്കുന്നതെന്ന യാഥാര്‍ഥ്യം വിശ്വാസികളെയും വൈദികരെയും അറിയിക്കാനും സഭയെ വലിയൊരു പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാനും ഇതുവഴി ചാവറയച്ചനു കഴിഞ്ഞു.
അക്കാലത്ത് മാന്നാനത്ത് കൊവേന്തയും വൈദികസെമിനാരിയും സ്ഥാപിച്ചുകൊണ്ട്, അനേകം വൈദികാര്ഥികള്ക്കു പരിശീലനം നല്‍കാനും ചാവറയച്ചനായി. പോരൂക്കര തോമസച്ചനും പാലയ്ക്കല്‍ തോമാമല്പാനും കണിയാന്തറ യാക്കോബും ഇക്കാര്യത്തില്‍ ചാവറയച്ചനൊപ്പമുണ്ടായിരുന്നു.
സിഎംഐ സഭയുടെയുംകര്മലസന്ന്യാസിനീസഭയുടെയും സ്ഥാപകനായ ചാവറയച്ചന് സന്ന്യാസപരിശീലനരംഗത്ത് ആത്മീയതയും അറിവും സംയോജിപ്പിച്ച് പുതിയൊരു ക്രമംതന്നെ കൊണ്ടുവന്നു. കേരളത്തിലെ ആദ്യത്തെ പത്രമായ 'നസ്രാണിദീപിക'യുടെ തുടക്കവും ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. നസ്രാണിദീപിക എന്ന പേര് പിന്നീട് 'ദീപിക' എന്നാക്കി മാറ്റി.
ഈശോയുടെ ജനനംമുതല്‍ മരണവും മരണാനന്തരസംഭവങ്ങളുംവരെ വിവരിക്കുന്ന 'ആത്മാനുതാപം', ക്രൈസ്തവവിശ്വാസത്തെപ്രതി ജീവന് വെടിഞ്ഞ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന 'അനസ്താസ്യായുടെ രക്ഷസാക്ഷിത്വം', ഓരോ കുടുംബത്തിനുമായുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്ന 'നല്ല അപ്പന്റെ ചാവരുള്‍', വൈദികര്‍ക്കായുള്ള ധ്യാനക്കുറിപ്പുകള്‍, ദൈവകൃപയുടെ ദര്‍ശനങ്ങള്‍ പകര്‍ത്തിയ 'ധ്യാനസല്ലാപങ്ങള്‍', കേരള കത്തോലിക്കാസഭയുടെ ചരിത്രമായ 'നാളാഗമങ്ങള്‍' തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെയും ധ്യാനപ്രസംഗങ്ങളിലൂടെയും കത്തുകളിലൂടെയും സഭയിലും സമൂഹത്തിലും നവോത്ഥാനത്തിനു തുടക്കംകുറിച്ച വിശുദ്ധനും സാമൂഹികപരിഷ്കര്ത്താവുമാണ് വി. ചാവറയച്ചന്. നവോത്ഥാനനായകരായി ഗണിക്കപ്പെടുന്ന ചട്ടമ്പിസ്വാമികള്‍ നായര്‍ സമുദായത്തിനുവേണ്ടിയും ശ്രീനാരായണഗുരു ഈഴവസമുദായത്തിനുവേണ്ടിയുമാണ് പ്രധാനമായും പ്രവര്‍ത്തിച്ചതെങ്കില്‍ എല്ലാ മതവിഭാഗങ്ങള്ക്കുംവേണ്ടി ഇവര്‍ക്കു മുന്നേ പ്രവര്‍ത്തിച്ച് കേരളനവോത്ഥാനത്തിനു തുടക്കമിട്ട വ്യക്തിത്വമാണ് ചാവറയച്ചന്. പക്ഷേ, ഒരു ക്രൈസ്തവപുരോഹിതനായതുകൊണ്ടാവാം, ചരിത്രത്തില്‍ സര്‍ക്കാരുള്‍പ്പെടെ ചാവറയച്ചനു വേണ്ട സ്ഥാനം നല്‍കാതെപോയി.
വിശക്കുന്ന വയറിനു വിദ്യ കൊടുത്തിട്ടു കാര്യമില്ല. അതുകൊണ്ടുതന്നെ, നിര്‍ധനരുടെ പട്ടിണിയകറ്റാന്‍ പിടിയരിയെന്ന വലിയ ദൗത്യത്തിനു തുടക്കമിട്ടതും ചാവറയച്ചനാണ്. ഓരോ വീട്ടിലും അരിയിടുമ്പോള്‍ ഒരു പിടി അരി മാറ്റിവയ്ക്കാന്‍ ചാവറയച്ചന് ആഹ്വാനം ചെയ്തു. ഇങ്ങനെ മാറ്റിവയ്ക്കുന്ന അരി മാന്നാനം കൊവേന്തയില്‍ കൊണ്ടുവന്ന് ഒരു വീപ്പയില്‍ ഇടുമായിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന അരി കഞ്ഞിവയ്ക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കു ജാതിമതഭേദമെന്യേ ചാവറയച്ചന് നല്‍കുമായിരുന്നു. ഒരുകാലത്ത് കേരളത്തിലെ അനേകം കുടുംബങ്ങളുടെ പട്ടിണിയകറ്റിയത് ചാവറയച്ചന് ആരംഭിച്ച പിടിയരിപ്രസ്ഥാനമായിരുന്നു. കേരളത്തിലാദ്യമായി പാവപ്പെട്ട കുട്ടികള്‍ക്കു പുസ്തകങ്ങളും വസ്ത്രവും ഉച്ചക്കഞ്ഞിയും സൗജന്യമായി നല്കുന്നതിനു തുടക്കമിട്ടതും സര്‍ക്കാരല്ല; മറിച്ച്, ചാവറയച്ചനാണ്.
ഏതൊരവസ്ഥയിലും ദൈവാശ്രയത്വമായിരുന്നു ചാവറയച്ചന്റെ കരുത്ത്. അതു പകര്‍ന്നുനല്‍കിയതാകട്ടെ മാതാപിതാക്കളും. അമ്മയുടെ ജീവിതം ബാല്യത്തില്‍ കൊച്ചുകുര്യാക്കോസിനെ ഏറെ സ്വാധീനിച്ചിരുന്നു. രാത്രികാലങ്ങളില്‍ മുട്ടിന്മേല്നിന്നു പ്രാര്‍ഥിക്കുന്ന അമ്മയെ കുര്യാക്കോസ് കണ്ടുപഠിച്ചു.
പള്ളിയില്‍ പോകാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാനുമെല്ലാം കൊച്ചു കുര്യാക്കോസിന് വലിയ ഉത്സാഹമായിരുന്നു. പത്താംവയസ്സുമുതല്തന്നെ ഇടവകദൈവാലയത്തില്‍ താമസിച്ച് വൈദികപഠനത്തിന് കൊച്ചുകുര്യാക്കോസ് തുടക്കമിട്ടു. അന്നത്തെക്കാലത്ത് ഇടവകപ്പള്ളികളോടു ചേര്‍ന്നായിരുന്നു വൈദികാര്‍ഥികളെ പരിശീലിപ്പിച്ചിരുന്നത്.
മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം നഷ്ടപ്പെടാതെ തിരുക്കുടുംബം തന്നെ കാത്തു രക്ഷിച്ചതായി മരണക്കിടക്കയില്‍വച്ച് ചാവറയച്ചന് ചുറ്റുമുണ്ടായിരുന്നവരോടായി പറഞ്ഞിട്ടുണ്ട്. 1871 ജനുവരി മൂന്നിന് ചാവറപ്പിതാവ് നിത്യസമ്മാനത്തിനായി യാത്രയായി.