•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രാരംഭശില ആശീര്‍വദിച്ചു

പാലാ: കാന്‍സര്‍ചികിത്സാരംഗത്ത് സുപ്രധാനകേന്ദ്രമായി മാറാന്‍ ലക്ഷ്യമിടുന്ന പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രാരംഭശിലയുടെ ആശീര്‍വാദകര്‍മം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു.
ഉന്നതമായ ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിച്ച ആരോഗ്യപരിപാലനകേന്ദ്രമായി  മാറിയെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാലാ രൂപത ബിഷപ്പുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കും ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കുന്നതെന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വിവിധ നിലകളിലായി നിര്‍മിക്കുന്ന സെന്ററില്‍ ഏറ്റവും പുതിയ ചികിത്സാസംവിധാനങ്ങളാണ് ഒരുക്കുക. കാന്‍സര്‍ ചികിത്സയില്‍ വിദേശത്തു ലഭ്യമാകുന്ന അതിനൂതന ചികിത്സാരീതികളും സെന്ററിന്റെ പ്രത്യേകതയായി മാറും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാകേന്ദ്രമായി മാറാനാണു ലക്ഷ്യമിടുന്നത്. കാന്‍സര്‍ ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടെത്താനുള്ള ആധുനിക യന്ത്രസംവിധാനങ്ങളും ചികിത്സിച്ചു പൂര്‍ണമായി മാറ്റാനുളള സംവിധാനങ്ങളും സെന്ററില്‍  ഉണ്ടാകും. 
നിലവില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയില്‍ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളും വിവിധ കാന്‍സര്‍ ശസ്ത്രക്രിയകളും നടന്നുവരുന്നുണ്ട്. പുതിയ സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയുള്ള എല്ലാ ആധുനികസൗകര്യങ്ങളും ഉണ്ടാകും. 
മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്‌സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപത ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ഡോ. ജോസഫ് തടത്തില്‍, രൂപത സിഞ്ചെല്ലൂസുമാരായ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)